അലി പാര്‍സയും കുതിരയും നമ്മളും

പ്രഫസര്‍ ജ്ഞാന്‍ചന്ദ് ധിഷണാശാലിയായ ആസൂത്രണ വിദഗ്ധനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ അദ്ദേഹത്തിന്‍െറ കാഴ്ചപ്പാടുകള്‍ ആസൂത്രണരംഗത്തെ പല പ്രഗല്ഭന്മാരെയും സ്വാധീനിച്ചിരുന്നു. ജെ. കൃഷ്ണമൂര്‍ത്തിയുടെ Towards Development Economics എന്ന പുസ്തകത്തില്‍ ജ്ഞാന്‍ചന്ദിന്‍െറ 1935ലെ ലേഖനം ചേര്‍ത്തിട്ടുണ്ട്. ‘ഇന്ത്യന്‍ സാമ്പത്തികാസൂത്രണത്തിലെ പ്രധാന തത്ത്വങ്ങള്‍’ എന്ന  പ്രസ്തുത പ്രബന്ധത്തില്‍ രണ്ട് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. ഒന്ന്, ജീവിത നിലവാരം മെച്ചപ്പെടുത്തണമെങ്കില്‍, സാമ്പത്തികോന്നതിയുടെ പ്രധാന ഗുണഭോക്താക്കള്‍ ജനങ്ങള്‍ തന്നെയാകണം. രണ്ട്, ആസൂത്രണവും സാമ്പത്തിക സ്ഥിരതയും പരസ്പരം ചേരാത്ത കാര്യങ്ങളാണ്. പൂര്‍ണമായ അഴിച്ചുപണി സാമ്പത്തികവും സാമൂഹികവുമായ മേഖലകളില്‍ ഉണ്ടായേ തീരൂ. നമ്മുടെ ജീവിതത്തില്‍ സമൂലമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന വിപ്ളവമാവണം ആസൂത്രണം. ആസൂത്രണവിപ്ളവം സാമൂഹിക സാമ്പത്തികരംഗത്തിന്‍െറ ഗുരുത്വാകര്‍ഷണ കേന്ദ്രം മാറ്റി സ്ഥാപിക്കുകയും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങളില്‍ പുതു ബന്ധങ്ങള്‍ സ്ഥാപിക്കാനുതകുകയും വേണം.

ശിഥിലീകരണ സാങ്കേതികവിദ്യ (Disruptive Technology) എന്ന സങ്കല്‍പം ഉണ്ടാകുന്നതിന് വളരെ മുമ്പ് എങ്ങനെയാണ് ശിഥിലീകരണം ആസൂത്രണത്തിന്‍െറ ഭാഗമാകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. അതായത് ആസൂത്രണത്തില്‍ നിലവിലുള്ളതു മാത്രമല്ല ഇനി വരാനിരിക്കുന്ന ആശയങ്ങള്‍, സാങ്കേതികവിദ്യകള്‍, വിവരങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെട്ടിരിക്കണം എന്ന് സാരം.

‘ആരോഗ്യപ്പച്ച’യുടെ മുന്‍ ലക്കം വായിച്ച  നഗരത്തിലെ തിരക്കുള്ള ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മി, ആസൂത്രണത്തില്‍ വിവരസാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തണമെന്ന് വിശ്വസിക്കുന്നു. തന്‍െറ പ്രാക്ടീസില്‍ വിവര സാങ്കേതികവിദ്യ അറിയാതെ കടന്നുവരുന്നതായി ഡോ. ലക്ഷ്മി പറയുന്നു. രോഗിയുമായി ഒരു മുഖാമുഖം കഴിഞ്ഞാല്‍ പിന്നെ മൂന്നോ നാലോ കൂടിക്കാഴ്ച ആവശ്യമില്ല. എല്ലാം ഫോണ്‍, എസ്.എം.എസ്, വാട്ട്സ് ആപ് എന്നിവവഴി സുഗമമാക്കാം. സ്മാര്‍ട്ട്ഫോണ്‍, ഇ-മെയില്‍ എന്നിവ ഉപയോഗിച്ച് പരിശോധനാഫലങ്ങള്‍, ഇമേജുകള്‍, മരുന്നുകളെക്കുറിച്ച സംശയങ്ങള്‍, പാര്‍ശ്വഫലങ്ങളെക്കുറിച്ച ചോദ്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാം. ഇതുമൂലം രോഗികള്‍ക്ക് സമയവും യാത്രച്ചെലവും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാം. രോഗിയും ഡോക്ടറുമായുള്ള തുടര്‍ച്ചയായ ബന്ധം ഉറപ്പാക്കാനാവുമെന്നതിനാല്‍ കൂടുതല്‍ കാര്യക്ഷമമായ ചികിത്സയും പരിചരണവും ഉറപ്പാക്കാനുമാകും.

കേരളത്തിലെ അസംഖ്യം ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസുകളില്‍ ഇത്തരം ലഘു സാങ്കേതികവിദ്യകള്‍ പ്രായോഗികമാക്കിക്കഴിഞ്ഞു. എന്തുകൊണ്ട്  സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്തെ പ്രാക്ടീസിനാകെ ഇത്തരം (ഇതിലും മെച്ചപ്പെട്ടതുള്‍പ്പെടെ) സാങ്കേതികവിദ്യകള്‍ ഉപയോഗത്തില്‍ കൊണ്ടുവന്നുകൂടാ? ആരോഗ്യരംഗത്തില്‍ ആസൂത്രണത്തില്‍ ദീര്‍ഘദൃഷ്ടി അത്യാവശ്യമാണ്. കേരളം ഇനിയും അമാന്തിച്ചുകൂടാ ഈ മേഖലയിലേക്ക് കടന്നുവരാന്‍. രണ്ട് സംഭവങ്ങള്‍ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.
1. അലി പാര്‍സ: ഒരു സമകാലീന കഥ
അലി പാര്‍സ (Ali Parsa) ഇറാനില്‍നിന്നുള്ള അഭയാര്‍ഥിയായാണ് ബ്രിട്ടനില്‍ എത്തിയത്. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഫിസിക്സില്‍ പി എച്ച്.ഡിയും എടുത്തശേഷം ബിസിനസ് മേഖലയിലേക്ക് തിരിഞ്ഞു. എന്നാല്‍, 1995 ല്‍ അദ്ദേഹം മെറില്‍ ലിന്‍ഛ്, ഗോള്‍സ്മാന്‍ സാക്സ് എന്നീ കമ്പനികളില്‍ മൂലധന നിക്ഷേപ വിദഗ്ധനായി പ്രവര്‍ത്തിച്ചു. പിന്നീടാണ് പൊതുജനാരോഗ്യമേഖലയില്‍ എല്ലാവര്‍ക്കും ‘കുറഞ്ഞ ചെലവില്‍ ആരോഗ്യം’ എന്ന ആശയവുമായി 2004ല്‍ ആരോഗ്യരംഗത്തേക്ക് വന്നത്. വളരെ പെട്ടെന്നുതന്നെ സര്‍ക്ക്ള്‍ (Circle) എന്ന അദ്ദേഹത്തിന്‍െറ കമ്പനി 3000 പേരുള്ള സംഘടനയായി രൂപപ്പെട്ടു. ദേശീയ ആരോഗ്യ ശൃംഖല സ്വകാര്യ ഇടപെടലുകള്‍ക്ക് വഴിതുറക്കണമെന്ന അലി പാര്‍സയുടെ കാഴ്ചപ്പാട് പരക്കെ അംഗീകാരം നേടി. ഇത് ആരോഗ്യശൃംഖലയുടെ കാര്യക്ഷമത, ഗുണനിലവാരം എന്നിവയില്‍ കാതലായ മാറ്റം ഉണ്ടാക്കുകയും ചെയ്തു.
2014ല്‍ ‘ബാബിലോണ്‍’ എന്ന പൊതുജനാരോഗ്യ സേവനങ്ങള്‍ക്കായുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍ തുടങ്ങിയതോടെയാണ് അലി പാര്‍സ ലോകശ്രദ്ധ ആകര്‍ഷിച്ചത്. ഒരു നിശ്ചിത തുകക്ക് ഉപഭോക്താക്കള്‍ക്ക് പ്രാഥമികാരോഗ്യകേന്ദ്രവുമായി പരിധിയില്ലാതെ സമ്പര്‍ക്കം പുലര്‍ത്താനുതകുന്ന രീതിയിലായിരുന്നു ബാബിലോണിന്‍െറ രൂപകല്‍പന.
പരമ്പരാഗത രീതിയില്‍ ചിന്തിക്കുന്ന ആസൂത്രകര്‍ മനസ്സിലാക്കുന്നതും, ആലി പാര്‍സ മനസ്സിലാക്കിയതുമായ ഒരുകാര്യമുണ്ട്, ആശുപത്രിയിലത്തെുന്ന 90 ശതമാനം പേരുടെ ആവശ്യങ്ങള്‍ക്കും പുറത്തുതന്നെ പരിഹാരം കണ്ടത്തൊമെന്ന്. ഡോക്ടറെയോ മറ്റ് ചികിത്സകരെയോ കാണുന്നതിനും രോഗനിര്‍ണയത്തിനും ഒക്കെയാണ് ആശുപത്രികളെ സമീപിക്കുന്നത് എന്നാണ് നമ്മുടെ പരോക്ഷ ധാരണ. എന്നാല്‍, 50 ശതമാനം പേര്‍ക്കും ഇത് ഒരു പ്രശ്നമായി തോന്നുന്നു. ഇവിടെയാണ് ശിഥിലീകരണം സാങ്കേതികവിദ്യയില്‍ നടക്കുന്നത്. (Disruptive Technology). ഇന്ന് ബാബിലോണ്‍ മൂന്നുലക്ഷം ഉപഭോക്താക്കളുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വേണ്ടത് ഒരു വിഡിയോഫോണ്‍; പ്രതിമാസ ഫീസ് അഞ്ച് പൗണ്ടില്‍ താഴെ. നൂറ് ഡോക്ടര്‍മാരുടെ സേവനമാണ് ബാബിലോണ്‍ ഉറപ്പുനല്‍കുന്നത്; എല്ലാസമയവും. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ തൊട്ടടുത്തുള്ള ഫാര്‍മസിയിലേക്ക് അയക്കുകയും മരുന്നുകള്‍ ലഭ്യമാക്കുകയും ചെയ്യും. പല സേവനങ്ങളും ബാബിലോണ്‍ സൗജന്യമായാണ് നല്‍കുന്നത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് (Artificial Intellignence- Al) സങ്കേതങ്ങള്‍ കൂടിചേര്‍ത്ത് ബാബിലോണ്‍ വികസിക്കുമ്പോള്‍- ഇതോടെ രോഗികള്‍ക്ക് ലഭിക്കുന്ന തുടര്‍ പരിചരണങ്ങള്‍, രോഗനിര്‍ണയ പരീക്ഷണങ്ങള്‍, ലാബ് റഫറല്‍, ഇന്‍ഷുറന്‍സ് എല്ലാം ഒരു ആപ്ളിക്കേഷന്‍വഴി ഉപഭോക്താവിന്‍െറ വിരല്‍ത്തുമ്പിലത്തെും. Your MD എന്ന മറ്റൊരു ആപ്ളിക്കേഷന്‍ പുതുതായി ഈ രംഗത്ത് വരാന്‍ സാധ്യതയുണ്ടെന്ന് കാണുന്നു. തെറ്റുകള്‍ പരിമിതപ്പെടുത്താമെന്നതും കര്‍ശന ചിട്ടകളോടുകൂടിയ രോഗനിര്‍ണയവും ചികിത്സയും ഉറപ്പാക്കാമെന്നതുമാണ് എ.ഐ (AI) ചികിത്സാ പാക്കേജിന്‍െറ ശക്തി. അലി പാര്‍സ ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ബാബിലോണ്‍ നടപ്പാക്കാനൊരുങ്ങുകയാണ്. കേരളത്തിനേക്കാള്‍ ദരിദ്രവും എന്നാല്‍ കേരളം പോലെതന്നെ സെല്‍ഫോണ്‍ സംസ്കാരവുമുള്ള രാജ്യമാണ് റുവാണ്ട. അവിടെ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ ആരോഗ്യപരിപാലനമത്തെിക്കുകയാണ് അലി പാര്‍സ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. എ.ഐ മുഖാന്തരം രോഗിക്ക് സ്വയം ഒന്നാം ഘട്ട രോഗാവലോകനം നടത്താനാകും. രോഗലക്ഷണങ്ങളില്‍ നിന്ന് രോഗിക്കുണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ബാബിലോണ്‍ കണ്ടത്തെുന്നത് ഈ ഘട്ടത്തിലാണ്. സൗജന്യമായ ഈ സേവനത്തിന് ഒരു മിനിട്ടില്‍ താഴെയാണ് സമയമെടുക്കുന്നത്. ഇതിനത്തെുടര്‍ന്നുള്ള സേവനങ്ങള്‍ക്കാണ് റുവാണ്ടന്‍ ജനതയുടെ വരുമാനവുമായി തുലനം ചെയ്യാവുന്ന ഫീസില്‍ ആരോഗ്യമത്തെിക്കുന്നത്. പ്രാഥമികാരോഗ്യരംഗത്തെ എല്ലാവിധ സമ്പ്രദായങ്ങളെയും മാറ്റിമറിക്കാനാകുന്ന ഇത്തരം മാതൃകകളല്ളേ നാം ആലോചിക്കേണ്ടത്? പനിക്കുവേണ്ട പാരസെറ്റമോളിനോ, വയറിളക്കത്തിനുള്ള ഒ.ആര്‍.എസ് (ORS) ലായനിക്കുവേണ്ടിയോ ആരോഗ്യകേന്ദ്രത്തില്‍ വരിയായി നില്‍ക്കേണ്ട ആരോഗ്യ മാതൃക നിലനിര്‍ത്തേണ്ടതുണ്ടോ എന്ന് നാമാലോചിക്കേണ്ടിയിരിക്കുന്നു.
2. കുതിരകള്‍ വരുത്തിയ വിന: ഒരു പഴയ കഥ
സ്റ്റെവന്‍ ലെവിറ്റ്, സ്റ്റീഫന്‍ ഡബ്നര്‍ എന്നിവര്‍ രചിച്ച സൂപ്പര്‍ ഫ്രീക്കണോമിക്സ് (Steven Levit, Stephen Dubner: Super Freakonomics) എന്ന പുസ്തകത്തില്‍ ഒരു കഥയുണ്ട്; ചുരുക്കം ഇങ്ങനെയാണ്.
ലോകം ആധുനികതയിലേക്ക് വേഗത്തിലാണ് പോയത്. അതോടൊപ്പം മനുഷ്യന് യാത്ര വര്‍ധിച്ചുവന്നു. വിവിധതരം കുതിരവണ്ടികളാണ് അതിന് ഉപയോഗിച്ചിരുന്നത്. യൂറോപ്പിലും അമേരിക്കയിലും കുതിരകള്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു. 19ാം നൂറ്റാണ്ടിന്‍െറ അവസാന ഘട്ടത്തില്‍ ന്യൂയോര്‍ക്കില്‍ ഉദ്ദേശം രണ്ടുലക്ഷം കുതിരകള്‍ വേണ്ടിയിരുന്നു - പതിനേഴു പേര്‍ക്ക് ഒരു കുതിര എന്ന അനുപാതത്തില്‍!
കുതിരവണ്ടികള്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു. ചത്ത കുതിരകള്‍ സൃഷ്ടിക്കുന്ന ട്രാഫിക് കുരുക്കുകള്‍, കുതിരവണ്ടികളുടെ ശബ്ദമലിനീകരണം, ഇതൊക്കെ സര്‍വസാധാരണമെന്നായി. എന്നാല്‍, കുതിര വിസര്‍ജ്യമായിരുന്നു ഏറ്റവും രൂക്ഷമായ പ്രശ്നം. രണ്ടുലക്ഷം കുതിരകളില്‍ 70 ശതമാനമെങ്കിലും റോഡിലുണ്ടെങ്കില്‍ അത് ഉല്‍പാദിപ്പിക്കുന്ന ചാണകവും മൂത്രവും റോഡുകള്‍ വളരെ വേഗം യാത്രാക്ഷമമല്ലാതാക്കി. വേനല്‍ക്കാലത്ത് കെട്ടിക്കിടക്കുന്ന ചാണകം ഉണങ്ങി പൊടിയായി അന്തരീക്ഷത്തില്‍ വ്യാപിച്ചു. പൊടിപടലങ്ങള്‍ ശ്വസിച്ചവര്‍ക്ക് ശ്വാസകോശ രോഗങ്ങളുണ്ടായി. മഴക്കാലത്ത് ചാണകം വെള്ളത്തില്‍ കുതിര്‍ന്ന് റോഡാകെ മലിനമാക്കി. ഈച്ചകളും മറ്റ് പ്രാണികളും കുട്ടികളില്‍ രോഗങ്ങളുണ്ടാക്കി; അനവധി കുട്ടികള്‍ മരിച്ചുവീണു.
1898ല്‍ ന്യൂയോര്‍ക്കില്‍ അന്താരാഷ്ട്ര നഗരാസൂത്രണ സമ്മേളനം നടന്നു. ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുമെന്നുകരുതിയിരുന്ന ഈ സമ്മേളനത്തിന്‍െറ ആദ്യ നാളുകള്‍ പൂര്‍ണമായും കുതിരച്ചാണകം അപഹരിച്ചുകളഞ്ഞു. നഗരവളര്‍ച്ച, ഗതാഗതം, വാഹനം, ട്രാഫിക്, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ ഏത് ചര്‍ച്ചചെയ്താലും കുതിരകളില്‍ വന്നുനില്‍ക്കുമെന്നായി. അവരെല്ലാവരും നിലനില്‍ക്കുന്ന അവസ്ഥയില്‍തന്നെ നിന്നുകൊണ്ട് പരിഹാരം കാണാന്‍ ശ്രമിക്കുകയായിരുന്നു. കുതിരകളേയും കുതിരവണ്ടികളും അത്യാവശ്യമാണെന്ന മോഡല്‍ ഉപേക്ഷിക്കാനോ വേറിട്ട പരീക്ഷണങ്ങള്‍ എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്നന്വേഷിക്കാനോ അവര്‍ക്ക് സാധിക്കുമായിരുന്നില്ല.
എന്നാല്‍ പ്രശ്നം പരിഹരിക്കപ്പെട്ടു. അത് നഗരാസൂത്രണ വിദഗ്ധരുടെ കഴിവുകൊണ്ടല്ല; അന്നത്തെ ശിഥിലീകരണ മാതൃകയിലൂടെയാണ്. എല്ലാ മനുഷ്യകല്‍പിതമായ ചിന്തകളേയും അട്ടിമറിച്ച് മോട്ടോര്‍കാര്‍ എന്ന പുത്തന്‍ കണ്ടുപിടിത്തം റോഡിലത്തെി. മോട്ടോര്‍വാഹനങ്ങള്‍ നിരത്തിലുരുണ്ടുതുടങ്ങിയ മുറക്ക് കുതിരകളും പിന്നാലെ ചാണകക്കൂമ്പാരങ്ങളും കുതിരമൂത്രച്ചാലുകളും ഓര്‍മകളില്‍നിന്നുപോലും അപ്രത്യക്ഷമായി. അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സൗഹൃദ കണ്ടുപിടിത്തമായിരുന്നു മോട്ടോര്‍ വാഹനം. ആരോഗ്യ ആസൂത്രണം ചര്‍ച്ചചെയ്യുമ്പോഴും ഓര്‍ക്കേണ്ടതായി ഒന്നുണ്ട്. നമ്മുടെ ആശുപത്രി സങ്കല്‍പം ഏറക്കുറെ രണ്ടാംലോക യുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ടതാണ്. മനുഷ്യരുടെ ക്രയവിക്രിയ, സേവന, ഉല്‍പാദക രംഗങ്ങളിലൊന്നിലും 1940ലെ മാതൃക ഇന്ന് നിലവിലില്ല. 1940കളില്‍ നിലനിന്നിരുന്ന ഗതാഗതം, സര്‍വേ, കൃഷി, തപാല്‍, തീവണ്ടി, അളവുകള്‍, നാണയം, ഭവനനിര്‍മാണം എന്നിങ്ങനെ ഒന്നുപോലും മാറ്റത്തിനുവിധേയമാകാതിരുന്നിട്ടില്ല. എങ്കില്‍ പിന്നെ നമ്മുടെ ആരോഗ്യരംഗവും മാറേണ്ടതില്ളേ?

Tags:    
News Summary - ali parsa and digital healthcare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.