ശാസ്ത്ര പുരോഗതിയുടെ അടിസ്ഥാന ശിലയാണ് മൃതശരീര പഠനങ്ങൾ. ആധുനിക വൈദ്യശാസ്​ത്രം ഇന്നുകാണുന്ന വികാസം കൈവരിച്ചതുതന്നെ മൃതശരീരപഠനം ഗൗരവമായ ശാസ്ത്രവിഷയമായതിനു ശേഷമാണ്. സാമൂഹികവും സാംസ്കാരികവുമായ നിലപാടുകൾ മൃതദേഹപഠനം യൂറോപ്പിലും ഇന്ത്യയിലും ക്ലേശകരമാക്കിയിരുന്നു. എന്നാൽ, പതിമൂന്നാം നൂറ്റാണ്ടുമുതൽ യൂറോപ്പിൽ ഈ ശാസ്ത്രത്തിന് ഉണർവുണ്ടായി. തൂക്കിലേറ്റപ്പെട്ട കുറ്റവാളികളുടെ ശരീരം അന്നത്തെ ശാസ്ത്രകാരന്മാർ ഡിസെക്റ്റ് ചെയ്തു പഠനം തുടങ്ങി. തൂക്കിക്കൊല്ലുന്നതിനേക്കാൾ ഡിസെക്​ഷൻ ആയിരുന്നു സമൂഹം മ്ലേച്ഛമായി കണ്ടത്. പിൽക്കാലത്തു അനാട്ടമി പഠനം വൈദ്യശാസ്ത്രത്തിനും ചിത്രകാരന്മാർക്കും ആവശ്യമായി വന്നതിനാൽ അവർ തമ്മിൽ ഉണ്ടായ കൂട്ടുകെട്ട് ശാസ്ത്രമുന്നേറ്റത്തിന് കാരണമായി.


പതിനാറാം നൂറ്റാണ്ടിൽ ആന്ദ്രേ വസേലിയൂസ് മനുഷ്യശരീരം കൃത്യമായി വിവരിച്ചു. ആന്തരികഘടന മുഴുവൻ അന്നത്തെ മുൻനിര ചിത്ര രചയിതാക്കളെ കൊണ്ട് ആലേഖനം ചെയ്തതാണ് അദ്ദേഹത്തി​​െൻറ പ്രധാന സംഭാവന. രോഗങ്ങൾ ശരീരത്തെയും അവയവങ്ങളെയും ബാധിക്കുന്നതെങ്ങനെയെന്നു വസേലിയൂസ് കാട്ടിത്തന്നു. ഇന്ന് കാണുന്ന ആധുനിക വൈദ്യശാസ്ത്രം ആരംഭിക്കാൻ ഇത് കാരണമായി.

വിദേശരാജ്യങ്ങളിൽ ശാസ്ത്ര പുരോഗതിക്കായി മൃതശരീരപഠനം തുടർന്നും നടന്നു. ഇന്ത്യയിൽ സംശയാസ്പദ മരണങ്ങളിൽ നടക്കുന്ന പോസ്​റ്റ്​മോർട്ടമാണ് അധികവും. വിദ്യാർഥികൾക്ക് അനാട്ടമി പഠനത്തിനും ലഭിക്കുന്നുണ്ട് എന്നത് കാണാതിരിക്കുന്നില്ല. എന്നാൽ, ഗവേഷണം പരിമിതമാണ്​. ഇപ്പോൾ ഇക്കാര്യം പരിഗണിക്കാനുള്ള പ്രധാന കാരണം കോവിഡ് രോഗപഠനങ്ങളാണ്. ദിവസേന ശ്രദ്ധേയമായ അനേകം പഠനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ശാസ്ത്രം വളരെ ജനപക്ഷമാകുന്ന അവസരമാണിത്. നിരവധി പുതിയ അറിവുകൾ ലാഭേച്ഛകളില്ലാതെ എല്ലാവർക്കും ലഭിക്കത്തക്കവണ്ണം പൊതുവേദിയിൽ സമർപ്പിക്കുന്നു. അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ് കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾ നേരിട്ടുള്ള നിരീക്ഷണങ്ങൾക്കും സാങ്കേതിക പഠനങ്ങൾക്കുമായി മൃതശരീരങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയത്. ഇതിൽനിന്നു നേടിയ അറിവ് പിന്നീട് ചികിത്സക്കെത്തിയ രോഗികൾക്ക് ലഭിച്ച ചികിത്സ മെച്ചപ്പെടുത്താൻ സഹായിച്ചു.

മരണാനന്തര ശരീരപഠനങ്ങൾ ആവശ്യമായി വന്നതിനു കാരണമുണ്ട്. പുതിയ രോഗമായതിനാൽ രോഗം നമ്മുടെ കോശങ്ങളിലും അവയവങ്ങളിലും പ്രവർത്തിക്കുന്നതെങ്ങനെയെന്ന് കണ്ടെത്താൻ സഹായിക്കും. മറ്റൊന്ന് കൂടിയുണ്ട്. പൊതുവെ പറഞ്ഞാൽ വ​െൻറിലേറ്റർ ചികിത്സ ആവശ്യമായി വരുന്നവരിൽ 50 ​​ശതമാനത്തിനടുത്ത് മരണനിരക്ക് കാണാം. എന്നാൽ, കോവിഡ് രോഗം ബാധിച്ചവർ വ​െൻറിലേറ്ററിൽനിന്ന് മോചിതരാകുന്നത് മൂന്നിൽ ഒരാളായി ചുരുങ്ങുന്നു. ബ്രിട്ടനിൽ നടന്ന പഠനമാണിത് സൂചിപ്പിച്ചത്. എന്നാൽ, ന്യൂ യോർക്കിൽ സ്ഥിതി കൂടുതൽ വഷളായിരുന്നു. ഒരു പഠനത്തിൽ കണ്ടത്, 320 രോഗികളിൽ 282 പേർ മരണപ്പെട്ടു എന്നാണ്. ഇതു ആശങ്കാകുലമായ അവസ്ഥയാണ്.

മറ്റൊരാശങ്ക കോവിഡ് രോഗം നാമറിയാതെ രീതിയിൽ മറ്റു സുപ്രധാന അവയവങ്ങളെ നിർജീവമാക്കുന്നുണ്ടോ എന്നതാണ്. ഹൃദയത്തിലും ധമനികളിലും മസ്തിഷ്കത്തിലും ഉണ്ടാകുന്ന കോട്ടങ്ങൾ രോഗം സങ്കീർണമാക്കുമോ എന്ന സംശയം നിലനിൽക്കുന്നു. മൃതദേഹപഠനം ഇവിടെയാണ് പ്രധാനമായ പങ്കുവഹിക്കുന്നത്. രക്തപരിശോധന, സ്കാൻ, എന്നിവയെക്കാൾ കൂടുതൽ വ്യക്തതയോടെ നേർത്ത കോശപാളികളിൽ സംഭവിക്കുന്ന മാറ്റങ്ങളെ നമുക്ക് വിലയിരുത്താനാകും. ശ്വാസകോശത്തിലെ അതിസൂക്ഷ്മതലത്തിൽ വരുന്ന മാറ്റങ്ങൾ പഠനങ്ങളിലൂടെ വിലയിരുത്താനായി. ഇതി​​െൻറ പ്രധാന ഗുണം ചികിത്സ നിശ്ചയിക്കാനും പുനരവലോകനം ചെയ്യാനും സഹായിക്കുന്നു. ശ്വാസകോശത്തിൽ ഉണ്ടാകുന്ന സങ്കീർണതകളല്ല പലപ്പോഴും മരണകാരണം എന്ന തോന്നൽ പല ചികിത്സകരും പങ്കുവെച്ചു. എന്നാൽ, അപൂർവം ചില അവസരത്തിലൊഴികെ ശ്വാസകോശ പ്രശ്നങ്ങൾ തന്നെയാണ് മരിക്കാനിടയാക്കിയത്. ഒരു സെറ്റ് പോസ്​റ്റുമോർട്ടം പഠനങ്ങൾക്ക് നേതൃത്വം കൊടുത്ത ഡോ. സഞ്ജയ് മുഖോപാധ്യായ അഭിപ്രായപ്പെടുന്നത്, ശ്വാസകോശത്തി​​െൻറ പരിക്ഷീണത അകറ്റാൻ ഏറ്റവും മെച്ചപ്പെട്ട തെളിവുള്ള ചികിത്സകൾ തന്നെയാണ് ഇപ്പോഴും അനുവർത്തിക്കേണ്ടത്.

മൃതശരീര പഠനങ്ങൾ വ്യക്തത വരുത്തിയ മറ്റൊരു കാര്യം കോവിഡ് രോഗവും വൃക്കയും ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. വൃക്കരോഗികൾ കോവിഡ് ബാധിതരാകുമ്പോൾ രോഗാവസ്ഥ തീവ്രമാകാറുണ്ട്. എന്നാൽ, ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗികളിൽ 15 ശതമാനം പേരിലും ചികിത്സകർ വൃക്കയിൽ കേടുണ്ടാകുന്നതായി കണ്ടെത്തി. പോസ്​റ്റ്​മോർട്ടം പഠനങ്ങളിൽ വൈറസ് നേരിട്ട് വൃക്കകളെ ബാധിക്കുന്നതായി കണ്ടില്ല.
പൂർണമായും ഫലവത്തായ ചികിത്സ പ്രോട്ടോകോൾ കോവിഡ് രോഗത്തിന് ഇന്നും കണ്ടെത്താനായിട്ടില്ല. എങ്കിലും മരണനിരക്ക് 1.38 ശതമാനം എന്നതിലേക്ക് എത്തിക്കാനായിട്ടുണ്ട്. ഉയർന്ന ഗുണതയും കർശനമായ പ്രോട്ടോകോളുകളുമാണ് ഇത് സാധ്യമാക്കിയത്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ ചികിത്സകൾ കൃത്യമായ മേൽനോട്ടത്തിൽ ലോകത്ത് പലഭാഗത്തും നടന്നുവരുന്നു. ചികിത്സിക്കുന്ന ഡോക്ടർമാർക്ക് ചില ഔഷധങ്ങളോ ഔഷധക്കൂട്ടുകളോ ഗുണകരമാകുന്നുവെന്ന് തോന്നാം. അത്തരം പഠനങ്ങൾ ഇടക്കിടെ വന്നുകൊണ്ടിരിക്കുന്നുമുണ്ട്.

ദിവസേന അനേകം പേർ മരിക്കുന്ന സാഹചര്യത്തിൽ സാധ്യത തോന്നുന്ന ചികിത്സാവിധി വ്യാപകമായി നടപ്പാക്കുന്നതിന് മീഡിയയുടെയും സമൂഹത്തി​​െൻറയും സമ്മർദമേറും. കോവിഡ് വ്യാപനക്കാലത്ത് ക്ലോറോക്വിൻ ഗുളികകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നതാണ്. കൂടുതൽ  പഠനങ്ങൾ ആദ്യതോന്നലുകളിൽ പൂർണമായ വിശ്വാസം നൽകിക്കാണുന്നില്ല. റംഡെസെവീർ എന്ന ഔഷധമാണ് ഒരു വാരത്തിനു മുമ്പ് ശ്രദ്ധയാകർഷിച്ചത്. 
ആദ്യകാല പരീക്ഷണങ്ങൾ ആശാവഹമല്ലായിരുന്നുവെങ്കിലും ഏറ്റവും ഒടുവിൽ പുറത്തുവന്ന പഠനം ഭാഗികമായി കോവിഡ് നിയന്ത്രണത്തിന് ഈ തന്മാത്ര കൊള്ളാമെന്ന് അവകാശപ്പെടുന്നു. മൃതശരീര പഠനങ്ങൾ ഇതിലും നിർണായകമാണ്. ഈ മരുന്നുകൾ ലഭിച്ചശേഷം മരണപ്പെടുന്നവരുടെ ശ്വാസകോശ പാളികളിൽ ഗുണകരമായ മാറ്റം ഉണ്ടായോ എന്ന അന്വേഷണം കൃത്യതവരുത്താൻ സഹായിക്കും.

പരിചയമില്ലാത്ത നൂതന വൈറസ് രോഗം പടർന്നുപിടിക്കുമ്പോൾ ഗവേഷണം മുൻഗണന അർഹിക്കുന്നു. ഗവേഷണത്തിൽ നടത്തുന്ന നിക്ഷേപം സാമൂഹിക മൂല്യം വർധിപ്പിക്കാനാകും എന്നതിനാലാണ് വികസിതരാജ്യങ്ങൾ ഇതിൽ ശ്രദ്ധപതിപ്പിക്കുന്നത്. കോവിഡ് രോഗവ്യാപനം വർധിച്ചു തുടങ്ങിയപ്പോൾ തന്നെ ചൈന ഗവേഷണരംഗത്ത് സജീവമായി. ഫെബ്രുവരി മൂന്നിന്​ 23 ഗവേഷണ പ്രബന്ധങ്ങൾ പുറത്തുവന്നു. ഏപ്രിലിൽ ചില കോവിഡ് ഗവേഷണ മേഖലകളിൽ സ്​റ്റേറ്റ് നിയന്ത്രണം ഏർപ്പെടുത്തി. ഇത് അന്താരാഷ്​ട്ര കൂട്ടായ്മകളുണ്ടാക്കാൻ വിഘാതമായിരിക്കും എന്ന് പലരും ഭയപ്പെടുന്നു. കോവിഡ് കാലത്ത് പ്രതിബന്ധമില്ലാതെ പഠനങ്ങളും ഗവേഷണങ്ങളും കൈമാറ്റം ചെയ്യേണ്ടത് സമൂഹനിർമിതിയുടെ അവിഭാജ്യ ഘടകമാണ്.

Tags:    
News Summary - Covid research in dead bodies-malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.