2025നെ ആമോദപൂർവം വരവേറ്റ, ഒത്തിരി കുഞ്ഞുസ്വപ്നങ്ങൾ നെയ്ത മുന്നൂറിലേറെ മക്കൾ വർഷം അവസാനിക്കും മുമ്പേ ജീവിതം തന്നെ അവസാനിപ്പിച്ച് മടങ്ങിയിരിക്കുന്നു
തെരഞ്ഞെടുപ്പിന്റെയും പ്രമാദമായ കേസുകളുടെയും തിരക്കുകൾക്കിടയിൽ കേരളം ചർച്ചചെയ്യാതെ പോയ ഒരു ഗുരുതര വിഷയത്തിലേക്ക് ഭരണകൂടത്തിന്റെയും അധ്യാപക-രക്ഷാകർതൃ സമൂഹത്തിന്റെയും സാംസ്കാരിക-മത നേതൃത്വത്തിന്റെയും ശ്രദ്ധ ക്ഷണിക്കുകയാണ്. ഏതാനും മാസങ്ങളായി നമ്മുടെ കുട്ടികൾക്കിടയിൽ അതിഭീകരമാംവിധം പെരുകിവരുന്ന ആത്മഹത്യ പ്രവണതയെക്കുറിച്ച്.
മലയാളികൾക്കിടയിൽ ആത്മഹത്യ നിരക്ക് വർഷംതോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് അഞ്ചാം സ്ഥാനത്തായിരുന്ന കേരളം പിന്നീട് നാലാം സ്ഥാനത്തും, ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ അവസാനമായി പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം മൂന്നാം സ്ഥാനത്തുമാണ്. മദ്യാസക്തി, മയക്കുമരുന്ന് ഉപയോഗം എന്നിവയാണ് കേരളത്തിൽ മുതിർന്നവർക്കിടയിലെ സ്വയംഹത്യയുടെ മുഖ്യകാരണമായി എണ്ണപ്പെടുന്നത്. കുടുംബപ്രശ്നങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയും ആളുകൾ ജീവിതത്തിന് സ്വയം വിരാമമിടുന്നതിന് കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, ആത്മഹത്യ ചെയ്തവരിൽ കൂടുതലും 31നും 40നും ഇടയിൽ പ്രായമുള്ളവരാണെന്ന് സംസ്ഥാന യുവജന കമീഷൻ നടത്തിയ പഠനം വ്യക്തമാക്കുന്നു.
എന്നാൽ, എന്തുകൊണ്ടാണ് കൗമാരപ്രായം കടക്കാത്തവർ മുതൽ സർവകലാശാല വിദ്യാർഥികൾ വരെയുള്ള എത്രയോ അധികം കുഞ്ഞുങ്ങൾ വീടിനും നാടിനും തീരാനോവ് ബാക്കിവെച്ച് തിരക്കിട്ട് കടന്നുപോകുന്നത്? 2025 വർഷത്തെ ആമോദപൂർവം വരവേറ്റ, ഒത്തിരി കുഞ്ഞുസ്വപ്നങ്ങൾ നെയ്ത മുന്നൂറിലേറെ മക്കൾ വർഷം അവസാനിക്കും മുമ്പേ ജീവിതം തന്നെ അവസാനിപ്പിച്ച് മടങ്ങിയിരിക്കുന്നു. ഇതുസംബന്ധിച്ച് എന്തെങ്കിലും അന്വേഷണങ്ങളോ പഠനങ്ങളോ നടക്കുന്നുണ്ടോ? എല്ലാ തിരക്കുകളും ഭിന്നതകളും മാറ്റിവെച്ച് അതിനെ കുറിച്ച് ഗഹനമായി ചിന്തിക്കാനും പരിഹാരമാർഗം കണ്ടെത്താനും എല്ലാവരും ഒരുമിച്ചിരിക്കേണ്ട സമയം ഇപ്പോൾത്തന്നെ വൈകിയിരിക്കുന്നു.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മേലങ്ങാടിയിൽ കഴിഞ്ഞ ദിവസം ജീവിതം അവസാനിപ്പിച്ചുപോയ മകൾക്ക് 13 വയസ്സ് മാത്രമായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്കുപറഞ്ഞതാണ് ഇതിനുള്ള കാരണമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞമാസം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരക്കടുത്ത നാറാണിയിൽ സ്കൂളിൽ പോകാൻ മടിച്ച എട്ടാം ക്ലാസുകാരനെ വീട്ടുകാർ നിർബന്ധിച്ച് സ്കൂളിൽ വിട്ടു; തിരിച്ചുവന്നശേഷം അവൻ ജീവിതത്തിൽനിന്ന് കടന്നുപോയ്ക്കളഞ്ഞു. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞ് ആർക്കും ഒഴിഞ്ഞുമാറാനാവാത്ത സാഹചര്യമാണ്. കേരളത്തിലെ ഓരോ ജില്ലയിൽനിന്നും ഇതുപോലെ എണ്ണിയെണ്ണിപ്പറയാൻ നിരവധി കേസുകൾ നമുക്ക് മുന്നിലുണ്ട്. തൃശൂർ ജില്ലയിൽ ഈ വർഷം ഫെബ്രുവരി അവസാന വാരം മൂന്ന് കുഞ്ഞുങ്ങൾ ജീവിതം അവസാനിപ്പിച്ചു. കാസർകോട് ജില്ലയിൽ മാത്രം ഇക്കഴിഞ്ഞ 10 ദിവസത്തിനിടെ, ആത്മഹത്യ ചെയ്തത് നാല് വിദ്യാർഥികളാണ്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കരായിരുന്ന, നാടിനും വിദ്യാലയങ്ങൾക്കും അഭിമാനമായിരുന്ന, വീടുകളുടെ വിളക്കായിരുന്ന കുട്ടികൾ. ചെസിൽ ഭാവിവാഗ്ദാനമായി ഏവരും കാത്തിരുന്നവനായിരുന്നു അതിലൊരാൾ. മരണരീതിയിലും സമാനതകൾ കാണാനുണ്ട്; കാരണം മാത്രം ആർക്കും കണ്ടെത്താനാവുന്നില്ല.
പഠനസമ്മർദം, വീട്ടിലെയും സ്കൂളിലെയും പ്രശ്നങ്ങൾ എന്നിവയാണ് കാലങ്ങളായി വിദ്യാർഥി ആത്മഹത്യകളുടെ കാരണമായി കണക്കാക്കപ്പെട്ടിരുന്നത്. വീട്ടിലെ മുതിർന്നവർ തമ്മിലെ പോരിൽ മനസ്സിന് മുറിവേൽക്കുന്ന കുട്ടികൾ രംഗംവിട്ടുപോകുന്നത് മുമ്പെന്നത്തെക്കാളും വർധിച്ചിരിക്കുന്നു. അധ്യാപകർ പുലർത്തുന്ന വിവേചനവും സഹപാഠികളിൽനിന്ന് നേരിടുന്ന അപമാനങ്ങളും മൂലം ജീവിതം മടുത്തുപോകുന്നവരുടെ എണ്ണവും പെരുകി. എന്നാൽ, ഏതാനും വർഷങ്ങളായി വിദ്യാർഥികളുടെ ആത്മഹത്യ ഇരട്ടിച്ചുവരുന്നതിൽ ഡിജിറ്റൽ അടിമത്തത്തിന്റെയും സൈബർ അധോലോകത്തിന്റെയും പങ്ക് നിഷേധിക്കാനാവില്ല. രക്ഷിതാക്കൾക്കോ അധ്യാപകർക്കോ ഉറ്റ കൂട്ടുകാർക്കോ പോലും സങ്കൽപിക്കാൻ കഴിയാത്ത വിധത്തിലാണ് പല കുട്ടികളും തിരോഭവിച്ചത്. ചിരിച്ചും കളിച്ചും പഠനത്തിൽ തിളങ്ങിയും മുന്നേറിയിരുന്ന കുഞ്ഞുങ്ങളിൽ പൊടുന്നനെ മാറ്റങ്ങൾ സംഭവിക്കുന്നതും, അവർ മറ്റാരുടെയോ കൽപനകൾക്കനുസൃതമായി പെരുമാറുന്നതും പതിയിരിക്കുന്ന മരണത്തിന്റെ ലക്ഷണമായിരുന്നെന്ന് തിരിച്ചറിയുമ്പോഴേക്കും തിരുത്താൻ കഴിയാത്ത വിധത്തിൽ ജീവന്റെ തിരക്കഥ കൈവിട്ടുപോകുന്നു.
കോവിഡ് ലോക്ഡൗണിനുശേഷം മൊബൈൽ ഫോണിനോടുള്ള ആശ്രിതത്വം ലോകമൊട്ടുക്കും വർധിച്ചിട്ടുണ്ട്. അത് നമ്മുടെ ജീവിതശൈലിയെയും സ്വഭാവത്തെയും മാറ്റിമറിക്കുന്ന രീതിയിൽ സ്വാധീനിച്ചിട്ടുമുണ്ട്. കുട്ടികളാവട്ടെ, അതിമാരകമായ രീതിയിലാണ് മൊബൈൽ ഫോണുകൾക്കും അതിലെ ഉള്ളടക്കങ്ങൾക്കും അടിപ്പെട്ടിരിക്കുന്നത്. അപകടകരമായ, അക്രമാസക്തി മുറ്റിയ ഗെയിമുകളും അതുവഴി ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന അജ്ഞാതരും എത്ര കുട്ടികളെ മരണത്തിലേക്ക് തള്ളിവിട്ടെന്നതിന് കണക്കില്ല.
പത്രങ്ങളുടെ ചരമക്കോള വാർത്തകളായി, സ്കൂൾ അസംബ്ലിയുടെ അനുശോചന പ്രമേയങ്ങളിലെ കേവലം പേരുകളായി അവസാനിക്കേണ്ടവരല്ല നമ്മുടെ മക്കൾ. അവരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും സുരക്ഷക്കും പ്രഥമ പരിഗണന നൽകിക്കൊണ്ട് ആത്മഹത്യ എന്ന ദുരന്തത്തിന് അറുതിവരുത്താൻ അടിയന്തര ശ്രമങ്ങൾ ഉണ്ടായേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.