ഭൂമിയുടെ അവകാശങ്ങൾ

ജീവനില്ലാത്ത മണ്ണിനും നാവില്ലാത്ത മരങ്ങൾക്കും വോട്ടില്ലാത്ത മൃഗങ്ങൾക്കും അവകാശങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന സുപ്രധാനമായ ഒരു വിധി ഈ അടുത്ത ദിവസം മദിരാശി ഹൈകോടതി പുറപ്പെടുവിക്കുകയുണ്ടായി. ഭൂമിയെ ജീവനുള്ളതായി കാണണമെന്നും സംരക്ഷണത്തിനാവശ്യമായ എല്ലാ അവകാശങ്ങൾക്കും അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ജീവനുള്ള വ്യക്തിക്ക് അവകാശപ്പെടാൻ കഴിയുന്ന സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും ആനുകൂല്യം ഭൂമിക്ക് അവകാശപ്പെടാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്ന ഈ വിധി വികസനത്തിന്റെ പേരിൽ ഭൂമിയെയും പരിസ്ഥിതിയെയും തകർക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ്.

ഭൂമി ഉൾപ്പെടുന്ന പ്രകൃതിക്ക് ,പൗരന്മാർക്ക് അവകാശപ്പെടാവുന്ന മൗലികാവകാശത്തിന് സമാനമായ നിയമസംരക്ഷണത്തിനും ഉപജീവനത്തിനും പുനരുജ്ജീവനത്തിനും പുനരുത്ഥാനത്തിനും പദവി സംരക്ഷിക്കാനും ആരോഗ്യവും ക്ഷേമവും ഉയർത്തിപ്പിടിക്കാനും ഭൂമിക്കവകാശമുണ്ടെന്നുമുള്ള ഓർമപ്പെടുത്തൽ കൂടിയാണിത്.

മേഘമലൈ ഗ്രാമത്തിലെ വനം -പുറമ്പോക്ക്ഭൂമിയിൽ സ്വകാര്യവ്യക്തിക്ക് പട്ടയം അനുവദിച്ചുകൊടുത്ത സംഭവത്തെ തുടർന്ന് സ്വയംപിരിയാൻ നിർദേശിച്ച സർക്കാർ ഉത്തരവിനെതിരെ തഹസിൽദാർ പെരിയകറുപ്പൻ സമർപ്പിച്ച കേസിലാണ് മദിരാശി ഹൈകോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് എസ്. ശ്രീമതി ഈ ചരിത്രവിധി പ്രഖ്യാപിച്ചത്.

വിവേചനരഹിതമായ പ്രകൃതിചൂഷണം പരിസ്ഥിതിയുടെ താളംതെറ്റിക്കുമെന്നും ഇത് സസ്യജാലങ്ങളുടെയും ജന്തുജാലങ്ങളുടെയും നിലനിൽപ് അപകടത്തിലാക്കുമെന്നും വിധിയിൽ പറയുന്നു. നമ്മുടെ പൂർവികർ കാത്തുരക്ഷിച്ച് കനിഞ്ഞു നൽകിയ മഹത്ത്വപൂർണമായ പ്രകൃതി നമുക്ക് അനുഭവിക്കാൻ മാത്രമല്ല വരുംതലമുറക്ക് കൈമാറാനുള്ളത് കൂടിയാണെന്നും ആ ഉത്തരവാദിത്തം നമ്മൾ നിറവേറ്റണമെന്നും ഈ പ്രഖ്യാപനം വിശദമാക്കുന്നു.

സമാനമായ വിധി ഇതിനുമുമ്പ് ഉത്തരാഖണ്ഡ് ഹൈകോടതിയിൽ നിന്നുണ്ടായിട്ടുണ്ട്. (CLMA 3003/ 2017) പാരൻസ് പാട്രിയെ (parens patriae) അധികാരമുപയോഗിച്ചാണ് കോടതി ഈ കേസിലിടപെട്ടത്. ജസ്റ്റിസ് രാജീവ്ശർമയുടെ വിധി ഇന്ത്യയിലെ പ്രകൃതിസംരക്ഷണത്തിന്റെ മാഗ്നാകാർട്ടയായി കണക്കാക്കാവുന്നതാണ്. പാരൻസ് പാട്രിയെ നിയമാധികാരമുപയോഗിച്ച് ഉത്തരാഖണ്ഡിലെ ഹിമപ്പരപ്പിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയും അതുവഴി അവിടുന്നുത്ഭവിക്കുന്ന ഗംഗോത്രി , യമുനോത്രി എന്നിവയെ സംരക്ഷിക്കുകയും മറ്റനേകം അരുവികളെയും വനത്തെയും മലകളെയും എന്നുവേണ്ട അതിൽ അധിവസിക്കുന്ന സർവചരാചരങ്ങളെയും സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് വിധിയിലൂടെ ഉറപ്പാക്കിയത്.

പാരൻസ് പാട്രിയെ നിയമതത്ത്വം ഇംഗ്ലണ്ടിലെ എഡ്വാഡ് ഒന്നാമൻ രാജാവിന്റെ (1272-1307) കാലം മുതലാണ് നടപ്പാക്കപ്പെട്ടത്. സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തിയില്ലാത്തവരുടെ നിയമപരമായ അവകാശങ്ങൾ രാജാവിൽ നിക്ഷിപ്തമാവുകയും അവരെ സംരക്ഷിക്കേണ്ട ബാധ്യത രാജാവ് ഏറ്റെടുക്കുകയുമായിരുന്നു. ഇത് ക്രമേണ ചാൾസറി കോടതികളിൽ നിക്ഷിപ്തമാവുകയും ജനാധിപത്യവ്യവസ്ഥയിൽ കോടതികളിലേക്ക് ഈ അധികാരം മാറുകയും ചെയ്തു. ഇതുപോലുള്ള അപൂർവ ഇടപെടലുകൾ ലോകത്തിലെ പല കോടതികളിൽ നിന്നും ഉണ്ടായിട്ടുണ്ട്.

അമേരിക്കയിലെ ഫ്ലോറിഡയിൽ 2021ൽ ഫയൽ ചെയ്ത കേസാണ് അതിലൊന്ന്. പ്രകൃതിയുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച ആ കേസിൽ ഹരജി പരിസ്ഥിതി ദുർബല പ്രദേശങ്ങളെ ഇല്ലാതാക്കുന്നതിനെതിരെയുള്ളതായിരുന്നു. ഇതിൽ രണ്ട് തടാകങ്ങളും രണ്ട് അരുവികളും ഒരു ചതുപ്പ്പ്രദേശവും ഉൾപ്പെടുന്നു.

ഓറഞ്ച്കൗണ്ടിയുടെ 89 ശതമാനം ആളുകൾ ചേർന്ന് അംഗീകരിച്ചതും ഭരണഘടനയുടെ കൊച്ചുപതിപ്പായി വാഴ്ത്തപ്പെടുന്നതുമായ 2020ലെ പ്രമാണമാണ് പുഴകൾക്കും അരുവികൾക്കും കാടിനും സംരക്ഷിക്കപ്പെടാൻ നിയമപരമായ അവകാശം അംഗീകരിച്ചത്. ഭൂമിയുടെ മക്കളായ രണ്ട് തടാകങ്ങളും രണ്ട് അരുവികളും ഒരു ചതുപ്പ്നിലവും ഒരുമിച്ചുചേർന്ന് പരിസ്ഥിതി സംഘടന മുഖേന ഹരജി നൽകുകയായിരുന്നു. ഭവനസമുച്ചയം പണിതാൽ അരുവിയുടെ ഒഴുക്ക് തടസ്സപ്പെടുമെന്നും അത് തടാകങ്ങളെയും പരിസ്ഥിതിലോലമായ ചതുപ്പ്പ്രദേശത്തെയും ദോഷകരമായി ബാധിക്കുമെന്നും അതിനാൽ ഭവന- വാണിജ്യ സമുച്ചയ നിർമാണക്കമ്പനിയെ അതിൽനിന്ന് പാരൻസ് പാട്രിയെ തത്ത്വം ഉപയോഗിച്ച് വിലക്കണമെന്നുമാണ് ഹരജിക്കാർ കോടതിയോടാവശ്യപ്പെട്ടത്.

ഇതിനോട് സമാനമായമറ്റൊരു കേസ് നടന്നത് എക്വഡോറിലാണ്. ഇവിടെയും പ്രകൃതിയുടെ സംരക്ഷണത്തിനായുള്ള അവകാശമാണ് ഉയർത്തിപ്പിടിച്ചത്. സംരക്ഷിതവനത്തിൽ പാരിസ്ഥിതിക ലോലഭൂമിക്ക് ഭീഷണിയാവുന്ന തരത്തിൽ ഖനികൾ നിർമിക്കുന്നതിനെതിരെയാണ് പാരൻസ് പാട്രിയെ നിയമം ഉപയോഗിച്ചത്. പരിസ്ഥിതിക്ക് ഒരുതരത്തിലുമുള്ള കോട്ടവും സൃഷ്ടിക്കില്ലെന്ന് ഉറപ്പുവരുത്താൻ കോടതി നിർദേശിക്കുകയായിരുന്നു 2021ലെ ആ വിധിയിലൂടെ.

വികസനത്തിന്റെ പേരിലും വോട്ട് രാഷ്ട്രീയത്തിന്റെ പേരിലുമെല്ലാം പ്രകൃതിയെ ചൂഷണംചെയ്യുന്നത് അവസാനിപ്പിക്കാൻ കോടതികൾക്ക് സാധിക്കുമെന്ന് തെളിയിക്കുന്നതാണ് മുകളിൽ സൂചിപ്പിച്ച ധീരമായ ഇടപെടലുകൾ.

(ഇൻറർസിറ്റി ഇൻറാൻജബിൾ കൾച്ചറൽ കോർപറേഷൻ നെറ്റ്വർക് ICCN ദക്ഷിണേഷ്യൻ ഡയറക്ടറാണ് ലേഖകൻ)

Tags:    
News Summary - Nature has legal right to life, govt's responsibility to protect it says Madras HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.