വികസനത്തിനുള്ള ത്വര കൂടുകയും വ്യവസായ-വിനോദസഞ്ചാര വികസനം മാത്രം ഉന്നംവെക്കുകയും ചെയ്യുന്ന ഭരണകൂടങ്ങൾ മനുഷ്യാതിജീവനത്തിന്റെ അടിസ്ഥാനോപാധികൾ തന്നെ മറന്നുപോകുന്നു എന്ന വിമർശനം ഏറെ പഴക്കമുള്ളതാണ്.
കേരളം ഒരിക്കൽകൂടി അതിതീവ്ര മഴയെത്തുടർന്നുള്ള ദുരിതങ്ങൾ നേരിടുകയാണ്. ആഗസ്റ്റ് ഒന്നിന് ശനിയാഴ്ച തുടങ്ങിയ അതിവർഷത്തിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് ഇതെഴുതുമ്പോൾ വരെ 15 പേരുടെ ജീവൻ നഷ്ടമായി. 11000ത്തിലേറെ ആളുകൾ 316 ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ടിവന്നിരിക്കുന്നു. 323 വീടുകൾ തകർന്നുവെന്നാണ് ആദ്യ കണക്കുകൾ. ഇതിനുപുറമെ ഏഴു പേരെ കണ്ടെത്താനുമുണ്ട്. വലിയ തോതിലുള്ള ആൾനാശവും ആസ്തിനഷ്ടവും സംഭവിച്ചതോടെ സംസ്ഥാനത്തിന് അവ താങ്ങാൻ പ്രയാസമുള്ളതായി മാറി. ശക്തമായ മഴ തുടരുമെന്ന പ്രവചനമുള്ളതിനാൽ ജനമനസ്സിൽ ഭീതിയകന്നിട്ടില്ല. മുന്നനുഭവങ്ങൾ കാരണം സർക്കാർ മെഷിനറിയും ബഹുജനങ്ങളും സന്നദ്ധസംഘടനകളും അൽപംകൂടി ഉയർന്ന ജാഗ്രതയിലുണ്ട് എന്നതാണ് ഏക ആശ്വാസം. കടൽ കലികാണിക്കുകയും നദികൾ കവിഞ്ഞൊഴുകുകയും റിസർവോയറുകളിൽ ജലനിരപ്പ് ഉയരുകയും ഒപ്പം അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കുകയും ചെയ്യുമ്പോഴുള്ള വെള്ളപ്പൊക്കഭീഷണി സമീപവാസികളെ കൂടുതൽ ചകിതരാക്കുന്നു എന്നതുകൂടി കാണണം.
മഴക്കെടുതികളുടെ കാരണമെന്ത് എന്ന വിശകലനത്തേക്കാൾ പ്രസക്തം അത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കാനും പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനും സർവോപരി മരണനിരക്ക് കുറക്കാനുമെടുത്ത നടപടികളിൽ കേരളം എത്ര വിജയിച്ചു എന്നതാണ്. നാശനഷ്ടങ്ങളുടെ ഏകദേശ കണക്ക് ശരിയായി വരുന്നേ ഉണ്ടാവൂ. അതുകഴിഞ്ഞ് ഔദ്യോഗിക കണക്കുകൾ ഉണ്ടായിട്ടുവേണം യൂനിയൻ സർക്കാറിന്റെ സഹായവിഹിതം എത്രയുണ്ട് എന്ന് തിട്ടപ്പെടുത്താൻ. അതോടൊപ്പം, കേരളം യു.ഡി.എഫ് ഭരിക്കുന്നതിനാൽ പ്രതിപക്ഷത്തുള്ള എൽ.ഡി.എഫിന് അതിവർഷം കൈകാര്യം ചെയ്യുന്നതിലെ ഭരണകൂട പരാജയം ഒരുപക്ഷേ, രാഷ്ട്രീയവിഷയം കൂടിയാവാം-ദുരന്തത്തിൽ ആശ്വാസ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ സഹകരണം എപ്പോഴുമുണ്ടാവുമെന്ന പ്രതിപക്ഷ വാഗ്ദാനങ്ങൾ നിലനിൽക്കെ തന്നെ. പക്ഷേ, കേരളത്തിന്റെ ഭരണ-പ്രകൃതി മാനേജ്മെൻറ് മാതൃകയിൽ ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന ഭരണകൂടം എത്രമാത്രം ജാഗ്രത കാണിച്ചു എന്നതിലാണ് യഥാർഥ വിലയിരുത്തൽ ആവശ്യം.
അതിതീവ്ര വർഷത്തിനും വെള്ളപ്പൊക്കത്തിനുമെതിരെ പ്രതിരോധം തീർക്കുന്നതിന് പരിധിയുണ്ട്-മനുഷ്യനിർമിത ഘടകങ്ങളായ കെട്ടിടനിർമാണവും മരംമുറിയും ഭൂമി തുരന്നുള്ള തുരങ്കനിർമാണവും ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രകൃതിയിലെ ഇടപെടലുകളാണ് എന്നത് അവിടെ നിൽക്കെതന്നെ. എന്നാൽ, ദുരന്തത്തിന്റെ ആഘാതം കുറക്കാനും ദുരിതബാധിതർക്ക് ഉടനടി ആശ്വാസമെത്തിക്കാനും സർക്കാറിന് കഴിയും. കേരളത്തിന്റെ മലമ്പ്രദേശങ്ങളുടെ സ്വാഭാവിക ചരിവുള്ള ഭൂപ്രകൃതി, പാറക്കെട്ടുകളുടെ കിടപ്പ് തുടങ്ങിയവ പെട്ടെന്നുള്ള വ്യതിയാനങ്ങൾക്ക് ഇടനൽകുന്നതാണ്. അവിടെ കനത്ത മഴയുണ്ടാവുകയോ, അശാസ്ത്രീയ നിർമാണങ്ങൾ, വനനശീകരണങ്ങൾ, ഭൂമിയുടെ തെറ്റായ വിനിയോഗം തുടങ്ങിയവ നടക്കുകയോ ചെയ്‌താൽ പിന്നെ കാലവർഷത്തോടെ പലതരം ദുരന്തങ്ങൾക്കും സാധ്യതയുണ്ടാകും. ഇതിൽ ഏറ്റവും ഗുരുതരമായതാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലും. കേരളത്തിൽ ഇത് കൂടുതൽ നടക്കുന്നതായാണ് സ്ഥിതിവിവരക്കണക്കുകൾ. 2023ൽ ഐ.എസ്.ആർ.ഒയുടെ ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെൻറർ ഇറക്കിയ മണ്ണിടിച്ചിൽ അറ്റ്ലസിൽ 1998 മുതൽ 2022 വരെ ഹിമാലയ മേഖലയിലും പശ്ചിമഘട്ടത്തിലും ഉണ്ടായ മണ്ണിടിച്ചിൽ ചരിത്രം കാണിച്ചിരുന്നു. അതനുസരിച്ച് ഹിമാലയൻ മേഖലയേക്കാൾ മണ്ണിടിച്ചിൽ ഉണ്ടായത് പശ്ചിമഘട്ടത്തിലാണ്. അതിൽതന്നെ അനുപാതത്തിലും ഉയർന്ന നിലയിൽ അത് സംഭവിച്ചത് കേരളത്തിലാണ്. ഭൂപ്രകൃതിയുടെ സവിശേഷതകൾ മനുഷ്യകരങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ പറ്റില്ലെങ്കിലും അവയുടെ മേലുള്ള മനുഷ്യന്റെ ഇടപെടലുകൾ നിയന്ത്രണ വിധേയമാക്കാൻ കഴിയും. എന്നാൽ, വികസനത്തിനുള്ള ത്വര കൂടുകയും വ്യവസായ-വിനോദസഞ്ചാര വികസനം മാത്രം ഉന്നംവെക്കുകയും ചെയ്യുന്ന ഭരണകൂടങ്ങൾ മനുഷ്യാതിജീവനത്തിന്റെ അടിസ്ഥാനോപാധികൾ തന്നെ മറന്നുപോകുന്നു എന്ന വിമർശനം ഏറെ പഴക്കമുള്ളതാണ്.
വികസനത്തിന്റെ യഥാർഥ സൂചകങ്ങളിൽ ഒന്നാണ് സംഭവിക്കുന്ന ദുരന്തങ്ങളിൽ ആൾനാശം പരമാവധി ലഘൂകരിക്കാനാവുകയെന്നത്. അതിനുള്ള സംവിധാനങ്ങളുടെ കുറവ് നമ്മുടെ വ്യവസ്ഥയിലില്ല. യൂനിയൻ-സംസ്ഥാന തലത്തിൽ ഒട്ടേറെ വകുപ്പുകളും സ്ഥാപനങ്ങളും നിലവിലുണ്ട്. കാലാവസ്ഥ മുന്നറിയിപ്പ് നൽകുന്ന കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജല കമീഷൻ, കേരള ദുരന്തനിവാരണ വകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ്, സേനാവിഭാഗങ്ങൾ തുടങ്ങി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ ഏജൻസികളും ഇതിൽ ഭാഗഭാക്കാണ്. അവ തമ്മിലുള്ള ഏകോപനമാണ് ഒന്നാമത് വേണ്ടത്. അതിന്റെ ഭാഗമായി അവയെ മുഴുവൻ സമയനഷ്ടമില്ലാതെ ദുരന്തസ്ഥലങ്ങളിൽ എത്തിച്ച് പ്രവർത്തനനിരതമാക്കണം. രാഷ്ട്രീയ നേതൃത്വത്തിന്റെ സജീവ പങ്കാളിത്തത്തോടെ മാത്രമേ അത് ഫലപ്രദമാവുകയുള്ളൂ. അഥവാ സംസ്ഥാന മുഖ്യമന്ത്രിക്കാണ് ഇതിൽ ഏറ്റവും നേതൃപരമായ പങ്ക്. ഇപ്പോഴത്തെ ദുരന്തത്തിലെ രാഷ്ട്രീയം തൽക്കാലം മാറ്റിവെക്കാം. എന്നാൽ, സാങ്കേതികമായി മുൻഗണനാക്രമം പാലിച്ച് നടപടികൾ സ്വീകരിച്ചുവോ എന്നത് ഇനിയും ഓഡിറ്റ് ചെയ്യാവുന്ന കാര്യം തന്നെയാണ്. ജനകീയ പങ്കാളിത്തത്തിന്റെ കാര്യത്തിൽ കേരളത്തിന് ആരിൽനിന്നും പഠിക്കാനില്ല. പക്ഷേ, അതുംകൂടി ചേർത്തുനിർത്തി ഏകോപനത്തോടെ ദുരന്ത ലഘൂകരണം നടത്താനുള്ള പ്രവർത്തന ചട്ടക്കൂട് ഉണ്ടാക്കുക എന്നതിലായിരിക്കട്ടെ ഇനി സർക്കാറിന്റെ ശ്രദ്ധ. അതുണ്ടായാൽ ഭാവിയിലെങ്കിലും പരമാവധി ആൾനാശവും ആസ്തി നഷ്ടവും കുറച്ചുകൊണ്ടുവരാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.