മനുഷ്യത്വം നിറയേണ്ട കാര്യാലയങ്ങള്‍

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരിക്കെ, മുമ്പ് ചാണക്യപുരിയിലെ അറബ് എംബസികള്‍ക്കു മുന്നിലെ ആള്‍ക്കൂട്ടം കണ്ട് അദ്ഭുതപ്പെട്ടിരുന്നു. ഇത്രമാത്രം മനുഷ്യര്‍, അവരില്‍തന്നെ ഭൂരിഭാഗം മലയാളികള്‍, എന്തിനാകും ഇങ്ങനെ ആവേശപൂര്‍വം കടല്‍ കടക്കുന്നതെന്ന് ഉള്ളില്‍ ചോദിച്ചിരുന്നു. ക്യൂവില്‍ കാത്തുനില്‍ക്കുന്നവരുടെ മുഖങ്ങളില്‍ മിന്നിമറയുന്ന പല വികാരങ്ങള്‍. അതിന്‍െറ കാരണമൊന്നും അന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പലരും ദിവസങ്ങളായി ഡല്‍ഹിയില്‍ കാത്തുകിടക്കുകയാണ്. അവര്‍ക്കിടയില്‍ രക്ഷകരായി ഏതൊക്കെയോ ട്രാവല്‍ ഏജന്‍റുമാര്‍. ഒരു ഭാഗത്ത് വിസ അടിച്ചുകിട്ടിയവന്‍െറ ആഹ്ലാദം. മറുഭാഗത്ത് ഇനിയും കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവന്‍െറ നിരാശ നിറഞ്ഞ നിസ്സംഗഭാവം.

ഒടുവില്‍ ഇന്ദ്രപ്രസ്ഥം വിട്ട് പരദേശത്തുതന്നെ വരേണ്ടിവന്നു, ഓരോ എംബസിയെയും കോണ്‍സുലേറ്റിനെയും ചൂഴ്ന്നുനില്‍ക്കുന്ന സങ്കട-സംഘര്‍ഷത്തിന്‍െറ വ്യാപ്തി അറിയാന്‍. പലപ്പോഴും ഒരു കാഴ്ചക്കാരന്‍, അതല്ളെങ്കില്‍ മാധ്യമപ്രവര്‍ത്തകനായി നയതന്ത്ര കാര്യാലയത്തില്‍ ചെല്ലുമ്പോഴൊക്കെ, ഉള്ളില്‍ കൊളുത്തിവലിക്കുന്ന ഒരു ചിത്രം കാണാം. ഉപജീവനം തേടി വന്നിറങ്ങി ഉള്ളില്‍ നിറയെ സങ്കടംമാത്രം നിറച്ച സാധാരണ മനുഷ്യരുടെ വിഷാദഭാവമാകും ഇത്തരം കേന്ദ്രങ്ങളുടെ മുഖമുദ്രയെന്നും തോന്നിയിട്ടുണ്ട്. മാറ്റങ്ങള്‍ ഉണ്ടായിരിക്കാം. ഇരകളുടെ എണ്ണത്തിലും കുറവ് വന്നിരിക്കാം. എങ്കിലും ഇത്തരം കേന്ദ്രങ്ങളുടെ മനോഭാവം ഇന്നും വരേണ്യതയോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. സംശയമില്ല.  പക്ഷേ,  പരദേശികളുടെ ഏക ആശ്രയമായി ഇന്നും ഇതേ നയതന്ത്ര കേന്ദ്രങ്ങള്‍ മാത്രം. അതുകൊണ്ടാകം, അവയുടെ വികാസത്തെ പ്രവാസിസമൂഹം അത്രയേറെ താല്‍പര്യത്തോടെ വീക്ഷിക്കുന്നതും.

ഡല്‍ഹിയും മുംബൈയിലും മാത്രമായി ഒതുങ്ങിനിന്ന നയതന്ത്രകേന്ദ്രങ്ങളുടെ കാലം മാറുകയാണ്. ചെന്നൈക്കപ്പുറവും ഒരു ഇന്ത്യ ഉണ്ടെന്ന് ഡല്‍ഹി ഭരിക്കുന്നവര്‍ക്ക് തോന്നാന്‍ തുടങ്ങിയതിന്‍െറ ലക്ഷണംകൂടിയാണോ അത്? അറിയില്ല. എന്തായാലും, യു.എ.ഇയുടെ പുതിയ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചത് നന്നായി. ഇതൊരു നല്ല തുടക്കമാണ്; തിരുത്തും. നയതന്ത്ര കേന്ദ്രങ്ങള്‍ എന്നത് പരസ്പരധാരണയുടെ പുറത്ത് രൂപപ്പെടുന്നതാണ്. അതുകൊണ്ടു തന്നെ അത് ഏകപക്ഷീയവുമല്ല. ഇന്ത്യയില്‍ യു.എ.ഇയുടെ രണ്ടാം കോണ്‍സുലേറ്റ് വന്നതോടെ യു.എ.ഇക്കുള്ളില്‍ ഇന്ത്യക്കും അതിനുള്ള ഇടം കൈവന്നിരിക്കുന്നു. ഫുജൈറയിലും റാസല്‍ഖൈമയിലും ഷാര്‍ജയിലും ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദുബൈ കോണ്‍സുലേറ്റ് മാത്രമാണ് ഇപ്പോള്‍ ആശ്രയം. പേരിന് ഇവിടങ്ങളില്‍ കോണ്‍സുലര്‍ സര്‍വിസുണ്ട്. അത്തരം വഴിപാടുകൊണ്ട് തീരുന്നതലല്ലോ, പ്രശ്നം.യു.എ.ഇയേക്കാള്‍ കഷ്ടമാണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യക്കാരുടെ പ്രശ്നം.

എത്രയോ കാലമായി അവര്‍ കോണ്‍സുലേറ്റിനുവേണ്ടി മുറവിളി ഉയര്‍ത്തുന്നു. സൗദിയും ഇന്ത്യയും തമ്മില്‍ മികച്ച ബന്ധമാണ്. മന്‍മോഹന്‍ സിങ്ങും മോദിയും സൗദി സന്ദര്‍ശനം നടത്തിയതുമാണ്. ഒന്നു മനസ്സുവെച്ചാല്‍, സൗദി അധികൃതരോട് പറഞ്ഞാല്‍ അവര്‍ കണ്ണായ സ്ഥലംതന്നെ ഇതിനായി അനുവദിക്കും. ഇവിടെയും താല്‍പര്യക്കുറവുതന്നെ പ്രശ്നം. സാമ്പത്തിക ചെലവാണ് പറയുന്ന ഒരു മുടന്തന്‍ ന്യായം. അതില്‍ പക്ഷേ, കഴമ്പില്ല. കിഴക്കന്‍ പ്രവിശ്യയില്‍ കോണ്‍സുലേറ്റിനു വേണ്ടി വരുന്ന മുഴുവന്‍ ചെലവും ഏറ്റെടുക്കാന്‍ ഒരുക്കമാണെന്ന് മലയാളി വ്യവസായ പ്രമുഖന്‍ പരസ്യമായി പറഞ്ഞിരുന്നു. ഒരു പ്രതികരണവും ഉണ്ടായില്ല. അതു മാത്രവുമല്ല, ഗള്‍ഫ് നയതന്ത്ര കേന്ദ്രങ്ങള്‍ മുഖേന നാം ഉണ്ടാക്കുന്ന വരുമാനം വളരെ വലുതാണ്.

ദുബൈ തന്നെ നോക്കുക. ലക്ഷത്തിലേറെ പാസ്പോര്‍ട്ടുകളാണ് ഒരുവര്‍ഷം ദുബൈ കോണ്‍സുലേറ്റ് മുഖേന ഇഷ്യൂ ചെയ്യുന്നത്. എന്നിട്ടും ആവശ്യമായ ജീവനക്കാരെ നല്‍കി മനുഷ്യത്വം നിറഞ്ഞ കേന്ദ്രങ്ങളായി നമ്മുടെ നയതന്ത്രകേന്ദ്രങ്ങളെ മാറ്റിയെടുക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? ഉയര്‍ന്ന സര്‍വിസ് നിരക്കുകള്‍ അടിച്ചേല്‍പിച്ചും, ഗള്‍ഫില്‍ മരിക്കുന്നവന്‍െറ മൃതദേഹത്തിനുപോലും വിലയിട്ടും വന്‍ലാഭം കൊയ്യാനുള്ള കേന്ദ്രങ്ങള്‍ മാത്രമായി അവ മാറുകയല്ലോ?

പ്രവാസലോകത്ത് തളര്‍ന്നുവീഴുന്ന സാധാരണ മനുഷ്യര്‍ക്ക് തുണയാകുന്നത് ഇത്തരം കേന്ദ്രങ്ങളല്ളെന്നു കൂടി അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഒറ്റപ്പെട്ട വ്യക്തികളും ചില കൂട്ടായ്മകളുമാണ് കാര്യാലയങ്ങളുടെ സാങ്കേതിക ധാര്‍ഷ്ട്യങ്ങളെ തോല്‍പിച്ച് ഗള്‍ഫില്‍ മാതൃകയാകുന്നത്. പല ഘട്ടങ്ങളിലും നമ്മുടെ നയതന്ത്ര കേന്ദ്രങ്ങള്‍ക്കുപോലും സാധിക്കാത്തത് ഈ മനുഷ്യര്‍ ചെയ്തുകാണിക്കുന്നു. ഇച്ഛാശക്തി തന്നെയാണ് ഈ മനുഷ്യര്‍ക്ക് പ്രേരണ. ആ നാട്ടുനന്മയുടെ ഒരംശമെങ്കിലും കടം കൊള്ളാനായാല്‍ നമ്മുടെ നയതന്ത്ര കേന്ദ്രങ്ങള്‍ അടിമുടി മാറും, ഉറപ്പ്.

കൂട്ടത്തില്‍ ഒന്നുകൂടി-മസൂറിയിലെ അക്കാദമിക് നയതന്ത്ര പാഠങ്ങള്‍ മാത്രം പോരാ, ഗള്‍ഫിലേക്ക് നിയോഗിക്കപ്പെടാന്‍ നമ്മുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യോഗ്യത. മനുഷ്യത്വം കലര്‍ന്ന മനോഭാവം-അതുകൂടി അവരില്‍ ഉണ്ടായേ തീരൂ. അങ്ങനെ വന്നെത്തിയ ചിലരൊക്കെയുണ്ട്. കാലം പലതു കഴിഞ്ഞിട്ടും, ആ പേരുകള്‍ ഗള്‍ഫിലെ പ്രവാസിസമൂഹം ഇന്നും മനസ്സില്‍ ചേര്‍ത്തുപിടിക്കുന്നതും വെറുതെയല്ല. കാലവും സമയവും സാങ്കേതികതയും നോക്കാതെ സങ്കടവിലാപങ്ങള്‍ക്ക് ചെവിനല്‍കാനും നടപടി സ്വീകരിക്കാനും അവര്‍ക്ക് കഴിഞ്ഞു.
അതിന്‍െറ സാക്ഷ്യംകൂടിയാണ് ഈ ഓര്‍മനിലാവുകള്‍.

Tags:    
News Summary - uae consulates in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.