പകയുടെ ഈശ്വരൻ മഹത്വവൽക്കരിക്കപ്പെടുമ്പോൾ 

2007 ൽ  യുവജന ക്ഷേമ ബോർഡിൻറെ മെമ്പർ സെക്രട്ടറിയായി നിയമിതനായപ്പോൾ ആദ്യം ഞാൻ ചെയ്തത് ലോകത്തിന്‍റെ ഏതു  കോണിലുള്ളവർക്കും തൊഴിൽ-വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ  വിദ്യാർഥികൾക്ക് ലഭ്യമാക്കുവാനായി ഒരു വെബ്സൈറ്റ് തുടങ്ങാനുള്ള ശ്രമമായിരുന്നു. ജർമനിയിൽ ജോലി ചെയ്ത അനുഭവ സമ്പത്തുമായി എത്തിയ ഞാൻ ആദ്യ ആഴ്ച തന്ന സ്റ്റാഫിനോട് ഇക്കാര്യം ചർച്ച ചെയ്തു. സർക്കാറിന് സി-ഡിറ്റ് എന്ന സ്ഥാപനം ഉണ്ടെന്നും അവരാണ് അത് ചെയ്യേണ്ടതെന്നും ഇതിനായി  അവർക്കു എഴുതണമെന്നുമാണ് മറുപടി ലഭിച്ചത്. എഴുത്തുകുത്തുകൾ വൈകും എന്ന്  അറിയാമെങ്കിലും കത്തു തയാറാക്കി സഹപ്രവർത്തകരായ റെനിയെയും ജയപ്രകാശിനെയും ഔദ്യോഗിക കാറിൽ സി ഡിറ്റിലേക്ക് അയച്ചു. എന്നാൽ ഇത്തരം  ചെറിയ കാര്യങ്ങൾ  അടിയന്തിരമായി  ചെയ്തു തരുവാൻ അവർക്കു അപ്പോൾ കഴിയുകയില്ലന്നും ഏതെങ്കിലും ഒരു  സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാമെന്ന മറുപടിയാണ് സി.ഡിറ്റ് നൽകിയത്. 


ഞാൻ പുതിയ ആളായതിനാൽ  യോജിച്ച ഏജൻസിയെ കണ്ടെത്തുവാൻ  അവരെ തന്നെ ഏൽപ്പിച്ചു.   സി ഡി റ്റിലെ ഒരു ജീവനക്കാരന്റെ സഹായത്തോടെ 29000 രൂപാ ചെലവിൽ 'ജാലകം'  എന്നപേരിൽ  ഒരു വെബ്സൈറ്റ് തയാറാക്കുവാൻ അവർ കണ്ടെത്തിയ ഏജൻസിക്കു കരാർ നൽകുവാൻ ഞാൻ നിർദ്ദേശവും നൽകി. എന്നാൽ  ഓർഡർ കൊടുക്കുന്നതിന് മുമ്പ് സർക്കാർ അനുമതി വേണമെന്ന് അന്നത്തെ ഡെപ്യുട്ടി ഡയറക്ടർ ഫയലിൽ കുറിച്ചതിനാൽ എല്ലാ വിവരവും ചേർത്ത്  ഞാൻ സർക്കാർ അനുമതിക്ക് അപേക്ഷിച്ചു. യു.കെ എസ് ചൗഹാനായിരുന്നു അന്ന് സ്പോർട്സ് യുവജന വിഭാഗം സെക്രട്ടറി. അദ്ദേഹം തന്നെയായിരുന്നു പൊതുഭരണ വിഭാഗം സെക്രട്ടറിയും. അനുമതിക്കായി കാത്തിരുന്ന എന്നെ സ്പോർട്സ് വകുപ്പ് മന്ത്രി നേരിട്ട് വിളിച്ചു പറഞ്ഞത്  എനിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണം ഉണ്ടായിരിക്കുന്നുവെന്നും അതിൽ നടപടി നേരിടേണ്ടിവരുമെന്നുമാണ്. ഇത് കേട്ട് ഞാൻ ഞെട്ടിവിറച്ചു ജീവിതത്തിൽ ഒരിക്കൽ പോലും ഒരു വിധ സാമ്പത്തിക ആരോപണവും എന്റെ പേരിൽ ഉണ്ടായിട്ടില്ല. ഉണ്ടാകരുതെന്ന ആഗ്രഹവും ഉള്ള ആളാണ്. പിന്നീടാണ് അറിഞ്ഞത് സി ഡിറ്റിൽ ഉള്ള ഷാജഹാൻ എന്നയാളാണ് പരാതിക്കാരനെന്ന്. ഫയലുകളുമായി  നേരിട്ട് അദ്ദേഹത്തത്തെ കണ്ടു കാര്യം ബോധ്യപ്പെടുത്തണമെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിർദേശിച്ചതനുസരിച്ച് അന്ന് സി-ഡിറ്റിൽ പോയ രണ്ടുപേരുമായി ഞാൻ അദ്ദേഹത്തെ ചെന്ന് കണ്ടു.

ജീവിതത്തിൽ ആദ്യമായിക്കാണുന്ന എന്നോട് അദ്ദേഹം  ആദ്യമായി ചോദിച്ചത്  'നീ ആ ബേബീടെ കൂട്ടുകാരനല്ലേ ,കക്കാൻ വന്നവൻ' എന്നായിരുന്നു. ഭൂമി പിളർന്നു നേരെ അങ്ങ് പോയാൽ മതിയെന്ന് തോന്നിയ നിമിഷമായിരുന്നു അത്.  എന്റെ രണ്ടു ജീവനക്കാർക്കു മുന്നിൽ വെച്ചാണ് ഷാജഹാൻ അങ്ങനെ പറഞ്ഞത്.  സാധാരണ മുഖം അടിച്ചു ഒന്ന് കൊടുക്കുകയാണ് എന്റെ ശീലം, എന്തോ അന്ന് ഞാൻ ശാന്തനായി കാര്യങ്ങൾ അവതരിപ്പിച്ചു. ആകെ ഇരുപത്തി ഒമ്പതിനായിരം രൂപയുടെ കരാർ അയാൾ ഒരു ലക്ഷത്തി  ഇരുപത്തി ഒമ്പതിനായിരമാക്കിയാണ് പരാതി നൽകിയത്. അക്കാര്യം ശരിയല്ലെന്ന് ഫയൽ ചൂണ്ടിക്കാണിച്ച് വിശദീകരിച്ചു. എന്നാൽ തുരുതുരാ ബീഡിയും വലിച്ചു ആ പുകയും മുഖത്തു ഊതി വിട്ടു കൊണ്ട് ഷാജഹാൻ  പറഞ്ഞത് നീ തട്ടിപ്പുകാരനല്ലേ ഫയൽ മാറ്റി എഴുതിയുണ്ടാക്കാൻ  നിന്നെ ആരെങ്കിലും പഠിപ്പിക്കണോ എന്നായിരുന്നു. ഇരുപതു വർഷം പുറത്തൊരു നാട്ടിൽ ജോലി ചെയ്ത്  ആദ്യമായി സർക്കാരിനെ സേവിക്കാൻ വന്ന ആളാണ് ഞാനെന്നും ഇവിടുത്തെ സമ്പ്രദായങ്ങളെ കുറിച്ച് ഒന്നും അറിയില്ലെന്നും വിനീതനായി പറഞ്ഞു. കൂടെ വന്ന ഞങ്ങളുടെ കംപ്യുട്ടർ വിദഗ്ധയും പൊട്ടിക്കരഞ്ഞുകൊണ്ട്‌  സാറിന് ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് കൂട്ടിച്ചേർത്തു. പ്രൊജക്റ്റ്‌ ഉണ്ടാക്കി സി-ഡിറ്റിൽനൽകിയത് താനാണ്.  ആ ഏജൻസിക്കു  നൽകണമെന്ന്  പറഞ്ഞത് സി-ഡിറ്റലെ തന്നെ ജീവനക്കാരൻ ആണ് (അയാളുടെ പേര് ഞാൻ മറന്നു) എന്നും അവർ ഷാജഹാനോട് ബോധിപ്പിച്ചു. 

എന്നാൽ ഇക്കാര്യം കേട്ടിട്ടും ഷാജഹാൻ തൃപ്തനായില്ല അന്വേഷണം വേണമെന്ന നിലപാടെടുത്തു. 'ഷാജഹാൻ ആരെന്നു നീയറിയും നിന്റെയൊന്നും ഒരു തട്ടിപ്പും ഞാൻ അനുവദിച്ചു തരില്ല' എന്നും പ്രതികരിച്ചു. 
എന്നിട്ട് യു.കെ.എസ് ചൗഹാനെ സർക്കാർ അന്വേഷണവും  ഏൽപ്പിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ ഏജൻസിയെ പരിചയപ്പെടുത്തിയ  സി-ഡിറ്റിലെ ആ ജീവനക്കാരനു  സസ്‌പെൻഷനും എനിക്കൊരു താക്കീതും ഭാവിയിൽ ഇത്തരം ഏടാകൂടങ്ങൾ ഒന്നും പാടില്ലെന്നുമുള്ള നിർദേശവും വന്നു. 

ഷാജഹാൻ എന്ന അഴിമതി വിരുദ്ധന്‍റെ  ബദ്ധ ശത്രു ആയിരുന്നു അന്ന് സി ഡിറ്റിൽ നിന്ന് സ്വകാര്യ ഏജൻസിയെ പരിചയപ്പെടുത്തിയ ആ ജീവനക്കാരനെന്ന് പിന്നീടാണ് അറിഞ്ഞത്. സസ്പെൻഷന് ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട്‌ അയാൾ എന്നെ കാണാൻ വന്നിരുന്നു. നല്ല ഉദ്ദേശത്തോടെയാണ് ആ ഏജൻസിയെ ഏൽപ്പിച്ചതെന്നും അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു. ആ കണ്ണീർ ഇന്നും എന്നെ അസ്വസ്ഥനാക്കുന്നു. അന്ന് ഞാൻ രക്ഷപ്പെട്ടത് ഫയലിൽ എല്ലാക്കാര്യങ്ങളും വ്യക്തമായി എഴുതിയതിനാലും  കീഴ് ഉദ്യോഗസ്ഥരിൽ നിന്ന് അത് സംബന്ധിച്ച് കിട്ടിയ എല്ലാ നിർദേശങ്ങളും  അതേപടി പാലിച്ചതുകൊണ്ടുമായിരുന്നു. അല്ലായിരുന്നുവെങ്കിൽ ഇരുപത്തി ഒമ്പതിനായിരം രൂപയുടെ ജാലകത്തിലൂടെ ഞാനും പുറത്തു  പോകുമായിരുന്നു. ജീവിതകാലം മുഴുവൻ കള്ളൻ എന്ന് പേരുമായി ജീവിക്കേണ്ടതായും വരുമായിരുന്നു. അതിനു മുമ്പും ശേഷവും ഷാജഹാനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.   അതിനാൽ തന്നെ മുൻ വിധിയോടെ അദ്ദേഹത്തിനെതിരെ എഴുതേണ്ട  ഒരു  കാര്യവും എനിക്കില്ല. ഇപ്പോൾ  ടീവിയിൽ കാണുമ്പോൾ പഴയ നടുങ്ങുന്ന ഓർമ്മ മനസിലൂടെ കടന്നുപോയി. കൂടെ പൊട്ടിക്കരഞ്ഞുകൊണ്ട്‌  മുന്നിൽ നിന്ന  സസ്‌പെൻഷൻ നേരിട്ട ആ ചെറുപ്പക്കാരന്റെ  രൂപവും. ഇന്ന് ഇതാ ഇപ്പോൾ  മറ്റൊരു വാർത്ത വന്നിരിക്കുന്നു. ഏതാണ്ട് അതുപോലെ ചതിക്കപ്പെട്ട ഒരു  സാഹചര്യത്തിൽ ഷാജഹാനും സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുന്നു......!!

Tags:    
News Summary - km shajahan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.