വിശ്വാസത്തെയും വിശ്വാസികളെയും ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന രാഷ്ട്രീയ-സമ്പന്നലോബി ഏതുകാലത്തും ഉണ്ടായിട്ടുണ്ട്. മതത്തെയും വിശ്വാസാചാരങ്ങളെയും സ്വന്തം രാഷ്ട്രീയ/കച്ചവട കളിക്കളത്തിന്റെ പടിക്കുപുറത്ത് നിർത്തണമെന്നും ശാഠ്യം പിടിക്കുന്നവരാണ് ഈ ചൂഷകവൃന്ദം.
എന്നാൽ, അതൊക്കെ സ്വന്തം കാര്യലാഭത്തിനുപയോഗിക്കാൻ ഇക്കൂട്ടർ മടിക്കാറുമില്ല. വിശ്വാസികളെയും വിശ്വാസകേന്ദ്രങ്ങളെയും ഈ ചൂഷകലോബി എത്രത്തോളം ദുരുപയോഗം ചെയ്യുമെന്നതിന്റെ ഭയാനകമായ ഉദാഹരണമാണ്, നോക്കിനടത്താൻ വിശ്വസിച്ചേൽപിക്കപ്പെട്ടവർ നടത്തിയ ശബരിമലയിലെ സ്വർണക്കവർച്ച. ശബരിമല ശാസ്താവിന്റെ സന്നിധിയിൽ വിശ്വാസികൾ പരിപാവനമായി കരുതിപ്പോരുന്ന ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപ്പാളികൾ ആരാധനാലയത്തിലെ കാവലാളുകളായി രംഗത്തുണ്ടായിരുന്നവർ കടത്തിക്കൊണ്ടുപോയതായാണ് വെളിപ്പെട്ട ഞെട്ടിക്കുന്ന വസ്തുത.
2019 ജൂലൈ 20ന് ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ 2064.19 ഗ്രാം വരുന്ന സ്വർണപ്പാളികൾ വീണ്ടും സ്വർണം പൂശാനായി സന്നിധാനത്തുനിന്ന് അഴിച്ചെടുത്ത് ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുപോയി. എന്നാൽ, 39 ദിവസം കഴിഞ്ഞാണ് സ്വർണപ്പാളികൾ ചെന്നൈയിൽ എത്തിയതെന്നും അവിടെയെത്തിയത് സ്വർണമല്ല, ചെമ്പുപാളികളാണെന്നുമാണ് വ്യക്തമായിരിക്കുന്നത്. ഈ കാലയളവിനിടയിൽ ചെന്നൈയിൽ ചില വീടുകളിലേക്കും ഹൈദരാബാദിലേക്കും പാളികൾ കൊണ്ടുപോയി ആളുകളുടെ വിശ്വാസമൂല്യം മുതലെടുത്ത് ഭാഗങ്ങളായി വിറ്റുകളഞ്ഞു. ശേഷം സ്വർണം പൂശാനായി ചെമ്പുതകിടുകൾ എത്തിച്ചു. ദ്വാരപാലക ശിൽപങ്ങളിലും തെക്കുവടക്ക് മൂലകളിലും ഘടിപ്പിച്ച, 1998ൽ മദ്യവ്യവസായിയായിരുന്ന വിജയ് മല്യയുടെ യു.ബി ഗ്രൂപ് സ്വർണം പൊതിഞ്ഞ ചെമ്പുതകിടുകൾ ബഹുവിധ വേലകളിലൂടെ കൈവശപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി എന്നയാളാണ്. എട്ടുവർഷം മുമ്പ് മണ്ഡലകാലത്ത് ശബരിമലയിൽ കീഴ്ശാന്തിയുടെ പരികർമികളിലൊരാളായി എത്തിയ പോറ്റി പിന്നീട് വിലകൂടിയ സമർപ്പണം നടത്താനുള്ള ഇടനിലക്കാരനായി മാറുകയായിരുന്നു. ശബരിമലയിൽ സ്പോൺസർ വേഷത്തിൽ അനേകം തട്ടിപ്പുകൾ ഇയാൾ നടത്തിയെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ‘സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ’ ഏൽപിച്ച സ്വർണപ്പാളികൾ രേഖകളിൽ ചെമ്പുതകിടുകളാക്കി കാണിച്ച് വൻതട്ടിപ്പാണ് നടത്തിയത്. യു.ബി ഗ്രൂപ് 2064.19 ഗ്രാമിൽ പൊതിഞ്ഞ പാളി ചെന്നൈയിലെത്തുമ്പോൾ 394.900 ഗ്രാമായി ചുരുങ്ങി. ഇതൊന്നും പോറ്റി സ്വന്തം നിലക്ക് ചെയ്തതല്ല എന്നും സ്വർണം ചെമ്പാക്കി മാറ്റി രേഖയിൽ കൃത്രിമം നടത്തിയത് ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നുമാണ് അന്വേഷണത്തിൽ വ്യക്തമാവുന്നത്. രേഖയിൽ കൃത്രിമം ചമച്ച് പോറ്റിക്ക് കളമൊരുക്കിയത് ഉദ്യോഗസ്ഥർ തന്നെ. ഉണ്ണികൃഷ്ണൻ പോറ്റി, സുഹൃത്ത് കൽപേഷ് എന്നിവർക്കുപുറമെ 2019ലെ ദേവസ്വം കമീഷണർ, തിരുവാഭരണ കമീഷണർ, എക്സിക്യൂട്ടിവ് ഓഫിസർ, അസി.എൻജിനീയർ എന്നിവരെയാണ് പ്രതിചേർത്തത്.
ശബരിമല സന്നിധാനം പോലുള്ള ഒരു വിശിഷ്ടസ്ഥാനത്ത് വിശ്വാസികളെ വഞ്ചിച്ചും അവമതിച്ചും നടത്തിയ തട്ടിപ്പിന് ക്ഷേത്രഭരണം നിർവഹിക്കുന്ന ദേവസ്വം ബോർഡും അതിനെ നിയന്ത്രിക്കുന്ന സംസ്ഥാന സർക്കാറും മറുപടി പറയേണ്ടതാണ്. എന്നാൽ, പഴിയെല്ലാം ഉദ്യോഗസ്ഥരിലേക്ക് ചാരി തടിയൂരാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ തുടക്കം തൊട്ടേ ശ്രമിച്ചത്. എന്നാൽ, സ്വർണം രേഖകളിൽ ചെമ്പായി മാറിയ പ്രതിഭാസം ബോർഡ് അംഗങ്ങളുടെ കൂടി അറിവോടെയാണ് എന്നു വ്യക്തമായതോടെ ക്രൈംബ്രാഞ്ച് ബോർഡ് അംഗങ്ങളെയും പ്രതികളാക്കി. 2019ലെ ദേവസ്വം ബോർഡ് പ്രസിഡന്റ് സി.പി.എം ജില്ല കമ്മിറ്റിയംഗം എ. പത്മകുമാർ, സി.പി.ഐ നേതാവ് കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരാണ് പ്രതിപ്പട്ടികയിൽ വരുക. ഇതോടെ ശബരിമലയിൽ ക്ഷേത്രഭരണത്തിന്റെ മറവിൽ വൻതട്ടിപ്പാണ് അരങ്ങേറിയത് എന്നു വ്യക്തമായി.
ആത്മീയസാഫല്യവും സായൂജ്യവും തേടി ലക്ഷക്കണക്കിന് ഭക്തർ അണയുന്ന ഒരു തീർഥാടനകേന്ദ്രത്തെ വൻകവർച്ചയുടെയും തട്ടിപ്പിന്റെയും കേന്ദ്രമാക്കി മാറ്റിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ശരണാർഥികളുടെ അഭയസങ്കേതത്തെ അപഖ്യാതിയിൽനിന്ന് രക്ഷിക്കാനും ധിറുതിപ്പെടുന്നതിനുപകരം സംഭവത്തിൽനിന്ന് കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമമാണ് ഇടതു സർക്കാറിൽനിന്നും മുന്നണി നേതൃത്വത്തിൽ നിന്നും ഉണ്ടായത്.
ശബരിമലയിൽ ദേവസ്വം ബോർഡിനെ മുന്നിൽനിർത്തി കോടികൾ മുടക്കി അയ്യപ്പസംഗമം നടത്തിയ പിണറായി വിജയൻ സർക്കാർ ഭരണക്കീഴിൽ പാർട്ടി പ്രമുഖർ ഭരിക്കുന്ന ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും കൂട്ടുനിന്നു നടത്തിയ വൻതട്ടിപ്പ് അന്വേഷിച്ച് ഉത്തരവാദികളെ ശിക്ഷിക്കുന്ന വിഷയത്തിൽ അത്രയൊന്നും ആവേശം കാണിക്കുന്നില്ല. ഈ വിഷയത്തിൽ നിയമസഭ പ്രക്ഷുബ്ധമായിട്ടും പ്രതിപക്ഷം സമരവുമായി ഇറങ്ങിയിട്ടും സ്വയം തടിയൂരാനുള്ള വഴിയാരായുകയാണ് സർക്കാറും പാർട്ടിയും.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിനെതിരെ അടക്കം അന്വേഷണം നീളുകയും എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് അന്വേഷണവുമായി മലകയറാൻ തീരുമാനിക്കുകയും ചെയ്തതിൽപിന്നെ ദേവസ്വം മന്ത്രിയും പിറകിൽ മുഖ്യമന്ത്രിയും അടക്കമുള്ളവർ പ്രസ്താവനയുമായി രംഗത്തുണ്ട്. കേവലം പ്രസ്താവനയിൽ തീരുന്നതല്ല വിഷയം. ശബരിമല ശാസ്താവിന്റെ ശ്രീകോവിലിൽ പോലും വൻകവർച്ച നടത്താവുന്ന തരത്തിലേക്ക് ക്ഷേത്രനടത്തിപ്പും ദേവസ്വം ഭരണവും വഴിവിട്ടു നീങ്ങാനിടയായതിൽ വിശ്വാസികളോടും കേരള ജനതയോടും സർക്കാർ സമാധാനം പറയണം. നീതിനിഷ്ഠമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടി മാതൃകാപരമായ ശിക്ഷ നൽകി സർക്കാർ ജനസമക്ഷം ഉത്തരവാദിത്ത നിർവഹണം സാക്ഷ്യപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.