ധുനികലോകം നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന ഫലസ്തീനിലെ വംശഹത്യക്കും അതിക്രൂരമായ ആഗോള നിഷ്​ക്രിയത്വത്തിനുമെതിരെ മനസ്സാക്ഷിയുള്ളവർ ഡിജിറ്റൽ മൗനത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയാണിപ്പോൾ. രാത്രി 9 മുതൽ 9.30 വരെ ഇന്റർനെറ്റ്, മൊബൈൽ ഫോൺ, സമൂഹമാധ്യമ ഉപയോഗം പൂർണമായി ഉപേക്ഷിച്ചുകൊണ്ടാണ് ഭൂനിവാസികൾ ഈ സന്ദേശം നൽകുന്നത്. ഒന്നരവർഷത്തിലധികമായി ഇസ്രായേൽ നടത്തുന്ന വംശഹത്യ മനുഷ്യത്വത്തിന്റെ മാത്രമല്ല പൈശാചികതയുടെപോലും സീമകൾ ലംഘിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനതയെ പട്ടിണിക്കിട്ട് കൊല്ലുന്നു. ഭക്ഷണകേന്ദ്രങ്ങളും ആശുപത്രികളും ബോംബിട്ട് തകർക്കുന്നു. കഴിഞ്ഞ ഒന്നരവർഷം കൊണ്ട് ഗസ്സയിൽ മാത്രം ചുരുങ്ങിയത് 60,000 പേരെ കൊന്നു. ഗസ്സയിലെ 21 ലക്ഷം മനുഷ്യരിൽ 19 ലക്ഷവും വീടില്ലാത്തവരായി; മിക്കവരും പലതവണ അങ്ങോട്ടുമിങ്ങോട്ടും ആട്ടിയോടിക്കപ്പെട്ടു- അവശരും രോഗികളുമടക്കം. സകല ജനങ്ങളും ഗുരുതരമായതോതിൽ ഭക്ഷ്യക്ഷാമമനുഭവിക്കുന്നു; 54 ശതമാനം പേർ മരണവക്കിലെത്തിയവരും അതിൽതന്നെ 22 ശതമാനം പേർ മരിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഭക്ഷണമില്ലാത്തതല്ല, അങ്ങോട്ടെത്തിക്കാൻ അനുവദിക്കാത്തതാണ് കാരണം. പോഷകാഹാരക്കുറവ് കാരണം എല്ലും തോലുമായ നിലയിൽ 112 കുട്ടികളാണ് ഓരോ ദിവസവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നത്. ആശുപത്രികൾ ഇ​സ്രായേൽ നശിപ്പിച്ചിരിക്കുന്നു. ജലസ്രോതസ്സുകളും ജലവിതരണകേന്ദ്രങ്ങളും ഏറെയും നശിപ്പിച്ചു. ലഭ്യമായ വെള്ളത്തിൽ 97 ശതമാനം മലിനമാണ്. ഇത് കുടിക്കേണ്ടിവരുന്നതിനാൽ ജലജന്യരോഗങ്ങൾ പെരുകുന്നു. സങ്കൽപിക്കാനാകാത്ത ഈ കൊടും പാതകങ്ങൾ ഇസ്രായേൽ ​ചെയ്യുന്നതാകട്ടെ, വൻശക്തി രാജ്യങ്ങളുടെ സജീവ സഹകരണത്തോടെയും വലിയൊരു വിഭാഗം രാജ്യങ്ങളുടെ നിശ്ശബ്ദ പിന്തുണയോടെയുമാണ്. കുറെ ഭരണകൂടങ്ങളും കോർപറേറ്റുകളും വംശഹത്യക്ക് അരുനിൽക്കു​മ്പോൾ മനുഷ്യത്വം നശിച്ചിട്ടില്ലാത്ത ദശലക്ഷങ്ങൾ കഴിയുംവിധം ചെറുക്കുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

സകല അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് ഇസ്രായേൽ കുരുതി തുടരുമ്പോൾ, ഇത് തടയാൻ ബാധ്യതപ്പെട്ട സ്ഥാപനങ്ങളും സംവിധാനങ്ങളും നിഷ്ക്രിയരാണ്. ഐക്യരാഷ്ട്രസഭ പരാധീനതകളും നിസ്സഹായതയും മുഖമുദ്രയാക്കി ഉറക്കത്തിൽതന്നെ. രക്ഷാസമിതി പ്രമേയങ്ങൾ അമേരിക്ക വീറ്റോ ചെയ്യുന്നു; നിയമബലം കുറഞ്ഞ പൊതുസഭയിൽ വെടിനിർത്തൽ പ്രമേയത്തിന്മേൽ ഇന്ത്യപോലും വിട്ടുനിൽക്കുന്നു. അത് പാസായിട്ടും കാര്യമില്ലെന്നത് മറ്റൊരു കാര്യം. ഇസ്രായേലിനെതിരെ സൈനികവും അല്ലാത്തതുമായ ഉപരോധങ്ങൾക്ക് മതിയായ കാരണങ്ങളുണ്ടായിട്ടും ഭരണകൂടങ്ങൾ നിയമം പാലിക്കുന്നില്ല. ലോക ക്രിമിനൽ കോടതി ഇസ്രായേലി നേതാക്കൾക്കെതിരെ അറസ്റ്റ് വാറന്റ് ഇറക്കിയിട്ടും, അതനുസരിക്കാൻ നിയമബാധ്യതയുള്ള രാജ്യങ്ങൾവരെ ധിക്കാരം കാട്ടുന്നു. ലോക നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക ഇസ്രായേലി​നെതിരെ വംശഹത്യ കേസ് കൊടുത്തിട്ട് കൊല്ലം തികയുന്നു. നടപടിക്രമങ്ങളും നിയമ നൂലാമാലകളും നൽകുന്ന അവസരം മുതലെടുത്ത് ആലസ്യത്തിലാണ് ആ കോടതിയും. കഴിഞ്ഞദിവസം, വംശഹത്യക്ക് കൂട്ടുനിൽക്കുന്ന വൻ കോർപറേറ്റുകളുടെ വിവരങ്ങളും നിയമപരമായി എടുക്കാവുന്ന നടപടികളും വിശദീകരിക്കുന്ന സമഗ്രമായ റിപ്പോർട്ട് യു.എൻ റാപോർട്യർ ഫ്രാൻസസ്ക ആൽബനീസ് തയാറാക്കിയിട്ടുണ്ട്. ഭരണകൂടങ്ങൾ, രാഷ്ട്രീയക്കാർ, കോർപറേറ്റുകൾ, മാധ്യമങ്ങൾ എന്നിവ അടങ്ങുന്ന കുറ്റവാളി സംഘങ്ങളെല്ലാം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

എന്നിട്ടും മുന്നോട്ടെന്ന മട്ടിൽ ഇസ്രായേൽ എല്ലാ നിയമവും മര്യാദയും കാറ്റിൽപറത്തി അക്രമം തുടരുന്നു. മറ്റു രാജ്യങ്ങളിലേക്കും അത് പടർത്താൻ ശ്രമിക്കുന്നു. ഒരു തെമ്മാടിരാഷ്ട്രവും കൂട്ടാളികളും ഭൂലോകത്തെ മുഴുവൻ ബന്ദിയാക്കി സമാധാനം തകർക്കുമ്പോൾ അതിനെതിരെ സാധാരണ ജനങ്ങളും ആക്ടിവിസ്റ്റുകളും ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്നുണ്ട്. മനസ്സാക്ഷി മരിച്ചിട്ടില്ല എന്നതിന്റെ ഏക ലക്ഷണം, സാമ്രാജ്യത്വ വിരുദ്ധരും വിദ്യാർഥികളും ചെറുത്തുനിൽപ് സംഘങ്ങളും ഉയർത്തുന്ന പ്രതിരോധമാണ്. അതിന്റെ ഭാഗമായി വംശഹത്യക്കെതിരായ തെരുവു പ്രക്ഷോഭങ്ങൾ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇസ്രായേലി ഉൽപന്നങ്ങൾ ബഹിഷ്‍കരിക്കുന്നതടക്കമുള്ള സമരമുറകളും നടക്കുന്നു. സാധ്യമായ ഇത്തരം പ്രവർത്തനങ്ങൾ നാം ഗസ്സയോടും ലോകത്തോടും മാത്രമല്ല, നമ്മോടുതന്നെയും ചെയ്യുന്ന നീതിയാണ്. ഒരു വെടിനിർത്തലിന്റെ അരികെയാണ് ഗസ്സ എന്ന് കേൾക്കുന്നു. വെടിനിർത്തലല്ല, യുദ്ധവിരാമം, അധിനിവേശം അവസാനിപ്പിക്കൽ, ഫലസ്തീന് സ്വാതന്ത്ര്യം എന്നിവകൊണ്ടേ മനുഷ്യ മനസ്സാക്ഷി തൃപ്തിപ്പെടൂ. ആ പ്രഖ്യാപനം കൂടിയാണ് ഇപ്പോൾ ലോകജനത സ്വയം ഏറ്റെടുത്ത ഡിജിറ്റൽ മൗനം. നമുക്ക് രാത്രി അരമണിക്കൂർ നേരം ഫോണും നെറ്റും ഓഫാക്കാം. ഗസ്സയോട് ഐക്യപ്പെടാം. 

Tags:    
News Summary - Madhyamam editorial silence for Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.