പൊതുവിപണിയെ തകർക്കരുത്


സംസ്ഥാനത്ത് പൊതുവിതരണ രംഗത്ത് സർക്കാർ ഉടമസ്ഥതയിൽ ഏറെ വ്യവസ്ഥാപിതമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ അഥവാ സപ്ലൈകോ. കേരളത്തിലുടനീളമുള്ള വിൽപനശാലകൾ വഴി മിതമായ നിരക്കിൽ അവശ്യ ഭക്ഷ്യവസ്തുക്കളടക്കം വിതരണം ചെയ്യുന്ന സപ്ലൈകോ ഈ രംഗത്തെ രാജ്യത്തെ മികച്ച മാതൃകകളിലൊന്നാണ്. ‘അവശ്യസാധനങ്ങൾ ഏവർക്കും കൈയെത്തും ദൂരത്ത്’ എന്ന ഔദ്യോഗിക മുദ്രാവാക്യത്തെ അന്വർഥമാക്കും വിധം തന്നെയാണ് അമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഈ സംരംഭത്തിന്റെ പ്രവർത്തനമെന്ന് ആർക്കും സമ്മതിക്കേണ്ടിവരും.

എന്നാൽ, അടുത്തിടെയായി കാര്യങ്ങൾ വലിയ തോതിൽ മാറിമറിഞ്ഞിരിക്കുന്നു. പൊതുവിൽ വിലക്കയറ്റം രൂക്ഷമായ ഇക്കാലത്ത് പൊതുവിപണിയിൽ ക്രിയാത്മകമായി ഇടപെടേണ്ട സപ്ലൈകോക്ക് അതിന് കഴിയാതെ പോകുന്നു; എന്തിനേറെ, അവശ്യ ഭക്ഷ്യസാധനങ്ങൾപോലും ലഭ്യമല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി നിൽക്കുന്നു. ഈ പ്രതിസന്ധി മറികടക്കാനുള്ള വഴികളും സർക്കാർ കൊട്ടിയടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോർപറേഷന് സർക്കാർ നൽകാനുള്ള 1524 കോടി രൂപ കുടിശ്ശിക നൽകാൻ ധനവകുപ്പ് തയാറാകാത്തത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഈ നിലയിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ സപ്ലൈകോയുടെ നിലനിൽപിനു തന്നെ ഭീഷണിയാകും.അത് ഏറ്റവുമധികം ബാധിക്കുക തീർച്ചയായും സാധാരണക്കാരെ തന്നെയാകും.

കോർപറേഷൻ അധികാരികളുടെ പതിവ് അലംഭാവവും സർക്കാർ ധനകാര്യ മാനേജ്മെന്റിന്റെ പരാജയവും കൂടി ചേർന്നപ്പോൾ സംഭവിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് സാമാന്യമായി പറയാം. സപ്ലൈകോ അധികൃതരുടെ പിടിപ്പുകേട് കാരണം പണംവിട്ടുതരാനാവില്ലെന്ന ധനകാര്യ വകുപ്പിന്റെ നിലപാടുതന്നെയാണ് ഇത്തരമൊരു വിലയിരുത്തലിന് നിദാനം. തങ്ങളുടെ ദൗത്യത്തിൽ സപ്ലൈകോ പരാജയപ്പെട്ടുവെന്നാണ് ധനകാര്യ വകുപ്പ് പറയാതെ പറയുന്നത്. ഒരർഥത്തിൽ അതിൽ ശരിയുണ്ട്. ഏതാനും കാലങ്ങളായി സപ്ലൈകോയുടെ പോക്ക് അത്ര ശരിയായ ദിശയിലല്ലെന്ന് ആർക്കുമറിയാവുന്ന യാഥാർഥ്യമാണ്. സപ്ലൈകോ മാനേജ്മെന്‍റിന് സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിലടക്കം കടുത്ത വീഴ്ച സംഭവിച്ചെന്ന സർക്കാർ വിലയിരുത്തലിൽ കാര്യമുണ്ട്. സംഭരണ കുടിശ്ശിക തീര്‍ക്കാനായി സപ്ലൈകോ നടത്തിയ വളഞ്ഞവഴികളാണ് വാസ്തവത്തിൽ ഈ പ്രതിസന്ധിയുടെ മൂല കാരണമായി ധനകാര്യ വകുപ്പ് ആരോപിക്കുന്നത്. നേരത്തെ, സഹകരണ കണ്‍സോർട്യത്തിൽനിന്ന് പണമെടുത്ത് കുടിശ്ശിക നൽകിയിരുന്ന പതിവ് മാറ്റി മൂന്ന് ബാങ്കുകളുടെ കൺസോർട്യത്തെ സമീപിച്ചതോടെ കാര്യങ്ങളാകെ തകിടം മറിഞ്ഞു. നെല്ല് സംഭരണത്തിൽ കേന്ദ്ര കുടിശ്ശിക നേടിയെടുക്കുന്നതിലും സപ്ലൈകോ ഗുരുതര വീഴ്ച വരുത്തി.

അഞ്ച് വർഷമായി കൃത്യമായി ഓഡിറ്റ് റിപ്പോർട്ടുകൾ തയാറാക്കാൻ പോലും കോർപറേഷനായിട്ടില്ലെന്നത് ആ സംവിധാനത്തിന്റെ പരാജയത്തിന്റെ നിദർശകമായി കണക്കാക്കാവുന്നതാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ, ആവശ്യപ്പെടുന്ന പണം നൽകിയാൽപോലും സപ്ലൈകോയുടെ പ്രതിസന്ധി തീരില്ലെന്ന നിലപാടിലാണ് സർക്കാറും ധനകാര്യ വകുപ്പും. ഇതെല്ലാം ശരിയായിരിക്കുമ്പോൾതന്നെ ഇതിനൊരു മറുവശമുണ്ടെന്നതും വസ്തുതയാണ്. 700 കോടിയിൽപരം രൂപ വിതരണ ഏജൻസികൾക്കു മാത്രമായി സപ്ലൈകോ നൽകാനുണ്ട്. ഈ തുക നൽകിയില്ലെങ്കിൽ സപ്ലൈകോയുടെ അവശേഷിക്കുന്ന പ്രവർത്തനംകൂടി നിശ്ചലമാകും. പൊതുവിപണി തകരുന്നതിലേക്കു മാത്രമല്ല, പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണപദ്ധതികൾ വരെ തകിടം മറിക്കുന്നതിനും ഇത് വഴിവെക്കുമെന്നതിൽ സംശയമില്ല. ഇപ്പോൾതന്നെ, സ്കൂൾ ഉച്ചഭക്ഷണപദ്ധതികളത്രയും നല്ല രീതിയിലല്ല പോകുന്നത്. അതുകൊണ്ടുതന്നെ, സർക്കാറിന്റെ പൊതുവിപണി ഇടപെടലുകളെ ശക്തമാക്കുന്ന സമഗ്രമായ മാറ്റമാണ് ഈ ഘട്ടത്തിൽ ആവശ്യം. അതിനുപകരം, ധനവകുപ്പും കോർപറേഷനും തമ്മിൽ നടക്കുന്ന തർക്കം ഒട്ടും ശുഭകരമല്ല.

ഇതിനെല്ലാമപ്പുറം, സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിതന്നെയാണ് ഇക്കാര്യത്തിലും പ്രധാന വില്ലൻ. സാധാരണഗതിയിൽ, കോർപറേഷൻ ആവശ്യപ്പെട്ട 1524 കോടി രൂപ വിട്ടുനൽകുന്നതിൽ സർക്കാറിന് തടസ്സമുണ്ടാകേണ്ട കാര്യമില്ല; അവരുടെ ധനകാര്യ മാനേജ്മെന്റിൽ പരാജയം സംഭവിച്ചാൽ പോലും. എന്നാലിവിടെ, നൽകാൻ അത്രയും പണമില്ലെന്നതാണ് വസ്തുത. ദൈനംദിന ചെലവുകൾക്കുപോലും പണം തികയാത്ത അവസ്ഥയിലൂടെ സംസ്ഥാനം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ധനകാര്യമന്ത്രി പലവുരു സമ്മതിച്ച കാര്യമാണ്. ഇത് സപ്ലൈകോയുടെ മാത്രം കാര്യമല്ല. സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 200 കോടിയും കുടിശ്ശികയാണ്.

എന്തിനേറെ, സാമൂഹികക്ഷേമ പെൻഷൻ പോലും മൂന്നു മാസത്തെ കുടിശ്ശികയിലാണ്. ഇതിന്റെയൊക്കെ കാരണങ്ങൾ ഇതിനകം തന്നെ വ്യക്തമാക്കപ്പെട്ടതാണ്: കേന്ദ്രസർക്കാറിന്റെ വികലമായ സാമ്പത്തിക നയം രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിലില്ലായ്മയിലേക്കും നയിച്ചുകൊണ്ടിരിക്കുന്നുവെന്ന വസ്തുത ഒരുവശത്ത്; മറുവശത്ത്, പ്രതിപക്ഷ സംസ്ഥാനമെന്ന നിലയിൽ കേന്ദ്രം കേരളത്തോടു കാണിക്കുന്ന തികഞ്ഞ അവഗണനയും. സംസ്ഥാനത്തിന് ന്യായമായും ലഭിക്കേണ്ട നികുതി വിഹിതംപോലും നൽകാൻ മോദി സർക്കാർ തയാറല്ല. നെല്ല് സംഭരണത്തിൽ കേന്ദ്ര കുടിശ്ശിക കൃത്യമായി ലഭിച്ചാൽതന്നെയും സപ്ലൈകോയുടെ പ്രതിസന്ധിക്ക് ഒരുപരിധി വരെ അറുതിയാകുമെന്നതും മറന്നുകൂടാ. ഈ സാഹചര്യത്തിൽ, സപ്ലൈകോയുടെ പ്രവർത്തനങ്ങളിലും ധനകാര്യ മാനേജ്മെന്റിലുമുള്ള നവീകരണത്തോടൊപ്പം കേന്ദ്രത്തിൽ സമ്മർദം ചെലുത്തി നികുതി വിഹിതമുൾപ്പെടെ നേടിയെടുക്കാനും സർക്കാർ തയാറാവണം. അല്ലാത്തപക്ഷം, ഭക്ഷ്യപ്രതിസന്ധിക്കും വിലക്കയറ്റത്തിനുമാകും അതു വഴിവെക്കുക. വിലക്കയറ്റമുണ്ടാകില്ലെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ സർക്കാറിന് ഈ ബാധ്യതയിൽനിന്ന് ഒഴിയാനാവില്ല.

Tags:    
News Summary - Don't destroy the public market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.