ഭംഗിയാർന്ന വാക്കുകൾക്കുള്ളിൽ കടുത്ത ജനാധിപത്യവിരുദ്ധ നയങ്ങൾ ഒളിപ്പിച്ചുവെച്ച പ്രസംഗമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തോട് നടത്തിയത്. മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ പാകത്തിൽ കുറേ മോഹനവാഗ്ദാനങ്ങൾ നരേന്ദ്ര മോദിയുടെ പ്രസംഗം മുന്നോട്ടുവെച്ചു. അതിൽ ചിലത് സ്വാഗതാർഹവുമാണ്. നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കുറക്കാൻ കഴിയുംവിധം ചരക്കു​-സേവനനികുതി ഘടന പുനഃക്രമീകരിക്കാൻ പോകുന്നു എന്നതാണൊന്ന്. യുവജനശാക്തീകരണം, സുരക്ഷാ സംവിധാനങ്ങൾ, പ്രതിരോധരംഗം, സാ​ങ്കേതികവിദ്യ മുതലായവയിൽ കാര്യമായ മുന്നേറ്റവും പ്രധാനമന്ത്രി പ്രവചിച്ചു. അതേസമയം രാജ്യത്തിന്റെ യഥാർഥ പ്രശ്നങ്ങൾ തിരിച്ചറിയാത്ത ഭരണനേതാവായാണ് അദ്ദേഹം ആ പ്രസംഗത്തിലൂടെ സ്വയം വെളിപ്പെട്ടത്. ദരിദ്രരുടെ കഷ്ടപ്പാടുകളോ തൊഴിലില്ലായ്മ കൂടിവരുന്നതോ വർധിതമായ സാമ്പത്തിക അസമത്വമോ കാർഷിക-സാമൂഹികരംഗങ്ങളിലെ തകർച്ചയോ ആഗോളരംഗത്ത് ഇന്ത്യ കൂടുതലായി ഒറ്റപ്പെടുന്നതോ ഒന്നും അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തുന്നില്ല. അതിനേക്കാൾ ഖേദകരമായി, തന്റെ ഒമ്പതാമത്തെ സ്വാതന്ത്ര്യദിന സന്ദേശത്തിലും അദ്ദേഹത്തിന് ഇന്ത്യയെ ഒന്നായി കാണാനും ഇന്ത്യക്കാരെ രാഷ്ട്രീയ-മത വിഭജനങ്ങൾക്കതീതമായി കാണാനും കഴിഞ്ഞില്ല എന്നത് മാത്രമല്ല, സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹത്തിന്റെ പ്രസംഗം സ്വാതന്ത്ര്യസമര നേതാക്കളെയും സേനാനികളെയും അവഗണിക്കുന്നതും സ്വാത​ന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞവരെ പുകഴ്ത്തുന്നതുമായി. ‘‘നാം ബഹുസ്വരതയെ ആഘോഷിക്കാൻ, അതൊരു ശീലമാക്കാൻ, ആഗ്രഹിക്കുന്നു’’ എന്ന് പറഞ്ഞ പ്രധാനമന്ത്രിതന്നെ, വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും പ്രത്യയശാസ്ത്രത്തെയും അതിന്റെ വക്താക്കളെയും പുകഴ്ത്തുന്നതും രാജ്യം കേട്ടു.


നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ ഏറ്റവും അപകടകരമായ ഭാഗം ‘ജനസംഖ്യാദൗത്യ’മെന്ന ഗൂഢ പദ്ധതിയാണ്. ഹൈപവർ ഡെമോ​ഗ്രഫി മിഷൻ എന്ന് ഓമനപ്പേരിട്ട ഈ പദ്ധതി ആർ.എസ്.എസിന്റെ അജണ്ടയിൽ പെടുന്നു. ജർമനിയിൽ ഹിറ്റ്ലറുടെ ഭരണകൂടം പ്രയോഗിച്ചതും ഫലസ്തീനിൽ സയണിസ്റ്റ് ഭരണകൂടം പ്രയോഗിക്കുന്നതുമായ പദ്ധതിയിൽനിന്ന് വ്യത്യസ്തമല്ല ഇത്. പ്രസംഗത്തിൽ മോദി പ്രശംസിച്ച ആർ.എസ്.എസിന്റെ നേതാക്കൾ ഹിറ്റ്ലറെയും മുസോളിനിയേയും ആരാധനയോടെ കണ്ടവരായിരുന്നു. ജനങ്ങളെ മത-ജാതി അടിസ്ഥാനങ്ങളിൽ വിഭജിക്കുകയും ‘അപര’ വിഭാഗങ്ങൾക്ക് പൗരത്വവും വോട്ടവകാശവും നിഷേധിക്കുകയും ചെയ്യുന്ന തന്ത്രം, സി.എ.എ, എൻ.ആർ.സി, ബിഹാറിലെ വോട്ടർ പരിശോധന തുടങ്ങിയ സമീപകാല പദ്ധതികളിലൂടെ ഇന്ത്യയിൽ തുടങ്ങിക്കഴിഞ്ഞതായി നിരീക്ഷകർ കരുതുന്നു. ‘അനധികൃത കുടിയേറ്റം പല ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെയും തെളിയിക്കപ്പെടാത്ത വാദമാണ്. മോദിയാകട്ടെ, ലവ് ജിഹാദ് പോലുള്ള വിദ്വേഷ പ്രചാരണദൗത്യങ്ങളെയും ഇതിലേക്ക് ഉപയുക്തമാക്കുന്നു. ‘ഈ നുഴഞ്ഞുകയറ്റക്കാർ നമ്മുടെ പെങ്ങന്മാരെയും പെൺമക്കളെയും നോട്ടമിടുന്നു’ എന്നതുകൊണ്ടുദ്ദേശിച്ചത് വിദ്വേഷത്തിന്റെയും പരസ്പര സംശയത്തിന്റെയും അന്തരീക്ഷം ശക്തിപ്പെടുത്തുകയാണല്ലോ. ഇത്തരം പ്രചാരണങ്ങളുടെ ഉന്നമെന്തെന്ന് വോട്ടിങ് കൃത്രിമങ്ങളിലൂടെ വ്യക്തമായിക്കൊണ്ടിരിക്കുന്നു. സ്വതന്ത്ര തെര​ഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താൻ കഴിയില്ലെന്ന് വരുമ്പോൾ, എതിർവോട്ടുകൾ പരമാവധി ഇല്ലാതാക്കുകയും അനുകൂല വോട്ടുകൾ കള്ളത്തരത്തിലൂടെ വർധിപ്പിക്കുകയും ചെയ്യുക എന്നതുതന്നെ പ്രതിവിധി. ആര്യവംശ വിശുദ്ധിയായിരുന്നു ഹിറ്റ്ലറുടെ മുദ്രാവാക്യമെങ്കിൽ ഇവിടെ അത് മറ്റൊരു തീവ്രവംശീയതയിലും ജാതീയതയിലും ഊന്നിനിൽക്കുന്നു. ദേശീയ ഐക്യം മുദ്രാവാക്യമാക്കിയിരുന്ന നാസി ജർമനിയും ന്യൂനപക്ഷങ്ങളെ അപരന്മാരാക്കുകയാണ് ചെയ്തത്. ഏകവംശം, ഏക സംസ്കാരം എന്നത് ഇന്ത്യൻ വർഗീയ പക്ഷത്തെ സ്വാധീനിച്ച പഴയ ഫാഷിസ്റ്റ് മുദ്രാവാക്യമാണ്. സി.എ.എയും എൻ.ആർ.സിയും ജർമനിയിലെ ന്യൂറംബർഗ് നിയമങ്ങളുടെ ഇന്ത്യൻ പതിപ്പായി വിലയിരുത്തപ്പെട്ടത് വെറുതെയല്ല.


പൗരന്മാർക്ക് വോട്ടവകാശം നിഷേധിക്കാൻ താൻ ആധാരമാക്കുന്നത് ഏത് പ്രത്യയശാസ്ത്രമാണെന്ന് മോദി അദ്ദേഹത്തിന്റെ ആർ.എസ്.എസ് പ്രശംസയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ആചാര്യന്മാർ ഹിന്ദു ദേശീയതയെ മാത്രം അംഗീകരിച്ചവരാണ്. ഇന്ത്യയുടെ ബഹുസ്വരതയെ അവരംഗീകരിച്ചിട്ടുമില്ല. സ്വാതന്ത്ര്യദിനത്തിൽ മോദി ഉയർത്തിയ ദേശീയപതാകയെ ഒരുകാലത്ത് അവർ പുച്ഛിച്ചിരുന്നതായി ചരിത്രം പറയുന്നു. മോദി സമയോചിതം പുകഴ്ത്തിയ ഇന്ത്യൻ ഭരണഘടനയെയും അവർ എതിർത്തിരുന്നു; അത് മാറ്റിയെഴുതുക ലക്ഷ്യമായെടുത്തതിന്റെ അടയാളങ്ങൾ അവർ ഇടക്കിടെ കാണിച്ചുതരുന്നുമുണ്ട്. ഭരണഘടന മാത്രമല്ല ഇന്ത്യൻ ജനാധിപത്യത്തെതന്നെ കൃത്രിമങ്ങളിലൂടെ തട്ടിയെടുക്കാനുള്ള പദ്ധതിയുടെ സൂചനകളാണ് നാം ചുറ്റും കാണുന്നത്. അതിർത്തി പ്രദേശങ്ങളിൽ ജനസംഖ്യാ മാറ്റമുണ്ടാകുന്നു എന്നും അത് ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയാണെന്നുമുള്ള വാദം രാജ്യത്തിന്റെ അഖണ്ഡതയെയോ സുരക്ഷയെയോ പറ്റിയുള്ള ആധിയിൽനിന്നല്ല, സങ്കുചിതമായ വോട്ടു രാഷ്ട്രീയത്തിൽനിന്ന് വരുന്നതാണ്. യഥാർഥമായിരുന്നു പ്രശ്നമെങ്കിൽ ആർ.എസ്.എസ് അല്ല, യഥാർഥ സ്വാതന്ത്ര്യസമര നേതാക്കളായിരുന്നു അനുസ്മരിക്കപ്പെടുക. 

Tags:    
News Summary - Madhyamam Editorial 2025 Aug 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.