പരിസ്ഥിതി ആക്ടിവിസം ശല്യമല്ല, അത്യാവശ്യമാണ്

പരിസ്ഥിതി തകർത്തും വികസനം എന്ന സർക്കാറിന്റെറ നിലപാടിന് പരമോന്നത കോടതിവരെ താങ്ങ് നൽകുന്നത്, രാജ്യവും ലോകവും മുമ്പില്ലാത്തതരം കാലാവസ്ഥാ പ്രതിസന്ധി അനുഭവിക്കുന്ന കാലത്താണ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ “പാറ്റ” പ്രയോഗവും, ഒപ്പം അദ്ദേഹം നടത്തിയ നിരീക്ഷണവും ഉയർത്തിയ അലയൊലികൾ അടങ്ങുന്നില്ല. തൊഴിലില്ലാത്ത യുവാക്കൾ വ്യവസ്ഥിതിക്കെതിരെ ആക്ടിവിസത്തിലേക്ക് തിരിയുന്നു എന്ന നിരീക്ഷണം യുവജനങ്ങളെ ആക്ഷേപിക്കാൻ ഉദ്ദേശിച്ചുള്ളതല്ല എന്നദ്ദേഹം വിശദീകരിച്ചെങ്കിലും, വ്യവസ്ഥിതിയെ എതിർക്കുന്നത് തെറ്റാണെന്ന നിലപാട് കൈയൊഴിഞ്ഞതായി പറഞ്ഞില്ല. വൻതോതിൽ പ്രചാരം നേടിയ “കോക്രോച്ച് പാർട്ടി” യുവജനങ്ങളുടെ പ്രതികരണമാണെങ്കിൽ, മറ്റൊരു കാര്യത്തിൽ പൊതുസമൂഹം അദ്ദേഹത്തിൽനിന്ന് തിരുത്ത് ആവശ്യപ്പെട്ടുതുടങ്ങി -പരിസ്ഥിതി പ്രവർത്തനത്തെ മോശമായി ചിത്രീകരിച്ചത് അദ്ദേഹം പിൻവലിക്കണമെന്ന് വിവിധ സംഘടനകളും കൂട്ടായ്മകളും ആവശ്യപ്പെടുന്നു. ഗുജറാത്തിലെ പിപ്പാവാവ് തുറമുഖ പദ്ധതിക്ക് അനുമതി നൽകിയതിനെതിരായ ഹരജിയിലും ചീഫ് ജസ്റ്റിസ് പരിസ്ഥിതി ആക്ടിവിസത്തെ വിമർശിച്ചിരുന്നു. സുപ്രീംകോടതിയിൽ നടത്തിയ വാക്കാൽ നിരീക്ഷണം പിൻവലിക്കണമെന്ന്, പ്രമുഖ അഭിഭാഷകരും പരിസ്ഥിതി പ്രവർത്തകരുമായ 72 പേർ ഒപ്പിട്ട തുറന്ന കത്ത് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. വാക്കാലുള്ളതാണെങ്കിലും കോടതിയുടെ നിരീക്ഷണം നിയമവിധേയമായ പരിസ്ഥിതി ആക്ടിവിസത്തെപ്പോലും വിലക്കാൻ പോന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംബന്ധമായ വ്യവഹാരങ്ങളെ ഭരണഘടനാനുസൃതമായി കാണുന്നതിനു പകരം, വികസനത്തെ തടസ്സപ്പെടുത്തുന്ന ശല്യമായി കാണുന്നതാണത്. വികസന പദ്ധതികൾക്ക് മേലുള്ള പൊതുസമൂഹത്തിന്‍റെ മേൽനോട്ടത്തെ കുറ്റകരമാക്കുന്നതുമാണ്; അത് ഭരിക്കുന്നവരുടെ താൽപര്യത്തെ നിയമപരിശോധനക്കതീതമാക്കുന്നു. അതുകൊണ്ട് “പരിസ്ഥിതി നീതിന്യായ”ത്തിന്‍റെ (എൻവയൺമെന്‍റൽ ജൂറിസ്പ്രുഡൻസ്) നിയമസാധുത വീണ്ടെടുക്കാൻ ചീഫ് ജസ്റ്റിസിന്‍റെ തിരുത്ത് വേണമെന്നാണ് ആവശ്യം. പരിസ്ഥിതിക്കായുള്ള പൊതുതാൽപര്യ ഹരജികളും ദേശീയ ഹരിത ട്രൈബ്യൂണലിൽ (എൻ.ജി.ടി) നൽകുന്ന അപ്പീലുകളുമെല്ലാം നിയമവിധേയമായ ജനാധിപത്യരീതികളാണ് -തുറന്ന കത്ത് ചൂണ്ടിക്കാട്ടി. വാസ്തവത്തിൽ പരിസ്ഥിതി വിഷയങ്ങളിൽ കോടതിയുടെ അജ്ഞതയും ഉദാസീനതയുമാണ് ജനവിരുദ്ധമായിത്തീരുന്നത്.

സകലരുടെയും പൊതുസ്വത്തായ പരിസ്ഥിതിക്ക് വേണ്ടി സംസാരിക്കുന്നത് വികസനത്തെ തടസ്സപ്പെടുത്തലാണെന്ന പ്രചാരണത്തിന് കോടതി നിരീക്ഷണം ശക്തിപകർന്നു. നാട്ടിൽ പരിസ്ഥിതിക്കാർ സ്വാഗതം ചെയ്തിട്ടുള്ള ഒറ്റ പദ്ധതി പോലുമില്ല എന്ന കോടതിയുടെ സാമാന്യവത്കരണം വാസ്തവ വിരുദ്ധവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് 49 സംഘടനകളും കൂട്ടായ്മകളും 553 പരിസ്ഥിതി പ്രവർത്തകരും എഴുതിയ കത്തിലും പറയുന്നു. ചീഫ് ജസ്റ്റിസ് നിരീക്ഷണങ്ങൾ പിൻവലിക്കേണ്ടതാണെന്നാണ് അവരുടെയും ആവശ്യം. പരിസ്ഥിതി പ്രവർത്തകരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്ന, പരിസ്ഥിതി പ്രവർത്തനത്തെ “പദ്ധതി തടസ്സപ്പെടുത്തലാ”യി കാണുന്ന കോടതി നിരീക്ഷണം ഭരണഘടന അനുവദിക്കുന്ന പരിസ്ഥിതി വ്യവഹാരങ്ങളെ സംശയനിഴലിലാക്കുന്നു. “വികസനമോ അതോ പരിസ്ഥിതിയോ” എന്ന ചോദ്യമല്ല ശരി; വികസനം പരിസ്ഥിതിക്കിണങ്ങുന്നതും നിയമാനുസൃതവുമാണോ എന്നതാണ്. മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടായ്മയായ ‘കോൺസ്റ്റിറ്റ്യൂഷനൽ കോൺടാക്ട് ഗ്രൂപ്പും’ ചീഫ് ജസ്റ്റിസിന്‍റെ നിരീക്ഷണത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി പ്രസ്താവന ഇറക്കിയിട്ടുണ്ട്. മുൻവിധിയില്ലാതെ കേസുകളെ നിയമമനുസരിച്ച് വിലയിരുത്തേണ്ട നീതിപീഠം പരിസ്ഥിതി സംരക്ഷണ ഇടപെടലുകളെ ശല്യമായി കാണുന്നത് തെറ്റാണെന്ന് മാത്രമല്ല എൻ.ജി.ടിയും ഹൈകോടതികളും പുനഃപരിശോധന സംവിധാനങ്ങളും മറ്റുമടക്കം എല്ലാവരെയും ഇക്കാര്യത്തിൽ നിഷ്ക്രിയമാക്കാൻ പോന്നതുമാണ്.

കോടതി ഇടപെടാൻ വിസമ്മതിച്ച പല പദ്ധതികളും പരിസ്ഥിതിക്ക് വരുത്തുന്ന വിനാശം ചെറുതല്ലെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിസ്ഥിതി തകർത്തും വികസനം എന്ന സർക്കാറിന്‍റെ നിലപാടിന് എൻ.ജി.ടി മുതൽ പരമോന്നത കോടതി വരെ താങ്ങ് നൽകുന്നത്, രാജ്യവും ലോകവും മുമ്പില്ലാത്തതരം കാലാവസ്ഥാ പ്രതിസന്ധി അനുഭവിക്കുന്ന കാലത്താണ് എന്നതാണ് വൈരുധ്യം. വരാനിരിക്കുന്ന “സൂപ്പർ എൽനീനോ” പല മേഖലകളിലും (ഇന്ത്യയിൽ പ്രത്യേകിച്ചും) വൻതോതിൽ കൃഷിനാശം ഉണ്ടാക്കാമെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നു. ഭൂമിയിലൊട്ടാകെ ഏറ്റവും ചൂടനുഭവപ്പെട്ട കഴിഞ്ഞ മാസം, അസാധാരണമായി അത്യുഷ്ണം അനുഭവപ്പെട്ട 50 നഗരങ്ങളും ഇന്ത്യയിലാണ് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പക്ഷേ, ഇവിടെ ദശലക്ഷക്കണക്കിന് മരങ്ങളടക്കം അപൂർവ വനവ്യവസ്ഥിതികൾ നശിപ്പിക്കാൻ പോന്ന പദ്ധതികൾ നികോബാറിലും വിവിധ സംസ്ഥാനങ്ങളിലും വരുന്നു. കോർപറേറ്റുകളുടെ പദ്ധതികൾക്ക് തടസ്സമാകാത്ത തരത്തിൽ പരിസ്ഥിതി നിയമങ്ങളും “വന”ത്തിന്‍റെ നിർവചനവും എല്ലാം മാറ്റുന്നു. ഹരിത ട്രൈബ്യൂണലുകൾ പോലും വനനശീകരണത്തിന് അനുമതി നൽകുന്നു. കോടതികളെങ്കിലും വിവേകപൂർണമായ നിലപാടെടുക്കേണ്ട നിർണായക ഘട്ടമാണിത്. അവരത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതികളെ ചോദ്യംചെയ്യുന്നതുപോലും ശല്യമായി ചിത്രീകരിക്കുന്നു. ഒരുകാലത്ത് സൈലന്‍റ് വാലി പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ നടത്തിയ സമരങ്ങൾ അംഗീകരിച്ച്, അതിനെ സംരക്ഷിച്ച്, ആഗോള പ്രശംസ നേടിയ ഇന്ത്യൻ ഭരണസംവിധാനം ഇന്ന് വല്ലാതെ മാറിപ്പോയിരിക്കുന്നു.

Tags:    
News Summary - Environmental activism is not a nuisance, it is essential

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.