ഇറാനെതിരെ ഇസ്രായേലും അമേരിക്കയും തുടങ്ങിയ യുദ്ധം, ഭയപ്പെട്ടതുപോലെ, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ട് തുടരുകയാണ്. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കും മിസൈൽ സംവിധാനങ്ങൾക്കും ക്ഷതമേൽപിച്ച യു.എസ്-ഇസ്രായേലി പക്ഷം അന്നാട്ടിലെ പ്രഥമനേതൃനിരയെയും ഏറക്കുറെ ഇല്ലാതാക്കി. തിരിച്ചടിയായി ഇസ്രായേലിലേക്കും യു.എസ് സൈനിക കേന്ദ്രങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാൻ ശക്തമായ കടന്നാക്രമണം നടത്തി. യു.എസ് കേന്ദ്രങ്ങൾ ഉള്ള ഗൾഫ് രാജ്യങ്ങളിലേക്കും, ലബനാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഇതിനകം വ്യാപിച്ചിട്ടുള്ള യുദ്ധം ആഗോള സാമ്പത്തിക ഊർജ മേഖലകളിൽ വൻ ആഘാതം ഏൽപിച്ചുകൊണ്ടിരിക്കുന്നു.
ഇസ്രായേലും അമേരിക്കയും തുടങ്ങിവെച്ച യുദ്ധം ഫലത്തിൽ ലോകത്തിനെതിരായുള്ളതാണെന്ന വസ്തുത ഇന്ന് ആർക്കും നിഷേധിക്കാനാകില്ല. കനത്ത ആൾനാശവും സ്വത്തുനാശവും മാത്രമല്ല അതുണ്ടാക്കുന്നത്; അന്താരാഷ്ട്ര സഞ്ചാരത്തെയും ചരക്കുനീക്കത്തെയും അത് ബാധിച്ചിട്ടുണ്ട്. യുദ്ധക്കുറ്റങ്ങളും കൂടക്കൂടെ അരങ്ങേറുന്നു. ഇറാൻ സ്‌കൂളിൽ അമേരിക്ക നടത്തിയ ടോമഹോക് മിസൈലാക്രമണങ്ങൾ 170ലധികം കുട്ടികളെയും കൊന്നു. പുതിയ അഭയാർഥിക്കൂട്ടങ്ങൾ രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്. യുദ്ധനിയമങ്ങളോ അന്താരാഷ്ട്ര മര്യാദയോ പാലിക്കാത്ത വിനാശകരമായ ഈ യുദ്ധത്തിന് ലോകം വർഷങ്ങളോളം വിലയൊടുക്കേണ്ടിവരും എന്ന് ഉറപ്പായിക്കഴിഞ്ഞു.
ഗസ്സ വംശഹത്യയോടെ ലോകം തിരിച്ചറിഞ്ഞ ഒരു കാര്യം, നിയമങ്ങളോ മനുഷ്യത്വമോ അന്താരാഷ്ട്ര സ്ഥാപനങ്ങളോ ആക്രമികളെ തടയാൻ പര്യാപ്തമാകുന്നില്ല എന്നതാണ്. തന്നെയുമല്ല, അതെല്ലാം തടസ്സവും അസൗകര്യവുമാണെന്ന നിലപാടോടെ അമ്പരപ്പിക്കുന്ന ക്രൂരതയാണ് ഈ ആക്രമി ഭരണകൂടങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ യുദ്ധം ട്രംപ് തുടങ്ങിയത് ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ അനുമതി ഇല്ലാതെയാണ്. ഐക്യരാഷ്ട്രസഭയെ തകർക്കാനായി ‘ഗസ്സ പീസ് ബോർഡ്’ എന്നൊരു പുതിയ സംവിധാനം സ്ഥാപിച്ച യു.എസ് പ്രസിഡന്റ് ഈയിടെ നടത്തിയ പ്രസ്താവനകൾ യുദ്ധക്കുറ്റങ്ങളെപ്പോലും ന്യായീകരിക്കുന്നതാണ്.
നമ്മുടെ ക്ഷണപ്രകാരം എത്തി നാവികാഭ്യാസത്തിൽ പങ്കെടുത്ത ഇറാനിയൻ കപ്പലിനെ അങ്ങ് യുദ്ധമുഖത്തുനിന്ന് രണ്ടായിരത്തിലേറെ മൈൽ ദൂരെ ഇങ്ങ് ശ്രീലങ്കക്ക് സമീപമുള്ള കടലിൽ വെച്ച് ആക്രമണം നടത്തിയതിനെയും കപ്പലിൽ ഉണ്ടായിരുന്നവരെ കൊല ചെയ്തതിനെയും അദ്ദേഹം ന്യായീകരിച്ചു. അതിനുമപ്പുറം, കൊല്ലപ്പെട്ടവരെ പരിഹസിച്ച് രസിക്കുകയും ചെയ്തു. ആയുധം ഒന്നുമില്ലാതിരുന്ന കപ്പലിനെ ഒരു പ്രകോപനവും ഇല്ലാതെ തകർത്ത്, നൂറിനടുത്ത് ആളുകളെ വെറുതെ കൊന്നുകളഞ്ഞത് യുദ്ധക്കുറ്റത്തിൽ കുറഞ്ഞ ഒന്നുമല്ല. യുദ്ധത്തിൽ കപ്പൽ തകർക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽപോലും അതിലുള്ള ആളുകളെ രക്ഷിക്കുക എന്നതാണ് ജനീവ കരാർ പ്രകാരമുള്ള നിയമവും കീഴ്വഴക്കവും. ഇവിടെ അതല്ല ചെയ്തത്. ഇസ്രായേലിനും അമേരിക്കക്കും അന്താരാഷ്ട്ര നിയമങ്ങൾ ബാധകമല്ലാതായിരിക്കുന്നു. അവർ സ്കൂളുകൾക്കും ആശുപത്രികൾക്കും ജനവാസമേഖലകൾക്കും കപ്പലുകൾക്കും ഒക്കെ ബോംബിട്ട് ലോകത്തെയാണ് വെല്ലുവിളിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് സൂക്ഷ്മതയും ഒപ്പം സക്രിയതയും പുലർത്തേണ്ട സമയമാണെന്നതിൽ തർക്കമില്ല. അതുകൊണ്ട് പ്രായോഗികതയുടെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടുതന്നെ, സ്വന്തം താൽപര്യങ്ങൾക്കും മേഖലയുടെ താൽപര്യങ്ങൾക്കും ലോക സമാധാനത്തിനും വേണ്ടി കുറേക്കൂടി നേതൃത്വപരമായ പങ്കുവഹിക്കാൻ നമുക്ക് കഴിയണം. അതിന് അമേരിക്കയുടെ സമ്മർദങ്ങളെ ചെറുക്കാൻ സാധിക്കേണ്ടതുണ്ട്. നാം ഇന്ന് ബ്രിക്സ് കൂട്ടായ്മയുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിൽ നാം പരസ്യ നിലപാട് എടുക്കേണ്ടതില്ല എന്ന വാദം അംഗീകരിച്ചാൽപോലും അമേരിക്കയുടെ തുറന്ന യുദ്ധക്കുറ്റങ്ങൾ അങ്ങനെത്തന്നെ കാണാൻ നമുക്കാവണം. ഇറാൻ കപ്പൽ തകർക്കപ്പെട്ട സംഭവംതന്നെ ഉദാഹരണം.
ഇന്ത്യൻ സമുദ്രത്തിന്റെ രക്ഷാകർത്താവ് എന്ന പദവി സ്വയം അണിഞ്ഞിട്ടുള്ള നാം അവിടെ ഒരു കപ്പലിനെ തകർത്ത സംഭവം കണ്ടില്ലെന്ന് നടിച്ചുകളഞ്ഞെന്ന ആരോപണം അവഗണിക്കാനാവില്ല. ആ ആക്രമണത്തെ അപലപിക്കുന്നത് പോകട്ടെ, അതിനോട് വിയോജിപ്പ് രേഖപ്പെടുത്താൻപോലും നമുക്ക് കഴിഞ്ഞില്ല. ഇറാനിലെ ഛാബഹാർ തുറമുഖത്തിനെതിരായ അമേരിക്കൻ ഉപരോധം അടുത്തമാസം കഴിഞ്ഞാൽ ഇന്ത്യക്ക് പ്രശ്നമാകാം. മറുപുറത്ത്, ഇറാൻ ഇന്ത്യയോട് താൽപര്യം പ്രകടമാക്കുന്ന സന്ദർഭമാണിത്. ഒരു ഇറാൻ കപ്പലിന് നാം മാനുഷിക പരിഗണന വെച്ച് കൊച്ചിയിൽ അഭയം നൽകിയതിൽ ഇറാൻ അംബാസഡർ കഴിഞ്ഞ ദിവസം നന്ദി അറിയിച്ചു. ഇന്ത്യൻ കപ്പലുകളെ പാചകവാതകവുമായി സഞ്ചരിക്കാൻ ഇറാൻ അനുവദിക്കുകയും ചെയ്തു.
ഈ സമയത്തുതന്നെയാണ് അമേരിക്ക നമുക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ ബ്രിക്സ് കൂട്ടായ്മയുടെ നായകത്വം നമ്മിൽ ചില ഉത്തരവാദിത്തങ്ങൾ ഏൽപിക്കുന്നുണ്ട്. ഇക്കൊല്ലം ബ്രിക്സ് അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുത്തത് ആഘോഷപൂർവമായിരുന്നല്ലോ. അമേരിക്ക തുടങ്ങിയ യുദ്ധം ആ രംഗത്തും പ്രത്യാഘാതം ഉണ്ടാക്കുന്നു. രണ്ടു വർഷം മുമ്പ് അംഗമായ ഇറാൻ ഈ കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷരാജ്യം എന്ന നിലക്ക് ഇന്ത്യക്ക് മുമ്പാകെ ചില ആവശ്യങ്ങൾ വെച്ചിട്ടുണ്ട്.യു.എസ്-ഇസ്രായേലി ആക്രമണങ്ങളെ അപലപിക്കുക, പശ്ചിമേഷ്യയിൽ ശാന്തിയും സുസ്ഥിരതയും സുരക്ഷിതത്വവും കൈവരിക്കുന്നതിന് ശക്തമായ പങ്കുവഹിക്കുക,ഊർജവിതരണത്തിലും ചരക്കുനീക്കത്തിലും ഉണ്ടാകാവുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിൽ ബ്രിക്സ് മുൻകൈയെടുക്കുക തുടങ്ങിയവയാണ് അത്. ബ്രിക്സിൽതന്നെ എതിർശബ്ദങ്ങൾ ഉണ്ടായിരിക്കെ ഇത് എളുപ്പമല്ലെങ്കിലും ആ വേദി കുറച്ചുകൂടി ഫലപ്രദമാക്കി മാറ്റാൻ നമുക്ക് കഴിയേണ്ടതുണ്ട്. ആഗോള എണ്ണ വ്യാപാരം ഡോളർ മുക്തമാക്കണം എന്ന നിർദേശവും അവഗണിക്കേണ്ടതല്ല. ഏത് നിലക്കും നമുക്ക് നിഷ്ക്രിയരായിരിക്കുന്നതിന് ന്യായങ്ങൾ കുറവാണ്. സമാധാനത്തിനായി നേതൃത്വപരമായ പങ്ക് നിർവഹിക്കാൻ പറ്റിയ സന്ദർഭമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.