ജനസംഖ്യ ആകുലതകളും ആലോചനകളും


ജനസംഖ്യയുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ചില നടപടികൾ കൗതുകകരമായ വൈരുധ്യം പേറുന്നവയാണ്. ജനസംഖ്യയിൽ ഒന്നാം സ്​ഥാനത്ത് നിൽക്കുന്ന ചൈന 'രണ്ടു കുട്ടി നയം' തിരുത്താൻ തീരുമാനിച്ചതാണ് അതിലൊന്ന്. മൂന്നു കുട്ടികളെവരെ പ്രസവിക്കാൻ സ്​ത്രീകൾക്ക് അനുമതി നൽകുന്ന പ്രമേയം ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടി അംഗീകരിച്ചു. ലോകജനസംഖ്യയിൽ രണ്ടാം സ്​ഥാനത്തുള്ള ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്​ഥാനമായ ഉത്തർപ്രദേശിൽ രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്ന നിയമനിർമാണവുമായി സംസ്​ഥാന സർക്കാർ മുന്നോട്ടു പോവുന്നുവെന്നതാണ് മറ്റൊരു വാർത്ത. മറ്റു ചില സംസ്​ഥാനങ്ങളിലെ ബി.ജെ.പി സർക്കാറുകളും സമാനമായ നിയമ രൂപവത്​കരണത്തിലേക്ക് കടക്കുകയാണ്. അതിനിടയിലാണ് കേരളത്തിൽനിന്ന് തീർത്തും വ്യത്യസ്​തമായ മറ്റൊരു വാർത്ത വരുന്നത്. സീറോ മലബാർസഭയുടെ പാലാ രൂപത കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കുന്ന രൂപതയിലെ ക്രൈസ്​തവ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്​ സർക്കുലർ പുറത്തിറക്കിയതായിരുന്നു അത്. അഞ്ചോ അതിലധികമോ കുഞ്ഞുങ്ങൾ പിറക്കുന്ന കുടുംബങ്ങൾക്ക് സവിശേഷ ആനുകൂല്യങ്ങൾ രൂപത വാഗ്​ദാനം ചെയ്യുന്നു. ഇടുക്കി രൂപതക്ക് കീഴിലെ ചില സ്​കൂളുകളും കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചു. ജനസംഖ്യ വളർച്ച/നിയന്ത്രണം എന്ന പോയൻറിൽ ഒരേ കാലത്ത് വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കപ്പെടുന്നത് എന്തുകൊണ്ട് എന്നത് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

ജനസംഖ്യ നിയന്ത്രണവും കുടുംബാസൂത്രണവും നയമായി സ്വീകരിച്ച രാജ്യമാണ് നമ്മുടേത്. ഈ നയം കർക്കശമാക്കാനാണ് കൂടുതൽ കുട്ടികളുണ്ടാവുന്നവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നത് എന്നാണ് ബി.ജെ.പിയുടെ അവകാശവാദം. അതേസമയം, ജനസംഖ്യ വളർച്ചയെ േപ്രാത്സാഹിപ്പിക്കുന്ന സമീപനമാണ് പല വികസിത മുതലാളിത്ത രാജ്യങ്ങളും സ്വീകരിക്കുന്നത്. മനുഷ്യവിഭവ ദൗർലഭ്യം അവർ അനുഭവിക്കുന്നുണ്ട്. അതു രാജ്യത്തി​ന്‍റെ തൊഴിൽ വിപണിയെയും ഉൽപാദനത്തെയും മോശമായി സ്വാധീനിക്കുന്നതായി അവർ കണ്ടെത്തുന്നു. അതിനാൽ, കുടിയേറ്റത്തെയും ജനസംഖ്യ വർധനവിനെയും അവർ േപ്രാത്സാഹിപ്പിക്കുന്നു. കൂടുതൽ കുട്ടികളുണ്ടാവുന്നവർക്ക് സർക്കാർ തന്നെ വലിയ സൗജന്യങ്ങൾ അനുവദിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ജനസംഖ്യയുമായി ബന്ധപ്പെട്ട് ലോകത്ത് സംയോജിതമായ അഭിപ്രായം നിലനിൽക്കുന്നില്ല. ജനസംഖ്യ നിയന്ത്രണം ഏറ്റവും അക്രമാസക്​തമായി നടപ്പാക്കിയ ചൈനപോലും നിലപാട് തെറ്റായി എന്നു തിരിച്ചറിഞ്ഞ്​ ഇളവുകൾ പ്രഖ്യാപിക്കുകയാണ്.

ജനസംഖ്യ നിയന്ത്രണം അത്യാവശ്യമാണെന്ന നിലപാട് പറഞ്ഞുകൊണ്ടാണ് ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങൾ കർശന നിയമങ്ങൾ കൊണ്ടുവരുന്നത്. എന്നാൽ, ഇതു തന്നെയാണോ ആർ.എസ്​.എസി​ന്‍റെ കാഴ്ചപ്പാട് എന്നന്വേഷിച്ചാൽ നാം കുഴങ്ങിപ്പോവും. ഹിന്ദു ദമ്പതികൾ കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കണമെന്ന് ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവത് ആഹ്വാനം ചെയ്തത് ഇതേ ഉത്തർ പ്രദേശിലെ ആഗ്രയിൽ വെച്ചാണ് (2016 ആഗസ്​റ്റ്​). ബദരി ആശ്രമത്തിലെ ശങ്കരാചാര്യൻ ശ്രീ വാസുദേവാനന്ദ് സരസ്വതി ഹിന്ദു ദമ്പതികൾ ചുരുങ്ങിയത് പത്തു കുട്ടികളെയെങ്കിലും ഉൽപാദിപ്പിക്കണമെന്നാണ്​ ആഹ്വാനം ചെയ്​തത്​. കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കുന്ന ദമ്പതികൾക്ക് മിസോറമിലെ ബി.ജെ.പി സഖ്യ കക്ഷിയായ എം.എൻ.എഫി​​ന്‍റെ മന്ത്രി കാഷ് അവാർഡ് പ്രഖ്യാപിച്ചത് 2021 ജൂണിലാണ്. വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽ ജനസംഖ്യ വർധനവിനു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ മാത്രമല്ല, ഔദ്യോഗിക സംവിധാനങ്ങളുമുണ്ട്. അതേസമയം, ആ മേഖലയിലെ ഏറ്റവും വലിയ സംസ്​ഥാനമായ അസം കർശനമായ ജനസംഖ്യ നിയന്ത്രണ നടപടികൾക്ക് തുടക്കംകുറിച്ചിരിക്കുകയാണ്.

ജനസംഖ്യ വർധനവിനായുള്ള ആഹ്വാനങ്ങൾ വിവിധ ൈക്രസ്​തവ ഗ്രൂപ്പുകൾ നമ്മുടെ നാട്ടിൽ കാലങ്ങളായി നടത്തുന്നുണ്ട്. ജനസംഖ്യ വർധന േപ്രാത്സാഹിപ്പിക്കാൻ േപ്രാ ലൈഫ് മിനിസ്​ട്രി എന്ന പേരിൽ പ്രത്യേക സംവിധാനം തന്നെ സഭക്കു കീഴിലുണ്ട്. 2020ൽ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്, അടിച്ചേൽപിക്കുന്ന കുടുംബാസൂത്രണ പരിപാടികൾ സർക്കാർ നയത്തി​ന്‍റെ ഭാഗമല്ല എന്നാണ്. ഐക്യരാഷ്​​്ട്ര സഭക്ക്​ കീഴിലെ ഇൻറർനാഷനൽ കോൺഫറൻസ്​ ഓൺ പോപുലേഷൻ ആൻഡ്​ ഡെവലപ്മെൻറിൽ (ഐ.സി.പി.ഡി) ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. സമ്മർദത്തിലൂടെയുള്ള കുടുംബാസൂത്രണത്തിനെ​തിരിൽ ശക്​തമായ നിലപാടാണ് ഐ.സി.പി.ഡിക്കുള്ളത്. അതിരിക്കെതന്നെ, ഇന്ത്യയിലെ ചില സംസ്​ഥാനങ്ങൾ ജനസംഖ്യ നിയന്ത്രണത്തിനുവേണ്ടി കർക്കശമായ നിയമങ്ങൾ കൊണ്ടുവരുന്നത് എങ്ങനെ ന്യായീകരിക്കും എന്ന ചോദ്യമുണ്ട്.

സാർവദേശീയതലത്തിൽ ഐ.സി.ഡി.പിയുടെ നിലപാടിനൊപ്പം, കുടുംബാസൂത്രണത്തിനുവേണ്ടി സമ്മർദമുണ്ടാകില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര മന്ത്രാലയം; മറുവശത്ത് കർക്കശ നിയമങ്ങളുമായി ബി.ജെ.പിയുടെ സംസ്​ഥാന സർക്കാറുകൾ, വേറൊരു ഭാഗത്ത് ജനസംഖ്യാ വർധനവിനുവേണ്ടി ഹിന്ദുത്വ നേതാക്കളുടെ പരസ്യ ആഹ്വാനങ്ങൾ–ആകപ്പാടെ കുഴഞ്ഞുമറിഞ്ഞതാണ് ഈ വിഷയത്തിലെ സംഘ്​പരിവാർ നിലപാടുകൾ. ഇതൊക്കെ ഒരു വശത്ത് നിൽക്കുമ്പോഴാണ് ക്രൈസ്​തവ സഭകൾ സ്വന്തം നിലക്ക് ജനസംഖ്യ വർധനവിനായുള്ള പദ്ധതികളുമായി മുന്നോട്ടു പോവുന്നത്. മുസ്​ലിംകൾ വർധിക്കുന്നു എന്ന പ്രതീതി സൃഷ്​ടിച്ച് നാട്ടിൽ ഭയമുണ്ടാക്കി വോട്ട് കൂട്ടുക എന്നതിലപ്പുറം കൃത്യമായ ജനസംഖ്യ നയം കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കുമുണ്ടോ? രാജ്യ ഭാവിയുമായി ബന്ധപ്പെട്ട ഗൗരവപ്പെട്ട വിഷയത്തെ ഇത്ര സങ്കുചിതമായാണോ കാണേണ്ടത്? വിവിധ മതഗ്രൂപ്പുകൾ സ്വന്തം നിലക്ക് ജനസംഖ്യ നയമുണ്ടാക്കി അതു നടപ്പാക്കാൻ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ അതു നാട്ടിലുണ്ടാക്കുന്ന പ്രതിഫലനം എന്തായിരിക്കും? ഇതേക്കുറിച്ചൊന്നും ആരും ആലോചിക്കുന്നില്ലേ?

Tags:    
News Summary - Population control and family planning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.