വെറുതെ ഒരു വാചാടോപം
വൈവിധ്യം പ്രകൃതിനിയമമാണെന്ന സത്യം ഏറ്റുപറയുന്ന ഭാഗവത്, പക്ഷേ, വൈവിധ്യങ്ങളെ തച്ചുടച്ച് ഭാഷ മുതൽ ഭക്ഷണം വരെ സകലതിലും ഹിന്ദുത്വയുടെ ഒറ്റ വാർപ്പ് സംസ്കാരം അടിച്ചേൽപിക്കുന്നതിനെ തള്ളിപ്പറയുമോ?
അമേരിക്ക പര്യടനത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ സംഘടിപ്പിച്ച ‘ഏകലോകം, ഏക മാനവത’ സമ്മേളനത്തിൽ ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവത് നടത്തിയ പ്രസംഗം വലിയ ചർച്ചകൾക്കു വിധേയമായി. രാജ്യത്ത് സംഘ്പരിവാർ സംഘടനകൾ അക്രമാസക്തമായ ശിഥിലീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുമ്പോൾ, അകലെ അമേരിക്കയിൽ മാനവികതയെയും ഐക്യത്തെയും കുറിച്ചു വാചാലനായ ഭാഗവത് ഇതര സമുദായങ്ങളെ ഉൾക്കൊള്ളാത്ത ഹിന്ദുത്വർക്ക് വാചാഭ്രഷ്ട് കൽപിക്കുക വരെ ചെയ്തുകളഞ്ഞു. ‘അമേരിക്കൻ ഹിന്ദൂസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ്’ എന്ന ബാനറിൽ ന്യൂയോർക്ക് മാഡിസൺ സ്ക്വയർ ഗാർഡനിലെ ഇൻഫോസിസ് തിയറ്ററിൽ അയ്യായിരത്തോളം ഇന്ത്യൻപ്രവാസികളെ അഭിസംബോധന ചെയ്തായിരുന്നു ആർ.എസ്.എസ് സുപ്രീമോയുടെ മാനവികതയുടെ സുവിശേഷം. ഹിന്ദുത്വ ആരെയും പുറന്തള്ളുന്ന തത്ത്വശാസ്ത്രമല്ല. ഭാരതത്തിൽ മുസ്‍ലിമിനെ പൊറുപ്പിക്കാനാവില്ലെന്ന് ഒരു ഹിന്ദു വിശ്വസിക്കുന്നെങ്കിൽ അയാൾ ഹിന്ദുവല്ല...സംവാദവും സേവനവുമായി ഞങ്ങൾ ആർ.എസ്.എസ് അടിവെച്ചു മുന്നേറുകയാണ്. ക്രൈസ്തവരും മുസ്‍ലിംകളുമായി 2018നു ശേഷം ഞങ്ങൾ സംഭാഷണം ആരംഭിച്ചിട്ടുണ്ട്. മതങ്ങൾ ഭിന്നമാകാമെങ്കിലും മാനവത ഒന്നാണ്. നാനാത്വം ഏകതക്ക് അലങ്കാരമാണ്. അത് പ്രകൃതിനിയമമാണ് -അങ്ങനെ പോകുന്നു ഭാഗവതിന്റെ പ്രഘോഷണം. സർസംഘ് ചാലകിന്റെ വിശാലവീക്ഷണം എന്ന പൊലിമയോടെയാണ് സംഘ്പരിവാറിന്റെ മടിശ്ശീല മാധ്യമങ്ങൾ പ്രഭാഷണം റിപ്പോർട്ട് ചെയ്തത്. എന്നാൽ, തരംപോലെ അവസരവാദം കളിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ തൽസ്വരൂപമാണ് ഭാഗവതും എന്നതിനു തെളിവാണ് പ്രഭാഷണമെന്നാണ് പ്രതിയോഗികളുടെ വിമർശനം. ഇന്ത്യയിൽ ആർ.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ബി.ജെ.പി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഭരണത്തിന്റെ സർവാധികാരവും ന്യൂനപക്ഷവിരുദ്ധ നിയമനിർമാണങ്ങൾക്കും നിർമൂലനപ്രവൃത്തികൾക്കും പ്രയോഗിച്ചുകൊണ്ടിരിക്കെ, അവരുടെ പരമാചാര്യൻ അമേരിക്കയിൽ മനുഷ്യത്വഗാഥ പാടുന്നതിലെ വൈരുധ്യമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
വാസ്തവത്തിൽ ആർ.എസ്.എസിന്റെ സഹജദൗർബല്യങ്ങളെല്ലാം വെളിപ്പെടുത്തുന്നുണ്ട് ഭാഗവതിന്റെ പ്രഭാഷണം. രൂപംകൊണ്ടതു മുതൽ ഇന്നുവരെ ഏതുതരം പ്രവർത്തനങ്ങളാണ് ആർ.എസ്.എസ് നടത്തിവരുന്നത് എന്നറിയാത്തവരല്ല മാലോകർ. രാജ്യത്ത് ഇന്നോളം നടന്ന വർഗീയകലാപങ്ങളിൽ സംഘടന വഹിച്ച പങ്ക് എല്ലാ അന്വേഷണ റിപ്പോർട്ടുകളും എടുത്തുപറഞ്ഞതാണ്. പരിവാറിന്റെ രാഷ്ട്രീയമുഖമായ ബി.ജെ.പി 2014ൽ അധികാരമേറിയ ശേഷം കേന്ദ്രത്തിലും, ഭരണത്തിലിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലും മുസ്‍ലിംകളും ക്രൈസ്തവരുമടക്കം ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിവരുന്ന വിദ്വേഷ വിദ്രോഹപ്രവർത്തനങ്ങൾ പരക്കെ വിമർശിക്കപ്പെടുന്നതാണ്. ന്യൂനപക്ഷ ജീവിതം ദുസ്സഹമാക്കുന്ന നിയമനിർമാണങ്ങൾ, അവരെ തിരഞ്ഞുപിടിച്ച് നിയമത്തിന്റെ പഴുതുകളുപയോഗിച്ച് നടത്തുന്ന ബുൾഡോസർ രാജ്, ഏറ്റുമുട്ടൽ കൊല, വിവിധ പോഷകസംഘങ്ങൾ നടത്തുന്ന ആൾക്കൂട്ടക്കൊല, നിയമം കൈയിലെടുത്ത് ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും നശിപ്പിക്കുന്ന വ്യവസ്ഥാപിത അതിക്രമങ്ങൾ എല്ലാം സംഘ് പരിവാറിന്റെ ഉള്ളിലിരിപ്പും കൈയിലിരിപ്പും തെളിയിച്ചുകാണിക്കുന്നുണ്ട്. ഇത്തരം മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിനകത്തും പുറത്തും സംഘ്പരിവാറിന് കൈവന്ന പ്രതിച്ഛായ എന്തെന്നു വ്യക്തമാക്കുന്നതാണ് ഭാഗവതിന്റെ യു.എസ് പര്യടനത്തിനെതിരെ ഉയർന്ന പ്രതിഷേധം. ആർ.എസ്.എസിന്റെ മാനവിക വിരുദ്ധ പ്രവർത്തന രീതി എടുത്തുപറഞ്ഞ് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിതന്നെ രംഗത്തുവന്നു. പരിപാടി നടന്ന വേദിക്കു പുറത്തും വലിയ പ്രതിഷേധങ്ങളുയർന്നു. ഈ പശ്ചാത്തലത്തിൽകൂടി വേണം ഏകതയും മാനവികതയും വിളംബരം ചെയ്ത ഭാഗവതിന്റെ പ്രഭാഷണം വിലയിരുത്താൻ.
സംഘ്പരിവാറിന്റെ സങ്കുചിതവീക്ഷണവും അറിയാതെ പുറത്തുവരുന്നുണ്ട് പ്രഭാഷണത്തിൽ. സേവനവും സംവാദവുമാണ് സംഘ് മുഖമുദ്ര എന്നു സ്ഥാപിക്കാനാണ് ഭാഗവത് ശ്രമിച്ചത്. സേവനത്തിന് ഉദാഹരിച്ചത് 1996 നവംബറിൽ ഹരിയാനയിലെ ദാദ്രിയിൽ സൗദി, കസാഖ് വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നുവീണപ്പോൾ ആർ.എസ്.എസ് നടത്തിയ സന്നദ്ധപ്രവർത്തനമാണ്. രണ്ട് അറബ് രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളിൽ എല്ലാം മുസ്‍ലിംകളായിരുന്നിട്ടും (കസാഖ്സ്താൻ അറബ് രാജ്യമോ അല്ലേ, അറബി എല്ലാം മുസ്‍ലിമോ അല്ലേ എന്നതിലൊന്നും ഭാഗവതിന് സംശയമില്ല) രക്ഷാപ്രവർത്തനത്തിനും ശേഷക്രിയകൾക്കും മുന്നിട്ടിറങ്ങിയതാണ് ആർ.എസ്.എസിന്റെ സേവന മുഖമായി അവതരിപ്പിച്ചത്. എന്നാൽ, ദാദ്രി എന്നു കേൾക്കുമ്പോൾ ലോകത്തിന് ഓർമവരുക 26 വർഷം മുമ്പു നടന്ന വിമാന ദുരന്തമല്ല, 11 കൊല്ലം മുമ്പ് മുഹമ്മദ് അഖ്‍ലാഖ് എന്ന 50കാരനെ വീട്ടിലെ ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചെന്ന ആരോപണമുന്നയിച്ച് ഹിന്ദുത്വർ തല്ലിക്കൊന്ന സംഭവമാണ്. യു.പിയിലെ ബി.ജെ.പി ഗവൺമെന്റ് പ്രതികളെ കുറ്റമുക്തരാക്കാനാണ് തിടുക്കപ്പെട്ടത്. ആഗോള പൗരാവകാശ വേദികളെല്ലാം അപലപിച്ച അന്നു തുടങ്ങിവെച്ച ആൾക്കൂട്ടക്കൊലയുടെ അപരാധം മറച്ചാണ് ഭാഗവത് വാചാലനായത്. മുസ്‍ലിം ക്രൈസ്തവ വിഭാഗങ്ങളുമായി സംവാദം നടത്തുന്ന കാര്യവും പരാമർശിച്ചു. എന്നാൽ, ഈ സംവാദങ്ങൾക്കിടയിൽതന്നെ സംഘ് ഭരണകൂടങ്ങൾ ന്യൂനപക്ഷ വിരുദ്ധ വിധ്വംസക പരിപാടികൾ തുടരുന്നു. സംഘ് പ്രവർത്തകർ അതിക്രമങ്ങളിൽ മുന്നോട്ടുപോകുന്നു. ബി.ജെ.പി ഗവൺമെന്റുകൾ എല്ലാ പിന്തുണയും നൽകുന്നു. ഹിന്ദുവിന് ഒരിക്കലും മുസ്‍ലിംകളെ പുറന്തള്ളാനാവില്ല എന്നു ഭാഗവത്. മുസ്‍ലിംകളെയും ക്രൈസ്തവരെയും അതിക്രമത്തിനിരയാക്കുന്ന ഹിന്ദുത്വർ ഹിന്ദുവല്ല എന്നാണ് അതിനർഥം. വൈവിധ്യം പ്രകൃതിനിയമമാണെന്ന സത്യം ഏറ്റുപറയുന്ന ഭാഗവത്, പക്ഷേ, വൈവിധ്യങ്ങളെ തച്ചുടച്ച് ഭാഷ മുതൽ ഭക്ഷണം വരെ സകലതിലും ഹിന്ദുത്വയുടെ ഒറ്റ വാർപ്പ് സംസ്കാരം അടിച്ചേൽപിക്കുന്നതിനെ തള്ളിപ്പറയുമോ? മുസ്‍ലിം, ക്രൈസ്തവാദി ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുമെന്ന ഉദാരത പ്രകടിപ്പിക്കുന്ന സർ സംഘ് ചാലക് ഈ രാജ്യം കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ച എല്ലാ വിഭാഗങ്ങൾക്കും ഈ നാട്ടിലുള്ള തുല്യ ഉടമാവകാശം അംഗീകരിക്കുമോ? അതിനൊന്നും ആർ.എസ്.എസോ, സർസംഘ് ചാലകോ തയാറാവില്ലെന്നതിന് അവരുടെ ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രവും അതിനനുസൃതമായി അവർ നടത്തിവരുന്ന ധ്രുവീകരണ പരിപാടികളുംതന്നെ തെളിവ്.
അതുകൊണ്ട്, ഭാഗവതിന്റെ പ്രസ്താവനയെ അവസരവാദമായി കാണാനേ കഴിയൂ. കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞതുപോലെ, നൂറു കൊല്ലം കഴിഞ്ഞിട്ടും രജിസ്റ്റർ ചെയ്യാതെ പ്രവർത്തിച്ചുവരുന്ന സംഘടന അമേരിക്ക, കാനഡ, ബ്രിട്ടൻ പ്രവാസികളിൽനിന്നു പണപ്പിരിവ് ലക്ഷ്യമിട്ടു നടത്തുന്ന പരിപാടിയായി ഇതിനെ കണ്ടാൽ മതി. ഇന്ത്യയിൽ ഹിന്ദു രാഷ്ട്രത്തിനു വേണ്ടി വാദിക്കുന്നവർ അമേരിക്കയിൽ വിശ്വമാനവികത പറയുന്നതിനു പിന്നിൽ അർഥ വിചാരത്തിൽ കവിഞ്ഞൊന്നുമില്ല. ഭാഗവതിന്റെ മാനവിക പ്രഭാഷണത്തിനു ശേഷവും ആർ.എസ്.എസും ഹിന്ദുത്വപരിവാറും തൽസ്ഥിതി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.