പശ്ചിമേഷ്യയിൽ വെടിയൊച്ച നിലയ്ക്കുമ്പോൾ

യു.എസും ഇസ്രായേലും അടങ്ങുന്ന സഖ്യസേന ഇറാനിലും ലബനാനിലും വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ സംഘർഷം വലിയ അളവിൽ കെട്ടടങ്ങിയിരിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കപ്പെട്ടുവെന്ന് തീർത്ത് പറയാറായിട്ടില്ലെങ്കിലും ആ വഴിയിൽ നടക്കുന്ന നീക്കങ്ങളെ ലോക ജനത ഏറെ പ്രതീക്ഷയോടെത്തന്നെ ഉറ്റുനോക്കുന്നു. 2026 ഫെ​ബ്രു​വ​രി 27ന്, ​യു.​എ​സ്-​ഇ​റാ​ൻ ജ​നീ​വ ആ​ണ​വച​ർ​ച്ച​യി​ൽ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് തൊ​ട്ട​ടു​ത്ത ദി​വ​സം ‘ഓ​പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​രി’ എ​ന്ന​ പേ​രി​ൽ ഇ​റാ​നു​നേ​രെ അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്രാ​യേ​ലി​ന്റെ​യും സൈ​ന്യം വ്യോ​മാ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉൾപ്പെടെയുള്ളവരെ വകവരുത്തിയ സഖ്യസേന ആദ്യദിവസം തന്നെ ഇറാന് കനത്ത പ്രഹരമേൽപിച്ചു. ഗൾഫ് രാജ്യങ്ങളിലെ യു.എസിന്റെ സൈനിക നിലയങ്ങൾ ലക്ഷ്യമിട്ട് തൊട്ടടുത്ത മണിക്കൂറുകൾ മുതൽ ഇറാൻ പ്രത്യാക്രമണവും ആരംഭിച്ചതോടെ പശ്ചിമേഷ്യ സംഘർഷത്തിലേക്ക് വഴിമാറി. ഖാംനഈയെ വധിച്ചതിൽ പ്രതിഷേധിച്ച് ലബനാനിലെ ഹിസ്ബുല്ല എന്ന​ പോരാളി സംഘടന ഇസ്രായേലിനുനേരെ മിസൈലാക്രമണം നടത്തിയതോടെ യുദ്ധത്തി​ന് പുതിയ മാനങ്ങൾ കൈവന്നു. ഹിസ്ബുല്ല ആക്രമണം മറയാക്കി ഇ​സ്രായേൽ സേന (ഐ.ഡി.എഫ്) മാർച്ച് രണ്ട് മുതൽ ലബനാനിൽ വ്യോമാക്രമണവും ദിവസങ്ങൾക്കുശേഷം കരയാക്രമണവും ആരംഭിച്ചതോടെ വൻകരയുടെ പടിഞ്ഞാറൻ മേഖല സമ്പൂർണയുദ്ധത്തിലേക്ക് നീങ്ങി. സഖ്യരാഷ്ട്രങ്ങളെ പ്രതിരോധത്തിലാക്കാൻ ഹുർമുസ് കടലിടുക്കിൽ ഇറാൻ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ആഗോള എണ്ണ വിപണിയെ നിശ്ചലമാക്കുകകൂടി ചെയ്തതോടെ അക്ഷരാർഥത്തിൽ അതൊരു ‘ലോകയുദ്ധ’മായി പരിണമിച്ചു. ഹുർമുസ് പിടിച്ചെടുക്കാനുള്ള യു.എസ് നീക്കം പരാജയപ്പെടുകയും എണ്ണ വിപണിയിലെ പ്രതിസന്ധി തുടരുകയും ചെയ്തതോടെ നയതന്ത്രത്തിനും സമവായത്തിനും വഴങ്ങേണ്ടിവന്ന ട്രംപും കൂട്ടരും ഒടുവിൽ 39ാം നാൾ ഇറാനിൽ രണ്ടാഴ്ച​ത്തെ വെടിനിർത്തലിന് സമ്മതിച്ചു; തുടർന്ന്, പാകിസ്താന്റെ മധ്യസ്ഥതയിൽ ചർച്ചക്കുമെത്തി. കഴിഞ്ഞയാഴ്ച ഇസ്‍ലാമാബാദിൽ നടന്ന പ്രസ്തുത ചർച്ചയിൽ ധാരണ​യൊന്നുമായി​ല്ലെങ്കിലും ഒരിക്കൽകൂടി സംഭാഷണമാകാമെന്ന് ഇരു രാജ്യങ്ങളും സമ്മതിക്കുകയും വെടിനിർത്തൽ നീട്ടാൻ ധാരണയാവുകയും ചെയ്തു.

ഇറാനിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നതിൽ പിന്നെ, ഗൾഫ് രാജ്യങ്ങളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അവിടെ ജനജീവിതം സാധാരണരീതിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഈ സമാധാനം എത്രനാൾ എന്ന ചോദ്യം ഒരുഭാഗത്ത് അവശേഷിക്കുന്നുണ്ടെങ്കിലും സഖ്യരാഷ്ട്രങ്ങൾ ഇനിയൊരു​ കൈവിട്ട കളിക്ക് മുതിരില്ലെന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെ ലോകരാഷ്ട്രീയ ചലനങ്ങൾ നിരീക്ഷിച്ചാൽ വ്യക്തമാകുക. ഇറാൻ ആണവായുധം വികസിപ്പിക്കുന്നുവെന്നും അതിനാൽ ആ രാജ്യത്തെ ഭരണകൂടത്തെതന്നെ മറിച്ചിട്ട് ലോകത്തെ ‘രക്ഷിക്കുക’യായിരുന്നു ട്രംപിന്റെയും നെതന്യാഹുവിന്റെയും ഇറാൻ പടപ്പുറപ്പാടിന്റെ ന്യായം. അഞ്ചാഴ്ചത്തെ യുദ്ധത്തിനുശേഷം ഈ ലക്ഷ്യം കൈവരിക്കാനായില്ലെന്നു മാത്രമല്ല, വെടിനിർത്തൽ കരാറിന്റെ ഭാഗമായി കാലങ്ങളായി ഇറാൻ ഉന്നയിക്കുന്ന ആവശ്യങ്ങൾവരെ യു.എസിന് അംഗീകരിക്കേണ്ടതായും വന്നു.

ഹുർമുസിൽ നിയന്ത്രണം സ്ഥാപിച്ച് ഇറാന്റെ എണ്ണ കേന്ദ്രങ്ങൾ പിടിച്ചെടുക്കുമെന്ന് യുദ്ധം തുടങ്ങിയശേഷം ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറാൻ ഹുർമുസ് സമ്പൂർണമായി അടച്ച് ആഗോള എണ്ണക്കടത്തിന് തടയിട്ടത്; ഒപ്പം, ഗൾഫ് രാജ്യങ്ങളിലെ യു.എസിന്റെ എണ്ണനിലയങ്ങൾ ആക്രമിക്കുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടുവെന്ന് മനസ്സിലായതോടെ, യുദ്ധത്തിൽ യു.എസിനൊപ്പം നിലയുറപ്പിക്കുമെന്ന് പ്രതീക്ഷിച്ച രാജ്യങ്ങളൊക്കെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിനോട് ആവശ്യപ്പെടുകയോ നിഷ്പക്ഷത പാലിക്കുകയോ ചെയ്തു. ഇത് യൂറോപ്പുമായുള്ള അമേരിക്കയുടെ ബന്ധം വഷളാക്കി. ഇറാനെ ആക്രമിക്കാൻ യു.എസിനും ഇസ്രായേലിനും തങ്ങളുടെ സൈനിക നിലയങ്ങൾ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയ ബ്രിട്ടൻ, ഇപ്പോൾ ഫ്രാൻസുമായി ചേർന്ന് ഹുർമുസിലെ അനിശ്ചിതത്വം അവസാനിപ്പിക്കാനായി പുതിയൊരു സഖ്യത്തിന് രൂപം നൽകിയിരിക്കുകയാണ്. ഹുർമുസ് വിഷയത്തിൽ ഇറാന് അനുകൂലമായി യു.എൻ രക്ഷാസമിതിയിൽ ചൈനയും റഷ്യയും നിലപാട് സ്വീകരിച്ചതും അമേരിക്കയുടെ അപ്രമാദിത്വത്തിന് കളങ്ക​മേൽപിച്ചു. യുദ്ധം ആഗോള വിപണിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയതോടെ സ്വന്തം ജനതയും ട്രംപിനെതിരെ തിരിഞ്ഞു. ഇങ്ങനെ എല്ലാ രീതിയിലും തിരിച്ചടി നേരിട്ടതോടെ ട്രംപിന് സമവായ ചർച്ചക്ക് വഴങ്ങേണ്ടിവന്നു എന്നതാണ് യാഥാർഥ്യം.

രാഷ്ട്രീയമായി ട്രംപിനും നെതന്യാഹുവിനും ഈ യുദ്ധം വലിയ പ്രഹരമേൽപിച്ചു. അതോടൊപ്പം, ഇറാനും ലബനാനും സംഭവിച്ച നഷ്ടങ്ങൾ കാണാതിരിക്കാനാവില്ല. ഇരുരാജ്യങ്ങളിലുമായി ആറായിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. ലക്ഷത്തോളം കെട്ടിടങ്ങൾ നിലംപതിച്ചു. ലബനാനിൽ മാത്രം ഒന്നര ദശലക്ഷം പേർ ആഭ്യന്തര പലായനത്തിന് നിർബന്ധിതരായി. കാലങ്ങളായി വൻശക്തി രാഷ്ട്രങ്ങളുടെ നിരീക്ഷണത്തിലും ഉപരോധത്തിലും കഴിയുന്ന രാജ്യമാണ് ഇറാൻ. ഉപരോധത്തിന്റെ ആഘാതത്തിനിടയിലും അവർ സ്വന്തമാക്കിയ ഊർജനിലയങ്ങളും മറ്റുമെല്ലാം സഖ്യസേന തകർത്തു. ഒരു തിരിച്ചുവരവ് അസാധ്യമൊന്നുമല്ലെങ്കിലും അത​ത്ര എളുപ്പമല്ല. എങ്കിലും, രാജ്യത്തിന്റെ പരമാധികാരം ആർക്കും പണയം വെക്കില്ലെന്ന പ്രഖ്യാപിത നിലപാടിൽനിന്ന് അവർ ഒരിഞ്ചുപോലും പിന്നാക്കം പോയില്ല എന്നതാണ് ആ രാജ്യത്തിന്റെ ശക്തിയും അവർ ലോകത്തിന് നൽകിയ പാഠവും.

Tags:    
News Summary - In the Middle East, when the gunfire stops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.