2021 ആഗസ്റ്റ് 15നാണ് താലിബാൻ സേന അഫ്ഗാൻ പൂർണമായും കീഴടക്കി ഒരിക്കൽകൂടി രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തത്. അന്നേദിവസം, തലസ്ഥാനമായ കാബൂൾ പിടിച്ചടക്കപ്പെട്ടതോടെ പ്രസിഡന്റ് അശ്റഫ് ഗനിക്ക് തജികിസ്താനിലേക്ക് നാടുവിടേണ്ടിവന്നു. തുടർന്ന്, മുൻ പ്രസിഡന്റ് ഹാമിദ് കർസായിയുടെ നേതൃത്വത്തിലെ മൂന്നംഗ താൽക്കാലിക കോ ഓഡിനേഷൻ സമിതിക്ക് നേതൃത്വം ഭരണച്ചുമതല നൽകിയതോടെ, 20 വർഷത്തിനുശേഷം രാജ്യം വീണ്ടും താലിബാന്റെ നിയന്ത്രണത്തിലായി. പുതിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കുകൂടിയാണ് ആ ഭരണമാറ്റത്തോടെ തുടക്കമായതെന്ന് പറയാം. രണ്ടാഴ്ച കഴിഞ്ഞപ്പോൾ മറ്റൊന്നുകൂടി സംഭവിച്ചു: രണ്ട് പതിറ്റാണ്ടുകാലത്തെ അധിനിവേശം അവസാനിപ്പിച്ച് അമേരിക്കയുടെ അവസാന സൈനികനും അഫ്ഗാൻ വിട്ടു. അമേരിക്കൻ സൈന്യത്തിന്റെ സമ്പൂർണ പിന്മാറ്റത്തോടെ, രാജ്യം സ്വതന്ത്ര പരമാധികാര രാഷ്ട്രമായി മാറിയെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പ്രഖ്യാപിച്ചതോടെ, അഫ്ഗാനിസ്താൻ പൂർണമായും താലിബാന് കീഴിലായി. 2001 സെപ്റ്റംബർ 11ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, അഫ്ഗാനിലേക്ക് ഇരച്ചുകയറിയ അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പൊതുവിൽ സ്വാഗതം ചെയ്യപ്പെട്ടുവെങ്കിലും താലിബാൻ ഭരണത്തിനു​കീഴിൽ ആ രാജ്യത്തിന്റെ ഭാവിയെന്ത് എന്ന ആശങ്ക പലരും ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ, പല രാജ്യങ്ങളും താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാൻ തയാറായതുമില്ല. നമ്മുടെ രാജ്യവും സമാനമായ ആശങ്ക ചൂണ്ടിക്കാട്ടി താലിബാനുമായി തുടക്കത്തിൽ അകലം പാലിക്കുകയായിരുന്നു. എന്നാൽ, പിന്നീട് പലഘട്ടങ്ങളിലും അനൗദ്യോഗിക തലത്തിൽ ചില നയതന്ത്ര സംഭാഷണങ്ങളുണ്ടായി; അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ ചില സഹായങ്ങളും ഇന്ത്യ നൽകി. ഇ​പ്പോഴിതാ അത്തരം ചർച്ചകൾക്കും സഹകരണങ്ങൾ​ക്കുമെല്ലാം ഔദ്യോഗിക സ്വഭാവം കൈവന്നിരിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച, ഇതാദ്യമായി ഇരു രാജ്യങ്ങളും തമ്മിൽ ഔപചാരികമായ നയതന്ത്ര സംഭാഷണത്തിന് തുടക്കം കുറിച്ചു.

ബു​ധ​നാ​ഴ്ച ദു​ബൈ​യി​ലാ​യി​രു​ന്നു ഇന്ത്യ-താലിബാൻ ചർച്ച. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി​യാ​ണ് താ​ലി​ബാന്റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഖാ​ൻ മു​ത്ത​ഖി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. അ​ധി​കാ​ര​ത്തി​ൽ​വ​ന്ന് മൂ​ന്നുവ​ർ​ഷം പി​ന്നി​ട്ടി​ട്ടും താ​ലി​ബാ​ൻസ​ർ​ക്കാ​റി​നെ ഇ​ന്ത്യ അം​ഗീ​ക​രി​ച്ചി​ട്ടില്ലെങ്കിലും, ഈ കൂടിക്കാഴ്ചക്ക് വ​ലി​യ മാ​ന​ങ്ങ​ളു​ള്ള​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. കേ​വ​ലം ഔ​പ​ചാ​രി​ക​ത​ക​ളി​ൽ ച​ർ​ച്ച അ​വ​സാ​നി​ച്ചി​ല്ല എ​ന്നാ​ണ് ഇ​രു​വി​ഭാ​ഗ​വും പു​റ​ത്തി​റ​ക്കി​യ വാർത്താ​ക്കു​റി​പ്പു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ഫ്ഗാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​വി​ധ സ​ഹാ​യപ​ദ്ധ​തി​ക​ൾ മു​ത​ൽ ക്രി​ക്ക​റ്റ് വ​രെ​യു​ള്ള വിഷയങ്ങൾ ച​ർ​ച്ചയിൽ കടന്നുവന്നു. ച​ർ​ച്ച​ക്കു​ശേ​ഷം വി​ദേ​ശ​കാ​ര്യ​ മ​ന്ത്രാ​ലയം പു​റ​ത്തു​വി​ട്ട കു​റി​പ്പി​ൽ ഇ​ങ്ങ​നെ പ​റ​യു​ന്നു: ‘‘അ​ഫ്ഗാ​നി​സ്താ​ന്റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് അ​ഭയാ​ർ​ഥി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഭ​ക്ഷ്യ, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലേ​ക്കാ​യി കൂ​ടു​ത​ൽ വ​സ്തു​ക്ക​ളും മ​റ്റും സ​ഹാ​യ​മാ​യി ന​ൽ​കും’’. അ​ഫ്ഗാ​നി​ലെ ഭൂ​ക​മ്പ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ 27 ട​ൺ വ​സ്തു​​വ​ക​ക​ൾ താ​ലി​ബാ​ന് കൈ​മാ​റി​യി​രു​ന്നു. ഇ​തു​കൂടാ​തെ, 50,000 ​മെ​ട്രി​ക് ട​ൺ ധാ​ന്യം, 300 ട​ൺ മ​രു​ന്നു​ക​ൾ, 40,000 ലി​റ്റ​ർ കീ​ട​നാ​ശി​നി, 10 കോ​ടി ഡോ​സ് പോ​ളി​യോ വാ​ക്സി​ൻ, 15 ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ, ല​ഹ​രി​മു​ക്ത പ​ദ്ധ​തി​ക്കാ​യി 11,000 യൂ​നി​റ്റ് കി​റ്റു​ക​ൾ തു​ട​ങ്ങി വേ​റെ​യും സ​ഹാ​യ​ങ്ങ​ൾ ഇ​തി​ന​കം ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടു​ണ്ട്. ക്രി​ക്ക​റ്റ് ക​ളി​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും പ​ര​സ്പ​രം സ​ഹ​ക​രി​ക്കാ​നും ധാ​ര​ണ​യാ​യി. മ​റു​വ​ശ​ത്ത്, സാ​മ്പ​ത്തി​ക-​രാ​ഷ്ട്രീ​യ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളി​ൽ സ​ഹ​ക​രി​ക്കു​മെ​ന്ന് താ​ലി​ബാ​നും അ​റി​യി​ച്ചു. ഇതിനുപിന്നാലെ, തങ്ങളുടെ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ വിസ അനുവദിക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചിരിക്കുന്നു. മുമ്പ് ഇത്തരത്തിൽ അഫ്ഗാൻ വിദ്യാർഥികൾക്ക് ഇന്ത്യ പ്രവേശനം അനുവദിച്ചിരുന്നതാണ്. സ്വാഭാവികമായും പുതിയ സാഹചര്യത്തിൽ ഈ ആവശ്യം അംഗീകരിക്കപ്പെടാൻതന്നെയാണ് സാധ്യത.

2021 ആഗസ്റ്റ് 30ന് അമേരിക്കൻ സൈന്യം അഫ്ഗാനിൽനിന്ന് മടങ്ങുന്ന ദിവസം ദോഹയിൽ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലും താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസും കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന്, അഫ്ഗാനിലെ ന്യൂനപക്ഷങ്ങളുടെയും അഭയാർഥികളുടെയും സുരക്ഷ സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നത്. അ​പ്പോഴും താലിബാൻ സർക്കാറുമായി അകലം പാലിക്കുകയാണ്​ എന്നായിരുന്നു ഇന്ത്യയുടെ പരസ്യനിലപാട്​. പിന്നെയും ചില ഘട്ടങ്ങളിൽ ഇരു കൂട്ടരും തമ്മിൽ സംഭാഷണങ്ങളുണ്ടായി. 2022ൽ ​വി​ദേ​ശ​കാ​ര്യ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജെ.​പി. സി​ങ് ചി​ല താ​ലി​ബാ​ൻ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇപ്പോൾ, പഴയ നിലപാടിൽനിന്ന് ഇന്ത്യ മാറിയതിനുപിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. താ​ലി​ബാ​ൻ സ​ർ​ക്കാ​ർ പാ​കി​സ്താ​നു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഈ ​ച​ർ​ച്ച​യെ​ന്ന​തും പ്ര​ധാ​ന​മാ​ണ്. അ​തി​ർ​ത്തി​യി​ൽ, തെ​ഹ്‍രീ​കെ താ​ലി​ബാ​ൻ പാ​കി​സ്താ​ൻ (ടി.​ടി.​പി) എ​ന്ന ഭീക​ര സം​ഘ​ത്തെ അ​ഫ്ഗാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന് പാ​കി​സ്താ​ൻ ആ​രോ​പി​ച്ച​തോ​ടെ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ അ​ക​ലാ​ൻ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​മാ​സം, ടി.​ടി.​പി​ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി പാ​കി​സ്താ​ൻ അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​യി. അടുത്തകാലത്തായി ചൈനയും അഫ്ഗാനുമായി അടുക്കാനുള്ള ശ്രമത്തിലാണ്. ഇരു രാജ്യങ്ങളും തമ്മിൽ ഇതിനകംതന്നെ, വിവിധ സാമ്പത്തിക സഹകരണ കരാറുകൾ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. റഷ്യയാകട്ടെ, പാർലമെന്റിൽ വോട്ടെടുപ്പ് നടത്തി താലിബാനെ ഭീകരപ്പട്ടികയിൽനിന്ന് നീക്കി. പ്രസിഡന്റ് പുടിൻ താലിബാൻസർക്കാറിനെ അനുകൂലിച്ച് സംസാരിച്ചതും ഇടക്കാലത്ത് വലിയ വാർത്തയായിരുന്നു. അയൽ രാജ്യങ്ങളും ആഗോളരാഷ്ട്രീയവുമെല്ലാം സമീപകാലത്ത് താലിബാൻ സർക്കാറിനെ അംഗീകരിക്കാനും അഫ്ഗാനുമായി അടുക്കാനും തുടങ്ങിയ ഈ ഘട്ടത്തിൽ ആ രാജ്യവുമായി ഇനിയും അകന്നുനിൽക്കുന്നത് നയതന്ത്ര വീഴ്ചയായിരിക്കുമെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നു വേണം കരുതാൻ. ആ രാജ്യത്തെ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും പാതയിലേക്ക് കൊണ്ടുവരാൻ ഇത്തരം സൗഹൃദ നീക്കങ്ങളിലൂടെ സാധിക്കുമെങ്കിൽ അത്രയും നല്ലത്. 

Tags:    
News Summary - Madhyamam Editorial 2025 Jan 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.