46 ദിവസത്തെ സർക്കാർ 365 ദിവസത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചാൽ എന്തു സംഭവിക്കുമോ അതാണ് ഇടക്കാല ധനമന്ത്രി പിയൂഷ് ഗോയലിെൻറ അവതരണത്തിൽ രാജ്യം കണ്ടത്. ബജറ്റിെൻറ കാലയളവു തുടങ്ങുന്ന ഏപ്രിൽ ഒന്നു മുതൽ സർക്കാറിെൻറ കാലാവധി തീരുന്ന മേയ് 26 വരെ 46 ദിവസമാണുള്ളത്. ഇടക്കാല ബജറ്റ്, അല്ലെങ്കിൽ വോട്ട് ഒാൺ അക്കൗണ്ട് അവതരിപ്പിക്കുകയാണ് ഇത്തരം സാഹചര്യത്തിൽ ഇതുവരെയുള്ള കീഴ്വഴക്കം. ചട്ടങ്ങളിൽ പാടില്ലെന്നു പറഞ്ഞിട്ടില്ലെങ്കിലും, സാക്ഷാൽ ബജറ്റ് അവതരിപ്പിക്കുന്നത് അനുചിതവും ഭരണഘടനയുടെ ചൈതന്യത്തിന് എതിരുമാണ്. അഞ്ചുവർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ആറു പൂർണ ബജറ്റ് തയാറാക്കാമോ എന്ന ചോദ്യമുണ്ട്. തന്നെയുമല്ല, തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പുള്ള കക്ഷിക്ക് വൻതോതിലുള്ള സാമ്പത്തികബാധ്യത ഏറ്റെടുത്ത് അടുത്ത സർക്കാറിനെ കെണിയിൽപെടുത്താൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ബജറ്റെന്നോ ഇടക്കാല ബജറ്റെന്നോ ധനാഭ്യർഥനയെന്നോ എന്തു വിളിച്ചാലും പിയൂഷ് ഗോയൽ അവതരിപ്പിച്ച കണക്കുകൾക്കും നിർദേശങ്ങൾക്കും പ്രകടമായുള്ളത് ഒരു തൽക്കാല അഭ്യാസത്തിെൻറയും അത് സാധ്യമാക്കിയ ധാരാളിത്തത്തിെൻറയും മുഖമാണ്. അല്ലെങ്കിലും ബജറ്റുകളുടെയും അവയിലെ കണക്കുകളുടെയും അപ്രമാദിത്വം നഷ്ടപ്പെട്ടിട്ട് കുറച്ചുകാലമായി. ധനക്കമ്മി, ദാരിദ്ര്യനിരക്ക് തുടങ്ങിയവ പോലും പല മാനദണ്ഡങ്ങളും തന്ത്രങ്ങളും ഉപേയാഗിച്ച് പലതരത്തിൽ പറയാമെന്നായിട്ടുണ്ട്. പഞ്ചവത്സര പദ്ധതികളും ആസൂത്രണ കമീഷനും ഉപേക്ഷിക്കപ്പെട്ടതോടെ പല സാമ്പത്തിക നടപടികളിലും ബജറ്റ് അപ്രസക്തമായി. ചരക്ക്, സേവന നികുതി നടപ്പിലായപ്പോൾ പരോക്ഷ നികുതികളുടെ വലിയ ഭാഗം ബജറ്റിനു പുറത്ത്, ജി.എസ്.ടി കൗൺസിലിെൻറ ചുമതലയിലായി. എക്സൈസ് തീരുവകൾ കൂടക്കൂടെ മാറ്റുന്നതും ബജറ്റിനു പുറത്താണ്. നോട്ടുനിരോധനമെന്ന മഹായജ്ഞവും ബജറ്റിലൂടെയല്ലല്ലോ ചെയ്തത്. 2016-17 വർഷം ബജറ്റിലുൾപ്പെടുത്താതെ മൂലധന വായ്പയെടുത്തതിന് സി.എ.ജി കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തിയതാണ്. ബജറ്റിനെയും പാർലമെൻറിെൻറ സാമ്പത്തിക പരിേശാധനയെയും മറികടക്കാൻ ആധാർ ചട്ടം വെറും ധനകാര്യബില്ലായി പാസാക്കിയെടുത്തതും നാം കണ്ടു. ചുരുക്കത്തിൽ, ബജറ്റിൽ പറയുന്ന കണക്കുകൾക്ക് ആധികാരികതയും വിശ്വാസ്യതയും കുറഞ്ഞു. ബജറ്റ് തന്നെ വാചകക്കസർത്തിനുള്ള അവസരം മാത്രമായി പല കാര്യങ്ങളിലും മാറി. ഇതിനോട്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിെൻറ സമ്മർദങ്ങൾ കൂടി ചേർന്നപ്പോൾ ഉണ്ടായതാണ് പുതിയ കേന്ദ്ര ബജറ്റ്.
പ്രഖ്യാപനങ്ങളെന്ന നിലക്ക് എടുത്തുപറയാൻ കുറെയുണ്ട്. തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനുപയോഗിക്കാൻ പാകത്തിലാണവ എന്നത് സ്വാഭാവികം. കർഷകർക്ക് ധനസഹായം, പ്രതിേരാധത്തിന് വൻതോതിൽ നീക്കിയിരിപ്പ്, ആദായനികുതി പരിധി ഉയർത്തിയത് തുടങ്ങിയവ വോട്ടു സംഭരണത്തിന് സഹായകമാകുമെന്ന് കരുതാം. ഒപ്പം, സംഘ്പരിവാറിെൻറ അടിസ്ഥാന വോട്ട് മേഖലയെ കണ്ടുള്ള നിർദേശങ്ങളുമുണ്ട്. വാരിക്കോരി വാഗ്ദാനം എന്നത് വെറും ശൈലിയല്ല ഇൗ ബജറ്റിൽ. തുക നീക്കിവെക്കുന്നിടത്തും നികുതി ഇളവു നൽകുന്നതിലും പിശുക്കിയിട്ടില്ല. അതേസമയം, സമ്പദ്രംഗത്തെ ക്രിയാത്മകമായി ചലിപ്പിക്കാനുതകുന്ന നയരേഖയെന്ന നിലക്ക് ബജറ്റിൽ ഏറെയൊന്നും കാണില്ല. കർഷകരുടെ യഥാർഥ പ്രശ്നങ്ങൾ കാണാതെ സൗജന്യ ധനസഹായം നൽകുേമ്പാൾ അതും ഇടക്കാല നടപടിയായി ഒതുങ്ങും. ജീവിതം മുട്ടിയവർക്ക് നാലുമാസം കൂടുേമ്പാൾ 2000 രൂപ കൊടുക്കുന്നതിനെ ഏതർഥത്തിലാണ് ആഘോഷിക്കുക? പ്രതിരോധ ബജറ്റിലെ നീക്കിയിരിപ്പ് സൈനികരുടെ ചിരകാലാവശ്യങ്ങൾക്ക് ഉതകില്ല എന്നതും കാണാതിരുന്നുകൂടാ.
കണക്കിലെ കളികളാണ് ചാർേട്ടഡ് അക്കൗണ്ടൻറും കുറെകാലം ബി.ജെ.പിയുടെ ട്രഷററുമായ പിയൂഷ് ഗോയൽ കളിച്ചതെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. അദ്ദേഹത്തിെൻറ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞ വെറും 13 കണക്കുകൾ പരിശോധിച്ച ‘ഫാക്ട് ചെക്കർ’ കണ്ടെത്തിയത് അതിൽ നാലെണ്ണം തെറ്റും രണ്ടെണ്ണം ഭാഗികമായി തെറ്റുമാണെന്നത്രെ. ഭവന നിർമാണം, എൽ.ഇ.ഡി ബൾബ് വിതരണം, ശേഷി വികസന പദ്ധതി, മൊബൈൽ നിർമാണ യൂനിറ്റുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റായ കണക്കാണ് ധനമന്ത്രി നൽകിയത്.
പ്രതിരോധ നീക്കിയിരിപ്പിെൻറ തുക മുൻവർഷങ്ങളെക്കാൾ വലുതാണെങ്കിലും ജി.ഡി.പിയുടെ ശതമാനമെന്ന നിലക്ക് നോക്കിയാൽ ഏറ്റവും വലുതല്ല. വളർച്ച നിരക്കിലും ചില ‘കൈക്രിയ’കൾ നടന്ന മട്ടുണ്ട്. ബജറ്റ് അവതരണത്തിെൻറ തലേന്നുവരെ 2017 - 18 വർഷത്തെ വളർച്ച നിരക്ക് 6.7 ശതമാനമായിരുന്നു. ബജറ്റിനു തൊട്ടുമുമ്പ് അത് 7.2 ശതമാനമാക്കി. നോട്ടുനിരോധനത്തിെൻറ ആഘാതം മൂലം അതിനുമുമ്പത്തെ വർഷം വളർച്ച 7.1 ശതമാനത്തിലൊതുങ്ങി എന്ന കണക്കുപോലും 8.2 ശതമാനമെന്നു തിരുത്തപ്പെട്ടു. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമീഷെൻറ അധ്യക്ഷൻ ഇൗയിടെ രാജിവെച്ചത് ജി.ഡി.പി അളക്കാനാവശ്യമായ പല കണക്കുകളും (െതാഴിലവസരങ്ങളടക്കം) സർക്കാർ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ്. നോട്ടുനിരോധനത്തിെൻറ കെടുതികൾ മറച്ചുപിടിക്കാൻ കണക്കുകൾ ‘പുനഃപരിശോധി’ക്കുന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചേർന്ന് രാജ്യത്തിെൻറ സാമ്പത്തിക കണക്കുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ പശ്ചാത്തലം കൂടി ബജറ്റിനുണ്ട് എന്നർഥം.
കർഷകരുടെ പ്രശ്നം തീർക്കാൻ ബജറ്റ് നിർദേശങ്ങൾ അപര്യാപ്തമാണ്. അതേപോലെ, ഗുരുതരമായ മറ്റു രണ്ടു പ്രശ്നങ്ങളും ബജറ്റിെൻറ പരിഗണനയിൽ വന്നിട്ടില്ല. ഒന്ന് തൊഴിലില്ലായ്മയാണ്. ഇതുസംബന്ധിച്ച് ആശങ്കജനകമായ ഒൗദ്യോഗിക കണക്കുകൾ ഉണ്ടായിട്ടും അവ സർക്കാർ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. നാഷനൽ സാമ്പിൾ സർവേ ഒാഫിസിൽനിന്ന് ചോർന്ന ആ റിപ്പോർട്ട് വരച്ചുകാട്ടുന്ന ചിത്രം ഒരു ബജറ്റ് കൗശലത്തിനും മറയ്ക്കാനാവാത്തത്ര ഭയാനകമാണ്. മറ്റൊരു പ്രശ്നം നാട്ടിൽ പെരുകുന്ന സാമ്പത്തിക അസമത്വമത്രെ. ഏറ്റവു പുതിയ ഒാക്സ്ഫാം കണക്കുകളിൽ അതിെൻറ ഗൗരവം വ്യക്തമാണ്. ചങ്ങാത്ത മുതലാളിത്തത്തിെൻറ ഭരണകാലത്ത് പാവപ്പെട്ട ശതകോടികൾ കൂടുതൽ പാവങ്ങളാകുന്നു; ഏതാനും ശതകോടീശ്വരന്മാർ പിന്നെയും കൊഴുക്കുന്നു. അസമത്വത്തെ നേർക്കുനേരെ പരിഹരിക്കാതെ രാജ്യം വളർച്ച പ്രാപിക്കില്ലെന്നത് ലളിതമായ സാമ്പത്തിക തത്ത്വമാണ്. പിയൂഷ് ഗോയലിെൻറ ബജറ്റ് ഇക്കാര്യത്തിലും നിസ്സംഗത പുലർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.