മറുമരുന്ന് വേണം, മൈതാനത്തെ മരുന്നടിക്ക്

ജനാധിപത്യം, സ്വാതന്ത്ര്യം, വികസനം എന്നിവ വിലയിരുത്തുന്ന ഒട്ടുമിക്ക ആഗോള റിപ്പോർട്ടുകളിലും ഏറെ പരിതാപകരമായ റാങ്കുമായി തലതാഴ്ത്തിനിൽക്കുന്ന ഇന്ത്യക്ക് നാണക്കേടായി മറ്റൊരു റിപ്പോർട്ട് കൂടി. ഇക്കുറി വേൾഡ് ആന്റി ഡോപിങ് ഏജൻസി (വാഡ) പുറത്തുവിട്ട ആഗോള റിപ്പോർട്ട് ഇന്ത്യൻ കായിക മേഖലയുടെ ദയനീയാവസ്ഥയാണ് വെളിപ്പെടുത്തുന്നത്. കായിക മത്സരങ്ങളുടെ അന്തസ്സും അന്തസ്സത്തയും തകർക്കുന്ന ഉത്തേജക മരുന്നുപയോഗത്തിൽ തുടർച്ചയായി മൂന്നാം വർഷവും ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നു നമ്മുടെ രാജ്യം.

​ഉത്തേജക മരുന്നുപയോഗം തടയുന്നതിനുള്ള ദേശീയതല സംവിധാനമായ നാഷനൽ ആന്റി ഡോപിങ് ഏജൻസി (നാഡ) കഴിഞ്ഞ വർഷം 7113 മൂത്ര-രക്ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ 257 എണ്ണത്തിൽ നിരോധിത മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അത്‍ലറ്റിക്സ്, വെയ്റ്റ് ലിഫ്റ്റിങ്, ഗുസ്തി തുടങ്ങിയ മത്സര ഇനങ്ങളിൽ പ​ങ്കെടുക്കുന്നവരാണ് കൂടുതലായും മരുന്നടിച്ച് കളത്തിലിറങ്ങുന്നത്. ഇന്ത്യയിൽ പോയവർഷം 76 മരുന്നടി കേസുകളാണ് അത്‍ലറ്റിക്സിൽ പിടികൂടിയത്. 43വെയ്റ്റ് ലിഫ്റ്റിങ് താരങ്ങളെയും 29 ഗുസ്തി താരങ്ങളെയും മരുന്നുപയോഗിച്ച നിലയിൽ കണ്ടെത്തി.

ലോകമൊട്ടുക്ക് കായികതാരങ്ങൾ ഇത്തരം കള്ളക്കളികൾ നടത്തുന്നുണ്ട്. എന്നാൽ, ഇന്ത്യക്ക് പിന്നാലെയുള്ള രാജ്യങ്ങളിൽ വ്യാപകമായ പരിശോധന നടത്തുന്നുണ്ടെങ്കിലും കേസുകളുടെ എണ്ണം പകുതിയിലും കുറവാണ്. രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസിൽ പോയ വർഷം പരിശോധിച്ച 11,744 സാമ്പിളുകളിലാണ് 91കേസുകളുണ്ടായത്. അതിനു പിന്നാലെയുള്ള ഇറ്റലിയിൽ 9,304 പരിശോധനകൾ നടത്തിയപ്പോൾ 85 പേരെ പിടികൂടി. റഷ്യയിൽ 10,514 പരിശോധന നടത്തിയപ്പോൾ 76 കേസുകൾ കണ്ടെത്തി. രാജ്യാന്തര കായികമേളകളിലെ വിശ്വജേതാവായ ചൈന കഴിഞ്ഞ വർഷം നടത്തിയത് 24,214 പരിശോധനകളാണ്, പിടിയിലായത് 43 താരങ്ങളും.

ചിരപുരാതന കാലത്തെ പൗരാണിക കായികമേളകളുടെ കാലം മുതൽക്കുതന്നെ നിലവിലുള്ളതാണ് ഈ അനാരോഗ്യ-അനാശാസ്യപ്രവണത. ഗ്രീസിലെ പുരാതന ഒളിമ്പിക്സിലും റോമിലെ തേരോട്ട മത്സരങ്ങളിലുമടക്കം ചില ഔഷധക്കൂട്ടുകളും ഭക്ഷണ രീതികളും വഴി എതിരാളിയെ മറികടക്കുന്ന പ്രകടനം കാഴ്ചവെക്കാൻ താരങ്ങൾ ശ്രമിച്ചിരുന്നുപോലും. ഇപ്പോൾ ശരീരത്തെ മൊത്തത്തിലും കരൾ, തലച്ചോർ, ഹൃദയം എന്നിവയെ ഗുരുതരമായ രീതിയിലും ബാധിക്കുന്ന അനാബോളിക്-ആൻഡ്രോജെനിക് സ്റ്റിറോയിഡുകളാണ് നമ്മുടെ കായികതാരങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത്. താരങ്ങൾ പരിക്കുകളെയും സമ്മർദങ്ങളെയും അതിജയിക്കാൻ മരുന്നടിക്കുന്ന ഒരു പ്രവണത പൊതുവെ നിലവിലുണ്ടായിരുന്നു. എന്നാലിപ്പോൾ തുടക്കക്കാരായ താരങ്ങൾക്കിടയിൽ പോലും മരുന്നിന്റെ ബലത്തിൽ ജയിക്കാമെന്ന സമവാക്യം വ്യാപകമാവുന്നെന്നത് കൂടുതൽ ആശങ്ക ഉയർത്തുന്നു. പാരിസ് ഒളിമ്പിക്സിൽ 23 വയസ്സിൽ താഴെയുള്ളവരുടെ ഗുസ്തി മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിന് ഗോദയിലിറങ്ങിയ ഇന്ത്യൻ താരം റീതിക ഹൂഡയെ മരുന്നടിച്ചതിന് പിടിച്ചുപുറത്താക്കിയിരുന്നു. അതും പോരാഞ്ഞിട്ട് ഈയിടെ രാജസ്ഥാനിൽ നടന്ന ‘ഖേലോ ഇന്ത്യ’ ദേശീയ സർവകലാശാല ഗെയിംസിലും മരുന്നുപയോഗം മാരകമായിരുന്നു. പരിശോധകരെ കണ്ട മാത്രയിൽ മരുന്നടിച്ചവർ ഒന്നൊന്നായി മുങ്ങിയതോടെ, പല ട്രാക്കിനങ്ങളിലും ഒരു മത്സരാർഥി മാത്രം അവശേഷിച്ച സാഹചര്യം പോലുമുണ്ടായി.

2030ൽ കോമൺ വെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ശേഷം 2036ലെ ഒളിമ്പിക്സും ഇവിടെ നടത്താൻ നാം ആഗ്രഹിക്കുന്നുണ്ട്. ഇതു സംബന്ധിച്ച പ്രാരംഭ ചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലെ ലൗസാനിലുള്ള ഇന്റർനാഷനൽ ഒളിമ്പിക് കമ്മിറ്റി ആസ്ഥാനത്തെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സാംഘവിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയും ഉൾപ്പെടുന്ന പ്രതിനിധി സംഘത്തോട് അധികൃതർ പറഞ്ഞത്, കായികമേള നടത്താനിറങ്ങുംമുമ്പ് നാട്ടിലെ താരങ്ങളുടെ ഉത്തേജക മരുന്നുപയോഗം അവസാനിപ്പിക്കാൻ ശ്രമിക്കാനാണ്.

തുടർച്ചയായി ഈ നാണംകെട്ട ഒന്നാം സ്ഥാനം തേടിയെത്തിയിട്ടും ഇന്ത്യൻ കായികരംഗം അഭിമുഖീകരിക്കുന്ന ഗുരുതര വെല്ലുവിളിയാണിതെന്നത് ഭരണകൂടവും കായിക അതോറിറ്റികളും തിരിച്ചറിയുന്നില്ലെന്നത് നല്ല സ്​പോർട്സിനെ സ്നേഹിക്കുന്ന, കായിക ഭൂപടത്തിൽ മൂവർണക്കൊടി പാറുന്നത് കാണാൻ കൊതിക്കുന്ന ആരെയും നിരാശപ്പെടുത്തുന്നു. ദേശീയ ആന്റി ഡോപിങ് ബില്ലും ഡോപിങ് കണ്ടെത്താൻ ദേശീയ പാനലും ആവിഷ്കരിച്ച ശേഷമാണ് ഖേലോ ഇന്ത്യയിലെ കൂട്ട മരുന്നടി നടന്നതെന്നത് നിരാശജനകമാണ്. മത്സരങ്ങളിൽ പ​ങ്കെടുക്കുന്നവരിലെ മരുന്നടിക്കാരെ മാത്രമേ ഈ പരിശോധനയിൽ കണ്ടെത്തുന്നുള്ളൂ. ജിംനേഷ്യങ്ങളിലും ഹെൽത്ത് ക്ലബുകളിലും മരുന്നടിച്ച് മസിലുപെരുപ്പിക്കാമെന്ന് മോഹിക്കുന്നവർ ഇതിന്റെ ഒരുപാടിരട്ടിയുണ്ട്. സ്റ്റേഡിയങ്ങളുടെയും കായിക അവാർഡുകളുടെയും പേരു മാറ്റുന്നതിലും താരങ്ങളുടെ മറവിൽ അന്താരാഷ്ട്ര മേളകളിലേക്ക് സർക്കീട്ടടിക്കുന്നതിലും കായിക മേളകളെപ്പോലും തങ്ങളുടെ വിഭാഗീയ വർഗീയ അജണ്ടകൾക്കുള്ള കളങ്ങളാക്കി മാറ്റുന്നതിലുമൊക്കെയാണ് ഭരണതല ശ്രദ്ധ എന്നിരിക്കെ, ഈ വിഷമസന്ധിയെ മറികടക്കാൻ രാജ്യത്തിന് നന്നായി വിയർക്കേണ്ടിവരും.

Tags:    
News Summary - India Ranks Highest in World in Doping Violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.