വി.ഡി. സതീശൻ നയിക്കുന്ന ടീം യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റിട്ട് രണ്ടാഴ്ച പിന്നിട്ടതേയുള്ളൂ. അതിനിടെ ഗവർണറുടെ നയപ്രഖ്യാപനം നിയമസഭയിൽ നടന്നു. അതിന്മേലുള്ള ചർച്ചയും കഴിഞ്ഞ ദിവസം ആരംഭിച്ചു. വൻപ്രതീക്ഷകളാണ്, പത്തുവർഷത്തെ ഇടവേളക്കു ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ഐക്യജനാധിപത്യമുന്നണി സർക്കാർ മൂന്നരക്കോടി മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷകൾ പകുതിയെങ്കിലും അഞ്ചുവർഷക്കാലത്തിനിടയിൽ നിറവേറ്റണമെങ്കിൽ അനേകലക്ഷം കോടികൾ വേണം. നിലവിലെ കൃഷിയും കച്ചവടവും വ്യവസായവുമെല്ലാം വഴി, ജനകീയപ്രശ്നങ്ങളുടെ പരിഹാരത്തിനും വികസനത്തിനുമാവശ്യമായതിന്റെ വക്ക് തൊടാൻ പര്യാപ്തമാവില്ലെന്ന് വ്യക്തം.
നികുതിവരുമാനത്തിന്റെ സിംഹഭാഗവും ജീവനക്കാരുടെ വേതനത്തിനായി ചെലവിടേണ്ട നിർബന്ധിതാവസ്ഥയാണ് പതിറ്റാണ്ടുകളായി സംസ്ഥാനത്ത് തുടർന്നുവരുന്നത്. ജി.എസ്.ടി വിഹിതത്തിന്റെ അപര്യാപ്തി സംസ്ഥാനസർക്കാറുകളുടെ സ്ഥിരം വേവലാതിയാണ്. കേന്ദ്രസർക്കാറിന്റെ അവഗണനയെക്കുറിച്ച് പരാതിപ്പെടുന്നതിൽ ഇടത്-ഐക്യമുന്നണി ഗവൺമെന്റുകൾക്ക് ഒരേ സ്വരമാണ്. അനന്തമായി വർധിച്ചുവരുന്ന കടബാധ്യത ഒരിക്കലും നാമമാത്രമായിപോലും ലഘൂകരിക്കപ്പെടുന്നില്ല. കടുത്ത പലിശ ഖജനാവിന്റെ നട്ടെല്ലൊടിക്കുന്നു. ഉപഭോക്തൃസംസ്ഥാനമെന്ന പദവി മാറ്റമില്ലാതെ തുടരുവോളം അങ്ങനെയേ സംഭവിക്കൂ. പ്രവാസി മലയാളികളുടെ സംഭാവന കൂടിയില്ലെങ്കിൽ സംസ്ഥാനം മുമ്പെന്നോ പിച്ചച്ചട്ടിയെടുത്തേനെ. സാമ്പത്തിക ദുഃസ്ഥിതിയുടെ വ്യക്തമായ ചിത്രം ദിവസങ്ങൾക്കകം, ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ധവളപത്രം നിയമസഭയിൽ അനാവരണം ചെയ്യുന്നതോടെ കാണാനാവുമെന്ന് പ്രതീക്ഷിക്കുക.
അതേസമയം, കടക്കെണിയിൽനിന്ന് കടക്കെണിയിലേക്ക് കുതിക്കുന്ന ഒരു സംസ്ഥാനത്ത് വീണ്ടുവിചാരവും തിരുത്തും സതീശൻ സർക്കാറിൽനിന്ന് പ്രതീക്ഷിക്കാമോ എന്നതാണ് ഉടനടി പ്രസക്തമായ ചോദ്യം. പ്രതീക്ഷിക്കാമെങ്കിൽ അത് പ്രഥമവും പ്രധാനവുമായി കാണേണ്ടത് 21 അംഗ മന്ത്രിസഭയിലെ ഓരോ അംഗത്തെയും സ്പീക്കർ, ചീഫ് വിപ്പ് തുടങ്ങിയവരെയും വലയംചെയ്യുന്ന പേഴ്സനൽ സ്റ്റാഫിന്റെ എണ്ണവും അതുവഴി പൊതുഖജനാവിന് താങ്ങേണ്ടിവരുന്ന വൻ സാമ്പത്തികഭാരവും എങ്ങനെ കൈകാര്യം ചെയ്യും എന്നതിലാണ്. മുഖ്യമന്ത്രിക്കുപുറമെ ഇരുപതംഗ മന്ത്രിസഭയുടെ വലുപ്പംതന്നെ ദുർവഹമാണെന്ന് പറയാതെവയ്യ.
സാമാന്യം വലിയ നാല് പാർട്ടികളും രണ്ട് ഒറ്റയാൾ പാർട്ടികളുമുള്ള മുന്നണിയിലെ ഘടകങ്ങളെ ഉൾക്കൊള്ളാൻ ഇത്രയും വലിയ മന്ത്രിപ്പട വേണ്ടിവന്നു എന്നതാവും ന്യായീകരണം. അത് സമ്മതിച്ചുകൊടുത്താൽതന്നെ എന്തിനാണ് ഓരോ മന്ത്രിസഭാംഗത്തിനും 25-30 പേരുടെ പേഴ്സനൽ സ്റ്റാഫ്? ഇപ്പോൾതന്നെ ഓരോ പാർട്ടി നേതൃത്വത്തിനും ലഭിച്ചിരിക്കുന്ന പേഴ്സനൽ സ്റ്റാഫ് അംഗത്വത്തിനുള്ള ആയിരക്കണക്കിന് അപേക്ഷകളിൽനിന്ന് വേണ്ടപ്പെട്ടവരെ സെലക്ട് ചെയ്യാൻ അസാമാന്യ ക്ഷമയും അതിജീവനശേഷിയും വേണമെന്നതാണ് സ്ഥിതി. സ്ഥാനമോഹികളും അവരെ പിന്തുണക്കുന്നവരുമായി വൻ പട തലസ്ഥാന നഗരിയിൽ തമ്പടിച്ചിരിക്കുന്നുവെന്നാണ് വിവരം. ഇലക്ഷൻ ജയിക്കാനും മന്ത്രിസ്ഥാനം പിടിച്ചെടുക്കാനും പണിയെടുത്തവരെ അവഗണിക്കാനാവില്ലല്ലോ. അതിനാൽ കർക്കശമായ സംഘടനാവ്യവസ്ഥ അവകാശപ്പെടുന്ന കമ്യൂണിസ്റ്റ്പാർട്ടികൾ ഭരണത്തിലിരുന്ന കാലത്തുപോലും സ്റ്റാഫംഗങ്ങളുടെ സേവന കാലാവധി രണ്ടര വർഷമാക്കി ചുരുക്കി അംഗസംഖ്യ കൂട്ടി ആനുകൂല്യങ്ങളുടെ ദുർവഹ ചെലവുകൾ പൊതുഖജനാവിനെക്കൊണ്ട് വഹിപ്പിച്ചു.
ഇത് തിരുത്തുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി സതീശനെക്കുറിച്ച് ജനങ്ങൾക്കുണ്ട്. പേഴ്സനൽ സ്റ്റാഫിന്റെ കാലാവധി മിനിമം നാലുവർഷമായിരിക്കുമെന്നും അതിൽ കുറഞ്ഞ കാലാവധിക്കാർക്ക് ആനുകൂല്യങ്ങൾ അനുവദിക്കുകയില്ലെന്നും സർക്കാർ തീരുമാനിച്ചത് ജനം സ്വാഗതംചെയ്തതുമാണ്. എന്നാൽ, നിസ്സാര വകുപ്പുകൾ കൈകാര്യംചെയ്യുന്ന മന്ത്രിസഭാംഗങ്ങൾക്കുവരെ 25-30 അംഗ സ്റ്റാഫിന്റെ എണ്ണം യാഥാർഥ്യബോധത്തോടെ വെട്ടിക്കുറച്ചേ മതിയാവൂ. പ്രൈവറ്റ് സെക്രട്ടറി, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ തസ്തികകൾ വിദ്യാഭ്യാസപരമായി ഒരു യോഗ്യതയുമില്ലാത്തവർക്ക് കൂടി പതിച്ചുനൽകി ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് തുല്യമായ ശമ്പളസ്കെയിൽ അനുവദിക്കുന്നതിലെ അനീതി ഒരർഥത്തിലും ന്യായീകരിക്കാനാവില്ല. 70000 രൂപക്ക് മുകളിൽ ശമ്പളം ലഭിക്കുന്നവർക്ക് ഒന്നാംക്ലാസ് ട്രെയിൻ ടിക്കറ്റിൽ യാത്രചെയ്യാം. 77000ന് മീതെയുള്ളവർക്ക് വിമാനയാത്രയും സൗജന്യം. ഇവർക്കൊക്കെ ആനുപാതികമായി ആജീവനാന്തം പെൻഷനും ലഭിക്കും. വെറുതെയാണോ ലക്ഷങ്ങൾ മുടക്കി മന്ത്രിമാരുടെ സ്റ്റാഫിൽ കടന്നുകൂടാൻ ആശ്രിതരും പാർട്ടിക്കാരും പെടാപ്പാട് പെടുന്നത്. കേന്ദ്ര കാബിനറ്റ് മന്ത്രിമാർക്കുപോലും 15 പേരെ മാത്രമേ പേഴ്സനൽ സ്റ്റാഫിൽ നിയമിക്കാനാവൂ. ബാക്കിയുള്ളവർ സർക്കാർ സർവിസിലുള്ളവരായിരിക്കണം.
ആവശ്യമെന്നോ അനാവശ്യമെന്നോ പരിഗണിക്കാതെ കാക്കത്തൊള്ളായിരം കോർപറേഷനുകൾ, ബോർഡുകൾ, അക്കാദമികൾ, കൗൺസിലുകൾ തുടങ്ങിയ സർക്കാർസ്ഥാപനങ്ങൾ ഇതിനു പുറമെയുണ്ട്. 21 അംഗ കാബിനറ്റിൽ ഓരോ മന്ത്രാലയത്തിനും വേണ്ടതിലധികം സ്റ്റാഫ് നിലവിലിരിക്കെ പുറമെ എന്തിനാണ് ഇത്രയേറെ സമിതികൾ. ഓരോ സമിതിക്കും മേധാവി വേണം. അയാൾക്ക് കാറും ഡ്രൈവറും പേഴ്സനൽ സ്റ്റാഫും വേണം. ഇവരൊക്കെയും വിളിച്ചുചേർക്കുന്ന മീറ്റിങ്ങുകൾക്ക് ചെലവുകൾ വേറെ. ഓഫിസ് മുറികൾക്ക് വാടകയും പൊതുഖജനാവിൽനിന്ന്. സമഗ്രമായ പഠനത്തിനുശേഷം അനുപേക്ഷ്യമായ സർക്കാർ സമിതികൾ മാത്രം നിലനിർത്തി ബാക്കിയെല്ലാം പിരിച്ചുവിട്ടാൽ പൊതുഖജനാവിന്റെ ഭാരം അത്രയെങ്കിലും കുറക്കാനാവും. മാറ്റത്തിനായി ജനങ്ങൾ വോട്ടുചെയ്ത് അധികാരത്തിൽ വാഴിച്ച വി.ഡി. സതീശനും സഹപ്രവർത്തകരും സഗൗരവം പരിഗണിക്കുമോ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.