‘പാറ്റ സമര’ത്തിന് അർധവിരാമം കുറിച്ച ഉത്തരവ്
ജനങ്ങളെ വൈകാരികവിഷയങ്ങളിൽ തളച്ചിട്ടും പൊള്ളയായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചും യഥാർഥപ്രശ്നങ്ങളിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രം വിലപ്പോവില്ല എന്ന് ഇക്കുറി ഭരണകൂടം മനസ്സിലാക്കിയിരിക്കുന്നു
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പുനഃപരീക്ഷ നടത്തുകയും അതുമായി ബന്ധപ്പെട്ട് ഇരുപതോളം വിദ്യാർഥികൾ ജീവനൊടുക്കുകയും ചെയ്തതിനെ തുടർന്ന് നവജാത യുവജന പ്രസ്ഥാനമായ കോക്രോച്ച് ജനതപാർട്ടി ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ഉന്നയിച്ച ആവശ്യങ്ങൾക്കു മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കിയത് രാജ്യത്തിന്റെ സമീപകാല രാഷ്ട്രീയചരിത്രത്തിലെ അസാധാരണ സംഭവമായിരുന്നു. തദടിസ്ഥാനത്തിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. അതോടൊപ്പം ഡൽഹിയിലുൾപ്പെടെ രജിസ്റ്റർ ചെയ്ത കേസുകൾ മുഴുവൻ പിൻവലിക്കാത്തതു കൊണ്ടും ഇതര ആവശ്യങ്ങൾ പൂർണമായി നടപ്പാക്കാത്തതുകൊണ്ടും ഈ മാസം അഞ്ചിന് ഡൽഹിയിൽ ബഹുജനമാർച്ച് നടത്താനായിരുന്നു സി.ജെ.പി പരിപാടി. അതിനിടയിൽ, വിദ്യാർഥികൾക്കെതിരായി ഫയൽ ചെയ്യപ്പെട്ട എഫ്.ഐ.ആറുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വന്ന ഹരജികളിൽ, ആവശ്യം അംഗീകരിക്കുന്നുവെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോടതിതന്നെ അതിനനുസൃതമായ ഉത്തരവിടുകയായിരുന്നു. ഫയൽ ചെയ്യപ്പെട്ട എഫ്.ഐ.ആറുകൾ റദ്ദാക്കുക അത്രയെളുപ്പത്തിൽ ഏകപക്ഷീയമായി എക്സിക്യൂട്ടിവ് ചെയ്തു തീർക്കേണ്ട നടപടിയല്ല. അതിൽ നീതിപീഠത്തിന്റെയും അനുമതി ആവശ്യമായി വരും എന്നതിനാൽ സുപ്രീംകോടതി തന്നെ ഭരണഘടനയുടെ ഖണ്ഡിക 142 നൽകുന്ന പ്രത്യേക അധികാരമുപയോഗിച്ച്, ഇതിനകം തയാറാക്കപ്പെട്ട എഫ്.ഐ.ആറുകൾക്ക് നിയമപ്രാബല്യമുണ്ടാവില്ല എന്നു ഉത്തരവിടുകയായിരുന്നു.
പ്രശ്നപരിഹാരത്തിനുള്ള നിർബന്ധം കൊണ്ടാണ് സുപ്രീംകോടതി ഖണ്ഡിക 142 പ്രയോഗിച്ചത്. ഒരു വിഷയത്തിൽ സമ്പൂർണനീതി നടപ്പാക്കാൻ വ്യവഹാരപ്രക്രിയ അപര്യാപ്തമാണെന്നു ബോധ്യമായാൽ മറ്റു പരിഹാരം സ്വീകരിക്കാൻ സുപ്രീംകോടതിക്കുള്ള പ്രത്യേകാധികാരമാണ് ഈ ഖണ്ഡിക. ഏറ്റവും അടുത്തായി ഈ ഖണ്ഡിക പ്രയോഗിച്ചത് ബാബരി മസ്ജിദ് കേസ് തീർപ്പാക്കാനായിരുന്നു. ഹിന്ദുത്വ കർസേവകർ 1992 ഡിസംബറിൽ അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തത് നിയമവാഴ്ചയുടെ ബീഭത്സമായ ലംഘനമായിരുന്നു എന്നുപറഞ്ഞ അഞ്ചംഗ ബെഞ്ച് തന്നെ പ്രസ്തുത ഭൂമിയിൽ ക്ഷേത്രനിർമാണത്തിന് സംവിധാനമൊരുക്കിയത് 142ന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ്.
ഈ കേസിൽ രാജ്യമഖിലം ബാധകമാവുന്ന ഉത്തരവിലൂടെ, വിവിധ സംസ്ഥാനങ്ങൾ എടുത്ത് പ്രയോഗിച്ചേക്കാവുന്ന എഫ്.ഐ.ആറുകളെ കോടതി ദുർബലപ്പെടുത്തി എന്നതാണ് ശ്രദ്ധേയം. ഒപ്പം ശ്രദ്ധിക്കേണ്ടതാണ് ബി.ജെ.പിയുടെ കേന്ദ്രസർക്കാർ തന്നെ അതിന് അനുകൂലമായി നിന്നു എന്നത്. എന്തുകൊണ്ടാണ് കേന്ദ്രം അത്തരമൊരു രാഷ്ട്രീയ തീരുമാനം എടുത്തത് എന്നത് ചിന്തനീയമാണ്. നേരത്തെതന്നെ കോക്രോച്ച് പാർട്ടിയുടെ സമരത്തിനിടയിലും കേന്ദ്രം, പ്രസ്തുത പാർട്ടിക്ക് ലഭിച്ചുവരുന്ന അഭൂതപൂർവമായ ജനപിന്തുണ ശരിയാംവിധം തിരിച്ചറിയുകയും അതിനു കൂടുതൽ വേരുകൾ ലഭിക്കാൻ അവസരം നൽകുന്നത് സ്വന്തം കാലിനടിയിൽ നിന്ന് മണ്ണൊലിച്ചുപോകാൻ ഇടവരുത്തുമെന്നതിനാൽ അത് തടയാൻ പര്യാപ്തമായ വിട്ടുവീഴ്ച ചെയ്യുന്നതുമാണ് കണ്ടത്. അതാണ് മന്ത്രിസഭയിലെ പ്രധാനിയും ആർ.എസ്.എസ് പശ്ചാത്തലമുള്ളയാളുമായ ധർമേന്ദ്ര പ്രധാനെ ബലികൊടുത്തതും, തങ്ങൾ മുട്ടുമടക്കി എന്ന ധാരണ ഉണ്ടായാലും സാരമില്ല എന്ന മട്ടിൽ പ്രശ്നം അവസാനിപ്പിച്ചതും.
പരമോന്നത കോടതി തീരുമാനമനുസരിച്ച് ഡൽഹി പൊലീസും മഹാരാഷ്ട്ര, അസം, ബിഹാർ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളും ജൂലൈ 20-25 തീയതികളിൽ പ്രതിഷേധ പരിപാടികൾക്കിടെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാവും. മറ്റേതെങ്കിലും സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ തുടർ നടപടികളോ കൂടുതൽ അന്വേഷണങ്ങളോ ഇല്ലാതെ അവസാനിപ്പിക്കും-ശാരീരിക ഉപദ്രവമോ സ്വത്ത് നശിപ്പിക്കലോ ഉൾപ്പെട്ട കേസുകൾ ഒഴികെ. നഷ്ടപരിഹാര സംബന്ധമായി മൂന്നു മാസത്തിനകം ഒരു അഖിലേന്ത്യാനയം രൂപവത്കരിച്ച് സംസ്ഥാനങ്ങൾക്കും നടപ്പിലാക്കേണ്ട അധികാരികൾക്കും കേന്ദ്ര സർക്കാർ അയച്ചുകൊടുക്കണം. അത് കഴിഞ്ഞയുടൻ, ഈ വർഷത്തെ നീറ്റ് പരീക്ഷയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക നൽകണം. സെപ്റ്റംബർ അഞ്ചിന്റെ ഇന്ത്യാ ഗേറ്റിലേക്കുള്ള പ്രതിഷേധ മാർച്ച് പിൻവലിച്ചതായുള്ള സി.ജെ.പി സഹ കൺവീനർ സൗരവ് ദാസിന്റെ പ്രസ്താവനയും കോടതി രേഖപ്പെടുത്തിയതോടു കൂടിയാണ് തൽക്കാലം സമരപരിപാടികൾ പിൻവലിക്കപ്പെട്ടതായി തീരുമാനമായത്.
പാറ്റകൾ എന്ന സി.ജെ.പിയുടെ സമരവും തന്ത്രവും ഒരിക്കൽകൂടി വിജയിച്ചുനിൽക്കുന്ന കാഴ്ചയാണ് ഡൽഹിയിൽ കണ്ടത്. വിഭജന രാഷ്ട്രീയത്തിന്റെയും വർഗീയ ധ്രുവീകരണത്തിന്റെയും പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പുകൾ ജയിക്കുകയും, വേണ്ടത്ര ഒന്നിക്കാത്ത പ്രതിപക്ഷത്തെ മാത്രം മുന്നിൽ കാണുകയും ചെയ്യുന്ന ബി.ജെ.പി മുന്നണിക്ക് ഇതുവരെ നേരിടേണ്ടിവന്നിട്ടില്ലാത്ത ഒന്നാണ് പ്രശ്നാധിഷ്ഠിതമായ പ്രതിഷേധത്തിന്റെ ശക്തിയും ഇരകളിൽ നിന്നുയർന്നുവന്ന യുവ ക്ഷോഭവും. ജനങ്ങളെ വൈകാരിക വിഷയങ്ങളിൽ തളച്ചിട്ടും സാമ്പത്തിക വളർച്ചയുടെയും വികസന അടയാളങ്ങളുടെയും പൊള്ളയായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചും യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രം ഇക്കാര്യത്തിൽ വിലപ്പോവില്ല എന്നതും ഭരണകൂടം മനസ്സിലാക്കിയിരിക്കുന്നു. പക്ഷേ, നീറ്റ് വിഷയത്തിൽതന്നെ യഥാർഥ കുറ്റവാളികളെ പിടികൂടാൻ ആത്മാർഥശ്രമം നടത്തുന്നതിനുപകരം അമ്പതോളം ഉദ്യോഗസ്ഥരെ പുറത്താക്കി കണ്ണിൽ പൊടിയിടാൻ നടത്തിയ ശ്രമവും ഫലിക്കാതെ, കാതലായ നടപടികളിലേക്ക് സർക്കാറിനെ നിർബന്ധിച്ചു സി.ജെ.പി സമരം. ജനകീയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ ജനാധിപത്യരീതിയിൽ തന്നെ നേരിട്ട് നിർബന്ധിക്കാൻ കഴിയുമെന്ന ഒരു വലിയ പാഠം അവശേഷിപ്പിച്ചുകൊണ്ടാണ് ചൊവ്വാഴ്ച സി.ജെ.പി സമരത്തിന് താൽക്കാലിക വിരാമമുണ്ടായതെന്നു പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.