അമേരിക്കയിലെ ഹിന്ദുത്വ പരീക്ഷണങ്ങൾ



 

രാജ്യനിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനെക്കാൾ വിദേശങ്ങളിൽ, വിശേഷിച്ച് വികസിത രാജ്യങ്ങളിൽ, സ്വന്തം പ്രതിച്ഛായ മിനുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഗണന നൽകുന്നതെന്ന വിമർശനം അധികാരമേറ്റ ആദ്യനാളുകൾ മുതൽ തന്നെയുണ്ട്. നിരന്തരമായ വിദേശയാത്രകളിലൂടെയും അവിടങ്ങളിലെ ഇന്ത്യൻസമൂഹങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയും 'ബ്രാൻഡ്​ മോദി' വിറ്റഴിക്കാനാണ് അദ്ദേഹവും കേന്ദ്ര സർക്കാറും ശ്രമിച്ചുപോന്നത്. ഒരുവേള, വിദേശ രാജ്യങ്ങളിൽചെന്ന് ഇന്ത്യയുടെ മുൻ ഭരണാധികാരികളെ ഇകഴ്ത്തുന്നതരത്തിൽ വരെ ആ പ്രചാരണപദ്ധതി മുന്നോട്ടുപോയി.

വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുന്നത് എല്ലാവരെയും ആഹ്ലാദിപ്പിക്കുന്ന കാര്യമാണ്. എന്നാൽ, ഒരു വ്യക്തിയെ ബ്രാൻഡ്​ ചെയ്യുന്നതിലൂടെയല്ല, രാജ്യത്തിന്റെ ആഭ്യന്തരവും വൈദേശികവുമായ നയങ്ങളും പരിപാടികളും മെച്ചപ്പെടുത്തിക്കൊണ്ടാണ് അത് സാധ്യമാക്കേണ്ടത്. ആഭ്യന്തരമായി അങ്ങേയറ്റത്തെ വിഭജനരാഷ്ട്രീയം പയറ്റുകയും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ സ്​തംഭിപ്പിക്കുന്നതരത്തിൽ വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യുമ്പോഴും അതൊന്നും പരിഹരിക്കാതെ അന്താരാഷ്ട്രതലത്തിൽ പ്രതിച്ഛായ നിർമാണം നടത്തിയതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ല.

മൃദുശക്തി (Soft Power) എന്നത് ഏതാണ്ടെല്ലാ രാജ്യങ്ങളും വിദേശങ്ങളിൽ തങ്ങളുടെ പ്രതിച്ഛായയും മൂല്യവും വർധിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രധാന ആയുധമാണ്. കല, സംസ്​കാരം, മാധ്യമ ഇടപെടലുകൾ, വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, ഗവേഷണ പദ്ധതികൾ, ഫെലോഷിപ്പുകൾ തുടങ്ങിയവയാണ് ഈ ദിശയിൽ പ്രധാനമായും ഉപയോഗപ്പെടുത്താറുള്ളത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സോഫ്റ്റ് പവർ വിവിധ വികസിത രാജ്യങ്ങളിൽകഴിയുന്ന ഇന്ത്യൻ വംശജർ തന്നെയാണ്. അവർ വസിക്കുന്ന രാജ്യങ്ങളിൽ നടത്തുന്ന ബഹുവിധ ഇടപെടലുകൾ ആത്യന്തികമായി മാതൃരാജ്യത്തിന് ഗുണകരമായോ ദോഷകരമായോ ഭവിക്കുന്നതാണ്.

വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തെ ഹിന്ദുത്വ പദ്ധതികൾക്കുവേണ്ടി ഉപയോഗപ്പെടുത്താനുള്ള സന്നാഹങ്ങളും പദ്ധതികളും ആർ.എസ്​.എസിന് വളരെ നേരത്തേത്തന്നെയുണ്ട്. അമേരിക്കയിലെയും യൂറോപ്പിലെയും ഇന്ത്യൻസമൂഹങ്ങളെ ലക്ഷ്യംവെച്ചാണ് അവരുടെ പദ്ധതികൾ ഏറ്റവും ശക്തമായി മുന്നോട്ടുപോയത്. ആസ്​ട്രേലിയ, മലേഷ്യ, സിംഗപ്പൂർ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും അവർ വലിയ തോതിൽ പ്രവർത്തിക്കുന്നുണ്ട്. 2022 മേയിൽ അമേരിക്കയിൽ പുറത്തുവന്ന ഒരു പഠനം (Hindu Nationalist Influence in the United States) ഈ വിഷയത്തിൽ ഇറങ്ങിയ ഏറ്റവും ബൃഹത്തായ പഠനരേഖയാണ്. 2001 മുതൽ 2019 വരെയുള്ള കാലയളവിൽ ഹിന്ദുത്വ പദ്ധതികൾക്കായി അമേരിക്കയിൽ നടന്ന ഇടപെടലുകൾ വിശദമായി പ്രതിപാദിക്കുന്ന പഠനം സന്നദ്ധ സംഘടനകൾ, മാധ്യമപ്രവർത്തകർ, അക്കാദമീഷ്യന്മാർ, ഗവേഷകർ തുടങ്ങിയവരുടെ സഹകരണത്തോടെ ഏകോപിപ്പിച്ചിരിക്കുന്നത് ജസ മാച്ചറാണ്.

2001 മുതൽ 2019 വരെയുള്ള കാലത്ത് 1231 കോടി രൂപയാണ് അമേരിക്കയിൽ മാത്രം ഹിന്ദുത്വപ്രചാരണത്തിന് ചെലവിട്ടത് എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇന്ത്യയിലെ ഹിന്ദുത്വപ്രസ്​ഥാനത്തിന് അമേരിക്കയിൽ സമ്മതി ഉണ്ടാക്കുക, ഇന്ത്യയിലെ സംഘ്​പരിവാർ സംഘടനകളെയും സേവനപദ്ധതികളെയും സാമ്പത്തികമായി സഹായിക്കുക, അമേരിക്കയിൽ വിവിധതരം ഹിന്ദുത്വ സംഘടനകൾ കെട്ടിപ്പടുക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ.

സംഘ്​പരിവാർ ആശയങ്ങൾക്കെതിരെ നിലപാടെടുക്കുന്ന വ്യക്തികളെയും സ്​ഥാപനങ്ങളെയും ലക്ഷ്യംവെച്ചുള്ള വിപരീതപ്രവർത്തനങ്ങളും ഇവരുടെ പ്രധാന പരിപാടിയാണ്. അമേരിക്കയുടെ വിദേശനയത്തെ സംഘ്​പരിവാർ നിലപാടുകൾക്ക് അനുകൂലമായി മാറ്റിയെടുക്കാനുള്ള ലോബിയിങ്ങിനും വലിയതോതിൽ പണം മുടക്കിയിട്ടുണ്ട്. ആർ.എസ്​.എസിന്റെ അമേരിക്കൻ ഘടകമായ ഹിന്ദു സ്വയം സേവക് സംഘിന് യു.എസിലെ 32 സംസ്​ഥാനങ്ങളിലും 166 നഗരങ്ങളിലുമായി ഇതിനകം 222 ശാഖകളുണ്ട്. കൂടാതെ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ, ഫൗണ്ടേഷൻ ഫോർ ഇന്ത്യ-അമേരിക്ക ഡയസ്​പൊറ സ്റ്റഡീസ്​, ഹിന്ദു അമേരിക്കൻ പൊളിറ്റിക്കൽ ആക്​ഷൻ കമ്മിറ്റി എന്നിങ്ങനെ വേറെയും സംഘടനകൾ ഇതേ ലക്ഷ്യംവെച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു.

വിവിധ യൂനിവേഴ്സിറ്റികളിൽ ഹിന്ദുത്വ പദ്ധതിക്ക് അനുസരിച്ച് കോഴ്സുകളും ചെയറുകളും സ്​ഥാപിക്കാൻ കോടികളാണ് ചെലവഴിച്ചത്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം ഔദ്യോഗികസ്വഭാവവും ആധികാരികതയും വന്നുചേർന്നു. നാട്ടിലെ പല കാര്യങ്ങളെയും സ്വാധീനിക്കാൻ ശേഷിയുള്ള സാമ്പത്തികശക്തി കൂടിയാണ് വികസിത നാടുകളിലെ ഇന്ത്യൻ സമൂഹങ്ങൾ. അവരെ അപ്പാടെ സംഘ്​പരിവാർ പദ്ധതിക്കനുസരിച്ച് മാറ്റിയെടുക്കാൻ സാധിക്കുന്നുവെന്നതാണ് ബൃഹത്തായ ഇത്തരം പരിപാടികളിലൂടെ സംഭവിക്കുന്നത്.

നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ പൈതൃകത്തിനും മതനിരപേക്ഷ മൂല്യങ്ങൾക്കും ഹിന്ദുത്വ പദ്ധതി ഏൽപിക്കുന്ന ആഘാതങ്ങൾ വിസ്​തരിക്കേണ്ട കാര്യമില്ല. വിദേശങ്ങളിൽ കഴിയുന്ന ഇന്ത്യൻ സമൂഹങ്ങളെയും ആ പദ്ധതിക്ക് അനുകൂലമായി മാറ്റിയെടുക്കാൻ നടത്തുന്ന സംഘടിതവും ശാസ്​ത്രീയവുമായ പ്രവർത്തനങ്ങളെ ജനാധിപത്യ സമൂഹം കാണാതിരിക്കരുത്. യുവമോർച്ച നേതാവും വിദ്വേഷ പ്രചാരകനുമായ തേജസ്വി സൂര്യ എം.പിയുടെ പരിപാടിക്കെതിരെ ആസ്​ട്രേലിയയിലും 'കശ്മീർ ഫയൽസ്​' സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പരിപാടിക്കെതിരെ ഇംഗ്ലണ്ടിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രതിഷേധങ്ങൾ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹങ്ങളിലും ഉയർന്നുവരുന്ന മറുശബ്ദങ്ങളുടെ ലക്ഷണങ്ങളാണ്. അത്തരം ശബ്ദങ്ങളെ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും ജനാധിപത്യ പുരോഗമന പ്രസ്​ഥാനങ്ങൾക്ക് ബാധ്യതയുണ്ട്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.