സംസ്കൃതത്തിനായുള്ള സമരങ്ങള്‍

സംസ്കൃതവുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ അനുദിനമെന്നോണം സങ്കീര്‍ണമാവുകയാണ്. അനേകം യുദ്ധമുഖങ്ങളാണ് തുറക്കപ്പെടുന്നത്. രാജീവ് മല്‍ഹോത്രയുടെ ‘സംസ്കൃതത്തിനായുള്ള യുദ്ധം’ (The battle for Sanskrit) എന്ന പുസ്തകം ഈ ചര്‍ച്ചക്ക് ഹിന്ദുത്വരാഷ്ട്രീയത്തിന്‍െറ കാലത്തുണ്ടാവുന്ന പുതിയ ദിശാമുഖത്തെ പ്രതിനിധാനം ചെയ്യുന്നു. കൊളംബിയ യൂനിവേഴ്സിറ്റിയിലെ പ്രഫസറും സംസ്കൃത പണ്ഡിതനുമായ ഷെല്‍ഡണ്‍ പൊള്ളോക്കിന്‍െറ (Sheldon Pollock) നിലപാടുകളെ അതിശക്തമായി വിമര്‍ശിക്കുന്ന പുസ്തകം എന്ന നിലയില്‍ മാത്രമല്ല, ആ വിമര്‍ശത്തിന്‍െറ സന്ദര്‍ഭത്തിന്‍െറ കൂടി പ്രാധാന്യംകൊണ്ടാണ് ഇത് ശ്രദ്ധേയമാകുന്നത്.

പഴയ സംസ്കൃതഗ്രന്ഥങ്ങള്‍ പുന$പ്രസിദ്ധീകരിക്കുന്ന മൂര്‍ത്തി ക്ളാസിക്കല്‍ ഇന്ത്യന്‍ ഗ്രന്ഥശാലയുടെ പത്രാധിപസ്ഥാനത്തേക്ക് പൊള്ളോക്കിനെയാണ് അതിന്‍െറ ചുമതലക്കാരനായ രോഹന്‍ മൂര്‍ത്തി (ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകന്‍) കണ്ടത്തെിയത്. ശൃംഗേരിമഠത്തിന്‍െറ ധനസഹായത്തോടെ കൊളംബിയ യൂനിവേഴ്സിറ്റി സ്ഥാപിക്കുന്ന ആദിശങ്കര ചെയറിന്‍െറ അക്കാദമിക് സമിതിയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ടതും പൊള്ളോക് ആയിരുന്നു. ഇത് രണ്ടും ഹിന്ദുത്വവാദികളുടെ വന്‍പ്രതിഷേധത്തിന് കാരണമായിരുന്നു. സംസ്കൃതത്തെക്കുറിച്ചുള്ള പൊള്ളോക്കിന്‍െറ നിലപാടുകള്‍ രാഷ്ട്രീയമായി ഹിന്ദുത്വവിരുദ്ധമാണെന്ന കാഴ്ചപ്പാടില്‍നിന്നാണ് ശക്തമായ ഈ പൊള്ളോക് വിരുദ്ധ സമീപനം ഉണ്ടായത്. മുംബൈ ഐ.ഐ.ടിയിലെ അധ്യാപകരടക്കം നിരവധി പേര്‍ പൊള്ളോക്കിനെ മാറ്റണമെന്ന് രോഹന്‍ മൂര്‍ത്തിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ, കൊളംബിയ യൂനിവേഴ്സിറ്റിക്ക് പണം നല്‍കരുതെന്ന് ശൃംഗേരിമഠത്തിനോട് പലരും അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഷെല്‍ഡണ്‍ പൊള്ളോക്കിന്‍െറ വാദങ്ങളെ രാജീവ് മല്‍ഹോത്ര അമേരിക്കന്‍ പൗരസ്ത്യവാദത്തിന്‍െറ പൊതുനിലപാടായാണ് വിശദീകരിക്കുന്നത്. യൂറോപ്യന്‍ ഇന്‍ഡോളജിസ്റ്റുകളുടെ കടുത്ത വിമര്‍ശകനാണ് പൊള്ളോക്. അദ്ദേഹത്തിന്‍െറ അഭിപ്രായത്തില്‍ സംസ്കൃതം ഒരു അധീശഭാഷ ആയിരുന്നു. ഇന്ത്യയിലെ ഫ്യൂഡല്‍ അധികാരവ്യവസ്ഥയുടെ നെടുംതൂണായി നിന്ന ഭാഷയാണത് എന്ന് പൊള്ളോക് പറയുന്നു. പിന്നീട് അതൊരു മൃതഭാഷ ആയിത്തീര്‍ന്നു. അതിന്‍െറ ചില ധര്‍മങ്ങള്‍ പ്രാദേശികഭാഷകള്‍ ഏറ്റെടുത്തു. ഇന്ത്യന്‍ സംസ്കാരം എന്നൊന്ന് ഏകശിലാരൂപമായി ഒരു കാലത്തും നിലനിന്നിട്ടില്ല എന്ന് പൊള്ളോക് വാദിക്കുന്നു. ബി.ജെ.പിയുടെയും സംഘ്പരിവാറിന്‍െറയും ഭാരതസങ്കല്‍പത്തെയും സാംസ്കാരികരാഷ്ട്രീയത്തെയും പൊള്ളോക് തുറന്നെതിര്‍ക്കുന്നുണ്ട്. കൊളോണിയല്‍ പൗരസ്ത്യവാദം സംസ്കൃതത്തിന്‍െറ അധീശത്വപരമായ മര്‍ദകഘടനകളെ കണ്ടത്തെുന്നതിലും വിമര്‍ശിക്കുന്നതിലും പരാജയപ്പെട്ടിരുന്നു. ഇതില്‍നിന്ന് വ്യത്യസ്തശബ്ദമായി അദ്ദേഹം കാണുന്നത് ഡി.ഡി. കൊസാംബിയുടെ നിലപാടുകളാണ്. ആ ചിന്താസരണിയാണ് വികസിപ്പിക്കേണ്ടത് എന്ന് പൊള്ളോക് വിശ്വസിക്കുന്നു. പൊള്ളോക്കിന്‍െറ വാദങ്ങളെ കൂടുതല്‍ സൂക്ഷ്മമായി ഇവിടെ ഇപ്പോള്‍ പരിശോധിക്കുന്നില്ല. എന്നാല്‍, അദ്ദേഹത്തിനു എന്തെങ്കിലും അപ്രമാദിത്വം ഉണ്ടെന്നും ഞാന്‍ കരുതുന്നില്ല. അതേസമയം, രാജീവ് മല്‍ഹോത്ര അദ്ദേഹത്തെ എതിര്‍ക്കുന്നത് പ്രധാനമായും ഹിന്ദുത്വശക്തികളുടെ അടിസ്ഥാന സമീപനങ്ങളെ പൊള്ളോക് നേരിട്ട് വിമര്‍ശിക്കുന്നു എന്നതിനാലാണ് എന്ന് ഓര്‍മിക്കേണ്ടതുമുണ്ട്.

സംസ്കൃതം ഒരു മൃതഭാഷ അല്ളെന്നും അതിന്‍െറ യോഗാത്മക പാരമ്പര്യത്തെയും മതപരമായ പ്രാധാന്യത്തെയും കുറച്ചുകാണുന്ന പൊള്ളോക്കിന്‍െറ സമീപനം തിരസ്കരിക്കണം എന്നതുമാണ് മല്‍ഹോത്രയുടെ വിമര്‍ശത്തിന്‍െറ കാതല്‍. അക്കാദമിക് ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മല്‍ഹോത്ര വാദിക്കുന്നത് പൊള്ളോക്കിന്‍െറ സമീപനം സംസ്കൃതത്തിന്‍െറ പവിത്രതയെ ചോദ്യം ചെയ്യുന്നതാണ് എന്നാണ്. സംസ്കൃതത്തില്‍ രാഷ്ട്രീയം കാണുന്നത് അതിന്‍െറ മതാത്മകതയെ തള്ളിപ്പറയലാണ്. അമേരിക്കന്‍ പൗരസ്ത്യവാദത്തിന്‍െറ ഈ നിലപാട് അസ്വീകാര്യമാണ്. കൊളോണിയല്‍ യൂറോപ്യന്‍ പൗരസ്ത്യവാദത്തില്‍നിന്ന് വ്യത്യസ്തമാണ് രണ്ടാം ലോകയുദ്ധത്തിനുശേഷം വളര്‍ന്നുവന്ന അമേരിക്കന്‍ പൗരസ്ത്യവാദം എന്ന ഒരു സമീപനമാണ് മല്‍ഹോത്ര മുന്നോട്ടുവെക്കുന്നത്. കൊളോണിയല്‍ പൗരസ്ത്യവാദത്തിനു യൂറോപ്യന്‍ മേധാവിത്വത്തിന്‍െറ രക്ഷാധികാരഭാവവും ഇന്ത്യാചരിത്രത്തിന്‍െറ കാല്‍പനികവത്കരണവും ഉണ്ടായിരുന്നു. യൂറോപ്യന്‍ കൊളോണിയല്‍ വ്യവഹാരങ്ങള്‍ക്കെതിരെയുള്ള മാര്‍ക്സിസ്റ്റ്/പോസ്റ്റ് കൊളോണിയല്‍ വിമര്‍ശങ്ങളെ മല്‍ഹോത്ര ഹിന്ദുത്വനിലപാടില്‍ നിന്നുകൊണ്ടുള്ള തന്‍െറ പൗരസ്ത്യവാദവിമര്‍ശത്തിനായി കൈവശപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇന്ന് കൂടുതല്‍ സംഗതമായിട്ടുള്ളത് അമേരിക്കന്‍ പൗരസ്ത്യവാദം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൊള്ളോക്കിന്‍െറയും മറ്റും നിലപാടുകളെ ഖണ്ഡിക്കലാണ് എന്നാണ് മല്‍ഹോത്ര പറയുന്നത്. ഇതിന്‍െറ വിശദമായ ചര്‍ച്ചയാണ് പുസ്തകത്തിലുള്ളത്.

ഇന്ത്യന്‍ സംസ്കാരത്തിന്‍െറ നിര്‍വചനം അമേരിക്കക്കാര്‍ ഏറ്റെടുക്കുന്നു എന്ന വ്യാകുലതയാണ് മല്‍ഹോത്രയുടെ സമീപനത്തിന്‍െറ അടിസ്ഥാന പരിസരം. ശൃംഗേരിമഠം പോലുള്ള സ്ഥാപനങ്ങളാണ് ഇത് നിര്‍വഹിക്കേണ്ടത്, അല്ലാതെ അക്കാദമിക്കുകളല്ല എന്ന് മല്‍ഹോത്ര ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. മാര്‍ക്സിസ്റ്റുകളും പോസ്റ്റ് കൊളോണിയല്‍ ചിന്തകരും വികസിപ്പിച്ചിട്ടുള്ള പൗരസ്ത്യവാദ വിമര്‍ശങ്ങളുടെ ചുവടുപിടിച്ചു അവരത്തെന്നെ ആക്രമിക്കുന്ന രീതിയാണ് മല്‍ഹോത്രയുടേത്. സംസ്കൃതപഠനത്തിനുള്ള സൗകര്യങ്ങള്‍ ഇന്ത്യയില്‍ നശിപ്പിക്കുകയും അമേരിക്കയില്‍ വളര്‍ത്തുകയുമാണ് പൊള്ളോക് ചെയ്യുന്നത് എന്ന് അദേഹം വിശദീകരിക്കുന്നു. അതിനു അറിഞ്ഞോ അറിയാതെയോ ഇന്ത്യക്കാര്‍തന്നെ കൂട്ടുനില്‍ക്കുന്നു. ഇങ്ങനെ പോയാല്‍ നാളെ ഒരു സംസ്കൃതഗ്രന്ഥം വായിക്കാന്‍ അമേരിക്കക്കാരുടെ സഹായം വേണ്ടിവരുന്ന സാഹചര്യം ഉണ്ടാവുമെന്ന് മല്‍ഹോത്ര പറയുന്നുണ്ട്. സംസ്കൃതം എന്താണ് എന്ന് വ്യാഖ്യാനിക്കാനുള്ള ഭാരതത്തിന്‍െറ അവകാശം അമേരിക്കക്കാര്‍ തട്ടിയെടുക്കുകയാണ്.

ചരിത്രത്തില്‍ പലപ്പോഴും സംസ്കൃതവുമായി ബന്ധപ്പെട്ട നിര്‍ണായകമായ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ ദക്ഷിണേഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ പുതിയ മതങ്ങള്‍ രൂപംകൊള്ളുകയും അത് ബ്രാഹ്മണ്യാധീശത്വത്തെ വെല്ലുവിളിക്കുകയും ചെയ്തകാലം മുതല്‍ സംസ്കൃതം വിവാദങ്ങളുടെ കേന്ദ്രമായിട്ടുണ്ട്. ഒരുപക്ഷേ, അതിനു മുമ്പ് വേദകാല ഗോത്ര സമ്പദ്വ്യവസ്ഥയില്‍നിന്ന് നിയതമായ രാജവാഴ്ചയിലേക്ക് ഇന്ത്യാചരിത്രം നീങ്ങിയ കാലത്തുതന്നെ അതാരംഭിച്ചിരിക്കാം. വേദകാല ദൈവതങ്ങളുടെ സ്ഥാനം നഷ്ടപ്പെടുകയും പുരാണങ്ങളിലെ ത്രിത്വസങ്കല്‍പത്തിന്‍െറ അടിസ്ഥാനത്തിലുള്ള മതബോധം ശക്തിപ്പെടുകയും ചെയ്ത സംക്രമണ ഘട്ടത്തില്‍ ഭാഷയില്‍ ഉണ്ടായ പരിവര്‍ത്തനങ്ങള്‍ സംസ്കൃതത്തിന്‍െറ വൈദികാടിസ്ഥാനത്തെ കുറെയൊക്കെ മാറ്റിമറിക്കുകയുണ്ടായി. സംസ്കൃതത്തിന്‍െറ വ്യാകരണത്തിലും സ്വരവിന്യാസത്തിലും പദവ്യവസ്ഥയിലും പാണിനിയുടെ കാലമായപ്പോഴേക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. അതുപോലെ പാഞ്ചാലി, മാഗധി, പൈശാചി തുടങ്ങിയ നിത്യവ്യവഹാര ഭാഷകളെ പ്രാകൃതമെന്ന പേരില്‍ പാമരഭാഷകളായും സംസ്കൃതത്തെ വരേണ്യരുടെ ദേവഭാഷയായും കണക്കാക്കിപ്പോന്നു എന്നതില്‍തന്നെ നിയതമായ ഒരു രാഷ്ട്രീയമുണ്ട്.

സംസ്കൃതം ഒരു നിത്യവ്യവഹാരഭാഷ എന്ന നിലയില്‍ ഏതെങ്കിലും കാലത്ത് നിലനിന്നിരുന്നോ എന്ന് കൃത്യമായി പറയാന്‍ കഴിയില്ല. പക്ഷേ, അതിന്‍െറ ചരിത്രപരമായ വികാസവും വളര്‍ച്ചയും പിന്നീടുള്ള തളര്‍ച്ചയും ആര്‍ക്കും നിഷേധിക്കാന്‍ കഴിയുന്ന കാര്യമല്ല. അതിന്‍െറ ചരിത്രപരമായ സാഹചര്യങ്ങള്‍ പൊള്ളോക്കും മറ്റു ചിന്തകരും വിശദീകരിച്ചിട്ടുണ്ട്.

മല്‍ഹോത്രയുടെ വിമര്‍ശം അസഹിഷ്ണുതയില്‍നിന്ന് ഉണ്ടാവുന്നതാണ്. സംസ്കൃതത്തിന്‍െറ അധീശത്വധര്‍മങ്ങള്‍ അങ്ങനെ നിസ്സാരമായി എഴുതിത്തള്ളാവുന്നതല്ല. ഇന്ത്യയില്‍ വര്‍ണാശ്രമങ്ങള്‍ നിലനിന്നത് കേവലം മനുസ്മൃതി എന്ന നിയമസംഹിതയുടെ ബലത്തിലല്ല. ഇതിഹാസങ്ങളിലും പുരാണങ്ങളിലുംകൂടി വര്‍ണാശ്രമ വ്യവസ്ഥയുടെ ആധികാരികത അടിച്ചേല്‍പിക്കാന്‍ കഴിഞ്ഞതുകൊണ്ടു കൂടിയാണ്. മതപരമായ കൃതികളെല്ലാം സംസ്കൃതത്തില്‍ ആവുകയും അവയെ ഉള്ളില്‍നിന്ന് നിഷേധിക്കാന്‍ സംസ്കൃതപരിചയം അത്യാവശ്യമാവുകയും ചെയ്തിരുന്നു. എന്നാല്‍, സംസ്കൃതപഠനമാവട്ടെ എക്കാലത്തും ജാതിവ്യവസ്ഥയിലെ വരേണ്യര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഇതോടെ അതിന്‍െറ വ്യാഖ്യാനത്തിനുള്ള അവകാശവും ഈ ന്യൂനപക്ഷത്തില്‍ നിക്ഷിപ്തമായിത്തീര്‍ന്നു.

സംസ്കൃതപഠനത്തെ മതവിമുക്തമാക്കാനുള്ള ശ്രമമാണ് പൊള്ളോക്കും മറ്റും നടത്തുന്നത് എന്ന വിമര്‍ശം ഈ കുത്തകാവകാശം സവര്‍ണര്‍ക്ക് നഷ്ടപ്പെട്ട ചരിത്രത്തോടുള്ള കാലുഷ്യം കൂടിയാണ്. മല്‍ഹോത്രയെ പോലുള്ളവര്‍ പൊള്ളോക്കിനെതിരെ തിരിയുന്നത് ഇന്ത്യയില്‍ ഉയര്‍ന്നുവന്നിട്ടുള്ള സമാനമായ വിമര്‍ശങ്ങളെ കണ്ടില്ളെന്നു നടിച്ചുകൊണ്ടാണ്. ശ്രമണപാരമ്പര്യങ്ങളിലും പൗരസ്ത്യ നാസ്തിക പദ്ധതികളിലും കീഴാളസമീപനങ്ങളിലും എന്തിനു കാളിദാസന്‍െറ അടക്കമുള്ള സംസ്കൃതസാഹിത്യത്തില്‍തന്നെയും സംസ്കൃതത്തിന്‍െറ അധീശത്വഘടനകളുടെ പരോക്ഷവും പ്രത്യക്ഷവുമായ വിമര്‍ശങ്ങള്‍ കാണാന്‍ കഴിയും. നേരത്തെ സൂചിപ്പിച്ചതുപോലെ സാമ്പത്തിക സാമൂഹികസംക്രമണത്തിന്‍െറ സന്ദര്‍ഭത്തില്‍ വാമൊഴി പാരമ്പര്യത്തില്‍നിന്ന് വരമൊഴി സംസ്കാരത്തിലേക്കുള്ള പരിവര്‍ത്തനത്തിന്‍െറ സന്ധികളില്‍തന്നെ ഈ പ്രക്രിയയുടെ മുദ്രകള്‍ നിര്‍ലീനമാണ്. ഈ ചരിത്രധാരയെ പൂര്‍ണമായും തമസ്കരിച്ചുകൊണ്ടും പൗരസ്ത്യവാദ വിമര്‍ശത്തിന്‍െറ പുകമറ ഉയര്‍ത്തിക്കൊണ്ടും ശൃംഗേരിമഠത്തിനായി എല്ലാ ഭാഷാധികാരവും പതിച്ചുനല്‍കുന്ന മല്‍ഹോത്രയുടെ സമീപനം നവഹിന്ദുത്വം തുറക്കുന്ന മറ്റൊരു ബൗദ്ധിക സമരമുഖം മാത്രമാണ്.

 

Tags:    
News Summary - sherlock holmes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.