ഭീകരവാദികളെ ഉണ്ടാക്കുന്ന ഭരണകൂട വൈറസുകൾ


എട്ടുവർഷം മുമ്പ്, 2013 ഫെബ്രുവരി ഒമ്പതിന് തിഹാർ ജയിലിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു 2001 ഡിസംബർ 13ന് നടന്ന പാർലമെൻറ്​ ആക്രമണ കേസിൽ പ്രതിചേർക്കപ്പെട്ടാണ് വധശിക്ഷക്ക് വിധേയനാകുന്നത്. യുക്തിസഹമായ തെളിവുകളൊന്നുമില്ലെങ്കിലും 'പൊതുമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താൻ' ഇങ്ങനെയൊരു ശിക്ഷ നൽകേണ്ടതുണ്ടെന്നാണ് സുപ്രീംകോടതി വിധിയിൽതന്നെ എഴുതിവെച്ചത്. പാർലമെൻറ്​ ആക്രമണത്തിൽ പങ്കെടുത്ത്​ കൊല്ലപ്പെട്ട ചിലരെ ഡൽഹിയിൽ എത്തിച്ചുവെന്നതായിരുന്നു അഫ്സൽ ഗുരുവിനെതിരായ കുറ്റം. ചിലരെ ഡൽഹിയിൽ എത്തിച്ച കാര്യം ഗുരു നിഷേധിച്ചിട്ടില്ല. എന്നാൽ, ​േദവീന്ദർസിങ്​ എന്ന കശ്മീരിലെ പൊലീസ്​ ഉദ്യോഗസ്ഥ​െൻറ നിർദേശ പ്രകാരമാണ് താൻ അത് ചെയ്തതെന്നാണ് ഗുരു പറഞ്ഞത്.

ഒരു പൊലീസ്​ ഉദ്യോഗസ്​ഥൻ ഏൽപിച്ചുകൊടുത്തയാളുകളെ ഡൽഹിയിൽ എത്തിച്ചതിന്​ തൂക്കുകയർ ഏറ്റുവാങ്ങേണ്ടിവന്നു അഫ്സൽ ഗുരുവിന്​. അദ്ദേഹം അന്ന് പറഞ്ഞ കാര്യങ്ങൾ കോടതിയോ പൊതുസമൂഹമോ ഗൗരവത്തിൽ ചർച്ച ചെയ്തില്ല. എന്നാൽ, 2020 ജനുവരിയിൽ തീവ്രവാദികളോടൊപ്പം കാറിൽ സഞ്ചരിക്കവെ ഇതേ ​േദവീന്ദർ സിങ്​ അറസ്​റ്റ്​ ചെയ്യപ്പെട്ട വാർത്തയാണ് കേൾക്കുന്നത്. ഒരു ഉന്നത പൊലീസുദ്യോഗസ്​ഥൻ തീവ്രവാദികളോടൊപ്പം പിടിയിലായ കാര്യം രാജ്യത്തെ ഞെട്ടിച്ചില്ല. രാജ്യത്ത് പൗരത്വ പ്രക്ഷോഭം കത്തിയാളുന്ന നാളുകളിൽ, 2020ലെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ 'തീവ്രവാദി ആക്രമണം' ഉണ്ടാവുമെന്ന് ഇൻറലിജൻസ്​ ബ്യൂറോയെ 'ഉദ്ധരിച്ച്' ദേശീയമാധ്യമങ്ങൾ വാർത്തകൾ കൊടുത്തു കൊണ്ടിരിക്കെയാണ് ​േദവീന്ദർ സിങ്​ അവിചാരിതമായി പിടിയിലാകുന്നതെന്നും കാണണം. ഡീപ് സ്​റ്റേറ്റ്​ (അധോരാജ്യം) എങ്ങനെയാണ് രാഷ്​​ട്രഘടനയിൽ പ്രവർത്തിക്കുന്നതെന്നും അധികാരികളുടെ ആവശ്യങ്ങൾക്കനുസരിച്ച് അവർ ഭീകരവാദികളെ ഉണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാനുമാണ് ഇത്രയും പറഞ്ഞത്. ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പുതുതായി വന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങൾ അനുസ്​മരിച്ചത്.

മഹാരാഷ്​ട്രയിലെ പുണെക്കടുത്ത ഭീമ-കൊറേഗാവ് ഗ്രാമത്തിൽ, 2018 ജനുവരി ഒന്നിന് കൊറേഗാവ് യുദ്ധത്തിെൻറ ഇരുനൂറാം വാർഷികമാചരിക്കാൻ ദലിത് സംഘടനകൾ സംഘടിപ്പിച്ച വലിയ സമ്മേളനത്തിനുനേരെ സവർണ ജാതി വിഭാഗങ്ങൾ ആക്രമണം അഴിച്ചുവിടുകയും സംഘർഷം രൂപപ്പെടുകയും ചെയ്തു. ഇതാണ് ഭീമ-കൊറേഗാവ് കേസിെൻറ ആധാരം. ദലിത് സമ്മേളനത്തിനുനേരെ സവർണർ ആക്രമണം നടത്തുകയായിരുന്നെങ്കിലും അവരാരും കേസിൽ പ്രതിചേർക്കപ്പെട്ടില്ല. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആക്​ടിവിസ്​റ്റുകൾ, മനുഷ്യാവകാശ പ്രവർത്തകർ, എഴുത്തുകാർ, അക്കാദമീഷ്യന്മാർ എന്നിവരെ കേസിൽ പ്രതിചേർക്കുകയും യു.എ.പി.എ ചേർത്ത് അറസ്​റ്റ്​ചെയ്യുകയുമായിരുന്നു. പ്രഗല്​ഭ മാധ്യമപ്രവർത്തകനായ ഗൗതം നവ്​ലാഖ, തെലുഗു കവി വരവരറാവു, മനുഷ്യാവകാശ പ്രവർത്തകനായ അരുൺ ഫെറീറ, അഭിഭാഷകയും േട്രഡ് യൂനിയൻ സംഘാടകയുമായ സുധ ഭരദ്വാജ്, അറിയപ്പെട്ട അക്കാദമീഷ്യൻമാരായ ആനന്ദ് തെൽതുംബ്ഡെ, ഷോമ സെൻ, ക്രൈസ്​തവ പുരോഹിതനായ സ്​റ്റാൻ സ്വാമി, മലയാളിയായ ഡൽഹി യൂനിവേഴ്സിറ്റി പ്രഫസർ ഹാനി ബാബു, റോണ വിൽസൻ എന്നിങ്ങനെ 16 പേരാണ് ഈ കേസിൽ തടവറയിൽ കഴിയുന്നത്. ഈ 16 പേരിൽ 15 പേരും പരിപാടി നടന്ന ഭീമ-കൊറേഗാവിൽ പോയിട്ടുപോലുമില്ല എന്നതാണ് കൗതുകകരം.

ഭീമ-കൊറേഗാവിലെ സംഘർഷത്തിെൻറ പേരുപറഞ്ഞാണ് അറസ്​റ്റുകൾ നടന്നതെങ്കിലും പിന്നീട് പ്രതികൾക്കെതിരെ വിചിത്രമായ കുറ്റങ്ങൾ ആരോപിക്കപ്പെടുകയായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പ്രതികൾ പദ്ധതികൾ തയാറാക്കി എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നത്. പ്രസ്​തുത ആരോപണം തെളിയിക്കാൻ ആവശ്യമായ ഡിജിറ്റൽ തെളിവുകൾ പ്രതികളുടെ ലാപ്ടോപുകളിൽനിന്ന് ലഭ്യമായി എന്നാണ് എൻ.ഐ.എ കോടതിയെ അറിയിച്ചത്. രാജീവ്ഗാന്ധിയെ കൊന്നതുപോലെ നരേന്ദ്ര മോദിയെ കൊല്ലണമെന്നും ഇതിനായി നേപ്പാളിൽനിന്ന് ആയുധങ്ങൾ ശേഖരിക്കണമെന്നുമൊക്കെ ആവശ്യപ്പെടുന്ന ഇ-മെയിൽ സന്ദേശങ്ങൾ റോണ വിൽസൻ അടക്കമുള്ള പ്രതികളുടെ ലാപ്ടോപ്പിൽനിന്ന് ലഭിച്ചുവെന്നാണ് എൻ.ഐ.എയുടെ അവകാശവാദം.

ഈ മട്ടിലുള്ള കുറ്റാരോപണങ്ങൾ പല കേസുകളിലും പിടിക്കപ്പെട്ടവർക്കുനേരെ അന്വേഷണ ഏജൻസികൾ ചാർത്താറുണ്ട്. എന്നാൽ, തമാശക്കപ്പുറം ഗൗരവമുള്ള ചില കളികൾ ഇതിൽ നടന്നുവെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. റോണ വിൽസ​െൻറ ലാപ്ടോപ്പിൽ വൈറസ്​ ആക്രമണത്തിലൂടെ നുഴഞ്ഞുകയറിയാണ് ഇത്തരം സന്ദേശങ്ങൾ കൂട്ടുപ്രതികൾക്ക് അയച്ചതെന്ന വെളിപ്പെടുത്തലാണ് വന്നിരിക്കുന്നത്. അമേരിക്കയിലെ മസാചൂസറ്റ്സിലെ പ്രശസ്​ത ഡിജിറ്റൽ ഫോറൻസിക് സ്​ഥാപനമായ ആർസനൽ കൺസൽട്ടിങ്​ ആണ് തങ്ങളുടെ പഠന പരിശോധനാഫലം പുറത്തുവിട്ടിരിക്കുന്നത്. മറ്റു പ്രതികളായ ഹാനി ബാബു, വരവരറാവു തുടങ്ങിയ പ്രതികളുടെ ലാപ്ടോപ്പിലും വൈറസ്​ ആക്രമണങ്ങളുണ്ടായി എന്ന് അവരുടെ ബന്ധുക്കൾ പറയുകയും അക്കാര്യം പരിശോധിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരിക്കുകയാണ്.

പെഗാസിസ്​ എന്ന ഇസ്രായേലി ചാര സോഫ്​റ്റ്​വെയർ ഉപയോഗിച്ചാണ് ഈ ഓപറേഷൻ നടത്തിയതെന്നും ആർസനൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സോഫ്​റ്റ്​വെയർ സർക്കാറുകൾക്കല്ലാതെ, സ്വകാര്യവ്യക്തികൾക്കോ കമ്പനികൾക്കോ നൽകാറില്ലെന്ന് ഉടമകൾ തന്നെ വ്യക്തമാക്കിയതാണ്. അങ്ങനെയെങ്കിൽ സർക്കാർ സംവിധാനങ്ങൾതന്നെ ഉൾപ്പെട്ട ഗൂഢാലോചന ഇതിനുപിന്നിൽ പ്രവർത്തിച്ചു എന്നു കരുതേണ്ടിവരും. ഭീകരത ഉൽപാദന വ്യവസായം കൂടുതൽ ഹൈടെക് ആയി പുരോഗമിക്കുന്നു എന്ന സന്ദേശമാണ് ഇൗ സംഭവം നമ്മോട് പറയുന്നത്. നാം ഭരണകൂടത്തെ കൂടുതലായി ഭയക്കേണ്ടിവരുന്നു എന്നർഥം.

Tags:    
News Summary - State viruses that make terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.