എണ്ണവില വർധനക്കും ഉത്തരവാദി സംസ്​ഥാനങ്ങൾ!

കോവിഡ് രോഗം വീണ്ടും വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ ഓൺലൈൻ യോഗത്തിൽ ഇന്ധനവില വർധനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ ആ സ്​ഥാനത്തിരിക്കുന്ന ഒരാളിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്തതാണ്. ഇന്ധനവില വർധനയും അതേ തുടർന്നുണ്ടായ അവശ്യവസ്​തുക്കളുടെ വിലവർധനയും രാജ്യമാസകലം ജനജീവിതത്തെ വലിയതോതിൽ താളംതെറ്റിക്കുന്നുണ്ട്. അതിന്റെ പ്രതിഷേധവും അസ്വസ്​ഥതയും ജനങ്ങൾ പ്രകടിപ്പിക്കുന്നുമുണ്ട്. വിലവർധന തടഞ്ഞുനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് ഉത്തരവാദപ്പെട്ട സർക്കാർ ചെയ്യേണ്ടത്. എന്നാൽ, അത്തരത്തിലുള്ള എന്തെങ്കിലും നീക്കങ്ങൾ കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന്​ ഉണ്ടാവുന്നില്ല. വിലവർധനക്ക് മന്ത്രിമാർ ഒ​ാരോരുത്തർ ഓരോ വിചിത്രന്യായം നിരത്തുന്നതാണ് കാണുന്നത്. അതിനിടയിലാണ്, സംസ്​ഥാനങ്ങളെ പഴിചാരിയുള്ള പ്രധാനമന്ത്രിയുടെ സംസാരം.

പ്രധാനമന്ത്രിയുടെ പരാമർശം പല നിലക്കും അനുചിതമാണ്​. ഒന്നാമതായി, കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ വിളിച്ചുചേർത്ത യോഗത്തിലാണ് അതുമായി ഒരു ബന്ധവുമില്ലാത്ത ഇന്ധനവില പ്രധാനമന്ത്രി എടുത്തിടുന്നത്. ഇന്ധനവില നിയന്ത്രിക്കുന്നതിൽ ചില സംസ്​ഥാനങ്ങൾ ഒന്നും ചെയ്യുന്നില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് എന്നീ സംസ്​ഥാനങ്ങളെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശം. ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്​ഥാനങ്ങൾ എന്നതാണ് ഈ സംസ്​ഥാനങ്ങളുടെയെല്ലാം പൊതുവായ ഘടകം. പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഒരാൾ ഒരു ഔദ്യോഗിക യോഗത്തിൽ ഇത്തരം രാഷ്ട്രീയനിറമുള്ള പരാമർശം നടത്തുന്നതാണ് രണ്ടാമത്തെ അനൗചിത്യം. പ്രധാനമന്ത്രി പറഞ്ഞതിലെ വസ്​തുത എത്ര എന്നതാണ് മൂന്നാമത്തെ കാര്യം.

പ്രധാനമന്ത്രിയുടെ പ്രസ്​താവനക്കെതിരെ അതത് സംസ്​ഥാനങ്ങൾ ബുധനാഴ്ചതന്നെ രംഗത്തുവന്നിട്ടുണ്ട്. കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രധാനമന്ത്രി പറഞ്ഞതിലെ വസ്​തുതാപരമായ പിഴവുകൾ ചൂണ്ടിക്കാട്ടി വാർത്തസമ്മേളനം നടത്തി. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുടെ പ്രസ്​താവനക്കെതിരെ ബുധനാഴ്ചതന്നെ രംഗത്തുവന്നിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വിശദമായ ഫേസ്​ബുക്ക് കുറിപ്പിലൂടെ പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുന്നുണ്ട്. കഴിഞ്ഞ ആറു വർഷമായി കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല. വർധിപ്പിക്കാത്തത് എങ്ങനെ കുറക്കും എന്നാണ് ധനമന്ത്രി ബാലഗോപാൽ ചോദിച്ചത്. കേന്ദ്രം പെട്രോളിയം ഉൽപന്നങ്ങൾക്ക് സെസും സർചാർജും വർധിപ്പിക്കുന്നതാണ് ഇന്ധനവില വർധിക്കാൻ കാരണം. സെസിലും സർചാർജിലുമാകട്ടെ, സംസ്​ഥാനങ്ങൾക്ക് പങ്കൊന്നുമില്ല. അതിലൂടെ കിട്ടുന്ന വരുമാനവിഹിതം സംസ്​ഥാനങ്ങളുമായി പങ്കുവെക്കുന്നില്ല. 2014 മുതൽ കേന്ദ്ര സർക്കാർ 14 തവണ പെട്രോളിയം ഉൽപന്നങ്ങളുടെ മേലുള്ള നികുതി വർധിപ്പിച്ചു. അതുകൂടാതെയാണ് സർചാർജും സെസും. സർചാർജുകളും സെസും കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 15 ശതമാനമായി ഉയർന്നിരിക്കുന്നു. ഭരണഘടനപ്രകാരം ഇങ്ങനെ ലഭിക്കുന്ന വരുമാനം സംസ്​ഥാനങ്ങളുമായി പങ്കുവെക്കേണ്ടതുമില്ല. എന്നിട്ടും സംസ്​ഥാനങ്ങൾ നികുതി കുറക്കാത്തതാണ് ഇന്ധനവില വർധനക്ക് കാരണം എന്ന് പ്രധാനമന്ത്രി പറയുന്നത് വിചിത്രമാണ്.

സംസ്​ഥാനങ്ങളെ അപ്രസക്തമാക്കി സർവശക്തമായ കേന്ദ്രാധികാരം സ്​ഥാപിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയ ആശയം. സംസ്​ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം തകർക്കുകയാണ് അതിനുള്ള ആദ്യ പടിയായി അവർ കണ്ടത്. ജി.എസ്​.ടി നടപ്പാക്കിയതിലൂടെ അതിന്റെ ആദ്യപടികൾ അവർ പിന്നിട്ടുകഴിഞ്ഞു. സ്വന്തമായി വരുമാനം സമാഹരിക്കാൻ സാധിക്കാതെ എന്തിനും കേന്ദ്രത്തിനു മുന്നിൽ ഭിക്ഷ യാചിക്കേണ്ട അവസ്​ഥയിൽ സംസ്​ഥാനങ്ങൾ എത്തി. ജി.എസ്​.ടി നഷ്​ടപരിഹാരം സംസ്​ഥാനങ്ങൾക്കു നൽകുന്നതിലും വലിയതോതിലുള്ള ഉപേക്ഷയും കാലവിളംബവും വരുത്തുകയാണ് കേന്ദ്ര സർക്കാർ. അതിന്റെയെല്ലാം തുടർച്ചയിലാണ് ഇപ്പോൾ ഇന്ധനവില വർധനയുടെ ഉത്തരവാദിത്തവും സംസ്​ഥാനങ്ങളുടെ തലയിൽ ഇടുന്നത്.

കടിഞ്ഞാണില്ലാതെ കുതിക്കുന്ന ഇന്ധന വിലവർധനയും അതിനെ തുടർന്നുണ്ടാവുന്ന അവശ്യവസ്​തുക്കളുടെ വിലവർധനയും ജനജീവിതത്തെ വലിയതോതിൽ ബാധിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. സാധാരണക്കാരന്റെ ജീവിതം വലിയതോതിൽ ഇടുങ്ങിക്കൊണ്ടിരിക്കുകയാണ്. ഉൽപാദന, വ്യവസായരംഗങ്ങളിലും മുരടിപ്പ് പ്രകടമാണ്. എന്നാൽ, അതൊന്നും രാഷ്ട്രീയമായി തങ്ങളെ ബാധിക്കില്ലെന്ന ബോധ്യം കേന്ദ്ര സർക്കാറിനും ബി.ജെ.പി നേതൃത്വത്തിനും ഉണ്ട്. തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ മറ്റു ചില വേലകൾ പയറ്റിയാൽ മതി എന്നത് അവർ അനുഭവിച്ചറിഞ്ഞതാണ്. മുസ്​ലിം വിദ്വേഷം പടർത്തുകയും വർഗീയത ഇളക്കിവിടുകയും ചെയ്താൽ ഭൂരിപക്ഷ ജനത വിലക്കയറ്റമെല്ലാം മറന്നുകൊള്ളും എന്നാണ് അവരുടെ കണ്ടെത്തൽ. അതിൽ അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിൽപിന്നെ ഇന്ധനവില വർധനയെക്കുറിച്ച് ആരോട് സമാധാനം ബോധിപ്പിക്കണം?

Tags:    
News Summary - Madhyamam Editorial about P Modi's comment about Fuel Price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.