നീന്തൽ കുളത്തിൽ തുടിക്കുന്ന വംശീയത

ലോകത്തിന്റെ ഏതൊക്കെ സർവകലാശാലകളിൽ ചെന്നുനോക്കിയാലും ഇന്ത്യൻ വിദ്യാർഥികളെ കാണാൻ കഴിയും, മിക്കവാറും അത് മലയാളികളുമായിരിക്കും. കാമ്പസിലെ നീന്തൽക്കുളത്തിലോ ജിംനേഷ്യത്തിലോ കാന്റീനിലോ അവർക്ക് വിലക്കേർപ്പെടുത്തിയെന്നു കേട്ടാൽ തിളക്കില്ലേ ചോര നമുക്ക് ഞരമ്പുകളിൽ?

ഓരോ മലയാളിക്കും തെല്ല് അഭിമാനം പകരുന്നതാണ് ദൈവത്തിന്റെ സ്വന്തം നാട്ടുകാർ എന്ന വിളിപ്പേര്. ഒരു വട്ടമെങ്കിലും കേരളത്തിലെത്തി പ്രകൃതി ഭംഗി ആസ്വദിക്കാൻ സാധിക്കണമെന്ന മോഹം ഉള്ളിൽ സൂക്ഷിക്കുന്ന പതിനായിരക്കണക്കിനാളുകൾ ഭൂഗോളത്തിന്റെ പല കോണുകളിലുമുണ്ട്. മലയാളി നാടും വീടും വിട്ട് മറുനാട് തേടിപ്പോകവേ കേരളത്തിന്റെ മണ്ണിലേക്ക് ജീവിതം പറിച്ചുനട്ട മറുനാട്ടുകാരും ഒരു പാടുണ്ട്. പച്ചപ്പിന്റെയും പുൽമേടുകളുടെയും ജലാശയങ്ങളുടെയും ചാരുത മാത്രമല്ല, ഇന്നാട്ടിലെ മനുഷ്യർ പകർന്ന സ്നേഹംകൊണ്ടു കൂടിയാണ് അവരിൽ പലരും അത്തരമൊരു തീരുമാനമെടുത്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംസ്ഥാന സർക്കാറിന്റെയും കാർണിവൽ-പൂരം കമ്മിറ്റികളുടെയും ആഘോഷ പരിപാടികളിലും ഉത്സവങ്ങളിലുമെല്ലാം നൂറുകണക്കിന് വിദേശസഞ്ചാരികളാണ് ആമോദപൂർവം പങ്കെടുക്കാറ്. മലബാറിന്റെ പല ഭാഗങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഫുട്ബാൾ മേളകളിൽ കാണികളായും കളിക്കാരായും വിദേശികളുടെ സാന്നിധ്യം സർവസാധാരണമാണ്. വിവിധ കാരണങ്ങൾ പറഞ്ഞ് ഇന്നാട്ടുകാരായ സാമൂഹികവിഭാഗങ്ങളെ മാറ്റിനിർത്തുന്ന ഇടങ്ങളിൽപ്പോലും വിദേശികൾക്ക് വിലക്ക് നേരിടേണ്ടിവരാറില്ല.

കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമീഷൻ തീർപ്പാക്കിയ ഒരു പരാതിയുടെ പശ്ചാത്തലത്തിലാണ് ഇതെല്ലാം ഇങ്ങനെ പരത്തിപ്പറയേണ്ടിവന്നത്. കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ നീന്തൽക്കുളം ഉപയോഗിക്കാൻ, തന്നെ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാൻകാരിയായ സാറ മൂസവിയാണ് പരാതി നൽകിയത്. ഇറാനിൽ നിന്ന് കേരളം കാണാൻ വന്നതല്ല സാറ. അന്താരാഷ്ട്ര ഫ്രീ ഡൈവിങ് താരമായ അവർ സർവകലാശാലയിലെ എം.ടെക് വിദ്യാർഥിനിയാണ്. രണ്ടുവർഷം മുമ്പ് സാറയും സുഹൃത്തുക്കളും നീന്തൽക്കുളം ഉപയോഗിക്കാനെത്തിയപ്പോൾ മേൽനോട്ടക്കാരൻ തടഞ്ഞു. അനുമതി നിഷേധിച്ചു കൊണ്ട് അയാൾ പറഞ്ഞ കാരണമാണ് കേൾക്കേണ്ടത്; ഇന്ത്യൻ പൗരർക്ക് മാത്രമേ നീന്തൽക്കുളം ഉപയോഗിക്കാൻ അവകാശമുള്ളൂവത്രേ!. സ്ത്രീത്വത്തെ അപമാനിക്കും വിധം ആംഗ്യങ്ങളും വംശീയാധിക്ഷേപ പരാമർശങ്ങളും നടത്തിയെന്നു കാണിച്ച് പൊലീസിനെ സമീപിച്ചെങ്കിലും വേണ്ടവിധം അന്വേഷണമൊന്നുമുണ്ടായില്ലെന്നും പരാതിക്കാരി മനുഷ്യാവകാശ കമീഷന് മുന്നിൽ ബോധിപ്പിച്ചു. നീന്തൽക്കുളത്തിൽ വിദേശികൾക്ക് ഏതെങ്കിലും വിധത്തിലെ വിലക്കേർപ്പെടുത്തുന്ന വ്യവസ്ഥകളില്ലെന്ന് സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥിനിക്ക് അനുമതി നൽകാൻ നിർദേശിച്ചിരിക്കുകയാണ് മനുഷ്യാവകാശകമീഷന്‍ ചെയര്‍പേഴ്‌സൻ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.

സമത്വത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ പരിരക്ഷ ഇന്നാട്ടിലെ പൗരരിൽ ഒതുങ്ങുന്നതല്ല- പ്രത്യേകിച്ച് വിവേചനരഹിതമായ പെരുമാറ്റം ഉറപ്പാക്കുന്ന കാര്യത്തിൽ. ഇവിടെ പരാതിക്കാരി ഒരു അന്താരാഷ്ട്ര കായികതാരം കൂടിയാണെന്നിരിക്കെ കരിയറിന് ആവശ്യമായ പരിശീലന സൗകര്യം നിഷേധിക്കുന്നത് അവരുടെ തൊഴിൽ ചെയ്യാനും വളരാനുമുള്ള അവകാശത്തെക്കൂടി ബാധിക്കുന്നതാണ്. ലോകത്തെ ഏതു സർവകലാശാലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇന്ത്യൻ വിദ്യാർഥികളെ കാണാൻ കഴിയും; മിക്കവാറും അത് മലയാളികളുമായിരിക്കും. കാമ്പസിലെ നീന്തൽക്കുളത്തിലോ ജിംനേഷ്യത്തിലോ കാന്റീനിലോ ലൈബ്രറിയിലോ അവർക്ക് വിലക്കേർപ്പെടുത്തിയെന്നു കേട്ടാൽ തിളക്കില്ലേ ചോര നമുക്ക് ഞരമ്പുകളിൽ?

പൊതുകുളങ്ങളിൽ കുളിക്കുന്നതിനും കിണറുകളിൽനിന്ന് വെള്ളമെടുക്കുന്നതിനും പൊതുവഴികളിലൂടെ നടക്കുന്നതിനുപോലും വലിയൊരു വിഭാഗം മനുഷ്യർക്ക് വിലക്കേർപ്പെടുത്തിയ ഒരു കാലമുണ്ടായിരുന്നു. വസ്ത്രം ധരിക്കാനും വിദ്യ അഭ്യസിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം പോരാട്ടങ്ങളിലൂടെ സ്വന്തമാക്കിയ ഒരു തലമുറയുടെ പിന്മുറക്കാരാണ് ഇന്നിവിടെ താമസിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടാനിറങ്ങുന്ന പിന്നാക്കവിദ്യാർഥികളെയും അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽതേടി വരുന്ന മനുഷ്യരെയും മരണത്തിൽ കൊണ്ടെത്തിക്കുന്ന വംശീയ വെറുപ്പും, ഇറാനിയൻ കായികതാരത്തോട് കാണിച്ചതായി ഇപ്പോൾ പുറത്തുവന്ന വംശീയാധിക്ഷേപവുമെല്ലാം മനുഷ്യത്വം വറ്റിപ്പോയ ഒരു കാലേത്തക്കാണ് നമ്മെ കൊണ്ടെത്തിക്കുക എന്ന് മറക്കരുത്.

അമേരിക്കയിൽ പൗരത്വം നേടാൻ ശ്രമിക്കുന്ന ഇന്ത്യക്കാരെ ‘നരകക്കുഴിയിൽ നിന്ന് വരുന്നവർ’ എന്ന് അപഹസിക്കുന്ന രാഷ്ട്രീയനിരീക്ഷകന്റെ അഭിപ്രായം സമൂഹമാധ്യമത്തിൽ പങ്കുവെച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി ഓരോ ഇന്ത്യക്കാർക്കുമെതിരായ അവഹേളനമാണെന്നിരിക്കെ മറ്റുദേശങ്ങളിൽനിന്ന് വരുന്നവരോട് ട്രംപ് ചമയാൻ ശ്രമിക്കുന്ന ഇന്ത്യക്കാരും ഉണ്ടെന്നുവരികിൽ അഹോ കഷ്ടം!

Tags:    
News Summary - Racism simmering in the swimming pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.