ടെക്ഭീമനുവേണ്ടി പാവങ്ങളെ കുടിയിറക്കുമ്പോൾ

കിടപ്പാടവും കൃഷിയും നഷ്ടപ്പെടുകയും പരിസ്ഥിതി ദൂഷിതമാവുകയും ചെയ്യും എന്നതല്ലാതെ ഡേറ്റ സെന്റർ കൊണ്ട് ഇന്നാട്ടുകാർക്ക് ഒരു പ്രയോജനവുമില്ല

അമേരിക്കൻ കോൺഗ്രസിലെ ധീരതയുടെയും നീതിയുടെയും ശബ്ദമായ അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ് എന്ന യുവ അംഗം മേയ് 20ന് പാർലമെൻറിലെത്തിയത് രണ്ടു കുപ്പി ചളിവെള്ളവുമായാണ്. പരിസ്ഥിതിസംരക്ഷണ ഏജൻസിയുടെ ഹിയറിങ്ങിൽ സംസാരിക്കവേ, ചളിനിറഞ്ഞു തവിട്ട് നിറമായ ആ വെള്ളക്കുപ്പികൾ ഉയർത്തിക്കാണിച്ച് അവർ പറഞ്ഞു: ‘‘ഇതാണ് ജോർജിയയിലെ മോർഗൻ കൗണ്ടിയിലുള്ള ജനങ്ങൾക്ക് നിലവിൽ ലഭിക്കുന്ന കുടിവെള്ളം. ‘മെറ്റ’ ഡേറ്റാ സെന്റർ നിർമിച്ചതിനു തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്. ശുദ്ധജലവും ഇപ്പോഴത്തെ ഈ വെള്ളവും തമ്മിലെ ഏക വ്യത്യാസം ആ ഡേറ്റാ സെന്റർ മാത്രമാണ്’’.

അന്തിമ പരിസ്ഥിതി അനുമതിപത്രങ്ങൾ ലഭിക്കുന്നതിനുമുമ്പു തന്നെ നിർമാണപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ വൻകിട ഡേറ്റാ സെന്ററുകൾക്ക് അനുമതി നൽകുന്ന നിയമം യു.എസ് ഭരണകൂടം ഈ മാസം തുടക്കത്തിൽ മുന്നോട്ടുവെച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യ ആരോഗ്യത്തിനോ പരിസ്ഥിതിക്കോ ഒരു ദോഷവും വരുത്തില്ലെന്ന പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ നിലപാടിനെ പൊളിച്ചടുക്കാനാണ് അലക്സാണ്ട്രിയ ഈ സോദാഹരണ പ്രസംഗം നടത്തിയത്. വൻകിട ടെക് കമ്പനികളുടെ നിർമാണ തിടുക്കത്തിന് മുന്നിൽ കുടിവെള്ള സുരക്ഷ പണയം വെക്കുകയാണോ എന്നുചോദിച്ച അവർ എ.ഐ അടിസ്ഥാനമാക്കിയുള്ള വൻകിട സാങ്കേതിക വികസനങ്ങൾ പ്രാദേശിക ജനവിഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അടിയന്തര അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

ടെക്നോളജി ഭീമന്മാരായ ഗൂഗ്ളിന്റെയും മെറ്റയുടെയും മൈക്രോസോഫ്റ്റിന്റെയും സ്വന്തം നാട്ടിൽ ജനങ്ങളുടെയും പരിസ്ഥിതിയുടെയും സുരക്ഷക്ക് വേണ്ടി ഇങ്ങനെ ധീരമായ ശബ്ദങ്ങൾ ഉയരവേയാണ് ഇന്ത്യയിൽ നിന്നൊരു വാർത്ത വരുന്നത് വിശാഖപട്ടണത്തിനടുത്ത തർലുവട ഗ്രാമത്തിൽ നൂറുകണക്കിന് കുടുംബങ്ങൾ കുടിയിറക്കിന്റെ വക്കിൽ നിൽക്കുന്നു. അമേരിക്കക്ക് വെളിയിലായി ഗൂഗ്‌ൾ നിർമിക്കുന്ന ഏറ്റവും വലിയ ഡേറ്റ സെന്ററിന്റെ നിർമാണത്തിനായാണ് കുടിയിറക്ക് നീക്കം.

57 വർഷം മുമ്പ് ഇന്ദിരഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഭൂരഹിതരായ ദലിത് സമൂഹത്തിന് അനുവദിക്കപ്പെട്ട ഭൂമി, അതിൽ പതിറ്റാണ്ടുകൾ അത്യധ്വാനം ചെയ്ത് മാവും കശുമാവും നട്ടുവളർത്തി ജീവിക്കുന്ന മനുഷ്യർക്ക് ഏറെ വൈകാതെ അന്യമാവും. കിടപ്പാടവും കൃഷിയും നഷ്ടപ്പെടുകയും പരിസ്ഥിതി ദൂഷിതമാവുകയും ചെയ്യും എന്നതല്ലാതെ ഡേറ്റ സെന്റർ കൊണ്ട് ഇന്നാട്ടുകാർക്ക് ഒരു പ്രയോജനവുമില്ല. വ്യവസ്ഥകളൊന്നും ചർച്ചചെയ്യാതെ വില്ലേജ് കൗൺസിലുകൾ വഴി കാര്യങ്ങൾ നീക്കുകയാണെന്ന് തദ്ദേശവാസികൾ ആരോപിക്കുന്നു.

വലിയ തോതിൽ ജലവും ഊർജവും ഉപയോഗിക്കുന്നതിനാൽ ഡേറ്റാ സെന്റർ ഉയരുന്നതോടെ പ്രദേശത്തെ ഭൂഗർഭ ജലസ്രോതസ്സുകൾ നശിക്കുമെന്നും തർലുവടയും സമീപഗ്രാമങ്ങളും കടുത്ത കുടിവെള്ളക്ഷാമത്തിലേക്കും പരിസ്ഥിതി മലിനീകരണത്തിലേക്കും തള്ളിവിടപ്പെടുമെന്നും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആശങ്കപ്പെടുന്നു. കൃത്യമായ ജനകീയ ഹിയറിങ്ങുകൾ നടത്താതെയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നും ഇവർ ആരോപിക്കുന്നു. ഇതേക്കുറിച്ച് അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മയായ ഇ.ആർ.സി പോസ്റ്റ്‌ ചെയ്ത ഇൻസ്റ്റഗ്രാം വിഡിയോ പോലും സർക്കാർ നിർദേശം അനുസരിച്ച് തടയപ്പെട്ടു.

ചന്ദ്രബാബു നായിഡു മുൻകാലങ്ങളിൽ ആന്ധ്രപ്രദേശ് ഭരിച്ച കാലത്തും ബഹുരാഷ്ട്ര ഐ.ടി കമ്പനികളെ അവിടേക്ക് ആനയിച്ചു കൊണ്ടുവന്നിരുന്നു. വഖഫ് സ്വത്തുക്കളുൾപ്പെടെ ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് ലോകത്തെ ഏറ്റവും സമ്പന്നരായ കമ്പനികൾക്ക് നാമമാത്ര വാടകയിൽ അനുവദിച്ചുനൽകിയത്. ആ കമ്പനികൾക്ക് ലഭിച്ച സാമ്പത്തികനേട്ടങ്ങളും അവരുടെ വരവുകൊണ്ട് നാടിന് ലഭിച്ചതെന്തെന്നും താരതമ്യം ചെയ്യുമ്പോഴാണ് ഊതിവീർപ്പിച്ച ഐ.ടി വികസനത്തിന്റെ നേരുകൾ തിരിച്ചറിയാനാവുക.

ഫാക്ടറികളിൽനിന്ന് പുറപ്പെടുന്നതരം കരിമ്പുക ഉയരുന്നില്ല എന്നതുകൊണ്ടു മാത്രം ഐ.ടി വ്യവസായം മാലിന്യമുക്തമാണ്, പരിസ്ഥിതി സൗഹൃദമാണ് എന്ന ധാരണ ഏറെക്കാലം നമുക്കിടയിൽ നിലനിന്നിരുന്നു. എന്നാൽ, അവയുടെ അമിത ഊർജ ഉപയോഗവും ജല-ശബ്ദ മലിനീകരണവും വിശദമായി ആലോചനാ വിധേയമാക്കാൻ ഈ സാഹചര്യം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസിനെപോലൊരു ധീര അമേരിക്കയിൽ അതിന് മുന്നിട്ടിറങ്ങിയതുപോലെ ഇന്ത്യയിൽ ഏതെങ്കിലും പാർലമെന്റംഗങ്ങളോ രാഷ്ട്രീയനേതാക്കളോ മുന്നോട്ടുവന്നാൽ മാത്രമേ അത് സാധ്യമാവൂ.

Tags:    
News Summary - When the poor are displaced for the sake of tech giants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-24 07:21 GMT