കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഡിസംബർ 15ന് ലോക് സഭയിൽ അവതരിപ്പിച്ച വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ രാജ്യത്തെ മൊത്തം ഉന്നത വിദ്യാഭ്യാസ മേഖലയെയും ബാധിക്കുന്ന ഒന്നാണ്. അതിനുള്ള പുതിയ അധികാര കേന്ദ്രമാണ് ബിൽ വിഭാവന ചെയ്യുന്ന കമീഷനും. എന്നാൽ, ആ ഗൗരവത്തിൽ അർഥവത്തായ ചർച്ചകളൊന്നും സർക്കാർ പൊതുമണ്ഡലത്തിൽ നടത്തിയിട്ടില്ല.
നിലവിലെ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി), ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ), നാഷനൽ കൗൺസിൽ ഓഫ് ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) എന്നിവയെ ഇല്ലാതാക്കി പകരം ഇവയെയെല്ലാം ഒരൊറ്റ അധികാരകേന്ദ്രത്തിനുകീഴിൽ കൊണ്ടുവരുകയാണ് ബിൽ. ഉന്നത വിദ്യാഭ്യാസ രംഗം ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്ന് പരിഷ്കരിക്കാനും അതുവഴി ദേശീയ വിദ്യാഭ്യാസനയം 2020 അനുസരിച്ചുള്ള ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് ബിൽ വഴി സർക്കാർ ലക്ഷ്യമിടുന്നത്.
അതോടൊപ്പം നിയന്ത്രണങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾക്ക് അനുസൃതവും എളുപ്പവുമാക്കാനും അവ ലംഘിക്കുന്ന സ്ഥാപനങ്ങളെ പിഴ ചുമത്തി നേർവഴിക്ക് നടത്താനുമുള്ള വകുപ്പുകളും ബില്ലിലുണ്ട്. സഭയിൽ ഉന്നയിക്കപ്പെട്ട സംശയങ്ങളും വിമർശനങ്ങളും കേട്ടശേഷം വിശദപഠനം നടത്തി ബിൽ വീണ്ടും അവതരിപ്പിക്കാൻ 31 അംഗങ്ങളുള്ള സംയുക്ത പാർലമെന്‍ററി സമിതിക്കു റഫർ ചെയ്തിരിക്കുകയാണിപ്പോൾ. വിശദമായി പരിശോധിക്കാൻ ഇത് വഴിയൊരുക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും എതിർശബ്ദങ്ങളും വിമർശനങ്ങളും എത്ര മാത്രം പരിഗണിക്കപ്പെടും എന്നത് കാണാനിരിക്കുന്നു. മുമ്പ് സമിതിക്കു റഫർ ചെയ്ത വഖഫ് ബില്ലിൽ സംഭവിച്ചതുപോലെ ഇതര അഭിപ്രായങ്ങൾ വേണ്ട വിധം കേൾക്കുക പോലും ചെയ്യാതെ പുനരവതരിപ്പിച്ചു എന്നും വന്നേക്കാം.
ഒന്നിലധികം നിയന്ത്രണ കേന്ദ്രങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗം കൈകാര്യം ചെയ്യുന്നത് കൊണ്ടുള്ള സങ്കീർണതകൾ ഇല്ലാതാക്കാനും സ്ഥാപനങ്ങൾക്കുള്ള ധനസഹായവും അവയുടെ നിയന്ത്രണവും അക്രഡിറ്റേഷനും, ഗുണനിലവാര നിർണയവും വികേന്ദ്രീകരിക്കാനും പറ്റുമെന്നതാണ് സർക്കാർ എടുത്തുപറയുന്ന പ്രധാന മെച്ചം. കമീഷന്‍റെ കുടക്കീഴിൽ തന്നെ മൂന്നു പ്രത്യേക മേഖലകൾക്ക് പ്രത്യേകം സമിതികൾ രൂപവത്കരിക്കും. ഒന്ന് നിയന്ത്രണങ്ങൾ (വിനിയമൻ) കൈകാര്യം ചെയ്യാൻ, മറ്റൊന്ന് അക്രഡിറ്റേഷൻ കൈകാര്യം ചെയ്യുന്നതിനും. വിദ്യാഭ്യാസ നിലവാരമാപിനിയായി (ശിക്ഷാ മാനക്) വർത്തിക്കുന്നതാണ് മൂന്നാമത്തേത്. ഇതിൽ ഒരു സമിതിക്കും സാമ്പത്തിക അധികാരമില്ല; ഫണ്ട് നൽകുക ഇന്നത്തെ യു.ജി.സിയിൽനിന്ന് ഭിന്നമായി പൂർണമായും കേന്ദ്ര സർക്കാറിന്‍റെ ഉത്തരവാദിത്തത്തിലാവും. കമീഷന്‍റെ ചെയർപേഴ്സനെയും 12 അംഗങ്ങളെയും രാഷ്‌ട്രപതി നിയമിക്കും.
പുതിയ ബില്ലിലെ ഒട്ടേറെ വ്യവസ്ഥകൾ ഇതിനകം വിമർശനവിധേയമായിട്ടുണ്ട്. പാർലമെന്‍റിലെ പ്രതിപക്ഷ വിമർശനങ്ങൾക്കുപുറമെ അധ്യാപക-അക്കാദമിക വൃത്തങ്ങളിൽനിന്നും വിമർശനമുണ്ട്. സ്ഥാപനങ്ങൾക്ക് സ്വയം ഭരണം, ചുവപ്പുനാടയിൽനിന്നു മോചനം, മികവ് വളർത്തൽ എന്നിവയൊക്കെ ലക്ഷ്യങ്ങളായി പറയുന്നുണ്ടെങ്കിലും അന്തിമമായി വിദ്യാഭ്യാസരംഗത്ത് സംസ്ഥാനങ്ങൾക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാനും എല്ലാം കേന്ദ്ര നിയന്ത്രണങ്ങൾക്ക് കീഴിലാക്കാനുമാണ് പരിഷ്കരണങ്ങൾ ലക്ഷ്യമിടുന്നത്. മൂന്നു സമിതിയുടെയും അംഗങ്ങളെ നിയമിക്കുന്നതിൽ രാഷ്ട്രപതിയെ ഉപദേശിക്കുന്നതിലൂടെ കേന്ദ്രമാണ് നിർണായക പങ്കുവഹിക്കുക.
ഏതു തർക്കവിഷയത്തിലും അന്തിമ തീർപ്പ് കേന്ദ്രത്തിനാണ്. ഫണ്ട് വിഷയത്തിൽ തീരുമാനങ്ങളെടുക്കുന്നതും കേന്ദ്രസർക്കാർ തന്നെ. അതുകൊണ്ട് തന്നെയാണ്, തനി രാഷ്ട്രീയ നേതൃത്വത്തിൽ കാര്യങ്ങൾ എത്തിച്ചേരുമ്പോഴുള്ള ദൂഷ്യങ്ങൾ ചൂണ്ടിക്കാട്ടപ്പെടുന്നത്. കേന്ദ്രം ഭരിക്കുന്ന കക്ഷി ഇതരകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ രാഷ്ട്രീയ വൈരികളായി കാണാനും തങ്ങൾക്കിഷ്ടപ്പെട്ട സംസ്ഥാനങ്ങളെ താലോലിക്കാനും തെരഞ്ഞെടുപ്പു സന്ദർഭങ്ങളിൽ ഫണ്ടുകൾ അനുവദിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനും ഉദ്യുക്തരാവുമ്പോൾ.
കേന്ദ്ര സർക്കാറിനു കീഴിലാവും കമീഷൻ പ്രവർത്തിക്കേണ്ടത് എന്ന് ബിൽ സ്പഷ്ടമായി നിഷ്കർഷിക്കുന്നുണ്ട്. സ്വതന്ത്ര പദവിയുള്ള കമീഷൻ വെറും മിഥ്യയായി തീരുകയാണ് ഇവിടെ. വിദ്യാഭ്യാസം ഭരണഘടനയുടെ സമാവർത്തിപ്പട്ടിക വിഷയമെന്ന നിലക്ക് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിയമനിർമാണാധികാരമുള്ളതാണ്. അതോടൊപ്പം അവ തമ്മിൽ ഭിന്നത വരുമ്പോൾ കേന്ദ്ര തീരുമാനത്തിനായിരിക്കും മേൽക്കൈ. എന്നാൽ, ഈ പഴുതുപയോഗിച്ച് മറ്റു പല വിഷയങ്ങളിലുമെന്നപോലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനങ്ങളെ ഒരു സ്വാതന്ത്ര്യവുമില്ലാത്ത പരുവത്തിലാക്കുകയാണ് കേന്ദ്രം.
ഈ പ്രയാണത്തിൽ, വൈവിധ്യങ്ങൾക്കുള്ള ഇടവും ഇല്ലാതാവും. ഭാരതീയ വിജ്ഞാനം വികസിപ്പിക്കുക എന്ന പൊതുവാക്കിലൂടെ എന്തൊക്കെയാവും ബി.ജെ.പി നയിക്കുന്ന സംഘ് പരിവാർ ഭരണകൂടം വിവക്ഷിക്കുന്നത് എന്ന് ചോദിച്ചാൽ ഹൈന്ദവ സ്രോതസ്സുകൾ ഉൾക്കൊള്ളിക്കുക എന്നതു മാത്രമാണ് ഉത്തരം എന്നു വന്നിരിക്കുന്നു. പകരം സാംസ്കാരികവും പ്രാദേശികവുമായ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും സംസ്ഥാനങ്ങൾക്കുള്ള പ്രവർത്തന സ്വാതന്ത്ര്യം സ്ഥാപിച്ചുകിട്ടാനുമുള്ള ശ്രമങ്ങൾ രാഷ്ട്രീയ-നിയമ തലത്തിൽ ഊർജിതമാക്കേണ്ട ഘട്ടത്തിൽ തന്നെയാണ് രാജ്യം ഇന്നും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.