മൂഹ മനഃസാക്ഷിയെ നടുക്കുന്ന വാർത്തകൾ തുടർച്ചയായി കേൾക്കേണ്ടിവരുന്നു. ഇക്കുറി അത് പത്തനംതിട്ടയിൽനിന്നാണ്. പ്രായപൂർത്തിയാവാത്ത ഒരു ദലിത് പെൺകുട്ടിയെ ഏറെ നാളുകളായി നിരവധിപേർ നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവം നാം എത്തിനിൽക്കുന്ന ഗുരുതരമായ രോഗാവസ്ഥയെ വെളിപ്പെടുത്തുന്നു. പ്രതികളുടെ അറസ്റ്റ് തുടരുന്നുവെന്നതും ദേശീയ-സംസ്ഥാന വനിത കമീഷനുകൾ ശക്തമായ ഭാഷയിൽ പ്രതികരിച്ചു എന്നതും മേൽപറഞ്ഞ രോഗാവസ്ഥക്ക് ഏതെങ്കിലും വിധത്തിൽ ആശ്വാസം പകരുമെന്ന് വിശ്വസിക്കാനാവില്ല. 13 വയസ്സുമുതൽ അഞ്ചു കൊല്ലത്തോളം പീഡനത്തിരയായെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. 60 ലധികം പേരാണ് ഉപദ്രവിച്ചതെന്ന് പറയുന്നു. 40 ലധികം പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 20ലധികം പേർ അറസ്റ്റിലുമായി. കായികതാരമായ പെൺകുട്ടിയെ സഹപാഠികളും പരിശീലകരും സഹതാരങ്ങളും സുഹൃത്തുക്കുളം സമീപവാസികളുംവരെ ചൂഷണം ചെയ്തതായി പെൺകുട്ടി ശിശുക്ഷേമസമിതിക്ക് നൽകിയ മൊഴികളിൽ പറയുന്നുണ്ട്. സ്കൂളും പൊതുസ്ഥലങ്ങളും എല്ലാം പെൺകുട്ടിക്ക് ദുരിതക്കളമായി. ഓരോ മാതാപിതാക്കളും സഹതാരങ്ങളെയും പരിശീലകരെയും വിശ്വസിച്ചാണ് പെൺകുട്ടികളെ കായിക പരിശീലനത്തിനയക്കുന്നത്. കുട്ടികൾ എത്രമാത്രം സുരക്ഷിതരാണെന്ന ഗൗരവമുള്ള ചോദ്യവും സംഭവം ഉയർത്തുന്നുണ്ട്. കരാട്ടെ പരിശീലകന്റെ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു കുഞ്ഞുമോൾക്ക് ജീവൻ ചാലിയാറിൽ ഹോമിക്കേണ്ടിവന്ന സംഭവം ഓർമയിൽ നിൽക്കെയാണ് ഈ അതിക്രമംകൂടി പുറത്തുവരുന്നത്.

ഇത്തരമൊരു സംഭവം കേരളത്തിൽ ആദ്യമായല്ല. പല ഗ്രാമങ്ങളും മലയാളി ഓർക്കുന്നതുതന്നെ അവിടങ്ങളിലെ പെണ്മക്കൾക്ക് നേരെ നടമാടിയ ലൈംഗിക അത്യാചാരങ്ങളുടെ പേരിലാണ്. തെറ്റുകാരെ കൈയാമംവെച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് കൈയടിയും വോട്ടും വാങ്ങി മടങ്ങുന്ന ജനനേതാക്കളൊന്നും തന്നെ ആ പ്രഖ്യാപനങ്ങളോടോ കുഞ്ഞുങ്ങളോടോ കേരളത്തിലെ മാതാപിതാക്കളോടോ നീതി പുലർത്തിയില്ലെന്ന് പറയേണ്ടിവരുന്നു. അക്രമികൾക്കെതിരെ തുറന്നു പറഞ്ഞ് മുന്നോട്ടുവന്ന ഈ മകളെയെങ്കിലും അവർ തോൽപിക്കില്ലെന്ന് പ്രത്യാശിക്കട്ടെ.

വാളയാറിൽ ലൈംഗിക ചൂഷണത്തിനിരകളായി കൊല്ലപ്പെട്ട പെണ്മക്കളുടെ മാതാപിതാക്കളെ കേസിൽ പ്രതിചേർത്ത നടപടിയും കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. സ്വാധീനവും പാർട്ടി -ബന്ധു ബലങ്ങളുമുള്ള പ്രതികളുള്ള ഇത്തരം കേസുകളിൽ മാതാപിതാക്കളെ കുറ്റവാളി പട്ടികയിൽ എത്തിക്കുന്നതിന് പിന്നിലെ താൽപര്യം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. വാളയാറിലും പത്തനംതിട്ടയിലും പെൺകുട്ടികളുടെ ദാരിദ്ര്യവും പിന്നാക്കാവസ്ഥയിലുള്ള സാമൂഹിക പരിതഃസ്ഥിതികളും ചൂഷണം ചെയ്യപ്പെടുകയായിരുന്നുവെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. മാതാപിതാക്കളുടെ അജ്ഞത ചൂഷകർ മുതലെടുക്കുകയും ചെയ്തു. അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്ക് സമൂഹമോ സർക്കാറു​കളോ ചെയ്യുന്ന കാര്യങ്ങളിൽ, പദ്ധതികളിൽ അധികവും വെള്ളത്തിൽ വരച്ച വരകളായി തുടരുന്നു എന്നുതന്നെ വേണം പറയാൻ.

മുൻകഴിഞ്ഞ തെറ്റുകൾ തിരുത്താൻ സാധിക്കില്ലായിരിക്കാം. പുതുതായി പുറത്തുവന്ന കേസിലെങ്കിലും സ്ഥാപിത താൽപര്യങ്ങൾക്ക് വഴങ്ങാതെ സമയബന്ധിതമായി അന്വേഷണം നടത്താനും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനും അധികൃതർ തയാറാകുമോ? ഇഷ്ടക്കാർ ആരെങ്കിലും പ്രതിപ്പട്ടികയിൽ വന്നുപോയാൽ ഇരയെ മോശക്കാരിയാക്കുന്ന സംഘടിത ആഖ്യാന നിർമിതിയാണ് കുറേകാലമായി നമ്മൾ കാണുന്ന കേരള മോഡൽ. പ്രതികളെ രക്ഷിച്ച് കേസ് പൊളിക്കാൻ മുന്നണികൾ തമ്മിൽ നടത്തുന്ന നാണംകെട്ട സമവായം വേറെ. വിട്ടുവീഴ്ചയില്ലാത്ത സമീപനം ഇക്കുറിയെങ്കിലും കേരളം പ്രതീക്ഷിക്കുന്നുണ്ട്, അത് തകർത്തുകളയരുത്. ജനങ്ങളുടെ പരിപൂർണ ജാഗ്രത ഇതിനാവശ്യമുണ്ട്.

Tags:    
News Summary - Madhyamam Editorial 2025 January 13 Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.