കേരളത്തിെൻറ യൗവനത്തെ സ്വപ്നത്തിലേക്ക് വഴി നടത്തുന്നതിലും അവരുടെ പ്രതീക്ഷകൾക്ക് വർണം നൽകുന്നതിലും വിജയിച്ചുകൊണ്ടാണ് ഹാഷ് ഫ്യൂച്ചർ ഉച്ചകോടിക്ക് കൊച്ചിയിൽ തിരശ്ശീല വീണിരിക്കുന്നത്. രണ്ടു ദിനങ്ങളിൽ നടന്ന വിവിധ സെഷനുകൾ കേരളത്തിെൻറ ഭാവിയെക്കുറിച്ച വലിയ സ്വപ്നങ്ങളുടെ പങ്കുവെപ്പുകൾക്കാണ് സാക്ഷിയായത്. മാലിന്യമുക്ത കേരളം, ശുദ്ധജല സ്രോതസ്സുകൾ വീണ്ടെടുക്കുന്ന കേരളം, വൈദ്യുതി വാഹനങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്ന കേരളം, ഡിജിറ്റൽ ലോകത്തെ നിർമിക്കുന്ന സ്മാർട്ട് ഗ്രാമങ്ങളാൽ സമ്പന്നമായ കേരളം തുടങ്ങി വിവര സാങ്കേതിക വിദ്യകളുടെയും നിർമിത ബുദ്ധിയുടെയും സഹായത്തോടെ പുതിയ ‘കേരളങ്ങൾ’തന്നെ സൃഷ്ടിക്കാനുതകും വിധം നവീന ആശയങ്ങളുടെ വിവിധ വാതായനങ്ങളാണ് ഉച്ചകോടിയിൽ തുറക്കപ്പെട്ടത്. നെഗറ്റിവ് ചിന്തകൾക്ക് ആധിക്യമുള്ള സംസ്ഥാനമെന്ന ദുഷ്പേര് പേറുന്ന കേരളത്തിൽ ഇത്ര നിർഭയമായി സ്വപ്നങ്ങൾ പങ്കുവെക്കാൻ ഒരു ഉച്ചകോടിക്ക് കഴിഞ്ഞുവെന്നത്, നമ്മുടെ ചെറുപ്പക്കാർക്ക് പുതിയ മുന്നേറ്റത്തിനുള്ള വലിയ ഉൗർജംതന്നെയായിരിക്കും പകർന്നു നൽകിയിരിക്കുക. കേരളം സാങ്കേതിക വിജ്ഞാന കേന്ദ്രമായി മാറുകയും പ്രകൃതി നൽകിയ ആരോഗ്യകരമായ അന്തരീക്ഷം നിലനിൽക്കുകയും ചെയ്താൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവർ ‘കേരള ഗ്രീൻ കാർഡ്’ തേടിയെത്തുന്ന കാലമുണ്ടാകാം എന്ന ഇന്നവേഷൻ ഇൻകുബേറ്റർ സി.ഇ.ഒ ആൻറണി സത്യദാസിെൻറ പ്രവചനം സാക്ഷാത്കരിക്കാൻ പ്രാപ്തിയും ശേഷിയുമുള്ള ചെറുപ്പക്കാരുടെ നൈപുണി വികാസത്തിലേക്ക് കാര്യക്ഷമമായ ചുവടുകളാണ് കേരളം കാത്തിരിക്കുന്നത്.
സ്വപ്നങ്ങളുടെ യാഥാർഥ്യമാകാൻ കഠിനമായ പരിശ്രമങ്ങൾ അനിവാര്യമാണ്. അതിനുള്ള മാനവവിഭവശേഷിയുള്ള സംസ്ഥാനമാണ് കേരളമെന്നതിൽ ഒരു തർക്കവുമില്ല. സമീപകാലത്ത് ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച പശ്ചിമേഷ്യയിലെ നഗരങ്ങളിലും പദ്ധതികളിലും മലയാളികളുടെ ൈകയൊപ്പുകൾ അതിെൻറ നേർസാക്ഷ്യമാണ്. അധ്വാനോത്സുകതയും ക്രിയാത്മകതയുമുള്ള മലയാളികൾ കേരളത്തിന് പുറത്ത് നല്ല കമ്പോള മൂല്യമുള്ളവരാെണന്നതിന് ഗൾഫ് രാജ്യങ്ങളും അമേരിക്കയും അടിവരയിടുന്നുണ്ട്. അവർ കേരളത്തിൽ പ്രയോജനപ്പെടുന്നില്ലെങ്കിൽ അതിെൻറ തകരാറുകളെന്തെന്ന് പഠിക്കുകയും പരിഹരിക്കുകയുമാണ് അടിയന്തരമായി നിർവഹിക്കേണ്ട പണി. കേരളത്തിെൻറ നിശ്ചലാവസ്ഥയെ ഭേദിക്കാൻ ദീർഘദർശനവും ഇച്ഛാശക്തിയും പ്രായോഗികതയും ഒത്തുചേർന്ന ഭരണനേതൃത്വത്തിെൻറ അവിരാമമായ പ്രയത്നങ്ങൾക്ക് സാധിക്കും. കേരളത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കി മാറ്റാനും ആഗോളതലത്തിൽ മത്സരത്തെ അതിജീവിക്കാനും ഉന്നത വിദ്യാഭ്യാസരംഗം നവീകരിക്കുകയും ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അതിലേക്കുള്ള ശരിയായ ചുവടുവെപ്പാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിെൻറ ഡിജിറ്റൽ വിപ്ലവത്തിന് ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന പ്രതിപക്ഷനേതാവിെൻറ ഐക്യദാർഢ്യം കേരളത്തിെൻറ ഡിജിറ്റൽ ലോകത്തേക്കുള്ള ദ്രുതപരിവർത്തനത്തിന് ഏറെ പ്രചോദനാത്മകവുമാണ്.
ക്രിയാത്മകതയും നവ ഭാവുകത്വങ്ങളും നിരന്തരം ആവശ്യപ്പെടുന്ന മേഖലയാണ് സാങ്കേതിക വിദ്യ. അതുകൊണ്ടുതന്നെ പുതുതലമുറക്ക് നവീനമായ ആശയങ്ങളോടും സാങ്കേതിക വികാസത്തോടും മത്സരിക്കാനുള്ള മാനസികമായ പ്രാപ്തിയും വൈജ്ഞാനികമായ ശേഷിയും പകരുന്നതിൽ നമ്മുടെ വിദ്യാലയങ്ങൾ പരാജയപ്പെട്ടാൽ എല്ലാ പ്രഖ്യാപനങ്ങളും വീൺവാക്കുകളാകും. ഡിജിറ്റൽ ലോകത്തേക്ക് കുട്ടികളെ തയാറാക്കാൻ എത്ര അധ്യാപകർക്ക് സാധിക്കുമെന്ന ചോദ്യം അർഥവത്താകുന്നതും ഇതിനാലാണ്. ആഗോള സമൂഹത്തിലേക്ക് ചേർന്നുനിൽക്കാനുള്ള ആത്മവിശ്വാസക്കുറവാണ് മലയാളി വിദ്യാർഥികൾ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രൈമറി വിദ്യാർഥികൾ വരെ കാര്യക്ഷമമായി ടാബുകളും സ്മാർട് ഫോണുകളും ഉപയോഗിക്കുന്ന കേരളത്തിൽ വിദ്യാഭ്യാസത്തിലും ജ്ഞാനാർജനത്തിലും സാങ്കേതിക വിദ്യയെ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിലൂടെ മാത്രമേ അവരിൽ ആത്മവിശ്വാസത്തെ ഉയർത്താനാവൂ. സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള അറിവിനല്ല, അവ പ്രയോജനപ്പെടുത്തി ജീവിത സൗകര്യങ്ങളെയും സാമ്പത്തിക രംഗത്തെ വികാസത്തെയും ത്വരിതപ്പെടുത്താനാകുന്ന വിദ്യാഭ്യാസത്തിനായിരിക്കണം ഊന്നൽ. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല സൂചിപ്പിച്ചതുപോലെ സാങ്കേതിക വിദ്യ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. സാങ്കേതിക വിദ്യയുടെ പ്രാഥമിക കർത്തവ്യം ജനങ്ങളുടെ ഉന്നമനത്തിനാകണമെന്ന് അദ്ദേഹം മുന്നറിയിപ്പുകൂടി നൽകുന്നു.
നിർമിത ബുദ്ധിയെ ഗുണപരമായി പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ കേരളം അടിയന്തരമായി രൂപപ്പെടുത്തേണ്ടതുണ്ട്. നിർമിത ബുദ്ധിയുടെ വികാസം സാങ്കേതിക, വ്യവസായ, സേവന മേഖലയിൽ മാത്രമല്ല, കാർഷിക, ആരോഗ്യ, ഗതാഗത മേഖലകളുടെയടക്കം ജനങ്ങളുടെ അടിസ്ഥാന ജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ രംഗങ്ങളിലും സമ്പൂർണ പരിഷ്കരണത്തിനാണ് തുടക്കംകുറിച്ചിരിക്കുന്നത്. നമ്മൾ മാറ്റത്തിെൻറ ഇരയാകാതെ അവയെ ശരിയാംവിധം അഭിമുഖീകരിക്കാനും അതിൽ നേതൃസ്ഥാനം നേടാനുമുള്ള റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജെൻറ ആഹ്വാനം പുതിയ കേരളത്തിെൻറ മന്ത്രമായിത്തീരണം. ഭാവി മാറ്റത്തിനുള്ള മികച്ച നിർദേശങ്ങളാണ് ഉച്ചകോടി മുന്നോട്ടുവെച്ചത്. അവ സമയബന്ധിതമായി നടപ്പാക്കുന്നതിൽ വിജയിക്കുകകൂടി ചെയ്താൽ രണ്ടു വർഷത്തിനുശേഷം കൊച്ചിയിൽതന്നെ നടക്കുന്ന ഫ്യൂച്ചർ ഉച്ചകോടിയുടെ രണ്ടാം എഡിഷൻ കേരളത്തിലെ ചെറുപ്പക്കാരുടെ പ്രാഗല്ഭ്യത്തെ ലോകത്തിന് മുന്നിലേക്ക് തുറന്നുവെച്ച കണ്ണാടിയായിത്തീരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.