ഹിജാബ് കേസ് പുതിയ ഘട്ടത്തിലേക്ക്


കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ സമർപ്പിച്ച ഹരജികളിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചതോടെ വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെയെത്തി കീഴ്വഴക്കമനുസരിച്ച് വിശാല ബെഞ്ചിനു വിടാൻ സാഹചര്യമൊരുങ്ങിയിരിക്കയാണ്. ഉഡുപ്പി ഗവ. വനിത പ്രീ യൂനിവേഴ്സിറ്റി കോളജിലെ 11, 12 ക്ലാസുകളിലെ എട്ടു മുസ് ലിം വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്‍റെ പേരിൽ പുറത്താക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂനിഫോമിനൊപ്പം ഹിജാബ് നിരോധം നടപ്പാക്കി കർണാടകസർക്കാർ ഉത്തരവിറക്കിയത് ഈ വർഷം ഫെ​ബ്രുവരി അഞ്ചിനാണ്. ഇതു ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹരജികൾ തള്ളിക്കളഞ്ഞ കർണാടക ഹൈകോടതി കർണാടക സർക്കാർ ഉത്തരവിൽ വസ്ത്രത്തിനുമേൽ ഏർപ്പെടുത്തിയ എല്ലാതരം നിയന്ത്രണങ്ങളും മാർച്ച് 15നു ശരിവെച്ചിരുന്നു. തുടർന്നാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. ദീർഘമായ വാദം കേട്ടശേഷം കർണാടക ഹൈകോടതി വിധി സുപ്രീംകോടതിയിലെ ജസ്റ്റിസ് സുധാൻഷു ധുലിയ റദ്ദാക്കിയപ്പോൾ, ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിഷയത്തെ 11 ചോദ്യങ്ങളാക്കി പരിശോധിച്ച് അവക്കെല്ലാമുള്ള ഉത്തരങ്ങൾ ഹിജാബ് നിരോധം ശരിവെക്കുന്നതാണെന്ന നിഗമനത്തിലെത്തുകയും ഹൈകോടതി വിധി ശരിവെക്കുകയുമായിരുന്നു.

11 അപ്പീലുകളിന്മേൽ പരമോന്നത കോടതി സെപ്റ്റംബർ അഞ്ചു മുതൽ 22 വരെ വാദം കേൾക്കുകയും എഴുതി നൽകിയവ പഠിക്കുകയും ചെയ്ത ശേഷമുള്ള വിധിയാണിത്. ഒരു വശത്ത് ഒരു വിഭാഗത്തിന്റെ മത വിധികളനുസരിച്ച് വസ്ത്രം ധരിക്കാനും അതോടൊപ്പം വിദ്യാഭ്യാസത്തിനുമുള്ള അവകാശം, മറുവശത്ത് അതനുവദിക്കുമ്പോൾ സ്‌കൂൾ-കോളജുകളിൽ ഉള്ള വ്യവസ്ഥകളും ഏകതയും ലംഘിക്കപ്പെടുന്നു എന്ന വാദം. ഇതു രണ്ടിനും ഇടയിലായിരുന്നു കോടതിയുടെ മുന്നിലുള്ള പ്രമേയങ്ങൾ. ഹരജിക്കാരുടെ ഒരു വാദം ഹൈകോടതി വിധിയിലൂടെ ഇല്ലാതായത് ഭരണഘടനയുടെ 19 ാം അനുച്ഛേദം 1 (എ ) അനുസരിച്ചുള്ള ആവിഷ്കാരത്തിന്റെ ഭാഗമാണെന്നും, മത കല്പനയനുസരിച്ചുള്ള വേഷം ധരിക്കൽ മതാനുഷ്ഠാന സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നുമായിരുന്നു. ഭരണഘടന 21 ാം അനുച്ഛേദമനുസരിച്ച് സ്വകാര്യതക്കുള്ള അവകാശവും കർണാടക വിധിയിലൂടെ ഹനിക്കപ്പെടുന്നു എന്നും അവർ വാദിച്ചു. 19 ഉം 21 ഉം അനുച്ഛേദങ്ങളനുസരിച്ചുള്ള ന്യായമായ അനുവാദങ്ങൾ കർണാടക നൽകിയില്ലെന്നും തലയിൽ യൂനിഫോമിന്റെതന്നെ നിറത്തിൽ ഒരു കഷണം തുണി അധികം ധരിക്കുന്നതുകൊണ്ട് പൊതു ക്രമം ഭഞ്ജിക്കപ്പെടുന്നില്ലെന്നും അവർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി.

പതിനൊന്ന് ചോദ്യങ്ങളായി വിഷയത്തെ തരംതിരിച്ച് ഹരജി തള്ളിയ ജസ്റ്റിസ് ഹേമന്ത് ഗുപ്ത മുഖ്യമായും അവലംബിച്ച ഒരു കാര്യം ഹിജാബ് ഇസ്‌ലാം മതത്തിൽ ഒഴിവാക്കാനാവാത്ത നിർബന്ധ കാര്യമല്ല എന്നതാണ്. കർണാടക ഉത്തരവ് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നില്ലെന്നും സ്ഥാപനങ്ങളുടെ അച്ചടക്കത്തിനും തുല്യതക്കും ഉചിതമായ നടപടിയായി അതിനെ കാണാമെന്നും അതിൽ പറയുന്നു. എന്നാൽ, ജസ്റ്റിസ് സുധാൻഷു ധുലിയ ഹിജാബ് മതത്തിന്റെ അവിഭാജ്യ ഘടകമാണോ എന്ന പരിശോധന തന്നെ അനുചിതമാണെന്ന് എടുത്തു പറഞ്ഞു. ആ പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് എന്റെ മനസ്സിലുള്ള ഏറ്റവും മുഖ്യമായ വിഷയമെന്നും അവരുടെ വിദ്യാഭ്യാസം നാം മെച്ചപ്പെടുത്തുകയാണോ എന്നതാണ് ചോദ്യമെന്നും കൂട്ടിച്ചേർത്തു. ഭരണഘടനയുടെ 14 ഉം 19 ഉം അനുച്ഛേദങ്ങളിലെ വ്യക്തികളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതും അദ്ദേഹം പരാമർശിച്ചു.

കർണാടകയിലെ ഉഡുപ്പി പി.യു കോളജിൽ ഹിജാബിനെതിരെ നടന്ന സംഘ്പരിവാർ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി. സർക്കാർ കടുത്ത ഹിജാബ് വിരുദ്ധ നിലപാടെടുത്തത്. മുസ്‌ലിം സ്ത്രീകൾ നൂറ്റാണ്ടുകളായി സ്വീകരിച്ചുവരുന്ന ഒന്നാണ് ശിരോവസ്ത്രമെന്നത് വ്യക്തമായിരിക്കെ അത് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണോ എന്ന വിഷയം തന്നെ പരിഗണിക്കേണ്ടിയിരുന്നില്ല. അതു പരിശോധിക്കാനുള്ള വേദിയല്ല നീതിപീഠമെന്നതും പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. ഇനി അതിന്റെ നിർബന്ധ സ്വഭാവത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് വേണമെന്നുള്ളവർക്ക് അതാണ് മതം എന്ന സാമാന്യ യുക്തി നീതിപീഠത്തിന്റെ ഒരു പക്ഷം വിസ്മരിക്കുന്നത് യുക്തിപരമല്ല. ഇത് ഒരുവേള അംഗീകരിച്ചുകൊണ്ടുതന്നെയാണ് ജസ്റ്റിസ് സുധാൻഷു ധുലിയ, ബിജോയ് ഇമ്മാനുവൽ കേസിലെ വിധി മുന്നിൽവെച്ചാണ് ഇതു പറയുന്നതെന്ന് പ്രസ്താവിച്ചത്.

1986 ൽ യഹോവ സാക്ഷികളിൽപെട്ട വിദ്യാർഥികൾക്ക് ദേശീയഗാനം ആലപിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ പരമോന്നത കോടതി അനുവദിച്ച അവകാശമാണ് ബിജോയ് ഇമ്മാനുവൽ കേസിന്റെ മർമം. ഹിജാബ് കേസിന്റെ അവസാന ദിവസം ഹരജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ ഈ കേസ് ഭരണഘടന ബെഞ്ചിന് റെഫർ ചെയ്യണമെന്ന് വാദിച്ചതും ഇതിലടങ്ങിയ മൗലികാവകാശ സംബന്ധിയായ ഗുരുതര സമസ്യകൾ ഉന്നയിച്ചാണ്. കേസിന്റെ അടുത്തഘട്ടത്തിലെങ്കിലും അത്തരം ഘടകങ്ങൾക്ക് മുൻതുക്കം നൽകുന്ന സമീപനം നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രത്യാശിക്കാം.

Tags:    
News Summary - Madhyamam editorial on hijab case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.