നൊമ്പരമുണർത്തേണ്ട പ്രസവ മരണങ്ങൾ 

മരണം ഒപ്പമുള്ളതും എപ്പോഴും പ്രതീക്ഷിക്കപ്പെടുന്നതുമായ ഇടമാണ് ആശുപത്രികൾ. ദിവസേന അനേകം മരണങ്ങൾ, മരണവുമായി മല്ലിടുന്ന രോഗികൾ, മരണസാധ്യതയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ബന്ധുക്കളും മിത്രങ്ങളും^ഇതെല്ലാം ചേർന്നതാണ് ആശുപത്രിയുടെ സാമൂഹിക പരിസരം. വളരെ കുറച്ചുനാൾ മാത്രമാണ് നാം ആശുപത്രികളിൽ കഴിയുന്നതെങ്കിലും ആ ജീവിതം പലരേയും ആഴത്തിൽ സ്വാധീനിക്കാറുണ്ട്. എന്നാൽ ലക്ഷക്കണക്കിനാളുകളെ രോഗത്തിൽനിന്ന്​ ആരോഗ്യത്തിലേക്കു നയിക്കുകയും മെച്ചപ്പെട്ട ജീവിതാനുഭവങ്ങൾ സാധ്യമാക്കുകയും ചെയ്യുന്നതിനാൽ ആശുപത്രി ജീവിതം നാം അംഗീകരിക്കുകയും ചെയ്യുന്നു. ആശുപത്രിയനുഭവങ്ങളുടെ സാമൂഹികശാസ്ത്രം പഠനവിഷയമാക്കേണ്ടതാണ്; സംശയമില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ കണ്ണുകൾ ഈറനാക്കുന്ന മരണങ്ങളുണ്ട്. അമ്മയാകാൻ തയാറായെത്തുന്ന ഗർഭിണികളുടെ മരണമാണ് ഏറ്റവും ആധിയുണ്ടാക്കുന്നത്​. പ്രസവം ഗർഭിണികളുടെ സ്വകാര്യദൗത്യം മാത്രമല്ല, ഓരോ പ്രസവവും സമൂഹത്തിനു ലഭിക്കുന്ന ദാനവും കൂടിയാണ്. അതിനാലാണ് വികസിതരാജ്യങ്ങൾ ഗർഭപരിചരണം, പ്രസവം, ശിശുപരിപാലനം എന്നിവക്ക് ഉയർന്ന പരിഗണന നൽകുന്നത്. ചരിത്രം, സംസ്കാരം എന്നിവ പോലെ പ്രകൃതിനിർധാരണത്തിലൂടെ കൈവരിച്ച ജനിതക ശേഖരം ഭാവിതലമുറയിലൂടെ സംരക്ഷിക്കുന്നതിനും ഗർഭകാല ചികിത്സയും പരിചരണവും ഉയർന്ന നിലവാരത്തിലാക്കേണ്ടതുണ്ട്.

പരിഷ്കൃത സമൂഹങ്ങളിൽ മിഡ്‌വൈഫ്‌ എന്ന വ്യക്തി ഗർഭകാല പരിചരണത്തിൽ ആദ്യാവസാന പങ്കാളിയാണ്. പ്രതിശീർഷ പ്രസവം കുറഞ്ഞുവരുന്ന ഇക്കാലത്തു ഗർഭിണികൾ നേരിടുന്ന വലിയ പ്രശ്നം പ്രജനനം, ഗർഭധാരണം, പ്രസവം എന്നിവയെക്കുറിച്ച് വേണ്ടത്ര അറിവ് ലഭ്യമാകാത്തതാണ്. ലൈംഗികത, ശാരീരികവും മാനസികവുമായ വ്യതിയാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ സ്വകാര്യതയും ആദരണീയതയും ഉറപ്പാക്കി ആശയവിനിമയം നടത്താൻ കെൽപുള്ളവർ ആരോഗ്യകേന്ദ്രങ്ങളിൽ നന്നേ ചുരുക്കം. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ആൾക്കൂട്ടം പ്രതിബന്ധമാകുമ്പോൾ, ഉന്നത സ്വകാര്യ ആശുപത്രികളിൽ പ്രതിശീർഷ സമ്പർക്കസമയം കുറവായതാണു പ്രശ്നം. ഗർഭകാലത്തെയും പ്രസവത്തിലെയും പരിചരണം ലഭ്യമാകുമ്പോൾ മിഡ്‌വൈഫ്‌ പങ്കാളിത്തം കൂടി ഉറപ്പാക്കിയാൽ ഗർഭിണികളാകാൻ തയാറെടുക്കുന്ന യുവതികൾക്ക് വേണ്ട പരിജ്ഞാനം ഉറപ്പാക്കാനാകും.

പ്രത്യേകിച്ചു അറിയാനോ പഠിക്കാനോ ഒന്നുമില്ലെന്ന് നാം കരുതുന്ന കാര്യങ്ങൾ ഒരു സ്പെഷലിസ്​റ്റ്​ തലത്തിൽ കൈകാര്യം ചെയ്യുന്ന മിഡ്‌വൈഫുമാർ വിദേശത്തുണ്ട്. അവർ പ്രസവവിജ്ഞാന പരിശീലനം, നവജാതശിശു പരിചരണം, മാതാപിതാക്കൾക്ക് വേണ്ട നൈപുണ്യം എന്നിവയിൽ യോഗ്യത തെളിയിച്ചവരാണ്. അവരുടെ സേവനം പ്രസവസംബന്ധമായ പല പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കുന്നു. പലപ്പോഴും കന്നി പ്രസവത്തിനു പലനാൾ മുമ്പുതന്നെ ഗർഭിണിയായ യുവതിക്ക് ത​​​െൻറ ശരീരത്തിൽ നടക്കുന്ന മുന്നൊരുക്കങ്ങളും മാറ്റങ്ങളും അനുഭവവേദ്യമാകുന്നുവെങ്കിലും അവയുടെ സാംഗത്യത്തെക്കുറിച്ചു ബോധ്യമില്ലാത്തതിനാൽ ത​​​െൻറ ആരോഗ്യപരിചാരകരുടെ ശ്രദ്ധയിൽപെടുത്താറില്ല.

പ്രസവത്തിനു സജ്ജമാക്കുന്ന പരിശീലനം സ്ത്രീകൾക്ക് ഗുണകരമാകുന്ന ഫലങ്ങൾ ഉളവാക്കുന്നുണ്ടോ എന്ന അന്വേഷണമാണ് മസൂമി, ഖസേമി മുതൽ പേർ ഇറാനിൽനിന്ന് റിപ്പോർട്ട് (2016) ചെയ്ത മികച്ച പഠനത്തി​​​െൻറ പ്രതിപാദ്യം. പ്രസവത്തെക്കുറിച്ചുള്ള ഭയം, പ്രസവകാലത്തിൽ നഷ്​ടപ്പെടുന്ന സ്വയം നിയന്ത്രണാവകാശങ്ങൾ, വേദനയെക്കുറിച്ചു നിലനിൽക്കുന്ന ധാരണകൾ, ശിശുവിനു സംഭവിച്ചേക്കാവുന്ന പ്രയാസങ്ങൾ എന്നിവയാണ് പൊതുവെ റിപ്പോർട്ട് ചെയ്യപ്പെട്ട അസ്വസ്ഥതകൾ. പരിശീലനം സിദ്ധിച്ച യുവതികളിൽ ഈ അസ്വസ്ഥതകൾക്കെല്ലാം കാര്യമായ അയവുണ്ടാകുന്നതായി കണ്ടു. നമ്മുടെ പ്രസവപരിചരണം യൂറോപ്യൻ നിലവാരം പുലർത്തുന്നുവെന്നു കരുതുന്നവർ ഇവിടെ സാർവത്രികമായി ഇറാൻ മോഡൽ നടപ്പിലായിട്ടുണ്ടോ എന്നന്വേഷിക്കുന്നത് നന്നായിരിക്കും.

എല്ലാം തികഞ്ഞെന്നു നാം കരുതുന്ന കേരളത്തിൽ ശുഭാപ്‌തിവിശ്വാസികൾ മുന്നോട്ടുവെക്കുന്ന മാതൃമരണ നിരക്ക് 46 ആണ്. 2020ൽ ഇത് 30 ആക്കണമെന്ന് നാം ചിന്തിക്കുന്നു. ഇറാനിൽ 2015ൽ ഇത് 25 ആയിരുന്നു. സ്ത്രീകളുടെ സാമൂഹികാവകാശങ്ങൾ നിയന്ത്രിക്കുന്നു എന്ന് നാം കരുതുന്ന രാജ്യമാണത്​ എന്നോർക്കണം. മാതൃമരണ നിരക്ക് ചൈനയിൽ 19 ഉം, ശ്രീലങ്കയിൽ 30 ഉം, മാലദ്വീപിൽ 68 ഉം ആകുന്നു. കേരളത്തിന് ചൈനയുടെയോ ശ്രീലങ്കയുടെയോ അടുത്തെത്താൻ വളരെക്കാലം വേണ്ടിവരും. ഗർഭിണികളായ യുവതികളെ സുരക്ഷിതരാക്കാൻ ആവശ്യമായ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കിയാൽ ഏറ്റവും വേദനജനകമായി കരുതപ്പെടുന്ന മരണങ്ങൾ തടയാനാകും. ഇറാൻ, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങൾ പഠിപ്പിക്കുന്നത് അതാണ്; രാഷ്​ട്രീയം, മതം, യുദ്ധം ഇവയൊന്നും മനുഷ്യപുരോഗതിയെ തടയുന്ന കാര്യങ്ങളല്ല.

പ്രസവമരണങ്ങൾ തടയുക സ്​റ്റേറ്റി​​​െൻറ ഉത്തരവാദിത്തമാണ്. രോഗമില്ലാത്ത മറ്റേതൊരാളി​​​െൻറയും മരണംപോലെയാണ് പ്രസവിക്കാനെത്തുന്ന യുവതിയുടെ മരണം. ഒരു ലക്ഷത്തിൽ 46 യുവതികൾ മരിക്കുന്നത് കേവലം സ്ഥിതിവിവരക്കണക്കുകളിൽ മറച്ചുവെക്കാനുള്ളതല്ല. മരണകാരണം കണ്ടെത്തിക്കഴിഞ്ഞാൽ പ്രസവമരണങ്ങൾ മറ്റു മരണങ്ങളുമായി താരതമ്യപ്പെടുത്താമെന്നാണ് പൊതുധാരണ. കുറച്ചുപേർ രക്തസ്രാവം മൂലം, കുറച്ചുപേർ രക്തമർദത്തി​​​െൻറ ഏറ്റക്കുറച്ചിൽ മൂലം. മറ്റു ചിലർ അപസ്മാരം മൂലം ^ ഇങ്ങനെ വർഗീകരിച്ചുകഴിഞ്ഞാൽ പ്രസവം ഒരു കണ്ണിയല്ലാതാവുന്നു. പിന്നീട് അടുത്ത മരണംവരെ എല്ലാം മറക്കാനുള്ള തയാറെടുപ്പാണ്. പ്രസവമരണങ്ങളുടെ അന്വേഷണം പോസ്​റ്റുമോർട്ടം, രോഗകാരണപഠനം എന്നിവയിൽ ഒതുങ്ങിനിൽക്കേണ്ടതല്ല. എങ്കിൽ മാത്രമേ ഒരു സാമൂഹിക പോസ്​റ്റ്​ മോർട്ടം നടത്താനുള്ള ധിറുതിയുണ്ടാകൂ. പ്രസവം ഒമ്പതു മാസത്തോളം നീണ്ടുനിൽക്കുന്ന ഗർഭാവസ്ഥ കഴിഞ്ഞുവരുന്നതായതിനാൽ പ്രതിരോധ സംവിധാനങ്ങളുടെ പാളിച്ച കണ്ടെത്താൻ മെഡിക്കൽ അന്വേഷണത്തോടൊപ്പം സാമൂഹികാന്വേഷണം കൂടി നടക്കേണ്ടതുണ്ട്. 

വികസിതരാജ്യങ്ങളിലെ പ്രസവമരണങ്ങളെക്കുറിച്ച് പഠിക്കുന്ന പ്രബന്ധം ക്രീയാങ്ക (Creanga, 2017) പ്രസിദ്ധീകരിച്ചു. അദ്ദേഹത്തി​​​െൻറ അഭിപ്രായത്തിൽ തുടർച്ചയായ ഗവേഷണം പ്രസവമരണങ്ങൾ തടയുന്നതിന് ആവശ്യമാണ്. ഇത് മരണത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനും നഷ്​ടപ്പെട്ട അവസരങ്ങൾ കണ്ടെത്താനും ഭാവി മെച്ചപ്പെടുത്താനുതകുന്ന പഠനാനുഭവങ്ങൾ ഉൾക്കൊള്ളാനും സാധ്യമാക്കുന്നു. യൂറോപ്പിൽ പ്രസവസംബന്ധിയായ മരണം അഞ്ചിനും പത്തിനും ഇടയിലാണ്; ഇതിൽ 70 ശതമാനം സംഭവിക്കുന്നത് അണുബാധ, രക്തമർദാനുബന്ധ രോഗങ്ങൾ, രക്തസ്രാവം എന്നിവ മൂലമാണ്. മാതൃമരണത്തിൽ ഫ്രാൻസ്, നെതർലൻഡ്‌സ്‌, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ നടത്തുന്ന സ്വകാര്യാന്വേഷണം പ്രസവാനുബന്ധ മരണ പര്യവേഷണ രീതിയിലെ ഉത്തമ മാതൃകയായി കണക്കാക്കപ്പെടുന്നു.

Tags:    
News Summary - labour or Delivery death -Columnist Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.