ഐ.എസ് വിരുദ്ധ ആഗോളസഖ്യത്തിന്‍െറ ഫലപ്രാപ്തി

ഐ.എസ് ഭീകരസംഘത്തെ തുരത്താന്‍ ശക്തമായ പോരാട്ടത്തിന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ ഏകകണ്ഠമായി പാസാക്കിയിരിക്കുന്നു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ആഗോളതലത്തില്‍ അഭൂതപൂര്‍വമായ ഭീഷണി സൃഷ്ടിക്കുന്ന ഭീകരസംഘത്തിനെതിരെ അനിവാര്യമായ ഏത് നടപടിയും സ്വീകരിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയിലെ 15 രാജ്യങ്ങളും ഒറ്റക്കെട്ടായാണ് അംഗീകരിച്ചത്. 129 പേര്‍ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണത്തിന്‍െറയും ബ്രസല്‍സിനു നേരെ ഐ.എസ് ഭീഷണി മുഴക്കുന്നതിന്‍െറയും പശ്ചാത്തലത്തിലാണ് ശക്തമായ പോരാട്ടത്തിന് അന്താരാഷ്ട്ര വേദി ആഹ്വാനം മുഴക്കിയിരിക്കുന്നത്. വന്‍ശക്തികളുടെ ഇടപെടലിന് ഐക്യരാഷ്ട്ര സഭയുടെ തീട്ടൂരത്തിന്‍െറ ആവശ്യമില്ളെങ്കില്‍ ഇത്രയെളുപ്പത്തില്‍ ഒരു വിഷയത്തില്‍ ആഗോള അഭിപ്രായ ഏകീകരണം യു.എന്നില്‍ സംഭവിക്കുന്നത് അത്യപൂര്‍വമാണ്. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങള്‍ക്കെതിരെ പ്രത്യക്ഷ സൈനികനീക്കത്തിന് മുതിര്‍ന്ന റഷ്യ കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ഇത്തരത്തിലൊരു പ്രമേയം തയാറാക്കിയിരുന്നെങ്കിലും രക്ഷാസമിതിയിലെ ചില രാജ്യങ്ങള്‍ അത് ഉള്‍ക്കൊള്ളാന്‍ തയാറായിരുന്നില്ല. ഐ.എസിനെതിരെയെന്ന പേരില്‍ സൈനികാക്രമണത്തിനിറങ്ങിയ റഷ്യ ബശ്ശാര്‍ അല്‍അസദിന്‍െറ ഭരണകൂടത്തെ അരക്കിട്ടുറപ്പിച്ചുനിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും സിറിയന്‍ പ്രതിപക്ഷത്തിന്‍െറ കേന്ദ്രങ്ങളെയും അവര്‍ ഉന്നമിട്ടെന്നും അന്ന് വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശമുയര്‍ന്നിരുന്നു. ചില രാജ്യങ്ങള്‍ ഒരുഭാഗത്ത് ഭീകരതക്കെതിരെ പൊരുതുമ്പോഴും മറുഭാഗത്ത് അവരെ സഹായിക്കുന്നതായി റഷ്യയും ആരോപണമുന്നയിച്ചിരുന്നു. ഈ അഭിപ്രായാന്തരങ്ങള്‍ക്കിടെയാണ് ഭീകരാക്രമണത്തിന്‍െറ പുതിയ ഇരയായ ഫ്രാന്‍സ് ഐ.എസിനെതിരായ ആഗോളസഖ്യത്തിലേക്ക് നയിക്കുന്ന പ്രമേയത്തിന് മുന്‍കൈയെടുത്തതും അത് എല്ലാവരും ഒറ്റ ശബ്ദത്തില്‍ അംഗീകരിച്ചതും.
ലോകപ്രശസ്ത യുദ്ധകാര്യ ലേഖകന്‍ റോബര്‍ട്ട് ഫിസ്ക് ചൂണ്ടിക്കാണിച്ചപോലെ ‘വന്‍ശക്തികള്‍ക്ക് വിദേശമണ്ണില്‍ ചോരക്കൊതി തീര്‍ത്ത് സ്വന്തം വീട്ടില്‍ സമാധാനമായി അന്തിയുറങ്ങാവുന്ന കാലം കഴിഞ്ഞിരിക്കുന്നു.’ ഈ സാഹചര്യത്തിലെങ്കിലും ലോകം ഭീകരതക്കെതിരായി പടയണി ചേരാന്‍ ഒന്നിച്ചൊന്നായി ഉണര്‍ന്നെണീറ്റതില്‍ സമാശ്വസിക്കാം. എന്നാല്‍, ഈ ആശ്വാസം സാര്‍ഥകമാകണമെങ്കില്‍ വോട്ടുചെയ്ത രാജ്യങ്ങള്‍ മാനവികബോധത്താല്‍ പ്രചോദിതമായ സാമൂഹികപ്രതിബദ്ധത പ്രയോഗത്തില്‍ തെളിയിക്കണം. അതിന്‍െറ അഭാവമാണ് ഇത്തരം ചോരക്കൊതി സംഘങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പുകള്‍ക്കും വളര്‍ച്ചക്കും കാരണം. സമാധാനത്തിനു വേണ്ടി ഇപ്പോള്‍ കൂടിയിരിക്കുന്നവര്‍തന്നെയാണ് അത് കെടുത്തുന്ന ഭീകരതക്ക് വഴിമരുന്നിടുന്നതും പ്രായോജകരായി മാറുന്നതും. കഴിഞ്ഞയാഴ്ച ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കെ, സാമ്പത്തികസഖ്യത്തിലേതടക്കം 40 രാജ്യങ്ങളില്‍നിന്ന് ഐ.എസിനു ഫണ്ട് ലഭിക്കുന്നതായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരസംഘത്തിന് ഈ നാടുകളില്‍നിന്നു വരുന്ന സഹായത്തിന്‍െറ കണക്കുകളില്‍ ചിലത് സമ്മേളനത്തിനു മുന്നില്‍ സമര്‍പ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഐ.എസിന്‍െറ അനധികൃത എണ്ണ വില്‍പനയുടെ ഉപഭോക്താക്കളായി അണിചേരുന്നവരുടെ ദൃശ്യങ്ങള്‍ റഷ്യന്‍ ഉപഗ്രഹങ്ങള്‍ പുറത്തുവിട്ടതും പുടിന്‍ സമ്മേളനത്തില്‍ വെച്ചത്രെ. സിറിയന്‍ സ്വേച്ഛാധിപത്യത്തെ പിന്തുണക്കുകയും ഐ.എസിനെ എതിര്‍ക്കുകയും ചെയ്യുന്ന പുടിന്‍െറ താല്‍പര്യങ്ങള്‍ ലോകത്തിനറിയാം. എന്നാല്‍, ഐ.എസ് കാര്യത്തില്‍ അദ്ദേഹം പറഞ്ഞത് വളരെ വ്യക്തമാണ്. സിറിയയിലും ഇറാഖിലുംനിന്നു തുടങ്ങി ലോകത്താകമാനം പടര്‍ന്നുകഴിഞ്ഞ ഐ.എസിന്‍െറ ജനിതകവേരുകള്‍ സംബന്ധിച്ച ദുരൂഹതകള്‍ തുടരുകയാണ്. ആരും പിതൃത്വം ഏറ്റെടുക്കാനില്ലാതിരിക്കത്തെന്നെ അവര്‍ സര്‍വതന്ത്ര സ്വതന്ത്രരായി വിലസുന്നതിലുമുണ്ട് ചില ദഹനക്കേടുകള്‍. ഒറ്റക്കെട്ടായി പുതിയ പോരാട്ടമുഖം തുറക്കുന്ന വന്‍ശക്തികളുടെ ആദ്യശ്രമം ഈ മാനവവിരുദ്ധ ഭീകരസംഘത്തെയും അതിന്‍െറ പ്രണേതാക്കളെയും അനാവരണം ചെയ്യാനാവട്ടെ. ഭീകരതക്കെതിരായ പ്രതിരോധം ഫലപ്രാപ്തമാകണമെങ്കില്‍ ശത്രുവാരെന്ന് ലോകമറിയണമല്ളോ. ആ മറ നീക്കി പ്രതിരോധത്തിലേക്ക് വഴി എളുപ്പമാക്കാന്‍ വന്‍ശക്തികള്‍ തയാറാകുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു പുത്തന്‍ കൂട്ടുനീക്കത്തിന്‍െറ ജയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.