സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വലിയ വിമർശനം വിളിച്ചുവരുത്തിയ തന്റെ പരാമർശം വിശദീകരിച്ചുകൊണ്ട്, അസുഖകരമായ ഒരു വിവാദത്തിന് വിരാമമിട്ടത് നന്നായി. ‘സീനിയർ അഭിഭാഷകൻ’ എന്ന പദവിക്കുവേണ്ടി ഒരു അഭിഭാഷകൻ സമർപ്പിച്ച ഹരജി തള്ളുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് വാക്കാൽ ചില പദപ്രയോഗങ്ങൾ നടത്തിയത്. തൊഴിലില്ലാത്ത യുവജനങ്ങളെ അദ്ദേഹം പാറ്റകളോട് ഉപമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, അഭിഭാഷക സമൂഹവും പൊതുസമൂഹവും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തിറങ്ങി. “സമൂഹത്തിൽ വ്യവസ്ഥിതിയെ കടന്നാക്രമിക്കുന്ന ഇത്തിക്കണ്ണികൾ വേണ്ടുവോളം ഉണ്ടെ”ന്നും “നിങ്ങളും അവർക്കൊപ്പം ചേരുകയാണോ” എന്നുമായിരുന്നു ഹരജി നൽകിയ അഭിഭാഷകനോടുള്ള പ്രതികരണം. ‘കൂറ’, ‘ഇത്തിക്കണ്ണി’ തുടങ്ങിയ പ്രയോഗങ്ങൾ രൂക്ഷമായ വിമർശനങ്ങളുയർത്തി. അതോടെ തന്‍റെ വാക്കുകൾക്ക് വിശദീകരണവുമായി ചീഫ് ജസ്റ്റിസ് പ്രത്യേക പ്രസ്താവന ഇറക്കി. മാധ്യമങ്ങൾ തന്‍റെ നിരീക്ഷണങ്ങൾ തെറ്റായി നൽകുകയായിരുന്നു എന്നും, വ്യാജ ബിരുദവുമായി അഭിഭാഷക ജോലിയിൽ കയറിയവരെയാണ് താൻ വിമർശിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു. മാധ്യമ, നവമാധ്യമ മേഖലകളിൽ അവർ കടന്നുകൂടിയത് കൊണ്ടാണ് ‘പരാന്ന ജീവികൾ’ എന്ന് വിശേഷിപ്പിച്ചത്. “കറുത്ത കോട്ടിട്ട് ഇറങ്ങിയിട്ടുള്ള ആയിരക്കണക്കിന് തട്ടിപ്പുകാരുണ്ട്; അവരുടെ ബിരുദത്തെപ്പോലും സംശയിക്കണം” എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ നിരീക്ഷണം. പിന്നീടദ്ദേഹം നൽകിയ വിശദീകരണം, രോഷപ്രകടനങ്ങളുടെ മൂർച്ചയും ജുഡീഷ്യറിക്കേൽക്കാവുന്ന ക്ഷതവും കുറക്കാൻ സഹായിക്കും. അതേസമയം, സമൂഹത്തിൽ തുറന്ന ചർച്ചക്ക് വിധേയമാകേണ്ട ചില വിഷയങ്ങൾ ഈ സംഭവം ഉയർത്തിയിട്ടുമുണ്ട്.
പദപ്രയോഗങ്ങൾക്കപ്പുറം, ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശങ്ങളിലെ ചില സൂചനകളോട് വിയോജിക്കാതിരിക്കാനാവില്ല. “വ്യവസ്ഥിതിയെ കടന്നാക്രമിക്കുന്ന ഇത്തിക്കണ്ണികൾ” അങ്ങനെ ചെയ്യുന്നത് തൊഴിലൊന്നും കിട്ടാത്തത് കൊണ്ടാണെന്നതാണ് ഒന്ന്. അങ്ങനെ ഒന്നിനും കൊള്ളാത്തവർ, “മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും, ചിലർ വിവരാവകാശ പ്രവർത്തനത്തിലും, കയറിക്കൂടി സകലതിനെയും കടന്നാക്രമിക്കുന്നു” എന്നത് മറ്റൊന്ന്. തൊഴിൽ കിട്ടാത്തവർ ആ ദുരവസ്ഥക്ക് കാരണമെന്ന് അവർ കരുതുന്ന വ്യവസ്ഥിതിയെ എതിർക്കുന്നുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രമല്ല ന്യായവുമാണ്. ‘നീറ്റ്’ പരീക്ഷ അടക്കമുള്ള സംവിധാനങ്ങളെ വ്യവസ്ഥിതി എങ്ങനെയാണ് ചൂഷണോപാധികളാക്കിയതെന്ന് നാം നേരിട്ട് കാണുന്നുണ്ടല്ലോ. ഉന്നത ജുഡീഷ്യറിയിൽ ചില വിഭാഗങ്ങൾ മാത്രമേ വരൂ എന്ന് ഉറപ്പുവരുത്തുന്നതാണ് ‘കൊളീജിയം’ സംവിധാനമെന്ന വിമർശനം ജുഡീഷ്യറിക്കുള്ളിൽ നിന്നുതന്നെ ഉയർന്നിട്ടുണ്ട്. ഇതൊന്നും വിമർശിക്കപ്പെട്ടുകൂടാത്തതല്ലല്ലോ. വിമർശനാതീതമായ ഒന്നല്ല വ്യവസ്ഥിതി എന്ന് തന്‍റെ വിശദീകരണത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. മാത്രമല്ല വിവരാവകാശ പ്രവർത്തനത്തെയും പ്രവർത്തകരെയും ഇടിച്ചുതാഴ്ത്താൻ ചീഫ് ജസ്റ്റിസ് ഉദ്ദേശിച്ചില്ലെന്നുകൂടി വ്യക്തമാക്കാമായിരുന്നു. വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ ഭരണകൂടവും ‘വ്യവസ്ഥിതി’യും നടത്തുന്ന ശ്രമങ്ങൾക്ക് ഊർജം പകരുന്നതാകരുതല്ലോ കോടതിയുടെ നിരീക്ഷണം.
‘പാറ്റ’, ‘ഇത്തിക്കണ്ണി’ തുടങ്ങിയ പ്രയോഗങ്ങൾ പ്രത്യേകമായി വിമർശന വിധേയമാകാൻ കാരണമുണ്ട്. ചരിത്രപരമായി തന്നെ, അവ വംശഹത്യക്കുള്ള കാഞ്ചിയായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 1930കളിൽ നാസികൾ ജൂതന്മാരെ ‘എലികൾ’, ‘കീടങ്ങൾ’, ‘ഇത്തിക്കണ്ണികൾ’ എന്നൊക്കെ പതിവായി വിശേഷിപ്പിച്ചിരുന്നു. ജൂതർ നിയമത്തിനും നീതിക്കും പുറത്തുനിർത്തപ്പെടേണ്ട, മനുഷ്യകുലത്തിൽ പെടാത്ത, നികൃഷ്ടരാണ് എന്ന ബോധം അത് വളർത്തി. 60 ലക്ഷം ജൂതന്മാർ വംശഹത്യ ചെയ്യപ്പെട്ടു എന്ന് കരുതപ്പെടുന്ന ‘ഹോളോകോസ്റ്റി’ന് അത് പ്രേരണയായി. 1994ൽ, റുവാണ്ടയിൽ, തുത്ത്സി വിഭാഗക്കാർക്കുമേൽ വർഗീയപക്ഷ മാധ്യമങ്ങൾ ചാർത്തിയ ‘ഇന്യസി’ (പാറ്റ) എന്ന മുദ്ര എട്ടുലക്ഷം മനുഷ്യരുടെ കൂട്ടഹത്യക്കുള്ള ആഹ്വാനമായി. 1970കളിൽ കംബോഡിയയിലെ ഖമർ റൂഷ് ‘ബുദ്ധിജീവികൾ’ ഒരു വിഭാഗത്തെ ‘ഇത്തിക്കണ്ണികളെ’ന്നു വിളിച്ചു; 17 ലക്ഷം പേർ കൊല്ലപ്പെട്ട വംശഹത്യക്ക് അതും വഴിവെട്ടി. ‘കാടന്മാർ’, ‘അപരിഷ്കൃതർ’, ‘മൃഗങ്ങൾ’ തുടങ്ങിയ പേരുകളിട്ട് മനുഷ്യകുലത്തിൽനിന്ന് പുറത്തുനിർത്തിക്കൊണ്ടാണ് വിവിധ പ്രദേശങ്ങളിലെ ആദിവാസികളെ യൂറോപ്യൻ കോളനിവാഴ്ചക്കാർ കൊന്നുകൂട്ടിയതും അടിമകളാക്കിയതും. വാക്കുകൾക്ക് കരുത്തുണ്ട്. ചീഫ് ജസ്റ്റിസിന്‍റെ ‘പാറ്റ’ പരാമർശം സന്ദർഭംകൊണ്ടോ ഉദ്ദേശ്യം കൊണ്ടോ ഇപ്പറഞ്ഞവക്ക് സമാനമല്ല. അതേസമയം നാട്ടിൽ ചില വിഭാഗങ്ങളെ അപരവത്കരിക്കാൻ അതേതരം വാക്കുകൾ പ്രയോഗിക്കപ്പെടുന്നുണ്ട്. പ്രതിഷേധിക്കുന്നവർ ‘ആന്ദോളൻ ജീവികൾ, ഇത്തിക്കണ്ണികൾ’ ആണെന്ന് നരേന്ദ്ര മോദി. ബംഗാളിൽ കുറെ ‘നുഴഞ്ഞുകയറ്റക്കാർ’, ‘ചിതലുകൾ’ ഉണ്ടെന്ന് അമിത് ഷാ. ഇങ്ങനെ അനേകം ഉദാഹരണങ്ങൾ. യഥാസമയം സ്വയം തിരുത്തിയ ജുഡീഷ്യറിക്ക്, ‘വ്യവസ്ഥിതി’യെക്കൂടി തിരുത്താൻ കഴിഞ്ഞെങ്കിൽ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.