ഇസ്ലാമാബാദിൽ യു.എസും ഇറാനും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടത് അപ്രതീക്ഷിതമല്ല. തുടങ്ങുന്നതിനു മുമ്പേ പരാജയപ്പെട്ടു എന്ന് കരുതാവുന്നവിധം വിരുദ്ധ നിലപാടുകളുമായാണ് ബന്ധപ്പെട്ടവർ ചർച്ചക്കെത്തിയത്. നേരത്തേ പാക് മാധ്യസ്ഥ്യത്തിൽതന്നെ നിലവിൽവന്ന വെടിനിർത്തൽ, ഇസ്രായേലിന്റെ ലബനാൻ അതിക്രമങ്ങൾ കാരണം അർധപ്രാണനായിക്കഴിഞ്ഞിരുന്നു. സന്ധിചർച്ചയിലെ വിഷയങ്ങളാകട്ടെ സങ്കീർണവും. ആണവായുധശേഷി കൈവരിക്കാവുന്ന പ്രവർത്തനങ്ങൾ ഇറാൻ നിർത്തണമെന്ന് അമേരിക്ക; ആണവായുധം തങ്ങൾ ഉണ്ടാക്കില്ല; എന്നാൽ, ആണവോർജ പദ്ധതി ഉപേക്ഷിക്കില്ല എന്ന് ഇറാനും. തങ്ങൾക്കെതിരായ അന്യായ ഉപരോധം സമ്പൂർണമായി പിൻവലിക്കണം എന്ന് ഇറാൻ; എന്നാൽ, ഉപാധികൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഘട്ടംഘട്ടമായി മാത്രമേ അത് ചെയ്യാനാവൂ എന്ന് അമേരിക്ക. ലബനാനടക്കം മേഖലയിൽ പൂർണമായും വെടിനിർത്തണമെന്ന് ഇറാൻ. പക്ഷേ, ഹിസ്ബുല്ലക്കെതിരായ ഇസ്രായേലി സൈനിക നടപടി നിർത്താനാകില്ലെന്ന് അമേരിക്ക. തൽക്കാലമെങ്കിലും ചർച്ച സ്തംഭിച്ചു. ഇരുവശത്തെയും ഒരു മേശക്ക് ചുറ്റും ഇരുത്തുന്നതിൽ പാകിസ്താൻ വിജയിച്ചെങ്കിലും ഒത്തുതീർപ്പിന് നിർബന്ധിക്കാനുള്ള സ്വാധീനശേഷി അതിന് ഇല്ലായിരുന്നു.
ഇരുകക്ഷികൾക്കുമിടയിലുള്ള വിശ്വാസക്കമ്മിയുടെ പ്രധാനകാരണം യു.എസിന്റെ ഇതുവരെയുള്ള ചെയ്തികളും ഇസ്രായേലിനോടുള്ള അതിന്റെ വിധേയത്വവുമാണെന്ന് കാണാൻ പ്രയാസമില്ല. ഷാ പഹ്ലവി എന്ന യു.എസ് പാവയുടെ ദുർഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയ ഇറാൻ മറ്റൊരു രാജ്യത്തെയും അങ്ങോട്ട് ആക്രമിച്ച ചരിത്രമില്ല. അമേരിക്കയാകട്ടെ ഇറാന് ചുറ്റുമായി അനേകം സൈനികത്താവളങ്ങൾ നിർമിച്ച് ഭീഷണി സൃഷ്ടിക്കുന്നു. ഇറാനെതിരെ കടുത്ത ഉപരോധമേർപ്പെടുത്തിയതും യു.എസ് മുൻകൈയിലാണ്. ആണവായുധങ്ങളുള്ള രാജ്യങ്ങളാണ് യു.എസും ഇസ്രായേലും. അവരാണ് ഇറാനോട് ആണവായുധം ഉണ്ടാക്കരുതെന്ന് കൽപിക്കുന്നത്. ആണവായുധം നിർമിക്കില്ലെന്നത് വിശ്വാസത്തിന്റെ ഭാഗമായി അംഗീകരിച്ച രാജ്യമാണ് ഇറാൻ. ആണവനിർവ്യാപനക്കരാറിൽ ഇറാൻ ഒപ്പുവെച്ചിട്ടുണ്ട്; ഇസ്രായേൽ ഒപ്പുവെച്ചിട്ടില്ല. യു.എൻ പരിശോധകർ ഇറാന്റെ ആണവനിലയങ്ങൾ നിരന്തരം നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നു. ഇസ്രായേലോ അമേരിക്കയോ അത്തരം പരിശോധനക്ക് വിധേയരല്ല. ഇറാന് ആണവായുധശേഷി ഇല്ലെന്ന് യു.എസിന്റേതടക്കമുള്ള ഏജൻസികൾ സാക്ഷ്യപ്പെടുത്തിവന്നിട്ടുള്ളതാണ്. എന്നിട്ടും, ആണവായുധശേഷിയുടെ പേരുപറഞ്ഞ് ഉപരോധവും യുദ്ധവും കൊണ്ട് ഇറാൻ ജനതയെ കഷ്ടപ്പെടുത്തുന്ന അമേരിക്കയും ഇസ്രായേലുമാണ് യഥാർഥ ആക്രമികൾ. അവർ തങ്ങൾക്കെതിരെ യുദ്ധം തുടങ്ങിയപ്പോൾ മാത്രമാണ് ഇറാൻ പോരിനിറങ്ങിയത്. ഹുർമുസ് അടക്കമുള്ള പ്രതിസന്ധി സൃഷ്ടിച്ചത് യു.എസ്-ഇസ്രായേലി കൂട്ടുകെട്ടാണ് എന്നർഥം. ഇന്നത്തെ അശാന്തിയും പ്രതിസന്ധിയും തീർക്കാൻ യു.എസ്-ഇസ്രായേൽ പക്ഷത്തിന്റെ പിന്മാറ്റമാണ് പ്രഥമവും പ്രധാനവുമായി നടക്കേണ്ടത്.
ആക്രമണം തുടങ്ങുക മാത്രമല്ല സമാധാനശ്രമങ്ങളെ തുരങ്കംവെക്കുകകൂടി ഇസ്രായേൽ-അമേരിക്ക പക്ഷത്തിന്റെ രീതിയാണ്. ഇറാന്റെ അതിഥികളെയും അവിടത്തെ നേതാക്കളെയും കൊല്ലുന്നതടക്കമുള്ള ചതിപ്രയോഗങ്ങൾക്ക് പുറമേ, സമാധാനചർച്ച നടക്കുന്ന വേളയിൽതന്നെ യുദ്ധം തുടരുന്ന ശൈലിയും അവർക്ക് സ്വന്തം. ഇറാനുമായി ആണവവിഷയത്തിൽ ഒത്തുതീർപ്പായി എന്ന ഘട്ടത്തിലെത്തിയപ്പോഴാണല്ലോ പെട്ടെന്ന് അമേരിക്ക യുദ്ധം തുടങ്ങിയത്. മാധ്യസ്ഥ്യം വിജയിക്കുമെന്ന ഘട്ടമെത്തിയപ്പോൾ അതും അട്ടിമറിച്ചു. ഇപ്പോഴും അതാവർത്തിക്കുന്നു. വെടിനിർത്തൽ ലബനാനിലും ബാധകമാണെന്ന് ഒത്തുതീർപ്പിൽ എടുത്തുപറഞ്ഞിരുന്നതാണ്. പക്ഷേ, ഇസ്രായേലി സമ്മർദം കാരണം അമേരിക്ക അതിൽനിന്ന് പിൻവാങ്ങി. അമേരിക്ക എടുക്കുന്ന തീരുമാനങ്ങൾ ഇസ്രായേലിന്റെ കീഴൊപ്പിനു വിധേയമാണ് എന്ന് കാണിക്കുന്ന അനേകം സംഭവങ്ങൾ വേറെയുമുണ്ട്. അതിനാൽത്തന്നെ, ഒത്തുതീർപ്പിന് യു.എസ് സമ്മതിച്ചാൽപോലും ഇസ്രായേൽ അത് അട്ടിമറിക്കും എന്ന സ്ഥിതിയുണ്ട്. യു.എസ്-ഇസ്രായേൽ സഖ്യത്തെ ഒറ്റപ്പെടുത്തുകയാണ് ലോകത്തിനു മുമ്പാകെയുള്ള ഏക പരിഹാരം എന്ന് അവർതന്നെ ബോധ്യപ്പെടുത്തുന്നു. ഇസ്ലാമാബാദ് ചർച്ചകളുടെ പരാജയം ഒരിക്കൽക്കൂടി അതിന് അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.