ചന്ദ്രയാൻ-2െൻറ വിജയക്കുതിപ്പോടെ, ബഹിരാകാശ പര്യവേക്ഷണരംഗത്ത് വൻശക്തി രാഷ്ട്ര ങ്ങൾക്കൊപ്പംതന്നെയാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഒരിക്കൽകൂടി തെളിഞ്ഞിരിക്കുന്ന ു. ചന്ദ്രയാൻ-1 (2008), മംഗൾയാൻ (2014), അസ്ട്രോസാറ്റ് (2015) തുടങ്ങിയവയുടെ വിജയവിക്ഷേപണങ്ങളോ ടെതന്നെ ഈ രംഗത്ത് നമ്മുടെ രാജ്യം ആർജിച്ച മികവ് ലോകം കണ്ടതാണ്. പുതിയ നൂറ്റാണ്ടിൽ ഐ.എ സ്.ആർ.ഒ ദൗത്യങ്ങളൊന്നും ഉന്നംതെറ്റിയിട്ടില്ല; മറ്റു രാജ്യങ്ങൾ പലപ്പോഴും നമ്മുടെ സാ േങ്കതികവിദ്യ കടമെടുത്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ, കഴിഞ്ഞദിവസം ശ്രീഹരിക്കോട്ടയി െല സതീഷ് ധവാൻ സ്പേസ് സെൻററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് അത്യാധുനിക ജി.എസ്.എൽ.വി മാർക്ക്-3 (എം.കെ-1) എന്ന റോക്കറ്റിൽ ചന്ദ്രവാഹനം കുതിച്ചുയരുേമ്പാൾ അത് വിജയപർവം താണ്ടുമെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് സംശയമുണ്ടായിരുന്നില്ല.
ഭൂമിയുടെ പരിക്രമണപഥത്തിലേക്ക് വാഹനത്തെ എത്തിക്കുകയെന്ന ആദ്യ ദൗത്യമാണ് ഇപ്പോൾ വിജയകരമായി പിന്നിട്ടിരിക്കുന്നത്. ഇനിയുള്ള ഒന്നര മാസം, ചാന്ദ്രസാമീപ്യം തേടിയുള്ള പ്രയാണത്തിലായിരിക്കും അത്. സെപ്റ്റംബർ ആദ്യവാരം പിന്നിടുേമ്പാൾ ചന്ദ്രനരികിലെത്തുന്ന ഓർബിറ്ററിൽനിന്ന് ലാൻഡർ (വിക്രം) സോഫ്റ്റ് ലാൻഡിങ് നടത്തുകയെന്നതാണ് അത്യന്തം ശ്രമകരവും നിർണായകവുമായ അടുത്ത ഘട്ടം. അതു വിജയിച്ചാൽ, ചന്ദ്രെൻറ ദക്ഷിണധ്രുവത്തിൽ ഇടിച്ചിറങ്ങാതെ ആദ്യമായി സോഫ്റ്റ് ലാൻഡിങ് നടത്തിയതിെൻറ റെക്കോഡും ചന്ദ്രയാന് ലഭിക്കും. ലാൻഡറിനുള്ളിൽ കരുതിവെച്ച റോവർ (പ്രഗ്യാൻ) ചന്ദ്രോപരിതലത്തിൽ ഇറങ്ങി പരീക്ഷണ-നിരീക്ഷണങ്ങൾക്ക് തുടക്കംകുറിക്കുന്നതോടെ, ചാന്ദ്രപര്യവേക്ഷണ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിനു തുടക്കമാകുമെന്ന് പ്രത്യാശിക്കാം. അതിരുകളില്ലാത്ത ആകാശസ്വപ്നങ്ങൾക്ക് നിറംപകർന്ന അണിയറ ശിൽപികൾ അഭിനന്ദനമർഹിക്കുന്നു.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിെൻറ അമ്പതാം വാർഷികത്തിലാണ് ചന്ദ്രയാെൻറ രണ്ടാം ദൗത്യമെന്നത് യാദൃച്ഛികം മാത്രമാണ്. നീൽ ആംസ്ട്രോങ്ങിനെയും മറ്റു 11 പേരെയും ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതിക്കുശേഷം, ബഹിരാകാശ പര്യവേക്ഷണത്തിെൻറ മുഖ്യശ്രദ്ധ ചന്ദ്രനിൽനിന്ന് വഴുതിപ്പോയിരുന്നു. വർഷങ്ങൾക്കുശേഷം, അമേരിക്കയടക്കമുള്ള രാജ്യങ്ങൾ പുതിയ ദൗത്യങ്ങളുമായി ചന്ദ്രനിലേക്കുതന്നെ തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ നാസയുടെ നാലു ചാന്ദ്രദൗത്യങ്ങളെങ്കിലും വിജയകരമായി പൂർത്തിയായി. ഇക്കഴിഞ്ഞ ജനുവരിയിൽ ചൈനയും ഒരു റോബോട്ട് ചന്ദ്രനിലിറക്കി. ജപ്പാനും യൂറോപ്യൻ സ്പേസ് ഏജൻസിയുമെല്ലാം പുതിയ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ ‘മൂൺ റേസി’െൻറ ഭാഗമായിത്തന്നെയാണ് ചന്ദ്രയാനെയും കാണേണ്ടത്.
പ്രപഞ്ചത്തെ കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്ന വിവരങ്ങളുടെ ശേഖരണം എന്നതിനപ്പുറം, ശാസ്ത്ര-സാങ്കേതിക രംഗത്ത് തങ്ങൾ കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനമെന്ന നിലയിൽകൂടിയാണ് അപ്പോളോ പദ്ധതികളടക്കം ആഘോഷിക്കപ്പെട്ടതെങ്കിൽ, പുതിയകാലത്തെ ദൗത്യങ്ങൾക്ക് വേറെയും ലക്ഷ്യങ്ങളുണ്ട്. ചന്ദ്രയാെൻറ കാര്യംതന്നെയെടുക്കുക. ഒന്നാം ദൗത്യത്തിൽ ജലതന്മാത്ര സാന്നിധ്യം (ഹൈഡ്രോക്സിൽ അയോൺ) അത് സ്ഥിരീകരിച്ചതാണ്. അതിെൻറ തുടർച്ചയായുള്ള അന്വേഷണങ്ങൾ ചന്ദ്രയാൻ-2 ലക്ഷ്യമിടുന്നുണ്ട്. ദക്ഷിണധ്രുവത്തിൽ ജലസാന്നിധ്യത്തിനുതന്നെ സാധ്യതയുണ്ട്. നാസയുടെ പഠനമനുസരിച്ച്, അവിടെ 30 കോടി ടൺ ജല ഐസ് ഉണ്ട്. ഭാവിയിൽ മനുഷ്യെൻറ ബഹിരാകാശ പര്യവേക്ഷണങ്ങളുടെ ഇടത്താവളമായി ചന്ദ്രൻ വർത്തിക്കുമോ എന്നത് ഈ ജലസാന്നിധ്യത്തിെൻറ സ്ഥിരീകരണത്തോടെയായിരിക്കും. സോഫ്റ്റ് ലാൻഡിങ്ങിന് ദക്ഷിണധ്രുവം തന്നെ തെരെഞ്ഞടുത്തതിെൻറ കാരണവും മറ്റൊന്നല്ല. ചന്ദ്രോപരിതലത്തിലെ മണ്ണിനെക്കുറിച്ച (റിഗോലിത്ത്) പഠനമാണ് മറ്റൊന്ന്.
ഹീലിയം-3 എന്ന മൂലകത്താൽ സമ്പുഷ്ടമാണ് അതെന്ന് ഇതിനകംതന്നെ തെളിയിക്കപ്പെട്ടതാണ്. മാലിന്യമുക്ത ആണവ ഇന്ധനമെന്ന നിലയിൽ വിലമതിക്കുന്ന ഈ ഐസോടോപ്പിനെ ഭൂമിയിെലത്തിക്കുക എന്ന വിദൂര ലക്ഷ്യംകൂടി ചന്ദ്രയാനുണ്ട്. അത് സാധ്യമായാൽ, ഭൂമിയിലെ ഊർജപ്രതിസന്ധിക്കുള്ള വലിയൊരു പരിഹാരമാകും. അഥവാ, സൗരയൂഥത്തിെൻറ ഉത്ഭവത്തെയും പരിണാമത്തെയുംകുറിച്ച് പഠിക്കാനുള്ള കേവലമായ വഴി എന്നതിലപ്പുറം, ഈ ഗഗനദൗത്യങ്ങൾക്ക് സാമ്പത്തികവും മറ്റുമായ താൽപര്യങ്ങൾ വേറെയുമുണ്ട്. പല ഛിന്നഗ്രഹങ്ങളിലും ഇതിനോടകംതന്നെ ഖനനപദ്ധതികൾ തുടങ്ങിയിരിക്കുന്നു. അമേരിക്കയിലെ ഡീപ് സ്പേസ് ഇൻഡസ്ട്രിപോലുള്ള ഗേവഷണ സ്ഥാപനങ്ങൾ, ഛിന്നഗ്രഹങ്ങളിൽനിന്ന് ശേഖരിക്കുന്ന ധാതുക്കളും മറ്റും ഉപയോഗിച്ച് ത്രീഡി പ്രിൻറിങ് സാേങ്കതികവിദ്യക്കാവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളടക്കം നിർമിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ബഹിരാകാശ പദ്ധതികൾക്കാവശ്യമായ ഇന്ധനം, ജലം തുടങ്ങിയവയും ഇത്തരം ഗ്രഹങ്ങളിൽനിന്ന് ശേഖരിക്കാനാവും. പുതിയ ‘ബഹിരാകാശ യുദ്ധ’ങ്ങളുടെ സാധ്യത ഇതാണ്. എന്നാൽ, ഈ മത്സരങ്ങൾ ആരോഗ്യകരമല്ലെങ്കിൽ അത് വലിയ അപകടത്തിലേക്കും നയിക്കും.
ഭൂമിയിെല ആദ്യ ഗഗനചാരി യൂറി ഗഗാറിെൻറത് സോവിയറ്റ് വിജയവും ആംസ്ട്രോങ്ങിെൻറത് അമേരിക്കൻകുതിപ്പുമൊക്കെയായിരുന്നുവെങ്കിലും അതിെൻറ നേട്ടം മൊത്തം സമൂഹത്തിനായിരുന്നു. ആ യാത്രകളിലൂടെയൊക്കെ ആർജിച്ച അറിവിെൻറ പിൻബലത്തിലാണ് പിന്നീടുള്ള യാത്രകളെല്ലാം സാധ്യമായത്. അങ്ങനെ വരുേമ്പാൾ, ഇത്തരം വിജയങ്ങൾ കേവലമായ കക്ഷിരാഷ്ട്രീയത്തിെൻറയോ കുടുസ്സായ ദേശീയതയുടെയോ ആലയിൽ തളക്കാതിരിക്കുന്നതാണ് മാന്യത. നിർഭാഗ്യവശാൽ, ചന്ദ്രയാെൻറ വിജയവിക്ഷേപണത്തെ ആ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ചില ഭാഗങ്ങളിൽനിന്നെങ്കിലുമുണ്ടായി. ശാസ്ത്രപര്യവേക്ഷണരംഗത്തെ വിശാലമായ വിഹായസ്സിലേക്ക് വാതിൽ തുറക്കാനുള്ള ചന്ദ്രയാൻ ലക്ഷ്യങ്ങൾ പൂർണതയിലെത്തട്ടെയെന്ന് ആശംസിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.