കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ വടകര വില്യാപ്പള്ളി ഏലത്ത് മൂസ എന്ന മധ്യവയസ്കൻ പിന്നീട് വീട്ടിലേക്ക് മടങ്ങിവന്നില്ല. നാടിന്റെ തിരച്ചിലിനൊടുവിൽ, രാത്രി വൈകി നിർമാണം പാതിവഴിയിലായ ഒരു കലുങ്കിനോട് ചേർന്നുള്ള വിടവിൽ മരിച്ചനിലയിൽ അദ്ദേഹത്തെ കണ്ടെത്തി. സുരക്ഷാഭിത്തിക്ക് പകരമായി അധികൃതർ അവിടെ വെച്ചിരുന്ന ഫൈബർ ബാരൽ തകർന്നനിലയിൽ അദ്ദേഹത്തിനു സമീപംതന്നെയുണ്ടായിരുന്നു. ഹൈകോടതിയുടെ ഭാഷ്യമനുസരിച്ച്, മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാത്തതിനാലുണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾ വെറും അപകടങ്ങളല്ല, മറിച്ച് കൊലപാതകങ്ങളാണ്. എന്നാൽ, ഈ സംഭവത്തിൽ ബോധപൂർവമായ നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്യപ്പെടുമോ? സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച നിർമാണ കമ്പനിക്കെതിരെയോ, കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെയോ അധികൃതർ നടപടിയെടുക്കുമോ? നിർധനനായ അദ്ദേഹത്തിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കുമോ?
സുരക്ഷാഭിത്തിക്ക് പകരം വെച്ച ഒരു ഫൈബർ ബാരലിന് ആ മനുഷ്യന്റെ ജീവൻ രക്ഷിക്കാനായില്ല എന്നത് നമ്മുടെ സംവിധാനങ്ങളുടെ വലിയ പരാജയമാണ് വിളിച്ചുപറയുന്നത്. വികസനത്തിന്റെ പേരിൽ ‘മരണക്കുഴികൾ’ ഒരുക്കി, പ്രതികളില്ലാത്ത ഇത്തരം ‘വ്യവസ്ഥാപിത കൊലപാതകങ്ങൾ’ നമ്മുടെ നാട്ടിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഭരണകൂടത്തിന്റെയോ പൊതുസമൂഹത്തിന്റെയോ മനഃസാക്ഷിക്ക് തെല്ലും അലോസരങ്ങളുണ്ടാക്കാതെ അവ മറവികളിൽ അടക്കപ്പെടുന്നു. കേരള ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ഖബറടക്കിയ ഈ നഗ്നസത്യങ്ങളുടെ വിവരണങ്ങളാണ് വെളിച്ചത്തുവെക്കുന്നത്. ഓരോ വർഷംകഴിയുംതോറും വാഹനാപകടങ്ങളുടെയും പരിക്കേറ്റവരുടെയും എണ്ണം ഭീതിജനകമായി വർധിക്കുകയാണ്.
ഇപ്പോൾ, അമിതവേഗവും അശ്രദ്ധയും മൂലമുണ്ടാകുന്ന അപകടങ്ങളെപ്പോലെ പേടിപ്പിക്കുകയാണ് റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളിലെ സൂരക്ഷാ വീഴ്ചകൾ മൂലം സംഭവിക്കുന്ന മരണങ്ങളും. ദേശീയപാത നിർമാണങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ പലയിടത്തും നാമമാത്രമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മാത്രം നൂറിലധികം അപകടമരണങ്ങളാണ് റോഡ് നിർമാണ മേഖലയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 60 ശതമാനവും ഇരുചക്ര വാഹനയാത്രികരാണ്. മതിയായ സുരക്ഷാ റിഫ്ലക്ടറുകളോ വെളിച്ചമോയില്ലാത്തതിനാൽ ഇത്തരം അപകടങ്ങളേറെ നടക്കുന്നത് രാത്രിയിലും. ദിശാസൂചകങ്ങളില്ലാത്ത കുഴികൾ, മതിയായ വെളിച്ചമില്ലാത്ത നിർമാണ സ്ഥലങ്ങൾ, അശാസ്ത്രീയമായ ഓവുചാലുകളുടെ നിർമാണം എന്നിവയെല്ലാം നിരപരാധികളെ മരണത്തിലേക്ക് തള്ളിവിടുന്ന കൊലയിടങ്ങളായി പരിണമിച്ചിരിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് കോഴിക്കോട് നഗരത്തിൽ ഓടയിൽ വീണ് ഒരു വീട്ടമ്മ മരിച്ചതും ഇതേ അനാസ്ഥയുടെ തുടർച്ചയാണ്.
കേരളത്തിൽ ഇന്നു നടക്കുന്ന ഏറ്റവും വലിയ നിർമാണ പ്രവർത്തനങ്ങൾ ദേശീയപാതാ വികസനവും നഗര നവീകരണങ്ങളുമാണ്. അവ നാടിന്‍റെ വളർച്ചക്ക് അത്യാവശ്യമാണെന്നത് ശരിതന്നെ. എന്നാലത് നിർവഹിക്കപ്പെടേണ്ടത് പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടാകരുത്. ദേശീയപാത നിർമാണം നടക്കുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം കൃത്യമായ ബദൽ പാതകൾ ഒരുക്കാതെയും, തിരക്കേറിയ സമയങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാതെയും നടത്തുന്നതിനാൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് ആരാണ് ഉത്തരവാദി?. ഓഫിസുകളിൽ പോകേണ്ടവരും, വിദ്യാലയങ്ങളിൽ പോകേണ്ട കുട്ടികളും, അതിലുപരി അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളും ഈ കുരുക്കിൽ ശ്വാസം മുട്ടുന്നത് അവസാനിപ്പിക്കാൻ എന്തുകൊണ്ട് സർക്കാറിനാകുന്നില്ല? നിർമാണ സ്ഥലങ്ങളിൽനിന്നുള്ള അമിതമായ പൊടിപടലങ്ങൾ വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. റോഡരികിലെ വ്യാപാരികളും താമസക്കാരും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ പിടിയിലാണ്. നിർമാണം നടക്കുന്ന സമയത്ത് പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. അവ ഉറപ്പുവരുത്തേണ്ടവരാകട്ടെ, സേവിക്കുന്നത് നിർമാണ മുതലാളിമാരുടെ താൽപര്യങ്ങളും. ഇതിനുപുറമെയാണ് സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും അധികൃതരുടെ ദുശ്ശാഠ്യങ്ങളും നിമിത്തം നിർമാണങ്ങളുടെ വൈകലുകൾ. ഈ ഒഴിവുകാലത്ത് നിർമാണം നടക്കുന്ന ദേശീയപാതകളിലൂടെയുള്ള സഞ്ചാരം അങ്ങേയറ്റം ദുസ്സഹമായിരിക്കുന്നെന്ന് സർക്കാർ കണ്ണുതുറന്ന് കാണണം.
നിർമാണ സ്ഥലങ്ങളിലെ സുരക്ഷാ ഓഡിറ്റിങ്ങിന് സർക്കാർ കർശനമായ ഉത്തരവിറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വികസനം മനുഷ്യർക്ക് വിശേഷിച്ച് സാധാരണക്കാരായ മനുഷ്യരുടെ വളർച്ചക്കും വികസനത്തിനും വേണ്ടിയാകണം. അല്ലാതെ അവരെ ഇല്ലാതാക്കിക്കൊണ്ടാകരുത്. ഓരോ റോഡ് പണിയും ആസൂത്രണം ചെയ്യപ്പെടുമ്പോൾ സാധാരണക്കാരന്റെ സുരക്ഷക്കായിരിക്കണം മുൻഗണന. വികസനത്തിന്റെ വേഗത്തിനൊപ്പം സുരക്ഷയുടെ കരുതൽകൂടി ഉണ്ടെങ്കിൽ മാത്രമേ യഥാർഥ പുരോഗതി കൈവരിക്കാനാകൂ. കൃത്യമായ മേൽനോട്ടവും ആധുനികമായ നിർമാണരീതികളും അവലംബിക്കാൻ നിർമാതാക്കൾക്കുമേൽ സർക്കാർ അടിയന്തരമായി സമർദം ചെലുത്തണം. അതിനു പൗരന്മാരുടെ കൂടുതൽ ജീവൻ ബലി നൽകിയതിനുശേഷമാകരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.