വട്ടപ്പാറ എന്ന അപകട മുനമ്പ്

ദേശീയപാത 66ൽ മലപ്പുറം വളാഞ്ചേരിക്കടുത്ത വട്ടപ്പാറ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന പ്രദേശമാണ്. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങളാണ് വട്ടപ്പാറക്ക് കുപ്രസിദ്ധി നേടിക്കൊടുത്തത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 265 അപകടങ്ങൾ അവിടെ നടന്നുവെന്നാണ് കണക്കുകൾ. കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് പാചകവാതക ടാങ്കർ മറിഞ്ഞതോടെ ആ കണക്കിലേക്ക് ഒരെണ്ണം കൂടി. കഴിഞ്ഞ നാലു വർഷത്തെ അപകടങ്ങളിൽ 21 പേർ മരിക്കുകയും 151 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മരണങ്ങൾക്കും പരിക്കുകൾക്കും പുറമെ, വട്ടപ്പാറയിലെ അപകടങ്ങളുണ്ടാക്കുന്ന ഗുരുതരമായ മറ്റൊരാഘാതം കൂടെയുണ്ട്. പാചകവാതകവും വ്യവസായ ആവശ്യങ്ങൾക്കായി രാസപദാർഥങ്ങൾ വഹിച്ച് കൊച്ചിയിലേക്ക് പോവുന്ന ടാങ്കറുകളുമാണ് ഇവിടെ കൂടുതൽ അപകടത്തിൽ പെടുന്നത്. അത്തരം വാഹനങ്ങൾ അപകടത്തിൽപെട്ട് ഉണ്ടാവുന്ന ചോർച്ച ആ പ്രദേശത്തെ ജനജീവിതത്തെ മുൾമുനയിൽ നിർത്തുന്നതാണ്. ടാങ്കറുകൾ അപകടത്തിൽ പെട്ടുണ്ടാവുന്ന ചോർച്ച കാരണം അർധരാത്രിയിൽ കിടക്കപ്പായ വിട്ട് എഴുന്നേറ്റ് ഓടേണ്ടി വരുന്ന അനുഭവങ്ങൾ ആ പ്രദേശത്തുകാർക്ക് പുത്തരിയല്ല. ബുധനാഴ്ചത്തെ അപകടത്തിൽ വാതക ചോർച്ച ഇല്ലാത്തതിനാൽ വലിയ ദുരന്തത്തിൽനിന്നാണ് പ്രദേശവാസികൾ രക്ഷപ്പെട്ടത്. ഒരേ സ്​ഥലത്ത് നിത്യേനയെന്നോണം ഇങ്ങനെ അപകടങ്ങൾ പതിവായിട്ടും അത് ഗൗരവത്തിലെടുക്കാൻ ബന്ധപ്പെട്ടവർ ഇനിയും സന്നദ്ധമായിട്ടില്ല എന്നതാണ് വിചിത്രമായിട്ടുള്ളത്.

റോഡി​െൻറ ഭൂമിശാസ്​ത്രപരമായ ഘടന, ഇറക്കവും വളവുമുള്ള സ്​ഥലങ്ങളിൽ ക്രമപ്പെടുത്തേണ്ട പ്രതല ചരിവിലെ (ബാങ്കിങ്​) അശാസ്​ത്രീയത തുടങ്ങിയവയാണ് തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾക്ക് കാരണമായി പറയപ്പെടുന്നത്. അപകടങ്ങൾ നിത്യസംഭവമായതോടെ രോഷാകുലരായ നാട്ടുകാർ സമരവുമായി രംഗത്തിറങ്ങിയപ്പോൾ വളവ് പരിഷ്കരിക്കാനുള്ള ശ്രമങ്ങളുമായി ദേശീയപാതാ അ​തോറിറ്റി 2002ൽ മുന്നോട്ടുവന്നിരുന്നു. ആഴ്ചകളോളം റോഡ് അടച്ചിട്ട് കോടികൾ മുടക്കി അന്ന് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ല. അടച്ച റോഡ് തുറന്ന തൊട്ടടുത്ത ദിവസം തന്നെ അപകടമുണ്ടായി എന്നതാണ് അതിലെ കൗതുക വാർത്ത. ‘സൂക്ഷിക്കുക, അപകട മേഖല’ എന്നൊരു ബോർഡും വളവിനപ്പുറത്തെ വാഹനത്തെ കാണാനുള്ള വലിയൊരു കണ്ണാടിയും സ്​ഥാപിച്ചതല്ലാതെ പിന്നീടൊന്നുമുണ്ടായില്ല. അപകടങ്ങൾ അതി​െൻറ വഴിക്ക് നടക്കുന്നു. വട്ടപ്പാറയിൽ പാതയുടെ ഘടനയിൽ തന്നെ പിഴവുകളുണ്ടെന്ന് ഉത്തരവാദപ്പെട്ട എൻജിനീയർമാർ തന്നെ സമ്മതിച്ചതാണ്. പക്ഷേ, പരിഹാര ശ്രമങ്ങൾ മാത്രമുണ്ടാകുന്നില്ല.

ഈ അപകട വളവിൽനിന്ന് രക്ഷപ്പെടാൻ രണ്ടു വഴികളാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. ദേശീയപാതയിലെ കഞ്ഞിപ്പുരയിൽനിന്ന് മൂടാലിലേക്കുള്ള ബൈപാസാണ് അതിലൊന്ന്. പ്രസ്​തുത ബൈപാസിനായി സ്​ഥലമേറ്റെടുപ്പ് അടക്കം കഴിഞ്ഞ് വർഷങ്ങളായെങ്കിലും റോഡ് നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല. പുത്തനത്താണിയിൽനിന്ന് തിരുനാവായ വഴി കുറ്റിപ്പുറത്തേക്ക് ഇപ്പോഴുള്ള റോഡ് വളവുകൾ നിവർത്തി വീതികൂട്ടി വലിയ വാഹനങ്ങൾക്ക് പോകാവുന്ന തരത്തിൽ ക്രമീകരിക്കുകയെന്നതാണ് മറ്റൊരു നിർദേശം. വട്ടപ്പാറയിൽ അപകടമുണ്ടായാൽ ഉടനെ പുത്തനത്താണി ജങ്​ഷനിൽ പൊലീസിനെ നിർത്തി വാഹനങ്ങൾ തിരുനാവായ വഴി തിരിച്ചുവിടുകയെന്ന പണിയാണ് ഇപ്പേൾ അധികൃതർ ചെയ്യുന്നത്. എന്നാൽ, ഇതിനെ സ്​ഥിരമായ ബദൽ പാതയാക്കി വികസിപ്പിക്കാനുള്ള പദ്ധതികളൊന്നും സർക്കാറിനു മുന്നിലില്ല.

2017 ഏപ്രിലിൽ സർക്കാർ പുറത്തുവിട്ട ഒരു കണക്ക് പ്രകാരം ദേശീയ, സംസ്​ഥാന പാതകളിലായി 71 അപകടമേഖലകളാണ് മലപ്പുറം ജില്ലയിലുള്ളത്. അതിൽ ഏറ്റവും അപകടകരമാണ് വട്ടപ്പാറ. മംഗലാപുരത്തിനും കൊച്ചിക്കുമിടയിൽ ദിനേന ഓടുന്ന പാചകവാതക ടാങ്കറുകൾ നിരവധിയാണ്. അവയെല്ലാം വട്ടപ്പാറയിലൂടെ വേണം കടന്നുപോകാൻ. എല്ലാ ദിവസവും വലിയൊരു അപകടത്തെ പ്രതീക്ഷിച്ചാണ് ആ പ്രദേശം ജീവിക്കുന്നത് എന്നർഥം.
വട്ടപ്പാറ മാത്രമല്ല, കോഴിക്കോട് രാമനാട്ടുകര മുതൽ കുറ്റിപ്പുറം വരെയുള്ള ദേശീയപാത മൊത്തത്തിൽ ഒരു അപകട മേഖലയാണ്.

കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും അപകടകരമായ വളവുകളും കൊണ്ട് നിറഞ്ഞ ഭാഗം. പൊന്നാനിയിൽനിന്ന് തീരദേശത്തുകൂടെ ചാലിയം, ബേപ്പൂർ വഴി കോഴിക്കോ​േട്ടക്ക് എളുപ്പം എത്താവുന്നതേയുള്ളൂ. ബേപ്പൂരിൽ പാലം നിർമിക്കുകയും തീരദേശത്തു കൂടെയുള്ള റോഡ് വീതികൂട്ടി മെച്ചപ്പെടുത്തുകയും ചെയ്താൽ ഈ സ്​െട്രച്ചിലുള്ള യാത്രാ ദുരിതവും അപകടവും വലിയ അളവിൽ കുറക്കാവുന്നതാണ്. പക്ഷേ, അതേക്കുറിച്ചും ഭരണനേതൃത്വങ്ങൾ പലപ്പോഴായി സംസാരിക്കാറുണ്ട് എന്നതല്ലാതെ പ്രയോഗത്തിൽ ഒന്നുമായിട്ടില്ല. സംസ്​ഥാനത്തെ ഗതാഗത സൗകര്യങ്ങൾ മൊത്തത്തിലെടുത്താൽ മലബാർ എന്നത് വലിയൊരു കുപ്പിക്കഴുത്താണ്. ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളുടെ നീണ്ട നിര ഏതു റോഡിലും എപ്പോഴും കാണാവുന്ന ഒരു മേഖല. ആ പ്രശ്നങ്ങളെ കൂടുതൽ കനപ്പിക്കുന്നതാണ് വട്ടപ്പാറ പോലുള്ള അപകട വളവുകൾ. കേവല വാഹന അപകട പ്രശ്നം എന്നതിലപ്പുറം ഒരു പ്രദേശത്തെ ജനജീവിതത്തെയാകെ അപകട മുനയിൽ നിർത്തുന്ന ബ്ലാക് സ്​പോട്ട് ആണ് വട്ടപ്പാറ വളവ്. നിശ്ചയദാർഢ്യമുണ്ടെങ്കിൽ എളുപ്പം പരിഹരിക്കാവുന്ന പ്രശ്നം. അതിന് സർക്കാർ സന്നദ്ധമാവുമോ എന്നതാണ് ചോദ്യം.

Tags:    
News Summary - Malappuram Vattappara Accident -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.