പിന്നാക്കപ്രദേശങ്ങളിൽ പുരുഷന്മാരെക്കാളും പിന്നിലാണ് സ്ത്രീകൾ എന്നതിനാൽ സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തേണ്ടതുണ്ട്. അതിന് വനിത സീറ്റുകളിലെ സംവരണവും വേണ്ടിവരും.
ലോക്സഭയുടെ അംഗസംഖ്യ 543ൽനിന്ന് 816 ആയി വർധിപ്പിക്കാനും അതിൽ മൂന്നിലൊന്നു വനിതകൾക്ക് സംവരണം ചെയ്യാനും കേന്ദ്രസർക്കാർ ശ്രമമാരംഭിച്ചിരിക്കുന്നു. വനിത സംവരണം 2023 സെപ്റ്റംബറിൽ 106ാം ഭരണഘടന ഭേദഗതി വഴി പാസായതാണെങ്കിലും 2027ൽ നടക്കേണ്ട സെൻസസും തദടിസ്ഥാനത്തിലെ മണ്ഡല പുനർനിർണയവും പൂർത്തിയായശേഷമേ അത് നിലവിൽവരൂ. മണ്ഡല പുനർനിർണയം നീണ്ട സമയമെടുക്കുന്ന പ്രക്രിയയാണ്. കഴിഞ്ഞ നാല് കമീഷനുകളും മൂന്നു മുതൽ അഞ്ചരവർഷം വരെ എടുത്താണ് അത് പൂർത്തിയാക്കിയത്.
2029 ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് അത് പൂർത്തിയാവാൻ സാധ്യതയില്ലാത്തതിനാൽ പിന്നെ 2034 വരെ വനിതസംവരണം കാത്തിരിക്കേണ്ട നിലയായിരുന്നു. വനിതസംവരണവും അതോടൊപ്പം ലോക്സഭയുടെ അംഗത്വ വർധനയും 2029ലെ തെരഞ്ഞെടുപ്പിൽതന്നെ നടപ്പിലാകും വിധമുള്ള നിയമഭേദഗതികൾക്കും നടപടികൾക്കുമാണ് കേന്ദ്രം മുതിരുന്നത്. ഓരോ സെൻസസും കഴിഞ്ഞാൽ നിയോജകമണ്ഡല പുനർനിർണയവും അതനുസരിച്ച് ലോക്സഭ-സംസ്ഥാന നിയമസഭ അംഗസംഖ്യ നിർണയവും ഭരണഘടന വിഭാവനയിലുള്ളതാണ്. 1971ൽ രാജ്യത്തെ ജനസംഖ്യ 54.79 കോടി മാത്രമായിരുന്നെങ്കിൽ ഇന്നത് 147 കോടിയിൽ എത്തിനിൽക്കുന്നു. 2001ലെ 84ാം ഭരണഘടന ഭേദഗതിയിലൂടെ മണ്ഡല പുനർനിർണയം 1971ൽ നിലവിലുണ്ടായിരുന്നതിൽ നിർത്തി 2026 വരെ മരവിപ്പിച്ചതു കൊണ്ടാണ് സഭകളുടെ അംഗസംഖ്യ ഇതുവരെ വർധിക്കാതെയിരുന്നത്.
ഇപ്പോൾ 2011ലെ കാനേഷുമാരി അടിസ്ഥാനത്തിൽതന്നെ മണ്ഡല പുനർനിർണയവും വനിത സംവരണവും 2029ൽ നടപ്പാക്കാനാണ് സർക്കാർ നീക്കം. അതിനാവശ്യമായ ഭരണഘടന ഭേദഗതിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷവും സംസ്ഥാനങ്ങളുടെ അംഗീകാരവും വേണ്ടതിനാൽ, പതിവിൽനിന്ന് ഭിന്നമായി, പ്രതിപക്ഷത്തിന്റെ സഹകരണം തേടുകയാണ് ബി.ജെ.പി. പാർലമെന്റിന്റെ നടപ്പുകാല സമ്മേളനത്തിൽ ഇത് സംബന്ധമായ ബിൽ അവതരിപ്പിക്കാൻ ശ്രമമുള്ളതായി സൂചനകളുണ്ടായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ അതിന് സാധ്യമായില്ലെങ്കിൽ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടാനും ഇടയുണ്ട്.
ലോക്സഭയുടെ അംഗബലം വർധിപ്പിക്കുന്നതിൽ ചില ആശങ്കകൾ ഉയർന്നിരുന്നു; വിശേഷിച്ചും തെക്കൻ സംസ്ഥാനങ്ങൾക്ക്. ജനസംഖ്യാനുപാതികമായി അംഗത്വം നിശ്ചയിക്കുമ്പോൾ ജനസംഖ്യാ നിയന്ത്രണത്തിൽ വിജയിച്ച തെക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്നതായിരുന്നു പ്രധാന പരാതി. ജനസംഖ്യ നിയന്ത്രണത്തിൽ പിറകിൽ നിൽക്കുന്ന യു.പി, ബിഹാർപോലുള്ള സംസ്ഥാനങ്ങൾ പ്രാതിനിധ്യത്തിൽ ഗണ്യമായ മേൽക്കൈ നേടും. നിലവിലെ ജനസംഖ്യയനുസരിച്ച് യു.പിക്ക് 80നു പകരം 151ഉം ബിഹാറിന് 40നു പകരം 82ഉം എം.പിമാരുണ്ടാകും.
രണ്ടും കൂടി ചേർന്നാൽ മൊത്തം സീറ്റുകളുടെ 26 ശതമാനമായി. തമിഴ്നാടിന് 39നു പകരം 53ഉം കേരളത്തിന് 20നു പകരം 23ഉം ആണ് ലഭിക്കുക. ഇതൊഴിവാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിലവിലുള്ളതിൽ 50 ശതമാനം വർധിപ്പിച്ചു മൊത്തം അംഗസംഖ്യ ഒന്നര ഇരട്ടിയാക്കുന്നതും പരിഗണനയിലുണ്ട്. ഇതല്ല ഇപ്പോൾ ഭരണഘടന വിഭാവന ചെയ്യുന്നത് എന്നതിനാലാണ് കേന്ദ്രം ഭേദഗതികൾ മുന്നോട്ടുവെക്കുന്നത്. ഈ നീക്കം നിലവിലുള്ള അനുപാതം നിലനിർത്തിയായിരിക്കുമെന്നും അത് വനിത സംവരണം നിലവിൽ വരുമ്പോൾ പൊതു സീറ്റുകളുടെ എണ്ണം കുറയാതിരിക്കാൻ ഉതകും എന്നുമാണ് വിശദീകരിക്കപ്പെടുന്നത്.
മോദി സർക്കാർ ധിറുതിപ്പെട്ട് ഇത്തരം ഒരു പരിഷ്കരണത്തിന് മുതിരുന്നതിലെ ലാക്ക് വ്യക്തമാവാത്തതു കൊണ്ടാവണം കോൺഗ്രസും ഇടത് പാർട്ടികളും തൃണമൂലും സാവേശം അതിനോട് പ്രതികരിച്ചിട്ടില്ല.
എന്നാൽ, കേന്ദ്രം അതീവസൗഹാർദത്തോടെ പ്രതിപക്ഷത്തെ കൂടെ കൂട്ടാൻ ശ്രമിക്കുന്നുമുണ്ട്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞശേഷം സർവകക്ഷി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇറാനിലെ അമേരിക്കൻ-ഇസ്രായേൽ യുദ്ധത്തെതുടർന്ന് കേന്ദ്രസർക്കാറിനുണ്ടായ വീഴ്ചകൾ മറച്ചുവെക്കാനും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനുമുള്ള നീക്കമാണിത് എന്ന വിലയിരുത്തലും അവർക്കുണ്ട്. ഇനി ലോക്സഭ-നിയമസഭ സീറ്റുകൾ വർധിപ്പിക്കുകയാണെങ്കിൽതന്നെ നിയോജക മണ്ഡലങ്ങൾ പുനർനിർണയിക്കാൻ നീണ്ട പ്രക്രിയ ആവശ്യമാണ്. അൽപം സാവകാശം നടക്കേണ്ട നടപടികളാണത്.
വനിത സംവരണം നടപ്പിലാക്കുമ്പോൾ വേണ്ട ജാഗ്രതയെക്കുറിച്ച് നേരത്തേ ഒന്നിൽ കൂടുതൽ തവണ വനിത സംവരണബിൽ പാസായപ്പോഴും ചർച്ചകളുണ്ടായിരുന്നു. വനിതകളിലുണ്ടായ ഉദ്ബുദ്ധതയും സ്വാശ്രയത്വവും കാരണം അവയിൽ ചിലതൊക്കെ ഇന്ന് പ്രസക്തമല്ലാതായിരിക്കുന്നു. മുഖ്യമായും പുരുഷനേതൃത്വത്തിന്റെ നിഴലിൽ നിൽക്കുന്ന വനിതകൾക്കുവേണ്ടി പുരുഷന്മാർ തന്നെയാവും കാര്യങ്ങൾ നിയന്ത്രിക്കുക എന്ന നിരീക്ഷണമായിരുന്നു അന്ന്.
ഒപ്പം സ്വാധീനമുള്ള പുരുഷന്മാരുടെ പങ്കാളികളും കുടുംബക്കാരും സ്ഥാനമാനങ്ങൾ കൈക്കലാക്കുകയും പിന്നാക്ക വിഭാഗങ്ങൾ ഇതിലൂടെ വീണ്ടും തഴയപ്പെടുകയും ചെയ്യുമെന്ന ആശങ്കയും. ഇന്നും പിന്നാക്കപ്രദേശങ്ങളിൽ പുരുഷന്മാരെക്കാളും പിന്നിലാണ് സ്ത്രീകൾ എന്നതിനാൽ സാമൂഹികപദ്ധതികളിലൂടെ സ്ത്രീകളുടെ ശാക്തീകരണം വേണ്ടത്ര ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ഇതോടൊപ്പം നടത്തേണ്ടതുണ്ട്. അതിന് വനിത സീറ്റുകളിലെ സംവരണവും വേണ്ടിവരും. ഇല്ലെങ്കിൽ ദുർബലമായ സ്ത്രീസാന്നിധ്യമായിരിക്കും സഭകളിലുണ്ടാവുക.
കേരളത്തിലേതുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെളിഞ്ഞുനിൽക്കുന്ന സ്ത്രീപങ്കാളിത്തവും ശാക്തീകരണവും ഉദാഹരണങ്ങളായുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും അതല്ല അവസ്ഥ. ഈ വികസന അജണ്ട നടപ്പിലാക്കുന്നത് കരുതലോടെയല്ലെങ്കിൽ വിശിഷ്ട വർഗത്തിന്റെ കൈയിൽ അധികാരം കൂടുതൽ ശക്തമായി തുടരും എന്ന വിപരീതഫലമാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.