പാവപ്പെട്ട കർഷകർ വായ്പ തിരിച്ചടക്കാൻ അൽപമൊന്ന് വൈകിയാൽ ജപ്തി നോട്ടീസും ചെണ്ടകൊട്ടലുമായി വീട്ടുമുറ്റത്തേക്ക് ബാങ്കുകളും റവന്യൂ മേധാവികളും പാഞ്ഞെത്തുന്ന നാട്ടിലാണ് മന്ത്രിയുടെയും ഐ.എ.എസുകാരന്റെയും അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങളും കോടികളും ഒഴുക്കിക്കൊടുക്കുന്നത്
നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ കാർഷിക ആത്മഹത്യകളിൽ 2024ൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ഓരോ മണിക്കൂറിലും ശരാശരി ഒന്നിലേറെ കർഷകരും കൃഷിത്തൊഴിലാളികളുമാണ് ജീവനൊടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വിളനാശം സംഭവിക്കുന്നതും വിത്ത്-വളം വിലക്കയറ്റവും കടബാധ്യതയും മൂലം സാമ്പത്തിക തകർച്ച നേരിടുന്നതുമാണ് പലരെയും ഈ കടുംകൈക്ക് പ്രേരിപ്പിക്കുന്നത്. കവി മുരുകൻ കാട്ടാക്കട പാടിയതുപോലെ; നാമ്പുകളുണങ്ങിയ പാടത്ത് നോക്കുകുത്തിപ്പലക മാത്രം ബാക്കിയായപ്പോഴാണ്, വൈക്കോൽ മിനാരം മറഞ്ഞ വീട്ടുമുറ്റത്ത് കടത്തെയ്യങ്ങൾ ചെണ്ട കൊട്ടിയാടാൻ തുടങ്ങിയപ്പോഴാണ് അവർ കരൾ പറിച്ചെറിഞ്ഞ് മടങ്ങിപ്പോയത്.
കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്നും, സബ്‌സിഡി ലഭ്യമാക്കണമെന്നും, മഴക്കെടുതിയും കൊടുംവരൾച്ചയും മൂലം വിള നശിച്ചവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കർഷക കൂട്ടായ്മകൾ സർക്കാറുകളെ സമീപിച്ചിട്ടുണ്ട്. വിങ്ങിയ ഹൃദയവും വിണ്ടുകീറിയ കാലുകളുമായി രാജ്യതലസ്ഥാനത്തേക്കും മുംബൈ, ഭോപാൽ തുടങ്ങിയ വൻനഗരങ്ങളിലേക്കും ലോങ് മാർച്ചുകൾ നടത്തിയിട്ടുണ്ട്. അമേരിക്കയുടെയും വൻകിട കോർപറേറ്റുകളുടെയും താൽപര്യങ്ങൾക്ക് വഴങ്ങി ഇന്ത്യ ഒപ്പുവെക്കുന്ന ഇന്ത്യ-യു.എസ് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നതോടെ നമ്മുടെ കർഷകർ നേരിടേണ്ടിവരുന്ന ദുരവസ്ഥ സങ്കൽപിക്കാവുന്നതിലും അപ്പുറമായിരിക്കും. കരാർ പ്രാബല്യത്തിലാകുന്നതോടെ അമേരിക്കൻ കാർഷിക-ക്ഷീര ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് അനിയന്ത്രിതമായി ഒഴുകിയെത്തുകയും അത് നമ്മുടെ കാർഷിക മേഖലയെ കടുത്ത തകർച്ചയിലേക്ക് തള്ളിവിടുകയും ചെയ്യും.
കരാറിൽനിന്ന് ഇന്ത്യ പിന്മാറണമെന്നും കടാശ്വാസ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ‘കിസാൻ മഹാപഞ്ചായത്ത്’ നടത്തുന്നതിനായി പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും രാജ്യതലസ്ഥാനത്തേക്ക് മാർച്ച് ചെയ്ത നൂറുകണക്കിന് കർഷകരെയാണ് വൻ സുരക്ഷാ സന്നാഹമൊരുക്കി അതിർത്തിയിൽ തടഞ്ഞത്; ഡൽഹിയിൽ പ്രവേശിച്ചവരെ രാജ്ഘട്ടിൽ വെച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ആന്ധ്രപ്രദേശിൽ ഗൂഗ്ൾ ഉൾപ്പെടെയുള്ള ഐ.ടി ഭീമന്മാർക്ക് ഡേറ്റാ സെന്റർ നിർമിക്കാൻ കർഷകരുടെ ഭൂമിയാണ് പിടിച്ചെടുത്ത് നൽകുന്നത്. കൊട്പുത്‌ലി-കിഷൻഗഢ് ഗ്രീൻഫീൽഡ് എക്‌സ്പ്രസ്‌വേക്കായി കുടിയിറക്കപ്പെടുമെന്ന ആശങ്കയിൽ രാജസ്ഥാനിൽ ഒരു കർഷകൻ അടുത്തിടെ ജീവനൊടുക്കുകയുമുണ്ടായി.
രാജ്യത്തെ എല്ലാ കർഷകരോടും ഭരണകൂടം ഇതുപോലുള്ള പ്രതിലോമ-പ്രതികാര നിലപാടാണ് പുലർത്തുന്നത് എന്ന് വിചാരിച്ചിരിക്കുന്നവരെ ഞെട്ടിച്ചുകൊണ്ടാണ്, ഒരു കർഷകന് വെള്ളരി കൃഷി നടത്താൻ 99 ലക്ഷം രൂപ സബ്‌സിഡി നൽകിയെന്ന വാർത്ത ‘ദി ഇന്ത്യൻ എക്‌സ്പ്രസ്’ പത്രം പ്രസിദ്ധീകരിച്ചത്. വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറികളും പൂക്കളും കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ ദേശീയ ഹോർട്ടികൾച്ചർ ബോർഡ് നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ സബ്‌സിഡി ലഭിച്ച കർഷകന്റെ പേര് ഭഗീരഥ് ചൗധരി! കൃഷിക്ക് പുറമേ മറ്റൊരു ജോലി കൂടിയുണ്ട് ഇദ്ദേഹത്തിന്-കേന്ദ്രത്തിൽ കൃഷി-കർഷക ക്ഷേമവകുപ്പ് സഹമന്ത്രി!!
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കി ഈയിടെ കേന്ദ്രം നിയമിച്ച, മൃഗക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ നരേഷ് പാൽ ഗംഗവാറിന്റെ അമ്മ, ഭാര്യ, മകൻ എന്നിവർക്കായി അഞ്ച് വർഷത്തിനിടെ വിവിധ ഹോർട്ടികൾച്ചർ പദ്ധതികളിലൂടെ 1.16 കോടി രൂപ സബ്‌സിഡി നൽകിയിട്ടുണ്ട്! മന്ത്രിസ്ഥാനത്തിരുന്ന് സ്വന്തം മന്ത്രാലയത്തിൽ നിന്ന് സബ്‌സിഡി കൈപ്പറ്റിയത് നാട്ടുകാരറിഞ്ഞ് നാണക്കേടായതോടെ ഭഗീരഥ് ചൗധരി തുക ബാങ്കിലേക്ക് തിരിച്ചടച്ചു. എന്നാൽ, പണം തിരിച്ചടച്ചതുകൊണ്ട് മാത്രം അതിലെ ഭരണഘടനാപരവും ധാർമികവുമായ പ്രശ്നങ്ങൾ അവസാനിക്കുമോ?
ചില്ലറ സബ്‌സിഡി തുക കിട്ടാൻ പാവപ്പെട്ട കർഷകർ രേഖകളുമായി പടിക്കെട്ടുകൾ കയറിയിറങ്ങി ചെരിപ്പ് തേയുന്ന, വായ്പാ തിരിച്ചടവ് അൽപമൊന്ന് വൈകിയാൽ ജപ്തി നോട്ടീസുമായി ബാങ്കുകൾ വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തുന്ന നാട്ടിലാണ് മന്ത്രിയുടെയും ഐ.എ.എസ് ഉദ്യോഗസ്ഥന്റെയും അക്കൗണ്ടുകളിലേക്ക് കോടികൾ ഒഴുക്കിക്കൊടുക്കുന്നത്.
ഒരുവശത്ത് കടക്കെണിയിൽ പെട്ട് സ്വന്തം മണ്ണിൽ ജീവിതമവസാനിപ്പിക്കുന്ന കർഷകരും, മറുവശത്ത് ആ മണ്ണും അവർക്ക് അർഹമായ സമ്പത്തും കോർപറേറ്റുകൾക്കും സ്വന്തം ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രമുഖർക്കും വീതിച്ചുനൽകുന്ന ഭരണകൂടവും-ഇന്ത്യ എന്ന കാർഷിക രാജ്യം ഒരു ‘വെള്ളരിക്കാപ്പട്ടണ’മായി മാറിക്കൊണ്ടിരിക്കുന്ന ദയനീയ കാഴ്ചക്കാണ് ലോകമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.