രാജ്യസുരക്ഷ മുൻനിർത്തി കേന്ദ്ര പ്രതിരോധ ഗവേഷണകേന്ദ്രം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച പരമ്പരാഗത മിസൈൽ സാ​ങ്കേതികവിദ്യ ഇന്ത്യക്കകത്തെ സ്വകാര്യ ​പ്രതിരോധ ഗവേഷണസ്ഥാപനങ്ങൾക്കും ആയുധനിർമാണ കമ്പനികൾക്കും കൈമാറാൻ മോദി സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. പ്രതിരോധരംഗത്ത് സ്വയംപര്യാപ്ത കൈവരിക്കാനായി ആത്മനിർഭർ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. പ്ര​​തി​​രോ​​ധമേ​​ഖ​​ല​​യി​​ൽ ആ​​ഭ്യ​​ന്ത​​ര വ്യ​​വ​​സാ​​യ​​ങ്ങ​​ളു​​ടെ വ​​ർ​​ധി​​ച്ച പ​​ങ്കാ​​ളി​​ത്തം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ൽ സു​​പ്ര​​ധാ​​ന നാ​​ഴി​​ക​​ക്ക​​ല്ലാ​​യിരിക്കും ഈ നീക്കമെന്നും സർക്കാർ അവകാശപ്പെടുന്നു. ആണവോർജ ഉൽപാദന മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് അനുമതി നൽകുന്ന ‘ശാന്തി നിയമം’ പ്രാബല്യത്തിൽവന്നത് ഇക്കഴിഞ്ഞ ഡിസംബറിലാണ്; ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയുടെ ലോഞ്ച് വെഹിക്കിളുകളുടെ സാ​​ങ്കേതികവിദ്യ സ്വകാര്യ മേഖലക്ക് തീറെഴുതിയിട്ട് മാസമൊന്ന് തികഞ്ഞിട്ടില്ല. ഇതിനിടയിൽ, രാ​​ജ്യ​​ത്തെ പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ കു​​ത്ത​​ക​​യാ​​യി​​രു​​ന്ന, ആ​​ണ​​വാ​​യു​​ധ ശേ​​ഷി​​യു​​ള്ള​​ത​​ട​​ക്കം ത​​ന്ത്ര​​പ്ര​​ധാ​​ന മി​​സൈ​​ലു​​ക​​ളു​​ടെ​​യും ബോം​​ബു​​ക​​ളു​​ടെ​​യും നി​​ർ​​മാ​​ണം സ്വ​​കാ​​ര്യ​​ മേ​​ഖ​​ല​​യി​​ലേ​​ക്ക് മാ​​റ്റാ​​ൻ ന​​ട​​പ​​ടി തു​​ട​​ങ്ങി​​യ​​തായുള്ള വാർത്തകളും സമീപദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിനു പി​​ന്നാ​​ലെ​​യാണിപ്പോൾ, ഇന്ത്യയുടെ പ്രതിരോധസംവിധാനങ്ങളിൽ അതിനിർണായകമായ പരമ്പരാഗത മിസൈൽ സാ​ങ്കേതിക വിദ്യ സ്വകാര്യമേഖലക്ക് കൈമാറാൻ തീരുമാനിച്ചതായി രാജ്യരക്ഷാ മന്ത്രാലയം വാർത്താക്കുറിപ്പിറക്കിയത്.

ആയുധ നിർമാണ-ഗവേഷണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം എന്നത് പുതിയ ആശയമല്ല. പല രാജ്യങ്ങളിലും പ്രതിരോധ ഉൽപാദനം വളർന്നത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ്. എന്നാൽ, ഇതര മേഖലകളിൽനിന്ന്‍ വ്യത്യസ്‍തമായി പ്രതിരോധരംഗത്ത് ഉൽപാദന-ഗവേഷണങ്ങളിലുണ്ടാകുന്ന സ്വകാര്യപങ്കാളിത്തം സൃഷ്ടിക്കുന്ന സങ്കീർണതകളെ എത്രകണ്ട് ഇന്ത്യക്ക് അഭിമുഖീകരിക്കാനാകും എന്നതാണ് പ്രസക്തം. നിലവിൽ ഡി.ആർ.ഡി.ഒ വികസിപ്പിച്ച ഉൽപന്നങ്ങളുടെ നിർമാണചുമതല പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യ ഭാ​​ര​​ത് ഡൈ​​നാ​​മി​​ക്സ് ലി​​മി​​റ്റ​​ഡ് (ബി.​​ഡി.​​എ​​ൽ), ഹി​​ന്ദു​​സ്ഥാ​​ൻ എ​​യ്‌​​റോ​​നോ​​ട്ടി​​ക്സ് ലി​​മി​​റ്റ​​ഡ് (എ​​ച്ച്.​​എ.​​എ​​ൽ) എ​​ന്നി​​വ​ക്കാണ്. ഡി.ആർ.ഡി.ഒയുടെ തന്നെ ചില ഇൻ ഹൗസ് ഉൽപന്നങ്ങളും ഇന്ത്യക്കുണ്ട്. ഇതിനുപുറമെ, ബ്രഹ്മോസ് എയ്റോസ്​പേസ് ലിമിറ്റഡ് റഷ്യൻ സഹായത്തോടെ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകളും രാജ്യം പ്രതിരോധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. യു.എസ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നുമുണ്ട്. സമാന്തരമായി, ഇന്ത്യയിൽ സ്വകാര്യമേഖലയിൽ വലിയതോതിൽ ആയുധനിർമാണ ഗവേഷണം നടക്കുന്നുണ്ട്. ഇത്തരത്തിൽ 600ലധികം കമ്പനികൾ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്. ഇക്കൂട്ടത്തിൽ വമ്പന്മാരായ അദാനിയും ടാറ്റയുമെല്ലാമുണ്ട്. ഇവർക്കൂകൂടി പ്രവേശനം ഉറപ്പുവരുത്തുകയാണ് പുതിയ നീക്കത്തിലൂടെ കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. പരമ്പരാഗത മിസൈൽ സാ​ങ്കേതിക വിദ്യ കൈമാറാനാണ് നിർദേശമെന്നേ മന്ത്രാലയം പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലുള്ളൂ. വാർഹെഡ്ഡുകളിൽ ആർ.ഡി.എക്സ്, ടി.എൻ.ടി എന്നിവയുടെ മിശ്രിതം നിറച്ച് തൊടുക്കുന്നതാണ് പരമ്പരാഗത മിസൈൽ. എന്നാൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ, ആകാശത്തുനിന്ന് തൊടുക്കാവുന്ന അസ്ത്ര, ആന്റി റേഡിയേഷൻ മിസൈലുകളായ രുദ്രം, ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈലായ എൻ.എ.ജി, നാവൽ ആന്റി ഷിപ് മിസൈൽ എന്നിവയും പുതിയ കരാറിന്റെ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത് ശരിയെങ്കിൽ, അഞ്ച് പതിറ്റാണ്ടിലേറെക്കാലം പൊതുപണം ഉപയോഗിച്ച് നൂറുകണക്കിന് ഗവേഷകരുടെ ശ്രമഫലമായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈൽ സാ​ങ്കേതികവിദ്യയുടെ വലിയൊരു ഭാഗവും സ്വകാര്യസ്ഥാപനങ്ങൾക്ക് തീറെഴുതുന്നുവെന്നാണ് ഇതിനർഥം. രാജ്യത്തിന്റെ സമ്പത്ത് എന്നതിനൊപ്പം, രാജ്യസുരക്ഷയിൽ അതീവ നിർണായകവുമായ ഈ വിദ്യ സൗജന്യമായി കോർപറേറ്റുകൾക്ക് പതിച്ചുകൊടുക്കുന്നത് വലിയ അപകടങ്ങൾക്കായിരിക്കും വഴിവെക്കുക.

രാജ്യത്തിനകത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾ​ക്കുമാണ് സാ​ങ്കേതിക വിദ്യ പങ്കുവെക്കുന്നത് എന്ന് പറയുമ്പോഴും ഇത് അയൽ രാജ്യങ്ങൾക്കടക്കം പ്രാപ്യമാകില്ലെന്ന് എങ്ങനെ ഉറപ്പുപറയാൻ കഴിയും? ഇതിനെല്ലാമപ്പുറം, രാജ്യത്തിന്റെ സുപ്രധാനമായൊരു ആയുധ സാ​ങ്കേതികവിദ്യ സ്വകാര്യസ്ഥാപനങ്ങൾക്ക് ലഭിക്കുന്നതോടെ അവർക്ക് ഭരണകൂടത്തിന്റെ നയതീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനും ഇടപെടാനുമാകും. യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ അപകടം ഇപ്പോൾ നിലനിൽക്കുന്നുണ്ട്. അവിടെ പാർട്ടികളുടെ തെരഞ്ഞെടുപ്പ് നയം തീരുമാനിക്കുന്നതിലടക്കം ഇത്തരം സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ടെന്നത് ഇതിനകം വ്യക്തമായതാണ്. ഇന്ത്യയിലും ഇത് അസാധ്യമല്ല. മധ്യപ്രദേശിലെ ശിവപുരിയിൽ 2500 കോടി രൂപയുടെ മിസൈൽ പദ്ധതിക്ക് അദാനി ഗ്രൂപ് തറക്കല്ലിട്ടത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. ഇതിനകംതന്നെ, അദാനി ഗ്രൂപ് പിസ്റ്റളുകളും മെഷീൻ ഗണ്ണുകളും നിർമിക്കുന്ന ഫാക്ടറി നടത്തുന്നുണ്ട്. ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ തുക ഇലക്ടറൽ ബോണ്ട് വഴി നൽകിയ മേഘ ഗ്രൂപ്പിന്റെ പ്രതിരോധ ഗവേഷണ വിഭാഗമായ ​​ഐ.സി.ഒ.എം.എം, ടാറ്റ, നുവാലിന്റെ സോളാർ ഗ്രൂപ് എന്നിവയെല്ലാം സമീപകാലത്തായി ആയുധഗവേഷണത്തിൽ വ്യാപൃതരാണ്. കേന്ദ്ര സർക്കാറിന്റെ പുതിയ നയം ആർക്കാണ് ഗുണം ചെയ്യുക എന്ന് കൂടുതൽ പറയേണ്ടതില്ലാത്തവിധം വ്യക്തം. ദേശസുരക്ഷ സംബന്ധിച്ച അതിനിർണായകമായ മറ്റൊരു മേഖലകൂടി കോർപറേറ്റുകൾക്ക് അടിയറവുവെച്ച ഈ നടപടിയിൽനിന്ന് സർക്കാർ അടിയന്തിരമായി പിൻവാങ്ങണം. 

Tags:    
News Summary - National security for sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.