സംഘർഷ ഭൂമിയിൽ നേരും നിലപാടും തേടി

ചിലരുണ്ട്. ഓര്‍മയില്‍പോലും നമ്മെ വല്ലാതെ ത്രസിപ്പിക്കുന്നവര്‍. ഡല്‍ഹി രാഷ്ട്രീയത്തില്‍ സജീവമായി വിടവാങ്ങിയ ചിലരും അക്കൂട്ടത്തിലുണ്ട്. വി.പി. സിങ്, കാന്‍ഷി റാം, ഇബ്രാഹിം സുലൈമാന്‍ സേട്ട്, സുര്‍ജിത്, ഇന്ദ്രജിത് ഗുപ്ത... ഇവരില്‍ പലരെയും ആദ്യം കണ്ടപ്പോള്‍ അമ്പരന്നുനിന്നു. പിന്നീട് പലവുരുകണ്ടു. അപ്പോഴൊക്കെ ആദരവ് കൂടിയതേയുള്ളൂ. രാഷ്ട്രീയംതന്നെ ശരിയല്ളെന്നായിരുന്നു ഉള്ളിലെ പൊതുബോധം. അതിനെക്കൂടി തിരുത്തിക്കുറിക്കുക കൂടിയായിരുന്നു ആ മനുഷ്യര്‍.

പുറംനാടുകളിലെ പത്രപ്രവര്‍ത്തന ജീവിതത്തിലും കണ്ടു, ഇതുപോലെ പല മനുഷ്യരെയും. ഉള്ളില്‍ ആദരവ് നിറച്ച് നമ്മെതന്നെ സ്തബ്ധരാക്കുന്നവര്‍. ബഗ്ദാദില്‍ കണ്ടുമുട്ടിയ രണ്ടുപേര്‍ അവരില്‍ വേറിട്ടുനില്‍ക്കുന്നു. ഇരുവരും എന്‍െറതന്നെ വര്‍ഗത്തില്‍ പെട്ടവര്‍; മാധ്യമപ്രവര്‍ത്തകര്‍. അതില്‍ ഒരാള്‍ക്ക് ഇപ്പോള്‍ വയസ്സ് ഒരുപാടായി. 2003ല്‍ കാണുമ്പോള്‍ വയസ്സ് 57. ബഗ്ദാദിന്‍െറ ഉള്ളകങ്ങളില്‍ ഒരു യുവാവിന്‍െറ ചുറുചുറുക്കോടെ, ധീരയോദ്ധാവിന്‍െറ ജാഗ്രതയോടെ റങ്ങിനടന്ന് ആര്‍ക്കും ലഭിക്കാത്ത മികച്ച വാര്‍ത്തകളുമായി തിരിച്ചുകയറിവരുന്ന ആ മനുഷ്യന്‍െറ ചിത്രം മറക്കാനാവില്ല.

റോബര്‍ട്ട് ഫിസ്ക്
 


പേര് റോബര്‍ട്ട് ഫിസ്ക്. യുദ്ധത്തിന്‍െറ മുമ്പുതന്നെ ഫിസ്ക് ഇറാഖില്‍ എത്തിയിരുന്നു. എംബഡഡ് അശ്ലീലത തൊട്ടുതീണ്ടാതെ ഏതു തെരുവിലും അയാള്‍ ചെന്നെത്തി. അവിടെയൊക്കെ ഈ മനുഷ്യനെ തിരിച്ചറിയുന്ന എത്രയോ പേര്‍. ഒരുപക്ഷേ, അറബ് ലോകം ഇത്രമേല്‍ നെഞ്ചേറ്റുന്ന ഒരു പുറവാസി മാധ്യമപ്രവര്‍ത്തകന്‍ വേറെ കാണില്ല. ഇറാഖ് യുദ്ധദിനങ്ങളില്‍ ഫിസ്ക് എന്തുപറയുന്നു എന്നു കാത്തിരിക്കുകയായിരുന്നു അറബ് മാധ്യമ സ്ഥാപനങ്ങളില്‍ പലതും. നാലു പതിറ്റാണ്ടിലേറെയായി അറബ് സംഘര്‍ഷ ലോകത്ത് സമര്‍പ്പിതമാണ് ഈ ജീവിതം. ലബനാന്‍ മുതല്‍ ഇറാഖ് വരെ ഫിസ്ക് ചെന്നത്തൊത്ത ഇടങ്ങളില്ല. ഇസ്രായേല്‍ അധിനിവേശങ്ങളും ഇറാഖ്-ഇറാന്‍ യുദ്ധവും കുവൈത്ത് അധിനിവേശവുമൊക്കെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത ഏക മാധ്യമപ്രവര്‍ത്തകന്‍. അഫ്ഗാനിലെ സംഘര്‍ഷ മണ്ണില്‍നിന്നായിരുന്നു, 2003ല്‍ അദ്ദേഹം ഇറാഖിലെത്തിയത്. സദ്ദാം ഹുസൈന്‍ ഉള്‍പ്പെടെ പല അറബ് നേതാക്കളുമായും ആത്മബന്ധം.

ബഗ്ദാദ് ഫലസ്തീന്‍ ഹോട്ടലിന് മുന്നില്‍നിന്നായിരുന്നു റോബര്‍ട്ട് ഫിസ്കിനെ ആദ്യം കണ്ടത്. ആ മനുഷ്യനെ കാണ്‍കെ, എല്ലാവരും അതിരറ്റ ആദരവോടെ അടുത്തുകൂടുന്നു. നാട്യങ്ങളില്ലാതെ വിചാരങ്ങള്‍ പങ്കുവെക്കുന്നു. സൗഹൃദ സംഭാഷണം അവസാനിപ്പിച്ച് തിരക്കിന്‍െറ ലോകത്തേക്ക് തിടുക്കത്തില്‍ ഒരു നടത്തമായിരിക്കും പിന്നെ. ആദരവിന്‍െറ ഒരായിരം കണ്ണുകള്‍ അയാള്‍ക്കു പിന്നില്‍. അവരില്‍ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ട്. അധികാരം കൈയാളുന്നവര്‍ മുതല്‍ തെരുവു യാചകര്‍വരെ കൂട്ടത്തില്‍. ഒരു മാധ്യമപ്രവര്‍ത്തകന് എക്കാലത്തും എവിടെയും ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ പുരസ്കാരം അതായിരുന്നു ആ സ്നേഹനോട്ടങ്ങളിലത്രയും. അറബികള്‍ക്കൊപ്പമല്ല, മനുഷ്യര്‍ക്കൊപ്പമായിരുന്നു ആ തൂലിക എന്നും. ഇപ്പോള്‍ പ്രായം 74 കഴിഞ്ഞിരിക്കുന്നു റോബര്‍ട്ട് ഫിസ്കിന്. എന്നിട്ടും ഇളക്കമില്ല. സംഘര്‍ഷഭൂമികളില്‍ തന്നെയാണ് ജീവിതം. താഴ്ത്തട്ടിലെ ഗദ്ഗദങ്ങള്‍ തന്നെയാണ് ആ കുറിമാനങ്ങളുടെ ശക്തി. കാലുഷ്യങ്ങളുടെ മഹാമേളകള്‍ക്കിടയില്‍ മാനവികതയുടെ അടരുകളിലും മനുഷ്യന്‍െറ അവസാനിക്കാത്ത നിലവിളികളിലും ചെന്നു തൊടുകയാണ് റോബര്‍ട്ട് ഫിസ്ക്. അന്നു മാത്രമല്ല, ഇന്നും ഇതൊക്കെതന്നെയാണ് ഫിസ്ക്.

രാജ്കമല്‍ ഝാ
 


ഉള്ളകം നീറുമ്പോഴൊക്കെയും ഫിസ്ക് കൂടെയുണ്ടെന്ന് അറബികള്‍ അനുഭവിച്ചറിയുന്നു. മനുഷ്യത്വവും നിലപാടുകളിലെ സ്ഥൈര്യവും തന്നെയാണ് പ്രധാനം. എഴുത്തിലും രാഷ്ട്രീയത്തിലും ജീവിതത്തിലും നിറഞ്ഞ സത്യസന്ധത- അതാണ് ലോകോത്തര മാധ്യമപ്രവര്‍ത്തകനായിരിക്കത്തെന്നെ ഉറച്ച രാഷ്ട്രീയനിലപാടുള്ള ഒരാളായും ഫിസ്കിനെ മാറ്റിയത്. ആ രചനകള്‍ പാരായണസുഖം മാത്രമല്ല നല്‍കുന്നത്. മറിച്ച് കൃത്യമായ രാഷ്ട്രീയനിലപാടിലേക്കും നമ്മെ വലിച്ചടുപ്പിക്കുകയാണ്. സുരക്ഷിത ഇടങ്ങളില്‍ ആരെയും വെറുപ്പിക്കാതെയുള്ള ഒന്നാണ് മാധ്യമപ്രവര്‍ത്തനം എന്ന ധാരണയുണ്ട്. അതിനെ പൊളിച്ചടുക്കുകയായിരുന്നു പിന്നിട്ട പതിറ്റാണ്ടുകളില്‍ റോബര്‍ട്ട് ഫിസ്ക്. സുരക്ഷിത വഴികള്‍ക്ക് ചേര്‍ന്നതല്ല മാധ്യമപ്രവര്‍ത്തനമെന്നുകൂടി ഫിസ്ക് തെളിയിച്ചു. ഇന്നും തെളിയിക്കുന്നു.

ഹാമിദ് മിര്‍ എന്ന മാധ്യമപ്രവര്‍ത്തകനെയും ആദ്യം കാണുന്നത് ബഗ്ദാദില്‍ വെച്ചുതന്നെ. ചുറുചുറുക്കുള്ള പാക് മാധ്യമപ്രവര്‍ത്തകന്‍. ജിയോ ടെലിവിഷനുവേണ്ടി ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു അന്ന് മിര്‍. ബഗ്ദാദിലും പരിസരപ്രദേശങ്ങളിലും ദിവസങ്ങളോളം ഒരുമിച്ച് യാത്ര ചെയ്തു. യുദ്ധത്തിന്‍െറ ദുരയെക്കുറിച്ചും യാങ്കിയുടെ അധിനിവേശ മനസ്സിനെക്കുറിച്ചും കൃത്യമായ രാഷ്ട്രീയനിലപാടുണ്ട് റോബര്‍ട്ട് ഫിസ്കിനെപോലെ ഹാമിദ് മിറിനും. ഇന്ത്യ-പാക് ഉപരിപ്ളവ ദേശീയ വാദികള്‍ക്കൊപ്പമല്ല ആ മനസ്സ്. ഇരു രാജ്യങ്ങളിലെയും ജനത പുലര്‍ത്തുന്ന ശാന്തി മനസ്സാണ് മിറിന്‍െറയും ഉള്ളില്‍. രാഷ്ട്രീയ വിയോജിപ്പുകള്‍ ഉറപ്പിച്ചുപറഞ്ഞുള്ള മാധ്യമപ്രവര്‍ത്തനം, അതുതന്നെയായിരുന്നു മിര്‍ തെരഞ്ഞെടുത്തത്. ഒരുമിച്ചുനിന്നാല്‍ മഹാദ്ഭുതങ്ങള്‍ പ്രകടിപ്പിക്കാന്‍ മികവുള്ള രണ്ട് രാജ്യങ്ങള്‍ വെറുതെ തമ്മില്‍ തല്ലി നശിക്കുന്നുവെന്നാണ് ബഗ്ദാദ് ദിനങ്ങളില്‍ മിര്‍ പരിതപിച്ചത്.

യുദ്ധത്തിന്‍െറ കൊടിയനാളുകളില്‍ പിടയുന്ന ബാല്യത്തെക്കുറിച്ചും ഏറെ പരിതപിച്ചിരുന്നു മിര്‍. അഫ്ഗാന്‍ യുദ്ധ ഭൂമികയിൽ നിന്നായിരുന്നു മിര്‍ അന്ന് ബഗ്ദാദില്‍ എത്തിയത്. യുദ്ധങ്ങളില്‍ എപ്പോഴും തോല്‍ക്കുന്നത് സാധാരണ മനുഷ്യരാണെന്ന് ഇറാഖ്, അഫ്ഗാന്‍ ദുരന്തമുഖം അടുത്തുകണ്ട മിര്‍ സങ്കടം കൊണ്ടു. ഉസാമ ബിന്‍ ലാദിനെ അഭിമുഖം നടത്തിയതിലൂടെയാണ് മിര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട അഭിമുഖം കൂടിയായിരുന്നു അത്. വ്യവസ്ഥയുടെ ഭാഗമായി മാറാന്‍ എല്ലാ നിലക്കും മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുന്ന രാഷ്ട്രീയ ഘടനയാണ് പാകിസ്താനിലേത്. എന്നിട്ടും എതിരിടല്‍ വീര്യത്തിലൂടെ വസ്തുതക്കും ന്യായത്തിനും മനുഷ്യത്വത്തിനുമൊപ്പം നിലയുറപ്പിക്കാനുള്ള ഒൗത്സുക്യം. അതാണ് ഹാമിദ് മിറിന്‍െറയും മറ്റും വഴി. അതിന് അസാമാന്യ ചങ്കൂറ്റം വേണം.

മനുഷ്യത്വത്തോടും അതിന്‍െറ രാഷ്ട്രീയത്തോടും ചേര്‍ന്നു നില്‍ക്കുന്നതു കൊണ്ടാവും പ്രതിലോമകാരികളുടെ എതിര്‍പ്പും ശക്തം. രണ്ടുവര്‍ഷം മുമ്പ് കറാച്ചിയില്‍ വെടിയേറ്റ മിര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പാകിസ്താനിലെ ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകന്‍ എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് മിറിനെ വിശേഷിപ്പിച്ചത്. ഗോയങ്കെ അവാര്‍ഡ്ദാന ചടങ്ങില്‍ ‘ദ ഇന്ത്യന്‍ എക്സ്പ്രസ്’ ചീഫ് എഡിറ്റര്‍ രാജ്കമല്‍ ഝാ പറഞ്ഞ കാര്യം നാം മറക്കരുത്. ‘‘സെല്‍ഫി ജേണലിസ്റ്റുകളാണ് ചുറ്റും. സ്വന്തം മുഖത്തിനും ചിന്തക്കും വാക്കിനുമുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ബാക്കിയെല്ലാം അലോസരമുണ്ടാക്കുന്ന പശ്ചാത്തല ശബ്ദങ്ങള്‍ മാത്രം. വസ്തുത വിഷയമല്ല. ഒരു പതാക നാട്ടി അതിനുപിന്നില്‍ മറഞ്ഞിരുന്നാല്‍ മതി...’’ എന്നാല്‍ അത്തരം നാട്യങ്ങള്‍ക്ക് ഒരുക്കമല്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ചിലരെങ്കിലും. സ്വേച്ഛാ ഭരണകൂടങ്ങള്‍ക്ക് കൈയൊപ്പ് ചാര്‍ത്തുക, അക്ഷരങ്ങളും ശബ്ദവും കൊണ്ട് ജയഭേരി മുഴക്കുക, അതിന് തങ്ങളില്ലെന്ന് ഇവര്‍ ചങ്കുറപ്പോടെ പ്രഖ്യാപിക്കുന്നു. മനുഷ്യര്‍ അത്രയെളുപ്പം തോറ്റുകൊടുക്കരുതെന്ന രാഷ്ട്രീയ വിളംബരംകൂടിയാണ് ഇവര്‍ക്ക് മാധ്യമപ്രവര്‍ത്തനം.

Tags:    
News Summary - media persons in gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.