ഇത്തവണ കാലവർഷം ആരംഭിച്ചശേഷം പ്രതീക്ഷിത മഴയിൽ പകുതിപോലും ലഭിക്കാത്തതിൽ വേവലാതിപ്പെടുകയായിരുന്നു നാം കേരളീയർ. എൻനിനോ പ്രതിഭാസമാണ് കാരണമെന്ന് അതേപ്പറ്റി വിവരമുള്ളവർ വിശദീകരിച്ചു; ഇതിന്റെ പ്രത്യാഘാതങ്ങൾ നീണ്ടുനിൽക്കുമെന്ന മുന്നറിയിപ്പും അവർ നൽകി. സ്വാഭാവികമായും നാം നിരാശരായി, ദുർബലമായെങ്കിലും പെയ്യുന്ന മഴയിൽ ആശ്വാസം കണ്ടെത്തിയിരിക്കെയാണ് ആഗസ്റ്റ് ഒന്നുമുതൽ മാനം കറുത്തു, മഴ തിമിർത്തുപെയ്യാൻ തുടങ്ങിയത്. പക്ഷേ, അനാവൃഷ്ടിപോലെ അതിവൃഷ്ടിയും അതിന്റേതായ കെടുതികൾ സൃഷ്ടിക്കുമെന്ന് കഴിഞ്ഞകാലത്തെ അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചതാണ്. ഇത്തവണ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെ. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധികമഴ. 55.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 184.2 മില്ലിമീറ്റർ ലഭിച്ചപ്പോൾ അതിന്റേതായ പ്രത്യാഘാതങ്ങളും പിന്നാലെയെത്തി. പത്തനംതിട്ട ജില്ലയാണ് മഴക്കെടുതികൾ കൂടുതൽ അനുഭവിക്കേണ്ടിവന്നിരിക്കുന്നത്. 533 ശതമാനം അധികമഴ പെയ്താൽ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മിന്നൽ പ്രളയത്തിൽ ജനജീവിതം താളംതെറ്റിയെന്ന് പറയേണ്ടതില്ല. അച്ചൻകോവിലാറും മണിമലയാറും കവിഞ്ഞൊഴുകുമ്പോൾ റാന്നിയിലും തിരുവല്ലയിലും പരിസരങ്ങളിലും ജനജീവിതമാകെ ഗുരുതരമായ സാഹചര്യം നേരിടുകയാണ്. ഒറ്റനില മാത്രമുള്ള നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്ടുകിടക്കുന്നു; ഇരുനില ഭവനങ്ങളിൽ താമസിക്കുന്നവർ മുകൾ മുറികളിൽ അഭയംതേടുന്നു. സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കാനും ദുരിതാശ്വാസ നടപടികൾ ചടുലമാക്കാനുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നേരിട്ടെത്തി ആശ്വാസ നടപടികൾക്ക് നേതൃത്വം നൽകുകയാണ് ഇതെഴുതുമ്പോൾ.
പത്തനംതിട്ടയോളം ഗുരുതരമല്ലെങ്കിലും മറ്റു ജില്ലകളിലും തീവ്രമഴയുടെ ദുരിതങ്ങൾ പലവിധത്തിലും ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കോട്ടയം ജില്ലയിൽ മീനച്ചിലാറിന്റെ തീരത്തുള്ള പട്ടണമായ ഈരാറ്റുപേട്ട അതിന്റെ ചരിത്രത്തിലെ വലിയ പ്രളയത്തിനാണ് സാക്ഷിയായത്. ഉരുൾജലം പൊടുന്നനെ ഒഴുകിയെത്തിയതോടെ വീടുകളും കച്ചവട സ്ഥാപനങ്ങളുമെല്ലാം വെള്ളത്തിലാണ്ടു. കച്ചവട സ്ഥാപനങ്ങൾക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ സന്ദർഭത്തിനൊത്തുയർന്ന് സത്വര പ്രതിരോധ-പരിഹാര നടപടികളെടുക്കുന്നുണ്ടെന്ന് സമ്മതിക്കുമ്പോൾതന്നെ വർഷാവർഷങ്ങളിൽ ആവർത്തിക്കുന്ന ഈ മഴക്കാല നാശനഷ്ടങ്ങളും ദുരിതങ്ങളും നമുക്കിനിയും ശാസ്ത്രീയമായും കാര്യക്ഷമമായും പ്രതിരോധിക്കാനും പരമാവധി കുറക്കാനും സാധ്യമാവുന്നില്ലെന്നത് സഗൗരവം പുനർവിചിന്തനത്തിന് നിമിത്തമാവേണ്ടതാണ്. പ്രളയബാധിതരെ താൽക്കാലികമായി അധിവസിപ്പിക്കൽ, ദുരിതബാധിതർക്ക് ആഹാരത്തിനും അന്തിയുറങ്ങുന്നതിനുമുള്ള സാമഗ്രികളെത്തിക്കൽ, അപകടത്തിലകപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ പരമാവധി ത്വരിതപ്പെടുത്തൽ, വീടുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടവർക്ക് ധനസഹായം തുടങ്ങി പതിവ് സമാശ്വാസ പുനരധിവാസ സേവനങ്ങളാണ് സർക്കാറുകൾ ചെയ്യാറുള്ളത്. അധികാരത്തിലിരിക്കുന്നവർ പ്രളയക്കെടുതികളെ ദ്രുതഗതിയിൽ ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്തു എന്നവകാശപ്പെടുമ്പോൾ പ്രതിപക്ഷത്തിരിക്കുന്നവർ വീഴ്ചകളും പാളിച്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടി അവരുടെ റോളും നിർവഹിക്കുന്ന പതിവുകാഴ്ച ഇത്തവണയും അതേ കഥ ആവർത്തിക്കുന്നത് നാം കാണുന്നു. അതിലപ്പുറം ഭരണ-പ്രതിപക്ഷ വ്യത്യാസമോ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലെ അധികാരതർക്കമോ കൂടാതെ വർഷംതോറും ആവർത്തിക്കുന്ന പ്രളയസമസ്യക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിയാതെപോവുന്നത് പൊതുവായ നിരുത്തരവാദിത്തവും അലംഭാവവും തന്നെയല്ലേ. 2028, 19 വർഷങ്ങളിൽ കേരളത്തെ പൊതുവെത്തന്നെ മുക്കിയ മഹാപ്രളയങ്ങളിൽനിന്ന് നാം ഒരു പാഠവും പഠിക്കാഞ്ഞതെന്തേ?
ഓരോ മഴക്കാലത്തും നനഞ്ഞുകുതിരുമ്പോൾ കാട്ടിലെ വാനരൻ പറയുമത്രെ, അടുത്തകൊല്ലം ഒരു കുടിൽ കെട്ടിയിട്ട് വേറെകാര്യം എന്ന്. പക്ഷേ, ഇന്നേവരെ കുരങ്ങൻ കുടിലുണ്ടാക്കിയിട്ടില്ല. വിശേഷബുദ്ധിയുള്ള മനുഷ്യരും അതുപോലെ ആയാൽ മതിയോ എന്നാണ് ചോദ്യം. ആറേഴ് വർഷങ്ങൾക്കുമുമ്പ് താണ്ഡവമാടിയ പ്രളയം എവിടെയെല്ലാം, എങ്ങനെയെല്ലാം ബാധിച്ചു, അതിന്റെ കാരണങ്ങളെന്ത്, ആ കാരണങ്ങൾ ഇല്ലാതാക്കാൻ വഴിയെന്ത് എന്ന് തുടങ്ങിയ ചോദ്യങ്ങൾക്കുത്തരം കാണാൻ, ശാസ്ത്രവും സാങ്കേതികജ്ഞാനവും ബഹിരാകാശത്തിനപ്പുറം വളർന്ന ഇക്കാലത്ത്, ഒട്ടേറെ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും സംഭാവനചെയ്തുകൊണ്ടിരിക്കുന്ന കേരളത്തിന് എന്തുകൊണ്ട് സാധിക്കാതെപോവുന്നു? ലോകം ഒരു ഗ്രാമംപോലെ ആയിത്തീർന്നിരിക്കുന്ന ആഗോളീകരണ യുഗത്തിൽ ഇക്കാര്യത്തിൽ നമ്മെ സഹായിക്കാൻ ദേശീയതലത്തിലും അന്തർദേശീയതലത്തിലും ആളും അർഥവും ഇല്ലെന്നാണോ? ഇക്കാര്യം കൂടി മഴമൂലം തണുത്ത മസ്തിഷ്‍കങ്ങളിൽ ആലോചനാ വിഷയമാകട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.