പകർത്താനല്ല, തിരുത്താനാവണം യു.ഡി.എഫ്

മന്ത്രിമാർക്ക് മതസമുദായ നേതാക്കളെ പരിഗണിക്കേണ്ടി വരും. എന്നാൽ, പരവിദ്വേഷത്തിന്റെ വിഷനാക്കുകൾക്കെതിരായ വികാരത്തിൽനിന്ന് വോട്ടുനേടിയാണ് ജയിച്ചുവന്നതെന്ന് ആശിർവാദത്തിന് തലനീട്ടും മുമ്പ് ഓർമകളുണ്ടായിരിക്കണം

യു.ഡി.എഫ് ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെ വിവാദങ്ങൾക്കിടയാക്കിയ ബന്ധുനിയമന ആരോപണത്തിൽ നിന്ന് ബന്ധപ്പെട്ട കക്ഷി രാജിവെച്ചൊഴിഞ്ഞത് തൽക്കാലം പാർട്ടിയുടെയും സർക്കാറിന്റെയും മുഖം രക്ഷിച്ചു എന്നു പറയാം. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ്, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീഭർത്താവ് ബെന്നി തോമസിനെ നിയമിച്ചതാണ് പാർട്ടിയെയും ഭരണമുന്നണിയെയും ഒരുപോലെ വിഷമവൃത്തത്തിലാക്കിയത്. അളിയന്റെ രാഷ്ട്രീയ, ഭരണപരിചയമൊക്കെ പറഞ്ഞ് നിയമനത്തെ ന്യായീകരിക്കാൻ മന്ത്രി സണ്ണിയും ചില കോൺഗ്രസ് നേതാക്കളുമൊക്കെ ശ്രമിച്ചെങ്കിലും ഒടുവിൽ കൈയൊഴിയുകയല്ലാതെ മറ്റൊരു വഴിയില്ലാതായിത്തീരുകയായിരുന്നു മന്ത്രിക്കും പാർട്ടിക്കും. പേഴ്സനൽ സ്റ്റാഫിലെ ആദ്യ 13 പേരുകാരുടെ പട്ടികയിൽ ഒന്നാമതായി ബെന്നി ഇടംപിടിച്ചത് മന്ത്രി സണ്ണി പറയുന്നത്ര നിഷ്‍കളങ്കമായല്ല എന്ന്, വിവാദത്തിനു പിറകെ കുടുംബാംഗങ്ങളെ ഓരോരുത്തരെയായി സഹകരണ മേഖലയിലും മറ്റും പുനരധിവസിപ്പിച്ച മന്ത്രിയുടെ ആശ്രിതവാത്സല്യത്തിന്റെ തെളിവുകൾ പുറത്തുവന്നതിൽനിന്ന് വ്യക്തമായി. അതോടെ, മന്ത്രിമാരുടെ ബന്ധുനിയമനത്തിനെതിരെ മുൻ സർക്കാറിനെതിരെ പടനയിച്ച ഇന്നത്തെ മുഖ്യമന്ത്രിയടക്കമുള്ള കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾക്ക് ബെന്നിയുടെ രാജി വാങ്ങി മാനം കാക്കുകയല്ലാതെ മറ്റു വഴിയുണ്ടായില്ല.

ബന്ധുനിയമനവും കേഡറുകളുടെ പുനരധിവാസവുമായി കുടുംബവാഴ്ചയുടെയും പാർട്ടി സെൽ ഭരണത്തിന്റെയും ദുഷിപ്പിലേക്ക് നീങ്ങിയതാണ് മാർക്സിസ്റ്റു പാർട്ടിയെയും അവരുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണത്തെയും ജനം എടുത്തു പുറത്തെറിയാനുള്ള കാരണമെന്ന് അറിയാത്തവരാവില്ല യു.ഡി.എഫ് നേതൃത്വവും അതിനെ നയിക്കുന്ന പാർട്ടിയുടെ അധ്യക്ഷനും. കണ്ണൂരിൽ സി.പി.എം സ്ഥാനാർഥിത്വത്തിൽ ബന്ധുയോഗ്യത മാത്രം ദീക്ഷിച്ചതാണ് ഇടതുമുന്നണിയുടെ ചരിത്രപരാജയത്തിനു കാരണമെന്നും ശക്തമായ ഭരണവിരുദ്ധ അടിയൊഴുക്കിനുകാരണം ഭരണത്തെ തങ്ങൾക്കാക്കി വെടക്കാക്കിയ സി.പി.എം നയപരിപാടികളാണെന്നും അതിൽനിന്നു ജയം മുതൽക്കൂട്ടിയ യു.ഡി.എഫിനാണല്ലോ നന്നായറിയുക. എൽ.ഡി.എഫിന്റെ സ്റ്റാലിനിസ്റ്റ് മോഡൽ വാഴ്ചക്കെതിരായ കൃത്യവും കണിശവുമായ നിലപാടുകളിലൂടെയാണ് യു.ഡി.എഫ് മികച്ച മാൻഡേറ്റ് നേടിയത്. എന്നാൽ, നീണ്ട പത്താണ്ടുകാലം അധികാരത്തിനു പുറത്തിരുന്ന ശേഷം അതു കൈയിൽ കിട്ടിയ പരവേശത്തിൽ ഈ ജനഹിതത്തിനു നേരെ കൊഞ്ഞനം കുത്തുന്ന രീതിയാണ് യു.ഡി.എഫിലെ ചില മന്ത്രിമാരിൽ നിന്നെങ്കിലുമുണ്ടായത് എന്നത് കാണാതിരിക്കാനാവില്ല. ഭരണം നഷ്ടപ്പെട്ടു പ്രതിപക്ഷത്തായവർ വീഴ്ചകൾ കണ്ടെത്തി തെറ്റുകൾ ഏറ്റുപറയുന്ന സമയത്തു അതേ തെറ്റുകുറ്റങ്ങൾ അതേ മട്ടിൽ ആവർത്തിക്കാനുള്ള യു.ഡി.എഫ് മന്ത്രിസഭയിലെ ചിലരുടെ അമിതാവേശം അതിവിചിത്രമെന്നേ പറയേണ്ടൂ. അതിലൊന്നായി വേണം ആദ്യ പിണറായി മന്ത്രിസഭയുടെ ആദ്യ അബദ്ധം തന്നെ കമ്പോടുകമ്പ് പിന്തുടർന്ന ബന്ധുനിയമനത്തെ കാണാൻ.

ഇടതുമുന്നണിയുടെ നിലമറന്ന പോക്കിനെതിരായ നിലപാടുകൾക്ക് ജനം നൽകിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ അഭൂതപൂർവമായ യു.ഡി.എഫ് വിജയം. ആ ജയത്തിന്റെ നേരവകാശം കവർന്നെടുക്കാനുള്ള നീക്കം വകവെച്ചുതരില്ലെന്നു ജനം ആവർത്തിച്ചുറപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ. അന്നു പാർട്ടി നേടിയ സീറ്റെണ്ണത്തിൽ ഊറ്റം കൊണ്ട്, വോട്ടുകുത്തിയവരെ അധിക്ഷേപിക്കുന്ന പരസ്യനിലപാട് സ്വീകരിച്ചവരെയും അവരുടെ ഒത്താശക്കാരെയും യു.ഡി.എഫിനെ പിന്തുണച്ചവർ തന്നെ ഗുണദോഷവിചാരണ നടത്തി വഴിക്കുകൊണ്ടുവന്നതും കേരളം കണ്ടു. അപ്പോഴൊക്കെ, തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ഉറക്കെപ്പറഞ്ഞ വാക്കുകളിലല്ല, അവയുടെ പ്രയോഗത്തിലാണ് കാര്യമെന്ന് രാഷ്ട്രീയ കേരളം യു.ഡി.എഫിനെ ഓർമിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാം ശരിയാകുമെന്ന ഉറപ്പ് രണ്ടൂഴം കഴിഞ്ഞിട്ടും സാക്ഷാത്കരിക്കാൻ കഴിയാത്ത ഇടതുമുന്നണിയെ ചുമന്നു മടുത്തിടത്തുനിന്നാണ് യു.ഡി.എഫിന്റെ പുതുയുഗ വാഗ്ദാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് വോട്ടർമാർ മറിച്ചുകുത്തിയത്. യു.ഡി.എഫ് സർക്കാറിന്റെ ഓരോ നീക്കവും സൂക്ഷ്മപരിശോധനക്കു വിധേയമാക്കപ്പെടുന്നത് അതുകൊണ്ടു തന്നെയാണ്. അവരുടെ പ്രതീക്ഷകൾ പുലർത്തുകയെന്ന ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞിരിക്കെ, വെച്ച കാൽ പിറകോട്ടുവലിക്കാൻ യു.ഡി.എഫ് സർക്കാറിനാവില്ല. അതിനു ജനം അനുവദിക്കില്ലെന്നതിന്റെ വ്യക്തമായ സന്ദേശമാണ് പുതുമന്ത്രിമാരായ സണ്ണി ജോസഫിന്റെയും ബിന്ദുകൃഷ്ണയുടെയും നിരുത്തരവാദ നിലപാടുകൾക്കെതിരെ വന്ന വമ്പിച്ച പ്രതികരണം. സ്വന്തം പേഴ്സനൽ സ്റ്റാഫിന്റെ നിയമനത്തിൽ മന്ത്രിക്ക് അധികാരങ്ങളുണ്ട്; എന്നുകരുതി തന്നിഷ്ടം കാണിക്കാനാവില്ല. മന്ത്രിമാർക്ക് മതസമുദായ നേതാക്കളെ പരിഗണിക്കേണ്ടി വരും. എന്നാൽ, പരവിദ്വേഷത്തിന്റെ വിഷനാക്കുകൾക്കെതിരായ വികാരത്തിൽനിന്ന് വോട്ടുനേടിയാണ് ജയിച്ചുവന്നതെന്ന് ആശിർവാദത്തിന് തലനീട്ടും മുമ്പ് ഓർമകളുണ്ടായിരിക്കണം. ആ വശക്കേട് ചൂണ്ടി, ക്ഷീരമുള്ളോരകിടിൻ ചുവട്ടിൽ ചോര തന്നെ തേടിപ്പോകുന്നതിനെ വിമർശിക്കുന്നവരെ ക്ഷീരദിനാശംസ പറഞ്ഞ് പരിഹസിക്കരുത്. അപഹസിക്കുന്നവരെ എവിടെ കൊണ്ടിരുത്തണമെന്നറിയാവുന്ന ജനം തന്നെയാണ് ഇപ്പോൾ തങ്ങളെ മന്ത്രിപദത്തിൽ ഇരുത്തിയിരിക്കുന്നതെന്ന് അവർ തിരിച്ചറിയണം. പഴയതു പകർത്താനല്ല, അതു തിരുത്താനാവണം യു.ഡി.എഫ്.

രണ്ടു ടേമിലായി പത്തുകൊല്ലത്തെ ഭരണപ്പട്ടിണിക്കുശേഷം അധികാരവട്ടത്തിലെത്തുമ്പോൾ എല്ലാം വാരിവലിച്ചു വെട്ടി വിഴുങ്ങാനുള്ള ആക്രാന്തം ഉണ്ടായെന്നു വരാം. പുതുതായി മന്ത്രിപദത്തിലേറുന്നവർക്ക് അധികാരത്തിന്റെ ബാലാരിഷ്ടതകളുമുണ്ടാകാം. അതെല്ലാം മുൻകൂട്ടി കണ്ട് കരുതലോടെ നീങ്ങിയില്ലെങ്കിൽ മാറിയ ഭരണവും ദഹനക്കേടുണ്ടാക്കും. ജനത്തിനു മനംപിരട്ടും. അതിന്റെ ലക്ഷണങ്ങളായി ഇപ്പോഴത്തെ വിവാദങ്ങളെ കണ്ടു ചികിത്സിച്ചാൽ യു.ഡി.എഫ് സർക്കാർ വിജയിക്കും.

Tags:    
News Summary - UDF should correct Allegations of nepotism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.