വൈജ്ഞാനിക രാഷ്ട്രീയത്തെക്കുറിച്ച ചർച്ചകളിൽ വിക്കിപീഡിയ എന്ന ഓൺലൈൻ വിജ്ഞാനകോശത്തെ നമുക്ക് മാറ്റിനിർത്താനാവില്ല. വിവര-സാ​​ങ്കേതികവിദ്യയുടെ പ്രയോഗങ്ങൾ ഉപകരണങ്ങളായും സേവനങ്ങളായും സാധാരണക്കാരിലേക്ക് എത്തിത്തുടങ്ങിയ കാലം മുതൽ അറിവിന്റെ വ്യവഹാരങ്ങളിൽ വിക്കിപീഡിയ ഏറെ സ്വാഭാവികമായിതന്നെ പരാമർശിക്കപ്പെടാറുണ്ട്. ‘അറിവാണ് ഏറ്റവും വലിയ ആയുധ’മെന്നാണ് വിജ്ഞാനത്തെസംബന്ധിക്കുന്ന ജനാധിപത്യ സങ്കൽപങ്ങളുടെ അടിസ്ഥാന മുദ്രാവാക്യം. ഈ മുദ്രാവാക്യത്തെ മുതലാളിത്തം വെല്ലുവിളിച്ചത് ഇതേ അറിവിനെ കുത്തകവത്കരിച്ചുകൊണ്ടായിരുന്നു. ഈ കുത്തകവത്കരണത്തിനെതിരായ ജനകീയ പ്രതിരോധംകുടിയായിരുന്നു വിക്കിപീഡിയ. ആ നിലയിൽ, വിജ്ഞാനത്തെ ജനകീയ സംവാദത്തിന് പാകപ്പെടുത്തിയ വേദികൂടിയായിരുന്നു വിക്കിപീഡിയയും അതിന്റെ മാതൃസ്ഥാപനമായ വിക്കി മീഡിയയും. വൈജ്ഞാനികമായ സംവാദങ്ങളിൽ ഏതൊരാൾക്കും ഇടപെടാൻ കഴിയുന്ന ഈ ജനകീയ സ്വതന്ത്ര വിജ്ഞാനകോശ സംരംഭം കാൽ നൂറ്റാണ്ട് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. 2001 ജനുവരി 15ന്, അമേരിക്കക്കാരായ ജിമ്മി വെയിൽസും ലാറി സാങറും വിക്കിപീഡിയക്ക് തുടക്കംകുറിക്കുമ്പോൾ അതിന്റെ ലക്ഷ്യമായി പറഞ്ഞിരുന്നത് ‘മനുഷ്യകുലം സമ്പാദിച്ച മുഴുവൻ അറിവുകളും ശേഖരിച്ചു​വെക്കാനൊരിടം’ എന്നതായിരുന്നു. ഫിലോസഫർ കൂടിയായിരുന്ന സാങറുടെ ആശയവും സ്വപ്നവുമായിരുന്നു അത്. അത്രത്തോളമൊന്നുമെത്തിയില്ലെങ്കിലും, ലോകത്തെ 300ൽ അധികം ഭാഷകളിലായി വ്യാപിച്ചുകിടക്കുന്ന അറിവിന്റെ മഹത്തായ ഭണ്ഡാരംതന്നെയാണ് വിക്കിപീഡിയ. ലോകത്ത് ഏറ്റവും കുടുതൽ ആളുകൾ സന്ദർശിക്കുന്ന ആദ്യ എട്ട് വെബ്സൈറ്റുകളിലൊന്നായ ‘വിക്കി’യിൽ നിലവിൽ 70 ലക്ഷത്തിൽപരം ലേഖനങ്ങളുണ്ടെന്നാണ് കണക്ക്.

ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ലേഖനങ്ങളുടെ സമാഹാരത്തെയാണ് പൊതുവിൽ നാം വിജ്ഞാനകോശം എന്ന് പറയാറ്. ലേഖനങ്ങൾ അക്ഷരങ്ങളുടെ അകാരാദി ക്രമത്തിലോ വിഷയാധിഷ്ഠിതമായോ ക്രമീകരിച്ചാണ് വിജ്ഞാനകോശങ്ങൾ തയാറാക്കാറുള്ളത്. ഇതിലെ ലേഖനങ്ങൾ അതതുവിഷയങ്ങളിലെ വിദഗ്ധരോ അല്ലെങ്കിൽ വിദഗ്ധരുടെ സംഘമോ ആയിരിക്കും തയാറാക്കുക. ലോകത്തിലെ ആദ്യ വിജ്ഞാനകോശമായി കരുതപ്പെടുന്ന പ്ലീനിയുടെ നാചലിസ് ഹിസ്റ്റോറിയ മുതൽ അടുത്ത കാലം വരെയും ഏറെ ജനകീയമായിരുന്ന ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ വരെയുള്ള ​ഗ്രന്ഥ പരമ്പരകളെല്ലാം തയാറാക്കപ്പെട്ടിരിക്കുന്നത് ഈ രീതിയിലായിരുന്നു. ഇതിൽനിന്ന് ഭിന്നമായൊരു ആശയമാണ് വൈൽസും സാങറും മുന്നോട്ടുവെച്ചത്. ആർക്കും ലേഖനമെഴുതി വിക്കിപീഡിയയിൽ അപ് ലോഡ് ചെയ്യാം; പ്രസ്തുത ലേഖനം മറ്റൊരാൾക്ക് ആവശ്യമെങ്കിൽ തിരുത്ത് വരുത്തുകയുമാകാം. എഴുത്തിനും തിരുത്തിനും കൃത്യമായ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും ഉണ്ടായിരിക്കുമെന്ന് മാത്രം. ഈ രീതി അവലംബിക്കുമ്പോൾ ഒരാൾ എഴുതിയ ലേഖനം കൂടുതൽ പേരിലൂടെ കാലികമാവുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യും; ഏകപക്ഷീയമായി ഒരാളുടെ മാത്രം അറിവുകൾ മറ്റൊരാളിലേക്ക് അടിച്ചേൽപിക്കപ്പെടുകയുമില്ല. അതോടൊപ്പം, ഈ വിഷയത്തിൽ ജനകീയമായൊരു സംവാദം തുടരുകയും ചെയ്യും. ലോകം പുതുനൂറ്റാണ്ടിലേക്കു കടക്കുമ്പോൾ, തീർത്തും ഉ​ട്ടോപ്യൻ എന്ന് കരുതിയിരുന്ന ഈ ആശയത്തെ വിക്കിപീഡിയ പ്രയോഗവത്കരിച്ചതോടെയാണ് അതു ജനകീയമായതും ആളുകളുടെ പ്രാഥമിക റഫറൻസ് ആയി മാറിയതും. വിജ്ഞാനീയങ്ങളെ കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക എന്ന വലിയ ദൗത്യവും ഇതിലൂടെ സാധ്യമായി. ആഗോള ഭാഷയായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷിലാണ് ആധുനിക കാലത്ത് വൈജ്ഞാനിക വ്യവഹാരങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, അറിവുകൾ ശേഖരിക്കപ്പെടുന്നതും ഈ ഭാഷയിൽ മാ​ത്രമായി പോകുന്നു. ഭാഷയുടെ ഈ കുത്തകവത്കരണത്തെ ലേഖനങ്ങൾ തർജമ​ ചെയ്യാനുള്ള സൗകര്യമൊരുക്കി വിക്കി തകർത്തുകളഞ്ഞു. വിക്കിയിലെ 70 ലക്ഷം ലേഖനങ്ങളിൽ 60 ലക്ഷവും ഇംഗ്ലീഷ് ഇതര ഭാഷകളിലാണെന്നോർക്കണം. ‘വിക്കി മലയാളം’ ഈ ഘട്ടത്തിൽ എടുത്തുപറയാവുന്നതാണ്. 2002 ഡിസംബറിലാണ് വിക്കിപീഡിയയിൽ ആദ്യമായി ഒരു മലയാളം ലേഖനം വരുന്നത്. ആദ്യ അഞ്ചുവർഷംകൊണ്ട് മലയാളത്തിൽ 5000 ലേഖനങ്ങളായി. കമ്പ്യൂട്ടർ ലിപികളുമായി ബന്ധപ്പെട്ട സാ​ങ്കേതിക സങ്കീർണതകളായിരുന്നു തുടക്കത്തിൽ മലയാളം ലേഖനങ്ങൾ കുറഞ്ഞ അളവിൽ അപ് ലോഡ് ചെയ്യപ്പെടാനുണ്ടായ കാരണം. പിന്നീട് യൂനികോഡ് ഫോണ്ടുകൾ ജനകീയമായതോടെ ലേഖനങ്ങളുടെ എണ്ണവും വർധിച്ചു. 2013ൽ 30,000 ലേഖനങ്ങൾ പിന്നിട്ടു; ഇന്നിപ്പോൾ 87,567 മലയാളം ലേഖനങ്ങൾ വിക്കിപീഡിയയിൽ വായിക്കാം. വിക്കിപീഡയയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ആയിരം ലേഖനങ്ങൾ വിക്കിമീഡിയ ഫൗണ്ടേഷൻ നേരത്തേ നിശ്ചയിച്ചിട്ടുണ്ട്. ആ ലേഖനങ്ങളെല്ലാം പത്ത് വർഷം മുന്നേ മലയാളത്തിൽ വന്നിട്ടുണ്ട്.

വിജ്ഞാനത്തിന്റെ ജനകീയവത്കരണത്തിന് നിമിത്തമായെങ്കിലും പലതരത്തിലുള്ള വെല്ലുവിളികളും ഈ സംരംഭത്തിനുണ്ട് എന്ന് കാണാതിരിക്കാനാവില്ല. ലേഖനങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യംതന്നെയാണ് അതിൽ ഒന്നാമ​ത്തേത്. ജനകീയ സംവാദത്തിന്റെ വേദി എന്നൊക്കെ വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും ആ വേദി ചില സന്ദർഭങ്ങളിലെങ്കിലും ഹൈജാക് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാജങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും ലേഖനങ്ങളിൽ കുത്തിക്കയറ്റാനുള്ള ബോധപൂർവമായ ശ്രമങ്ങൾ വിക്കിപീഡിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിൽതന്നെ, സംഘ്പരിവാർ കേന്ദ്രങ്ങൾ ഇതിനായി വളന്റിയർമാരെ പ്രത്യേകം നിയമിച്ചത് വലിയ വാർത്തയായിരുന്നു. സംഘ്പരിവാറിന്റെ വിദ്വേഷങ്ങൾ വിക്കി ലേഖനങ്ങളിൽ കലർത്താനുള്ള നീക്കം പിടികൂടപ്പെട്ടുവെങ്കിലും പല ലേഖനങ്ങളും സൂക്ഷ്മമായി വായിക്കുമ്പോൾ ഭീഷണി സമ്പൂർണമായി ഒഴിവായി എന്ന് പറയാനാവില്ല. അതോടൊപ്പം, നിർമിതബുദ്ധിയുടെ പുതിയ കാലത്ത് വിക്കിപീഡിയ പോലുള്ള ഓൺലൈൻ വിജ്ഞാനകോശങ്ങൾ പഴയപോലെ വായിക്കപ്പെടുന്നില്ല എന്നതും വസ്തുതയാണ്. പത്ത് വർഷം മുമ്പ്, ജനകീയ വെബ്സൈറ്റുകളിൽ ആറാമതായിരുന്ന വിക്കിപീഡിയ ഇപ്പോൾ രണ്ടു സ്ഥാനം പിറകിലാണ്. ആളുകളുടെ പ്രാഥമിക റഫറൻസ് എന്ന് തീർത്ത് പറയാൻ കഴിയുന്ന സാഹചര്യമില്ലെന്ന് ചുരുക്കം. മാത്രമല്ല, നിർമിതബുദ്ധിയുടെ സ​ങ്കേതങ്ങൾ ഉപയോഗിച്ച് വിക്കി പ്ലാറ്റ്ഫോമിന് സമാനമായ സംരംഭങ്ങളും വന്നുതുടങ്ങിയിരിക്കുന്നു. ഇലോൺ മസ്കിന്റെ സ്ഥാപനമായ എക്സ് എ.ഐയുടെ ‘ഗ്രോകിപീഡിയ’ ഉദാഹരണം. ആ നിലയിൽ, വിക്കിപീഡിയയുടെ പ്രസക്തി ചോദ്യം ചെയ്തു തുടങ്ങിയിട്ടുമുണ്ട്. എങ്കിലും, വിജ്ഞാനകോശ നിർമിതിയിൽ പുതുമാതൃക സൃഷ്ടിച്ച സംരംഭം എന്നനിലയിൽ വിക്കിപീഡിയ സ്മരിക്കപ്പെടുകതന്നെ ചെയ്യും.

Tags:    
News Summary - 2026 january 17th editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.