കോവിഷീൽഡ് പിൻവലിക്കുമ്പോൾ

സമീപകാലത്തെ ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥയായിരുന്നു കോവിഡ് മഹാമാരി. ലോകം തന്നെ നിശ്ചലമായേക്കുമോ എന്ന ഭയപ്പാടിൽനിന്ന് വിടുതൽ നേടാൻ ആരോഗ്യ പ്രവർത്തകരും ഗവേഷകരുമെല്ലാം കിണഞ്ഞുശ്രമിച്ചു. ജനങ്ങൾക്ക് ആവശ്യമായ ചികിത്സ ഒരുക്കാനും ആത്മവിശ്വാസം പകരാനും ജനക്ഷേമ രാജ്യങ്ങൾ പരിശ്രമിച്ചപ്പോൾ അവരെ അടച്ചുപൂട്ടിയിടാനും പാത്രം കൊട്ടിക്കാനുമൊക്കെയായിരുന്നു നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്ക് തിടുക്കം. ജീവന് വേണ്ടി പിടയുന്നവർക്കായി ആവശ്യത്തിന് ഓക്സിജൻ സിലണ്ടറുകൾ ലഭ്യമാക്കാൻപോലും കൂട്ടാക്കാതെ പതിനായിരങ്ങളെ മരണത്തിന് എറിഞ്ഞുകൊടുത്ത, മരണക്കണക്കുകൾ തിരുത്തി കേമത്തം നടിച്ച പാപം മറക്കാനാവാത്തതാണ്. കൂരിരുൾകാട്ടിലെ പ്രകാശമെന്നോണം വാക്സിനുകൾ വികസിപ്പിക്കപ്പെടുമ്പോഴും കേന്ദ്രസർക്കാറിലെ ഉന്നതരുടെ തോളിലിരുന്ന് ബാബാ രാംദേവിനെപ്പോലുള്ള വ്യാജർ തട്ടിപ്പ് മരുന്നുകച്ചവടം പൊടിപൊടിച്ചു. വിശ്വസനീയം, സുരക്ഷിതം എന്ന് പ്രചരിപ്പിക്കപ്പെട്ട കോവിഷീൽഡ് വാക്സിൻ ആയിരുന്നു പിന്നീട് സർക്കാർ മുന്നോട്ടുവെച്ച പ്രധാന പ്രതിരോധമാർഗം. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽപോലും പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച് അതിന്റെ സമ്പൂർണ ക്രെഡിറ്റും കേന്ദ്ര സർക്കാർ ഏറ്റെടുത്തു. പക്ഷേ, ഇംഗ്ലണ്ടിൽ കോവിഷീൽഡ് ഉപയോഗവുമായി ബന്ധപ്പെട്ട ഒരു കേസിൽ, വാക്സിൻ അപൂർവമായെങ്കിലും ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് നിർമാതാക്കളായ അസ്ട്ര സെനിക്കതന്നെ കോടതിയിൽ സമ്മതിച്ചപ്പോൾ സർട്ടിഫിക്കറ്റിൽനിന്ന് പടം മാറ്റി മോദിയും കൂട്ടരും തടിയൂരി. ഇപ്പോഴിതാ, വാക്സിൻ പിൻവലിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. ഉൽപാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വിഷയത്തി​ലെ കോടതി ഇടപെടലും കോവിഡ് വാക്സിൻ ഗവേഷണത്തിൽ പുതിയ കണ്ടെത്തലുകൾ ഉണ്ടായതുമെല്ലാമായിരിക്കാം, കമ്പനിയെ ഇത്തരമൊരു തീരുമാനത്തിനു പ്രേരിപ്പിച്ചത്.

ഓക്സ്ഫഡ് സർവകലാശാലയാണ് യഥാർഥത്തിൽ കോവിഷീൽഡ് വാക്സിൻ വികസിപ്പിച്ചത്. ആസ്ട്ര സെനിക്ക എന്ന ആഗോള കമ്പനി അതിന്റെ നിർമാതാക്കളാണ്. ഇതേ വാക്സിൻ ഇന്ത്യയിൽ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിർമിച്ചത്. ഇവർ രാജ്യത്ത് ഇതുവരെ 170 കോടിയിലധികം വാക്സിൻ വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ. പിന്നീട് കോവിഡ് വകഭേദമായ ഒമിക്രോണിന് കോവിഷീല്‍ഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാനും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടിയിരുന്നു. ഇലക്ടറൽ ബോണ്ട്‌ വഴി ബി.ജെ.പിക്ക് 50 കോടിയോളം രൂപ സംഭാവന നൽകിയ കമ്പനികൂടിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നും ഓർക്കേണ്ടതുണ്ട്. കോവിഷീൽഡിന്റെ സത്യാവസ്ഥ പുറത്തുവന്നെങ്കിൽ മറ്റു വാക്സിനുകളുടെ കാര്യം അറിയാനിരിക്കുന്നേയുള്ളൂ. വേണ്ടത്ര ക്ലിനിക്കൽ പരിശോധനയോ അനുബന്ധ നടപടിക്രമങ്ങളോ പാലിക്കാതെയാണ് രാജ്യത്ത് വാക്സിൻ യജ്ഞം നടപ്പാക്കിയതെന്ന് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു. വാക്സ‌ിനെടുക്കാത്തവർക്ക് സഞ്ചാര നിയന്ത്രണം ഉൾപ്പെടെ നിരവധി സമ്മർദങ്ങൾ ഉപയോഗിച്ച് ഭീതി പരത്തിയാണ് പൊതുജനങ്ങളെ കൊണ്ട് കുത്തിവെപ്പ് എടുപ്പിച്ചത്. വാക്‌സിൻ വിൽപന വഴി വിവിധ കമ്പനികൾ നേടിയതാകട്ടെ, സഹസ്രകോടികളാണ്. ഈ കമ്പനികൾ പലതും ഇലക്ടറൽ ബോണ്ട് വിവാദത്തിലും ഉൾപ്പെട്ടിരുന്നു. ഇത് രണ്ടും കൂട്ടിവായിക്കുമ്പോൾ, ഭരണകൂടവും ആഗോള മരുന്നു കമ്പനികളും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടാണ്​ അനാവരണം ചെയ്യപ്പെടുന്നത്​.

വാസ്തവത്തിൽ, കോവിഷീൽഡ് ആഗോളതലത്തിൽ ഉപയോഗിക്കും മുന്നേതന്നെ, അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ചും കമ്പനിയും ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷണ വിഭാഗവും മുന്നറിയിപ്പ് നൽകിയിരുന്നു. കുത്തിവെപ്പിനുശേഷം ഇംഗ്ലണ്ടിൽ അതേക്കുറിച്ച് കൃത്യമായ പഠനങ്ങൾ നടന്നത്തിനാലാണ് പാർശ്വഫലങ്ങളുണ്ടായ ആളുകളെ കണ്ടെത്തിയത്. നിലവിൽ ഇന്ത്യയി​ലെ 90 ശതമാനത്തിലധികം പേരും ഒരു ഡോസെങ്കിലും വാക്സിൻ സ്വീകരിച്ചവരാണ്. ഇവിടെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഐ.സി.എം.ആറും കോവിഷീൽഡിന്റെ പാർശ്വഫലങ്ങളെക്കുറിച്ചും വാക്സിൻ ക്ഷമതയെക്കുറിച്ചും മുന്നറിയിപ്പ് നൽകിയതുമാണ്. എന്നാൽ, വാക്സിനേഷൻ കാമ്പയിനുശേഷം അതേക്കുറിച്ച് കൃത്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. അതുകൊണ്ടുതന്നെ, നിലവിൽ ഇന്ത്യയിൽ കോവിഡ് വാക്സിൻമൂലം അപകടമുണ്ടായതിന്റെ കണക്ക് ഭരണകൂടത്തിന്റെ പക്കലില്ല. 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർ കുഴഞ്ഞുവീണ് മരിക്കുന്നതിൽ കോവിഡ് വാക്സിന് പങ്കുണ്ടെന്ന് കുറച്ചുകാലമായി ആക്ഷേപമുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിനെ കേവല വാക്സിൻ വിരുദ്ധതയായി കാണാനാവില്ല. എന്നല്ല, ഇത്തരം പഠനങ്ങളുടെ അപര്യാപ്തത ആളുകളിൽ വലിയതോതിലുള്ള ആശങ്കകൾക്ക് വഴിവെച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ, സർട്ടിഫിക്കറ്റിൽനിന്ന് ഫോട്ടോ വെട്ടിമാറ്റി പ്രശ്നം പരിഹരിച്ചതുകൊണ്ടു കാര്യമില്ല. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഭരണകൂടം അടിയന്തരമായി ചെയ്യേണ്ടത്: ഒന്ന്, കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിശദ പഠനം നടത്തി പാർശ്വഫലങ്ങളെക്കുറിച്ച് വ്യക്തത വരുത്തുക. രണ്ട്, ഇനിയും ശാസ്ത്രലോകത്തിന് പൂർണമായും പിടിതരാത്ത കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ആഗോളതലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധങ്ങളായ ഗവേഷണങ്ങളിൽ ക്രിയാത്മകമായ പങ്കു​വഹിക്കാൻ രാജ്യത്തെ ശാസ്ത്രസമൂഹത്തെ പ്രാപ്തരാക്കുക. നിർഭാഗ്യവശാൽ, ഈ രണ്ട് കാര്യങ്ങൾക്കും നമ്മുടെ ഭരണകൂടത്തിന് വലിയ താൽപര്യം കാണില്ല. കാരണം, അസ്ട്രാ സെനിക്കപോലൊരു കമ്പനിയെ പിണക്കാൻ ഭരണകൂടം തയാറാവില്ലെന്നതാണ് ഇലക്ടറൽ ബോണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ആരോഗ്യമേഖലയിലെ ഗവേഷണങ്ങളത്രയും ബാബാ രാംദേവിനെപ്പോലുള്ള വ്യാജ വൈദ്യന്മാർക്ക് തീറെഴുതിക്കൊടുത്ത ഭരണകൂടത്തിന് വ്യവസ്ഥാപിത ഗവേഷണത്തിൽ താൽപര്യമുണ്ടാകാനുള്ള സാധ്യതയും നന്നേ കുറവ്.

Tags:    
News Summary - Madhyamam Editorial 2024 May 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.