ഒരു ഫുട്ബാൾ സീസൺ കൂടി പെയ്തൊഴിയുന്നു, ലോകകപ്പ് മത്സരത്തിലേക്ക് കൗണ്ട്ഡൗൺ തുടങ്ങിവെച്ചശേഷം. ലാറ്റിനമേരിക്കക്ക് മാത്രമായുള്ള കോപ്പ അമേരിക്കയും യൂറോപ്പിെൻറ സ്വന്തം യൂറോകപ്പും ഖത്തറിൽ നടക്കാനിരിക്കുന്ന ആഗോള ഫുട്ബാൾ ഉത്സവത്തിെൻറ നാന്ദിയാണെങ്കിൽ, കോവിഡ് മഹാമാരി കാൽപ്പന്ത് ജ്വരത്തെ വളരെയൊന്നും തളർത്തിയിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. ഇതെഴുതുേമ്പാൾ യൂറോകപ്പ് ഫൈനൽ നടക്കാൻ പോകുന്നതേയുള്ളൂ. അരനൂറ്റാണ്ടിെൻറ കാത്തിരിപ്പുമായി ഇംഗ്ലണ്ടും ഒന്നരപതിറ്റാണ്ടിെൻറ സ്വപ്നങ്ങളുമായി ഇറ്റലിയും ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടാനിരിക്കുന്നു. അങ്ങ് ലാറ്റിനമേരിക്കയിലാകട്ടെ, ത്രസിപ്പിക്കുന്ന മോഹഫൈനലിൽ ബ്രസീൽ സ്വന്തം കളത്തിൽവെച്ച് അർജൻറീനയോട് തോറ്റിരിക്കുന്നു. യൂറോപ്പിെൻറയും ലാറ്റിനമേരിക്കയുടെയും ശൈലികളിൽ വ്യത്യാസമുണ്ടാകാം. യൂറോപ്യൻ ടീമുകൾ എത്ര തന്നെ മികച്ചു കളിച്ചാലും അർജൻറീനയും ബ്രസീലും ആർജിച്ചെടുത്ത വൈകാരികമായ അടുപ്പം ഫുട്ബാൾ കമ്പക്കാരുടെ സിരകളിൽ പടർത്താൻ സാധിച്ചില്ലെന്നും വരാം. പക്ഷേ, ഈ കളിയുടെ ജനപ്രിയതക്ക് ഭൂഖണ്ഡങ്ങൾ അതിര് വരക്കുന്നില്ല. ഏഷ്യയിലും ആഫ്രിക്കയിലുെമല്ലാം കാൽപന്ത് കളി ഉന്മാദത്തോളമെത്തുന്ന ആവേശമാണ്. വ്യാപാര അംശത്തിന് താരതമ്യേന കൂടുതൽ പ്രാധാന്യം കൽപിക്കുന്ന ക്രിക്കറ്റിനോ ആഢ്യത്വത്തിെൻറ ഭാണ്ഡം ഇപ്പോഴും പേറുന്ന ടെന്നിസിനോ ഇല്ലാത്തതാണ് ഈ ജനകീയത. വംശീയതക്കും വർണവെറിക്കുമെതിരെയും അധിനിവേശ-കോർപറേറ്റ് രാഷ്ട്രീയത്തിനെതിരെയും ഏറ്റവും കൂടുതൽ ശബ്ദമുയരാറുള്ളതും ഫുട്ബാൾ കളത്തിൽനിന്നും കളിക്കാരിൽനിന്നുമാണ്. ഏതായാലും വരാനിരിക്കുന്ന ലോകകപ്പിനായുള്ള തുടക്കം കൂടിയാണ് ഇപ്പോൾ അവസാനിച്ച യൂറോകപ്പ്-കോപ്പ അമേരിക്ക മാമാങ്കങ്ങൾ.
തോറ്റവരും ജയിക്കുന്നതാണ് കായികമത്സരങ്ങൾ. ഇങ്ങ് കേരളത്തിലടക്കം ആവേശജ്വരമുയർത്തിയ ലാറ്റിനമേരിക്കൻ ഫൈനലിൽ ഒറ്റഗോളിന് ജയിച്ച അർജൻറീനയും തോറ്റ ബ്രസീലും തമ്മിൽ ജയപരാജയങ്ങളുടെ വൻമതിലുണ്ടെന്ന് കരുതുന്നതിൽ അർഥവുമില്ല. മികച്ച കളിക്കാരൻ, ഏറ്റവും കൂടുതൽ ഗോൾ തുടങ്ങി ലയണൽ മെസ്സിയും ടീമും സ്വന്തമാക്കിയ ബഹുമതികളേറെയാണ്. എങ്കിലും 28 വർഷം കഴിഞ്ഞ് അർജൻറീനക്ക് ലാറ്റിനമേരിക്കൻ കപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞതാകും മെസ്സിയുടെ ഏറ്റവും വലിയ സന്തോഷം. മറുവശത്ത് നെയ്മറുടെ ബ്രസീൽ തോറ്റെങ്കിലും കളിയുടെ മികവിലും സൗന്ദര്യത്തിലും അവർ ഒട്ടും പിന്നിലായിരുന്നില്ല. തന്ത്രവും ചടുലനീക്കങ്ങളും പ്രഹരശേഷിയും പ്രതിരോധവും നോക്കുേമ്പാൾ ഒരു ടീമും തോൽക്കേണ്ടവരല്ല. അർജൻറീന-ബ്രസീൽ പോരാട്ടത്തിൽ, ടീം ക്യാപ്റ്റന്മാരുടെ കളിയും നേതൃത്വവും ഉജ്ജ്വലമായെന്ന് പറയണം-ടീമുകളുടെ ഒത്തൊരുമയും. ഒരുപക്ഷേ, ആദ്യലൈനപ്പിൽ അർജൈൻറൻ കോച്ച് സ്കലോണി, എയ്ഞ്ചൽ ഡിമരിയയെ ഇറക്കിയത് ബ്രസീലിെൻറ കണക്കുകൂട്ടൽ തെറ്റിച്ചിട്ടുണ്ടാകാം; ഡിമരിയ ആണല്ലോ നിർണായകഗോൾ നേടിയതും. ഗോളി എമിലിയോ മാർട്ടിനസും അർജൻറീനക്ക് കരുത്തായി. എങ്കിലും അവസാന നിമിഷം വരെ ഓരോ ഇഞ്ചും പൊരുതിയ ബ്രസീൽ തങ്ങളുടെ ദേശീയവിനോദത്തോട് നൂറുശതമാനം കൂറുപുലർത്തി. ഒരുപക്ഷേ, ഈ ൈഫനലിലെ ഏറ്റവും മനോഹരമായ നിമിഷം അവസാന വിസിലിനുശേഷമുള്ളതാകും. തോൽവിയുടെ ആഘാതത്തിൽ നൊമ്പരപ്പെട്ട് വിതുമ്പിനിന്ന ബ്രസീലിെൻറ നെയ്മറെ, ബാഴ്സലോണ ടീമിൽ മുമ്പ് ഒപ്പം കളിച്ചിരുന്ന സുഹൃത്തുമായ അർജൻറീന ക്യാപ്റ്റൻ മെസ്സി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച രംഗം. അത് ലോകമെങ്ങുമുള്ള കാണികൾക്ക് അത്യുജ്ജ്വലമായ ഒരു സന്ദേശം കൂടിയാണല്ലോ. അന്തിമവിശകലനത്തിൽ ജയിക്കുന്നത് ഏതെങ്കിലും ടീമല്ല, കളി തന്നെയാണ് എന്ന്.
മഹാമാരിക്കാലം സ്പോർട്സ് രംഗത്തിന് മുന്നിൽ ഉയർത്തുന്ന വെല്ലുവിളികളും സാധ്യതകളും കൂടി ലോകം കണ്ടറിയുന്നു. ഏതു കായികമത്സരത്തിനും - പ്രത്യേകിച്ച് ഫുട്ബാളിന് - കാണികളുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നത് സർവാംഗീകൃത കാര്യമാണ്. ഗാലറികളിൽനിന്ന് കളിക്കാരുടെ കാതുകൾ വരെ ഉയർന്നെത്തുന്ന ആരവം കൂടി ചേരുേമ്പാഴാണ് കളി ശരിക്കും കളിയാവുക. എന്നാൽ, കോപ്പ അമേരിക്ക മത്സരങ്ങൾ നടന്ന ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ അതുണ്ടായില്ല. ഈ കുറവ് കളിക്കാരുടെ ആവേശത്തെ ബാധിച്ചതായി കരുതാൻ ന്യായങ്ങളുമില്ല. അതേസമയം, യൂറോകപ്പ് നടന്ന വിവിധ രാജ്യങ്ങളിലെ സ്റ്റേഡിയങ്ങളിൽ കാണികൾ സജീവമായി തന്നെ പങ്കെടുത്തു. ജപ്പാനിൽ ഒളിമ്പിക്സ് നടത്താൻ പോകുന്നതും കാണികൾ ഇല്ലാതെയാണ്. ഖത്തറിലെ ലോകകപ്പ് മത്സരമെത്തുേമ്പാഴേക്കും കാണികളും ആരവങ്ങളും പഴയ നിലയിലേക്ക് തിരിച്ചെത്തുമോ എന്ന് തീർച്ച പറയാറായിട്ടില്ല. സ്റ്റേഡിയത്തിലല്ല, ലോകമെങ്ങുമുള്ള ടെലിവിഷൻ സ്ക്രീനുകൾക്കും മൊബൈൽ ആപ്പുകൾക്കും മുന്നിലാണ് ബഹുഭൂരിപക്ഷം കാണികളുള്ളത് എന്ന് വാദിക്കാം. കളി കാണുന്നവർ ഏതെങ്കിലും സ്റ്റേഡിയത്തിലെ ഗാലറിയിലൊതുങ്ങില്ലെന്നും എല്ലാ രാജ്യങ്ങളിലേക്കും ആ കാഴ്ച എത്തിക്കുന്ന തരത്തിൽ സാങ്കേതികവിദ്യ വളർന്നിട്ടുണ്ടെന്നും പറയാം. എന്നാലും വെർച്വൽ കാഴ്ചയുടെ കൃത്യതയും സൂക്ഷ്മതയുമൊന്നുമില്ലെങ്കിലും നേരിട്ട് കളി കാണുന്ന ഹരം സ്ക്രീൻ കാഴ്ചകൾ നൽകില്ല എന്നതല്ലേ ശരി? തൊട്ടപ്പുറത്തുനിന്ന് കേൾക്കേണ്ട ആരവങ്ങൾ ഓൺലൈൻ ലോകത്തെ കേൾക്കാപ്പുറങ്ങളിലേക്ക് പിൻവാങ്ങുേമ്പാൾ അതു കായിക മത്സരങ്ങളുടെ ജൈവികതയെ ബാധിക്കില്ലേ? കോവിഡിനോടുള്ള ഈ തോൽവി ഇനിയുമെത്ര കാലം?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.