ജനാധിപത്യവും ഭരണഘടനയും

ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതിവിധി ഭരണഘടന, ഭരണഘടന ധാർമികത, ജനാധിപത്യം തുടങ്ങിയ പ്രശ്നങ്ങൾ‍ ഉൾപ്പെടുന്ന രാഷ്​ട്രീയ ചർച്ചയിലേക്ക് കൂടുതൽ‍ വികസിക്കേണ്ടതുണ്ട്. എന്താണ് സുപ്രീംകോടതി വിധിയുടെ ഏറ്റവും അടിസ്ഥാനപരമായ നിലപാട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അത് ഭരണഘടന ധാർമികതയെ പൊതുധാർമികതക്ക്​ മുകളിലായി പ്രതിഷ്​ഠിക്കുന്നു. സിവിൽ സമൂഹ നൈതികത എന്താണ് എന്ന് മനസ്സിലാക്കുന്നതിനു പരികൽപനപരമായ ഈ വിഭജനം ആവശ്യമാണ്‌. ഹേഗൽ‍ ‘അവകാശങ്ങളുടെ തത്ത്വചിന്തക്ക്​ ഒരു രൂപരേഖ’ എന്ന കൃതിയിൽ‍ പറയുന്നത് ‘സിവിൽ സമൂഹത്തിൽ‍ വ്യക്തി സ്വന്തം ലക്ഷ്യം മാത്രം തേടുന്നു, അതിനു പുറത്തുള്ളതൊന്നും അയാൾക്ക്​/അവൾക്ക്​ ബാധകമാവുന്നില്ല എന്ന് കരുതുന്നു’ എന്നാണ്. പൊതുധാർമികത അപ്പോൾ‍ പ്രത്യയശാസ്ത്രപരമോ, മതപരമോ, മതേതരമോ ആയ ആശയങ്ങളുടെ കൂട്ടമായിരിക്കും. എന്നാൽ‍, നിയമധാർമികത, ഈ ആശയങ്ങൾക്ക്​ മുകളിൽ‍ നിൽക്കുന്നതും സാമൂഹികമായ സംഘർഷങ്ങൾക്ക് മാധ്യസ്ഥ്യം വഹിക്കുന്നതും അങ്ങനെ സിവിൽ സമൂഹത്തെ നിയന്ത്രിക്കുന്നതും ആയിരിക്കും. ചീഫ് ജസ്​റ്റിസ് ദീപക് മിശ്ര നിയമ/ഭരണഘടന ധാർമികതയാണ് ഏറ്റവും പരമമായത് എന്ന് എടുത്തുപറയുന്നുണ്ട്. ‘It is the constitutional morality that should guide the courts in deciding the validity of a practice’ എന്ന് അർഥശങ്കക്ക് ഇടയില്ല്ലാത്തവിധം കോടതി വ്യക്തമാക്കുന്നുണ്ട്.

ഇത് തീർത്തും പ്രശ്നരഹിതമാണ് എന്ന് എനിക്ക് അഭിപ്രായമില്ല. വിശേഷിച്ചും ഭരണഘടന ഭൂരിപക്ഷ മതാധീശത്വം നിലനിൽക്കുന്ന പ്രദേശത്ത് കുറെയൊക്കെ ആ അധീശത്വത്തി​​​െൻറ അടയാളങ്ങൾ‍ പേറുന്നതായിരിക്കും. എല്ലായ്പ്പോഴും അവ ന്യൂനപക്ഷ-സ്വത്വാവകാശങ്ങളെ ഉൾക്കൊള്ളുന്നതായിരിക്കണം എന്നില്ല. മതഭൂരിപക്ഷവാദം ജനാധിപത്യത്തി​​​െൻറ മുഖംമൂടി അണിയുന്നത് ചിലപ്പോൾ‍ വർഗഭൂരിപക്ഷം ജനാധിപത്യമാണ് എന്ന സമഗ്രാധിപത്യ ചിന്തപോലെ അപകടകരമായ കാര്യമാണ്. എങ്കിലും സുപ്രീംകോടതി നിലപാടി​​​െൻറ അന്തസ്സത്തയോട് തികഞ്ഞ യോജിപ്പാണ് എനിക്കുള്ളത്. എന്ന് കരുതി എല്ലാ സംഘർ‍ഷങ്ങൾക്കുമുള്ള ആത്യന്തിക പരിഹാരം ഭരണഘടന ആവണമെന്നുമില്ല. ജനാധിപത്യവും ഭരണഘടനയും തമ്മിലുള്ള ബന്ധം നിർവചിക്കേണ്ടിവരുന്നത് ഈ സന്ദർഭംകൂടി കണക്കിലെടുത്തുകൊണ്ടാണ്.

ഗ്രീക്​ നഗരരാഷ്​ട്രങ്ങളെക്കുറിച്ച് നമ്മൾ പറയാറുണ്ട്. ഗ്രീക്​ സിറ്റിസ്​റ്റേറ്റുകളിൽ ജനാധിപത്യം ഉണ്ടായിരുന്നു. ഈ ജനാധിപത്യത്തി​​​െൻറ പരിമിതികൾ‍ എക്കാലത്തെയും ജനാധിപത്യത്തി​​​െൻറ പരിമിതികൾ‍തന്നെയാണ്. ജനാധിപത്യം പലപ്പോഴും ചിലരെ ഒഴിവാക്കിക്കൊണ്ടാണ് ജനാധിപത്യമായി നിലനിൽക്കുന്നത്. ഗ്രീക്​ നഗരരാഷ്​ട്രങ്ങൾ‍ മൂന്ന് വിഭാഗം ആളുകളെ ജനാധിപത്യത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ഉദാഹരണത്തിനു ഗ്രീക് നഗരങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശമില്ല. അടിമകൾക്കും വോട്ടവകാശമില്ല. സ്ത്രീകളും അടിമകളും വ്യക്തികളല്ല. പിന്നെ മറ്റൊന്ന് കുടിയേറ്റക്കാരാണ്. വിദേശികളാണ്. എന്നാൽ‍, മറ്റൊരു രാജ്യം എന്നത് പൗരാവകാശം നിഷേധിക്കപ്പെടുന്നവർക്ക്​ സ്വന്തം ദേശം തന്നെയാവാം എന്നതാണ് യാഥാർഥ്യം. ദലിത്‌ സമൂഹങ്ങൾ‍ അത്തരത്തിൽ‍ സ്വന്തം ദേശത്ത്, ജാതിയുടെ പേരിൽ‍ പൗരാവകാശം നിഷേധിക്കപ്പെട്ടു കഴിഞ്ഞത് സഹസ്രാബ്​ദങ്ങളാണ് എന്നത് മറന്നുകൂടാ. ഇപ്പോഴും ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. മുസ്​ലിം-ദലിത്‌-സ്ത്രീ പൗരത്വം ചോദ്യംചെയ്യുക എന്നത് ഇന്ത്യയിൽ‍ മതഭൂരിപക്ഷവാദത്തി​​​െൻറ വാക്കിലും പ്രവൃത്തിയിലും പ്രത്യയശാസ്ത്രത്തിലും വേരുറപ്പിച്ചിരിക്കുന്നു.

ഗ്രീക് ജനാധിപത്യത്തി​​​െൻറ മറ്റൊരു പരിമിതി അത് കേവല ഭൂരിപക്ഷത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുന്നു എന്നതാണ്. കേവല ഭൂരിപക്ഷത്തി​​​െൻറ പ്രത്യേകതയെന്താണെന്നു​െവച്ചാൽ അതിൽ എപ്പോഴും സ്ഥിരമായ ഒരു ഭൂരിപക്ഷത്തിനു സ്ഥിരമായ ഒരു ന്യൂനപക്ഷത്തെ പീഡിപ്പിക്കാൻ സാധിക്കും. അതുകൊണ്ടാണ്, ഇന്ത്യൻ ഭരണഘടനയിൽ അതൊരു റിപ്പബ്ലിക്കൻ ഭരണഘടന കൂടെയായിരിക്കണം എന്ന്​ അംബേദ്കർ വിഭാവനം ചെയ്തത്. അടിസ്ഥാനമൂല്യങ്ങൾ ജനാധിപത്യത്തിന് കേവല ഭൂരിപക്ഷംകൊണ്ട് അട്ടിമറിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഒരു അടിത്തറ നമ്മുടെ രാഷ്​ട്രീയസംവിധാനത്തിലുണ്ടായിരിക്കണം എന്നൊരു നിഷ്കർഷ കൂടിയാണ് നമ്മുടെ ഭരണഘടനയിലേക്ക് ഉൾച്ചേർക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ മാറ്റുന്നതിന് നിങ്ങൾക്ക് ഒരു എം.പിയുടെ അധിക വോട്ട്​ മതിയാകുമ്പോൾ ഭരണഘടനയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ‍ വരുത്താന്‍ കേവല ഭൂരിപക്ഷത്തിലുപരി കൂടുതൽ‍ സങ്കീർണമായ ഭൂരിപക്ഷ നിബന്ധനകൾ‍ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, അതുപോലും കാറ്റിൽ പറത്തപ്പെടാം. ഇപ്പോൾ നമ്മൾ ജീവിക്കുന്നത് വളരെ നിർണായകമായ ഒരു സാഹചര്യത്തിലാണ്. കാരണം, ഭൂരിപക്ഷ മതവാദം എന്നു പറയുന്നതിന് അതിഭീകരമായ ശക്തിയാണുള്ളത്. അത് എങ്ങനെയാണ് നമ്മുടെ സമൂഹത്തിൽ തുടർന്നു പ്രവർത്തിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ കേവലം സങ്കൽപങ്ങൾ മാത്രമേ നമ്മുടെ മുമ്പിലുള്ളൂ എന്നുള്ളതാണ് സത്യം. ഭരണമാറ്റം ഈ ഭീഷണിക്കെതിരെയുള്ള ശക്തമായ നീക്കമാണ് എങ്കിലും അതുകൊണ്ടുമാത്രം തീരാവുന്നതല്ല ഇതി​​​െൻറ ഭീഷണി. മതഭൂരിപക്ഷവാദത്തി​​​െൻറ ശക്തിക്കെതിരെ നിരന്തരമായ ജനാധിപത്യസമരങ്ങൾ‍ ആവശ്യമുണ്ട്. ആ സമരത്തിന്‌ വലിയൊരു പരിധിവരെ ഭരണഘടന സഹായകമാണ് എന്നതും ഭരണഘടനയും ജനാധിപത്യത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാകുന്നു. അടഞ്ഞ പുസ്തകമെന്ന നിലയിലല്ല, വികസ്വരക്ഷമതയുള്ള അടിസ്ഥാനരേഖ എന്നനിലയിലാണ് ഭരണഘടനയുടെ ജനാധിപത്യപരമായ പ്രാധാന്യം. കൂടുതൽ‍ മനുഷ്യാവകാശങ്ങൾ‍ നിഷേധിക്കുന്നതിനല്ല, ജനാധിപത്യത്തി​​​െൻറ വലിയ തുറസ്സുകൾ‍ നിർമിക്കുന്നതിനാണ് ഭരണഘടന പ്രയോജനപ്പെടേണ്ടത്.

ഇന്ത്യന്‍ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഒരു കാര്യമാണ് വ്യക്തിസ്വാതന്ത്ര്യം. എന്നാൽ‍, പലപ്പോഴും ഭരണഘടനയിലെതന്നെ പഴുതുകൾ‍ ഉപയോഗിച്ച്, അല്ലെങ്കിൽ‍ പ്രാതിനിധ്യ ജനാധിപത്യം നൽകുന്ന ഭൂരിപക്ഷം ഉപയോഗിച്ച് ഈ സ്വാതന്ത്ര്യം അട്ടിമറിക്കപ്പെടാറുണ്ട്. മുതലാളിത്തം ഒരു പുതിയ സാമൂഹികാവസ്ഥക്ക്​ രൂപംകൊടുക്കുന്ന സന്ദർഭത്തിൽ ആവശ്യപ്പെട്ട ഒരു ഘടകമാണ് വ്യക്തിസ്വാതന്ത്ര്യം. ഈ വ്യക്തിസ്വാതന്ത്ര്യത്തി​​​െൻറ ഒരു പ്രധാന അംശം അതു നമ്മുടെ ആവശ്യങ്ങൾ (needs) തൃപ്തിപ്പെടുത്താൻ നമുക്കുള്ള സ്വാതന്ത്ര്യമാണ് എന്ന മുതലാളിത്ത നിർവചനമാണ്. അതായത് നമുക്ക് എന്തു വാങ്ങണം എന്ത് ഉപഭോഗം ചെയ്യണം എന്നതിനെക്കുറിച്ച് ഒരു വ്യക്തിക്ക് തീരുമാനിക്കാം. അവിടെ ഒരു രാജാധികാരത്തിനോ ഒരു ഭരണകൂടത്തിനോ ഇടപെടേണ്ടതില്ല എന്ന ഒരു സങ്കൽപത്തിൽനിന്നാണ് വ്യക്തിസ്വാതന്ത്ര്യം എന്ന ആശയംതന്നെ ഉണ്ടാകുന്നത്. സാമ്പത്തിക സ്വാതന്ത്ര്യമാണ് ആദ്യത്തെ സ്വാതന്ത്ര്യം. അതുകൊണ്ടാണ് ‘ലിബറലൈസേഷൻ’ എന്ന് ഇപ്പോഴും ഉദാരവത്​കരണം എന്ന വിപണി സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നതും, അതിനെ ഒരുതരം സ്വാതന്ത്ര്യം തന്നെയായി വിശേഷിപ്പിക്കുന്നതും.

അത്തരത്തിലുള്ള വിപണി സ്വാതന്ത്ര്യം മാത്രമായി സ്വാതന്ത്ര്യത്തെ കാണുന്ന ഒരു സമീപനം ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ടാണ് മറ്റുതരത്തിലുള്ള അസ്വാതന്ത്ര്യങ്ങൾ‍ പലപ്പോഴും മനസ്സിലാക്കപ്പെടാതെ പോകുന്നത്. എത്രയോ ലേഖനങ്ങളിൽ‍, റിപ്പോർട്ടുകളിൽ‍ യു.എ.പി.എ പോലുള്ള കരിനിയമങ്ങളുടെ ഇരയാവുന്നത് മതന്യൂനപക്ഷങ്ങളാണ് എന്നും, നിരവധി മുസ്​ലിം യുവാക്കൾ‍ ജയിലുകളിൽ‍ വിചാരണത്തടവുകാരായി പരോളോ ജാമ്യമോ ലഭിക്കാതെ കഴിയുന്നുവെന്നുമുള്ള കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെങ്കിലും അത് വലിയ ചർച്ചാവിഷയം ആകാതിരിക്കുന്നത് ഇതിനോട് ചേർത്തുവായിക്കേണ്ട കാര്യമാണ്. ലോക്കപ്പുകളിൽ‍ കൂടുതലും ദലിത്‌ സമൂഹങ്ങളിൽ‍നിന്നുള്ളവരാണ് ഉണ്ടാവുക. ഇത് പക്ഷേ, സ്വാഭാവികമായ കാര്യമായി പൊതുസമൂഹം കാണുന്നു എന്നിടത്താണ് മതഭൂരിപക്ഷവാദത്തി​​​െൻറ വിജയം. ഭാഗ്യശ്രീ എന്ന മഹാരാഷ്​ട്രയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ, ദലിത്‌ പീഡനക്കേസുകളിലെ കുറ്റവാളികളെയല്ല ഇരകളെയാണ് താന്‍ കള്ളക്കേസിൽ‍ അറസ്​റ്റ്​ചെയ്തു കൈയും കാലും കൂട്ടിക്കെട്ടി മർദിക്കാറുള്ളതെന്നു പറഞ്ഞത് ഇപ്പോൾ‍ വിവാദമായിരിക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമാണ് എന്ന് കരുതുന്നവർക്ക് മതഭൂരിപക്ഷ വാദം, ജനാധിപത്യം, ഭരണഘടന തുടങ്ങിയ പദങ്ങളൊക്കെ വെറും കാൽപനിക പ്രഘോഷണങ്ങൾക്കുള്ളവയാണ്.

ഭരണഘടനയും ഭരണഘടന ധാർമികതയും നാം അംഗീകരിക്കേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതുമായ മൂല്യങ്ങളിൽ‍ പ്രധാനപ്പെട്ടവയാണ് എന്ന കാര്യത്തിൽ‍ സംശയത്തിനു അവകാശമില്ല. എന്നാൽ‍, ജനാധിപത്യത്തോടും മനുഷ്യാവകാശത്തോടുമുള്ള നമ്മുടെ ബാധ്യതകൾ‍ അവിടെ തീരുന്നില്ല. ഒരുവശത്ത് ഭരണഘടനയിലെ റിപ്പബ്ലിക്കന്‍ അടിത്തറ തകരാതെ സൂക്ഷിക്കുമ്പോൾതന്നെ മറുവശത്ത് ജനാധിപത്യബോധത്തി​​​െൻറ വികാസത്തിനനുസരിച്ചുള്ള, സ്വാതന്ത്ര്യബോധത്തിനനുസരിച്ചുള്ള, മാറ്റങ്ങളുണ്ടാവുക എന്നതും പ്രധാനമാണ്. ഒരേസമയം, മതഭൂരിപക്ഷവാദത്തിൽനിന്ന്​ ഭരണഘടനയെ സംരക്ഷിക്കുന്നതും പുതിയ ആഗോള സ്വാതന്ത്ര്യസാധ്യതകൾക്ക്​ അനുയോജ്യമായി അതി​​​െൻറ നീതിജാഗ്രതകളെ വികസിപ്പിക്കുന്നതുമായ സമീപനമാണ് സ്വീകാര്യമായിട്ടുള്ളത്. ഭരണഘടന എഴുതിത്തീർന്ന പുസ്തകമല്ല എന്ന രാഷ്​ട്രീയ സമീപനം അതി​​​െൻറ അടിത്തറകളെ തകർക്കാനുള്ള ശ്രമങ്ങളോടുള്ള പ്രതിരോധവും നമ്മുടെ ജനാധിപത്യ നൈതികതയെ മുന്നോട്ടുകൊണ്ടുപോകാനുള്ള പോരാട്ടവുമായിത്തന്നെ കാണേണ്ടതുണ്ട്.

Tags:    
News Summary - Democracy and constitution of india -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.