ഇന്ത്യയിലെ വംശീയ വിവേചനവും യു.എൻ സമിതി റിപ്പോർട്ടും
എല്ലാവിധത്തിലുമുള്ള വംശീയ വിവേചനങ്ങൾക്കും നിർമാർജനത്തിനുമെതിരെ 1968ൽ ചേർന്ന രാഷ്ട്രാന്തരീയ കൺവെൻഷനിൽ പങ്കാളിയായ ഇന്ത്യ, അത്തരം അതിക്രമങ്ങളെക്കുറിച്ച് വിശദവും പുതുക്കിയതുമായ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് സമിതി ഓർമിപ്പിക്കുന്നു
പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, റോഹിങ്ക്യകൾ, ബംഗാളി സംസാരിക്കുന്ന മുസ്ലിംകൾ, അഭയാർഥികൾ, കുടിയേറ്റക്കാർ തുടങ്ങിയ വലിയൊരു വിഭാഗം ജനങ്ങൾ ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നതായ റിപ്പോർട്ടുകളിൽ ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന നിർമാർജന സമിതി (സി.ഇ.ആർ.ഡി) അതിയായ ഉത്കണ്ഠ രേഖപ്പെടുത്തിയിരിക്കുന്നു. റോഹിങ്ക്യ പ്രതിസന്ധിയുടെ ഒമ്പതാം വാർഷികവേളയിൽ യു.എൻ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇന്ത്യയിലെ വിദ്വേഷ പ്രസംഗങ്ങൾക്കും വിദ്വേഷ പാതകങ്ങൾക്കുമെതിരെ സത്വര നടപടികൾ തേടിയിരിക്കുന്നത്.
നടേ സൂചിപ്പിച്ച ജനവിഭാഗങ്ങൾക്കുനേരെ നിയമപാലകർ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ സമിതി ആശങ്ക രേഖപ്പെടുത്തുന്നു. വംശീയ വിദ്വേഷം, ആക്രമണം, ബലപ്രയോഗം, കൊലപാതകം, ആവശ്യമായ നിയമനടപടികളില്ലാതെ ദീർഘകാല തടങ്കൽ, പീഡനം, മോശമായ പെരുമാറ്റം, ലൈംഗികാതിക്രമം തുടങ്ങിയവ ഉൾപ്പെടെ ഗുരുതരമായ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യു.എൻ സമിതി ചൂണ്ടിക്കാട്ടുന്നു. എല്ലാവിധത്തിലുമുള്ള വംശീയ വിവേചനങ്ങൾക്കും നിർമാർജനത്തിനുമെതിരെ 1968ൽ ചേർന്ന രാഷ്ട്രാന്തരീയ കൺവെൻഷനിൽ പങ്കാളിയായ ഇന്ത്യ, അത്തരം അതിക്രമങ്ങളെക്കുറിച്ച് വിശദവും പുതുക്കിയതുമായ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് സമിതി ഓർമിപ്പിക്കുന്നു. ദേശീയ പൗരത്വ പട്ടികയിൽനിന്നും വോട്ടേഴ്സ് ലിസ്റ്റിൽനിന്നും കൂട്ടത്തോടെയുള്ള പുറംതള്ളൽ നടപടികളിലേക്കും ശ്രദ്ധക്ഷണിച്ചിരിക്കുന്നു യു.എൻ സമിതി. എഫ്.സി.ആർ.എ, യു.എ.പി.എ, അഫ്സ്പ തുടങ്ങിയ നിയമങ്ങളുപയോഗിച്ച് സാമൂഹിക സേവക സംഘടനകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതും സമിതി റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരിക്കുന്നു. വിദ്വേഷ പ്രസംഗങ്ങൾ കുറ്റകരമാക്കുന്ന ഖണ്ഡിത ക്രിമിനൽ നിയമങ്ങളാകട്ടെ ഭാരതീയ ന്യായസംഹിത ഉൾക്കൊള്ളുന്നുമില്ല. വംശീയ വിവരശേഖരണത്തെ അടിസ്ഥാനമാക്കിയുള്ള പൊലീസ് അന്വേഷണങ്ങളും തിരിച്ചറിയൽ പരിശോധനകളും നിയമപരമല്ലാത്ത അനിയന്ത്രിത അറസ്റ്റിനും തടങ്കലിനും കാരണമാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്.
നരേന്ദ്ര മോദിയുടെ ഹിന്ദുത്വ സർക്കാർ എത്രതന്നെ ഗോപ്യമാക്കിവെച്ചാലും അവഗണിച്ചാലും അവർതന്നെ മുഖവിലക്കെടുക്കാത്ത ഭരണഘടനയിലെ മനുഷ്യാവകാശ സംരക്ഷണ വകുപ്പുകൾ എടുത്തുകാട്ടി പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാലും സത്യാനന്തര ലോകത്തെ നഗ്നമായ സത്യങ്ങൾ പുറത്തുവരുമെന്ന് തിരിച്ചറിയാൻ കഴിയാതെപോയാൽ അതിൽപരം പോഴത്തം വേറെയില്ല. ഗോദി മീഡിയയുടെ തമസ്കരണ പരിപാടിയോ സമൂഹ മാധ്യമങ്ങളുടെ ഉടമകളായ മെറ്റയുടെ നേരെ തുടർന്നുകൊണ്ടിരിക്കുന്ന ഭീഷണികളോ ഒന്നും പച്ചപ്പരമാർഥങ്ങളെ ഒളിപ്പിക്കാനോ മറപ്പിക്കാനോ പര്യാപ്തവുമല്ല. ഇന്ത്യയേക്കാൾ പതിന്മടങ്ങ് ഭദ്രവും ശക്തവും സുരക്ഷിതവുമെന്ന് വിശ്വസിക്കപ്പെടുന്ന സയണിസ്റ്റ് രാഷ്ട്രത്തിലെ രഹസ്യ വാർത്തകളും സംഭവങ്ങളും വരെ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞുകൊണ്ടിരിക്കുന്നതാണ് കാലം.
മാധ്യമസ്വാതന്ത്ര്യ കാര്യത്തിൽ ലോകത്ത് 157ാം സ്ഥാനത്ത് വിരാജിക്കുന്ന ഇന്ത്യയിൽ, സാഹസികരായ മാധ്യമപ്രവർത്തകരെ ക്രിമിനൽ കേസുകളിൽ കുടുക്കി വാർത്ത തമസ്കരണം പതിവ് ശൈലിയാക്കിയ സർക്കാർ വിലക്കുകളെ മറികടന്ന് യു.എൻ വംശീയ വിവേചന നിർമാർജന സമിതിക്ക് സ്വന്തമായ ഉറവിടങ്ങളിലൂടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ നഗ്നസത്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു എന്നാണ് നടേ സൂചിപ്പിച്ച റിപ്പോർട്ടിൽനിന്ന് വ്യക്തമാവുന്നത്. ഏറ്റവുമൊടുവിൽ ജന്തർമന്തറിൽ അരങ്ങേറിയ സി.ജെ.പി യുവജന-വിദ്യാർഥി പ്രക്ഷോഭത്തെ നേരിടാൻ പൊലീസ് പെല്ലറ്റ് പ്രയോഗിച്ചതും സമരക്കാരായ വിദ്യാർഥിനികളെ മാനഭംഗപ്പെടുത്തിയതും വരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇരുമ്പുമറകൾ ഭേദിച്ച് പുറത്തറിഞ്ഞു.
ഇപ്പോൾ അപമാനത്തിൽനിന്ന് എങ്ങനെ തലയൂരുമെന്ന ചിന്തയിലാണ് കാവിപ്പടയുടെ നായകന്മാർ. അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷൻ ദലിതനായ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയ ഹിന്ദുത്വ ജാതി ഭീകരർക്കെതിരെ കേസെടുക്കാതെ, ലജ്ജാകരമായ സംഭവത്തെ അപലപിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പിടിച്ചുകെട്ടാനാണ് പുറപ്പാട്. ദലിതർക്കും ആദിവാസികൾക്കും മറ്റ് അധഃസ്ഥിത ജനകോടികൾക്കും നേരെയുള്ള കടുത്ത വിവേചനത്തെയും മനുഷ്യത്വവിരുദ്ധമായ അത്യാചാരങ്ങളെയും കുറിച്ചാണ് യു.എൻ സമിതി ഏറ്റവുമധികം ഉത്കണ്ഠ രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ട അസം, ബംഗാൾ പോലുള്ള സംസ്ഥാനങ്ങളുടെ ബംഗാളി സംസാരിക്കുന്ന മുസ്ലിം ജനസാമാന്യത്തിനുനേരെ ഹിമന്തശർമ, സുവേന്ദു അധികാരി പോലുള്ളവർ തുടർന്നുകൊണ്ടിരിക്കുന്ന ബുൾഡോസർ പ്രയോഗവും റേഷൻ നിഷേധവും സമ്പൂർണ ബഹിഷ്കരണവും യു.എൻ സമിതി റിപ്പോർട്ടിലൂടെയും അല്ലാതെയും ലോകം അറിഞ്ഞുകഴിഞ്ഞു.
അതിനിടയിലാണ് ഇതിനൊക്കെ കാരണക്കാരായ രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന 100 വർഷം പിന്നിട്ട തീവ്രവംശീയ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പൻ അമേരിക്കയിൽ പോയി മുസ്ലിംകളും ക്രിസ്ത്യാനികളും മറ്റു ന്യൂനപക്ഷങ്ങളുമൊക്കെ ഇന്ത്യയിലെ സമാവകാശ പൗരന്മാരാണെന്ന് വാചകമടിക്കുന്നത്. അമേരിക്കയിൽതന്നെ പരിഹാസ്യമായ ഈ വൈരുധ്യത്തെ പരസ്യമായി പുച്ഛിച്ചുതള്ളിയവരുടെ പ്രതിഷേധവും ലോകം കണ്ടു. പുള്ളിപ്പുലിക്ക് തന്റെ പുള്ളി മായ്ക്കാൻ കഴിയില്ല എന്നാണെങ്കിൽ മതനിരപേക്ഷ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു യുവതലമുറ തെറ്റ് തിരുത്തിക്കാൻ പ്രതിജ്ഞാബദ്ധരായി രംഗത്തുവരുന്നതിന്റെ ആവേശകരമായ അടയാളങ്ങൾ ചക്രവാളത്തിൽ ദൃശ്യമാണെന്നോർമിപ്പിക്കുക മാത്രം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.