എന്തുകൊണ്ട് ഒളിമ്പിക്സില്‍ ഇന്ത്യ ഓടിത്തോല്‍ക്കുന്നു?

ഇത്തവണയും ഒളിമ്പിക്സ് നമുക്ക് സന്തോഷിക്കാനുള്ള വക നല്‍കിയില്ല. റിയോയില്‍ ഇന്ത്യക്ക് നേടാനായത് ഒരു വെള്ളിയും വെങ്കലവും മാത്രം. വികസനത്തില്‍ ഇന്ത്യയെക്കാള്‍ താഴെ നില്‍ക്കുന്ന ജമൈക്ക, കെനിയ, വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങളുടെ പ്രകടനം കൂടുതല്‍ തിളക്കമാര്‍ന്നതായിരുന്നുതാനും. നാളിതുവരെ ഇന്ത്യക്ക് കിട്ടിയ മെഡലുകള്‍ക്കൊപ്പമാണ് ഫെല്‍പ്സ് എന്ന ഒരൊറ്റ കായികതാരം നേടിയത്. മാത്രമല്ല, ഒരു ലക്ഷം ജനസംഖ്യക്ക് എത്ര മെഡല്‍ എന്ന കണക്കെടുത്താല്‍ ലോകത്തില്‍ ഏറ്റവും പിന്നിലാണ് നമ്മുടെ സ്ഥാനം -ആകെ ഒമ്പത് സ്വര്‍ണം. അതും 1920 മുതല്‍ തുടര്‍ച്ചയായി എല്ലാ ഒളിമ്പിക്സിലും മത്സരിക്കുന്ന രാജ്യമായിട്ടുപോലും. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഈ പ്രശ്നം ഇന്ത്യയില്‍ പല വിദഗ്ധരുടെയിടയിലും സജീവ ചര്‍ച്ചക്ക് കാരണമായിട്ടുണ്ട്.  ഇവിടെ പരിശോധിക്കുന്നത് ആരോഗ്യവും സ്പോര്‍ട്സും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടാകുമോ എന്നാണ്.
‘എന്തുകൊണ്ടാണ് ചില രാജ്യങ്ങള്‍ കൂടുതല്‍ മെഡല്‍ നേടുന്നത്?’ എന്ന തലക്കെട്ടില്‍ 2008ല്‍ അനുരുദ്ധ കൃഷ്ണ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. അദ്ദേഹം ഡ്യൂക് യൂസര്‍ സര്‍വകലാശാലയിലെ പ്രഫസറാണ്. പല ഘടകങ്ങള്‍ പരിശോധിച്ചശേഷം അദ്ദേഹം അഭിപ്രായപ്പെടുന്നത് വംശമോ ജീനുകളോ ഒളിമ്പിക്സില്‍ ഘടകങ്ങളല്ളെന്നാണ്. ദാരിദ്ര്യം പോലുമല്ല എന്നദ്ദേഹം കരുതുന്നു. ഇവിടെ ദാരിദ്ര്യമെന്നാല്‍ രാജ്യത്തിന്‍െറ പൊതുഅവസ്ഥയാണ് വിവക്ഷിക്കുന്നത്. കെനിയ, ജമൈക്ക പോലുള്ള രാജ്യങ്ങളുടെ വിജയം അതാണല്ളോ സൂചിപ്പിക്കുന്നത്. ശാരീരിക ക്ഷമത ഏറ്റവും ഉയര്‍ന്നതലത്തില്‍ നിന്നാല്‍ മാത്രമേ ഒളിമ്പിക്സ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ കായികതാരങ്ങള്‍ക്ക് മത്സരിക്കാനാകുകയുള്ളൂ. ഏറ്റവും ഉയര്‍ന്ന കായികക്ഷമത 15നും 30 നും ഇടയിലായതിനാല്‍ ഈ പ്രായത്തിലുള്ളവരായിരിക്കും ഏതാണ്ടെല്ലാ കായികതാരങ്ങളും. അതായത് നമ്മുടെ ഒളിമ്പിക്സ് മത്സരാര്‍ഥികളായ 119 പേരും 1980ന് ശേഷം ജനിച്ചവരായിരിക്കും എന്നര്‍ഥം. ഈ കാലഘട്ടത്തില്‍ നമ്മുടെ സാധാരണ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും?
വിജയ് ജോഷി എഴുതിയ ‘ഇന്ത്യയുടെ അതിദീര്‍ഘപാത’ എന്ന പുസ്തകത്തില്‍ ഇന്ത്യയുടെ ചെറുപ്പക്കാരുടെയും കുട്ടികളുടെയും ആരോഗ്യത്തെ പ്രതിപാദിക്കുന്നുണ്ട്. ഈ രംഗത്ത് ഇന്ത്യയുടെ പ്രകടനം ചൈന, ബംഗ്ളാദേശ് എന്നിവയേക്കാള്‍ പിന്നിലാണെന്ന് മാത്രമല്ല, ലോകത്തെ ഏറ്റവും ദരിദ്രരായ 36 രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്ന പോലെ മാത്രമാണെന്നും കാണുന്നു. പരമ്പരാഗതമായ പൊതു ആരോഗ്യം (Traditional Public Health) ഗൗരവമായി എടുക്കാത്തതിനാലാവണം ഈ അവസ്ഥ.
പരമ്പരാഗത പൊതു ആരോഗ്യത്തില്‍ മൂന്ന് പ്രധാന ഘടകങ്ങളുണ്ട്. ശുദ്ധമായ കുടിവെള്ളം, മാലിന്യനിര്‍മാര്‍ജനം, പോഷകാഹാരം എന്നിവയാണവ. കഴിഞ്ഞ പല പതിറ്റാണ്ടുകളായി പരമ്പരാഗത പൊതു ആരോഗ്യരംഗത്ത് സര്‍ക്കാര്‍ മുതല്‍മുടക്ക് കുറഞ്ഞുവരുന്നുണ്ട്. ഇപ്പോഴിത് മൊത്തത്തിലുള്ള ആരോഗ്യമേഖലയിലെ ചെലവിന്‍െറ 10 ശതമാനം മാത്രമാണ്. ഉദാഹരണത്തിന് സാനിറ്റേഷന്‍ ലഭ്യമായത് 2014ല്‍ 40 ശതമാനം പേര്‍ക്കാണ്.  അതേസമയം ചൈനയില്‍ 75ഉം ബംഗ്ളാദേശില്‍ 60ഉം ശതമാനം പേര്‍ക്ക് മെച്ചപ്പെട്ട സാനിറ്റേഷന്‍ സൗകര്യങ്ങളുണ്ട്. ജനനസമയത്ത് തൂക്കക്കുറവുള്ള ശിശുക്കളുടെ സംഖ്യ ഇന്ത്യയില്‍ 25 ശതമാനവും ചൈനയില്‍ രണ്ടും മറ്റ് ദരിദ്രരാജ്യങ്ങളില്‍ 12ഉം ആണ്. അഞ്ച് വയസ്സില്‍ താഴെ ശരീരശോഷണം ബാധിച്ച കുട്ടികള്‍ ഇന്ത്യയില്‍ (2006ല്‍) 48 ശതമാനം ഉണ്ട്. ചൈനയില്‍ ഒമ്പതും ദരിദ്രരാജ്യങ്ങളില്‍ 36 ഉം ശതമാനത്തില്‍ ഒതുങ്ങുന്നു. കുട്ടികളിലെ വളര്‍ച്ചക്കുറവ്, അരക്തത എന്നിവയും ഇതിനു തുല്യമായുണ്ട്. ലഭ്യമായ കണക്കുകളനുസരിച്ച് അഞ്ച് വയസ്സിന് താഴെ പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ മൂന്നിലൊന്ന് ഇന്ത്യയിലാണ്. ഇവിടെ 43 ശതമാനം കുട്ടികളില്‍ തൂക്കക്കുറവും 48 ശതമാനം കുട്ടികളില്‍ വളര്‍ച്ചമുരടിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്താണ് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവിന്‍െറ പ്രാധാന്യം? മനുഷ്യന്‍െറ വളര്‍ച്ചയുടെയും ശരീരക്ഷമത, കായികോന്നമനം എന്നിവയുടെയും അടിസ്ഥാനശില പോഷകമൂല്യമുള്ള ശരീരമാണ്. കുട്ടികളിലെ (അഞ്ചു വയസ്സിന് താഴെ) ആഹാരക്കുറവും ആവര്‍ത്തിച്ചുള്ള അണുബാധയും പില്‍ക്കാലത്തെ വളര്‍ച്ചയെ സ്ഥായിയായി ബാധിക്കുന്നുവെന്ന് അനേകം പഠനങ്ങളാല്‍ തെളിയിച്ചുകഴിഞ്ഞു. ഇപ്രകാരം വളര്‍ച്ചമാന്ദ്യത ബാധിച്ച കുട്ടികളില്‍ പില്‍ക്കാല ജീവിതത്തിലും കാര്യമായ പിന്നാക്കാവസ്ഥ നിലനില്‍ക്കും. ഇന്‍റര്‍നാഷനല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്‍റ് റിസര്‍ച്ച് ആന്‍ഡ് പബ്ളിക് ഹെല്‍ത്ത് -2011 എന്ന പ്രസിദ്ധീകരണത്തില്‍ വിനിഷസ്, മാര്‍ട്ടിന്‍സ് എന്നീ ഗവേഷകര്‍ നടത്തിയ പഠനത്തിന്‍െറ വിശദ റിപ്പോര്‍ട്ടുണ്ട്. ഇവരുടെ കണ്ടത്തെലുകള്‍ സ്പോര്‍ട്സും ആരോഗ്യവും കൈകാര്യം ചെയ്യുന്നവര്‍ പഠിക്കേണ്ടതാണ്. വളര്‍ച്ചമാന്ദ്യത പില്‍ക്കാല ജീവിതത്തില്‍ വണ്ണക്കൂടുതല്‍ ഉണ്ടാവാനും കൊഴുപ്പിന്‍െറ രാസപ്രവര്‍ത്തനത്തില്‍ പോരായ്മ സൃഷ്ടിക്കാനും കാരണമാകും. ഇന്‍സുലിന്‍െറ പ്രവര്‍ത്തനക്ഷമത ക്രമാതീതമായി കുറയുകയും ശാരീരികാധ്വാനത്തിലെ മികവ് നഷ്ടപ്പെടുകയും ചെയ്യും. ദീര്‍ഘസമയം പേശികളുടെ അധ്വാനം നിലനിര്‍ത്താനുള്ള കഴിവ്, വിവിധതരം നാഡീവ്യൂഹങ്ങളുടെ ക്ഷമതക്കുറവ്, മാനസികസമ്മര്‍ദം സഹിക്കാനുള്ള മുന്നൊരുക്കം ഇമ്മാതിരി അനേകം സൂക്ഷ്മമായ കഴിവുകളില്‍ പോരായ്മയുണ്ടാകുന്നു. ഇത് അത്ര പ്രധാനമാണോ എന്ന ചോദ്യം ന്യായമായും ഉയര്‍ന്നേക്കാം. അതേ എന്നുതന്നെയാണ് ദൃഢമായ ഉത്തരം.
എന്തെന്നാല്‍ ഒളിമ്പിക്സ് പോലുള്ള വിജയിയും പിന്നിലുള്ളവരും തമ്മിലുള്ള വ്യത്യാസം തന്നെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തത്ര ചെറുതാണ്. ഹൈജംപില്‍ ഇന്ത്യന്‍ റെക്കോഡ് സൃഷ്ടിച്ചത് ഹരിശങ്കര്‍ റോയ് ആണ്. ചാടിയത് 2.25 മീറ്റര്‍ ഉയരം. ഒളിമ്പിക്സ് റെക്കോഡാകട്ടെ, 2.39 മീറ്റര്‍. ഇത് ഒരു നൂറുരൂപ നോട്ടിന്‍െറ നീള വ്യത്യാസമേയുള്ളൂ. എന്നാലും ഹരിശങ്കര്‍ തന്‍െറ 2.25 മീറ്റര്‍ ഉയരത്തില്‍ 1976 ലായിരുന്നെങ്കില്‍ മെഡല്‍ കിട്ടിയേനെ; 2016 ലെ റിയോ ഒളിമ്പിക്സില്‍ മത്സരിക്കാനുള്ള യോഗ്യതപോലുമാകില്ല. അതായത് ഒളിമ്പിക്സ് പോലുള്ള മത്സരങ്ങളില്‍ കാര്യക്ഷമതക്ക് പോലും സ്ഥാനമില്ല. ഒരു തരം അതികാര്യക്ഷമത(Super efficiency)യാണ് ഇത്തരം സ്പോര്‍ട്സില്‍ പരീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടാണ് പോഷകാഹാരക്കുറവ്, വളര്‍ച്ചമാന്ദ്യത, ശരീരശോഷണം എന്നിവ ബാധിച്ച കുട്ടികള്‍ 50 ശതമാനത്തിലധികമുള്ള രാജ്യത്തിന് ഒളിമ്പിക്സില്‍ ഒരിടത്തും എത്താനാകാത്തത്. ലോകത്തെ ഏറ്റവും പിന്നാക്കാവസ്ഥയുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് നമ്മുടെ സ്ഥിതിവിവരക്കണക്കുകളെങ്കിലും അതിലും ഒരുപടി ഉയര്‍ന്നാണ് സ്പോര്‍ട്സിലെ പ്രകടനം എന്നുപറയാതെ വയ്യ.
ശരീരത്തിന്‍െറ പോഷകസ്ഥിതിയും കായികക്ഷമതയും തമ്മിലുള്ള ബന്ധം മറ്റ് പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ആംഗസ് ഡീറ്റണ്‍, ഴാങ് ദ്രേസെ (Angus Deaton, Jean Dreze) എന്നിവരുടെ ‘ഇന്ത്യയിലെ പോഷകാഹാരനില’ എന്ന ആഴത്തിലുള്ള പഠനം ശ്രദ്ധേയമാണ്. 1983ന് ശേഷം ഇന്ത്യയില്‍ ഊര്‍ജം (Calorie), മാംസ്യം (Protiens) എന്നിവ ഭക്ഷണത്തില്‍ കുറഞ്ഞുവരുന്നു. ഇതനുസരിച്ച് കായികാധ്വാനത്തിലും കുറവുവന്നിരിക്കാമെന്ന് അവര്‍ അനുമാനിക്കുന്നു.
പതിനെട്ട് വയസ്സിന് മുകളിലുള്ള സ്ത്രീകളില്‍ ബോഡി മാസ് ഇന്‍ഡെക്സ് (Body Mass Index-BMI) 18.5ല്‍ താഴയുള്ളവര്‍ ഏതാണ്ട് 50 ശതമാനമാണ്. അപ്പോള്‍ 50 ശതമാനം സ്ത്രീകള്‍ക്ക് കായികശേഷി വളരെ കുറവായിരിക്കുമെന്ന് സാരം. രാജ്യത്തിലെ പകുതിയോളം പോന്ന സ്ത്രീകളില്‍ കായികക്ഷമതക്കുറവുണ്ടായാല്‍ എങ്ങനെയാണ് അവര്‍ക്ക് അന്താരാഷ്ട്രതലത്തില്‍ മത്സരിക്കാനാകുക? ഈ ഗവേഷകര്‍ കണ്ടത്തെിയ മറ്റൊരു പ്രശ്നം ശരീരത്തിന്‍െറ ഉയരത്തില്‍ വന്ന മാറ്റമാണ്. പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ പൊക്കം കുട്ടിക്കാലത്തെ ആരോഗ്യത്തെ കാണിക്കുന്ന അളവുകോലാണ്. ലോകത്തെമ്പാടും പുതുതലമുറ മുന്‍തലമുറകളേക്കാള്‍ ഉയരമുള്ളവരാണ്. ഇക്കാര്യത്തിലും ഇന്ത്യന്‍ ജനത കൂടുതല്‍ ഉയര്‍ച്ച നേടുന്നതില്‍ വളരെ സാവധാനത്തിലേ പുരോഗമിച്ചിട്ടുള്ളൂ. സ്ത്രീകളുടെ കാര്യവും അങ്ങനെതന്നെ. 1950ന് ശേഷം ഇന്ത്യയില്‍ ഉയരത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ആഗോളതലത്തില്‍ നോക്കുമ്പോള്‍ തുലോം നിസ്സാരമാണ്. പതിനഞ്ചു മുതല്‍ ഇരുപത് സെന്‍റീമീറ്റര്‍ ഉയരക്കൂടുതലുള്ള കായികതാരങ്ങള്‍ക്ക് ട്രാക് ആന്‍ഡ് ഫീല്‍ഡ്, നീന്തല്‍, ജംപുകള്‍ എന്നിവയില്‍ കൈവരിക്കാവുന്ന അധികനേട്ടം ഊഹിക്കാവുന്നതേയുള്ളൂ.
ഇതില്‍നിന്നു രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, ഇന്ത്യയുടെ സ്പോര്‍ട്സ് പിന്നാക്കാവസ്ഥയില്‍ എന്തെല്ലാം ഘടകങ്ങളുണ്ടെങ്കിലും ആരോഗ്യവും പോഷകാഹാരക്ഷമതയും അതില്‍ പ്രധാനമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് സജീവമായ ചര്‍ച്ചകളില്‍ ആരോഗ്യ പോഷകവിഷയങ്ങള്‍ എന്തുകൊണ്ടോ വേണ്ട ശ്രദ്ധ ആകര്‍ഷിച്ചിട്ടില്ല. നാം ഇന്ത്യയിലെ കണക്കുകള്‍ പോരായ്മയുള്ളതാണെന്ന് പറയുമ്പോള്‍ കേരളം അതില്‍നിന്നും വേറിട്ടുനില്‍ക്കുന്നുവെന്നര്‍ഥമില്ല. കൃത്യമായ പദ്ധതികളിലൂടെ കായികരംഗം മുന്നോട്ടുവന്ന് ഭാവി അത്ലറ്റുകളെ അഞ്ച് വയസ്സിലേ കണ്ടുപിടിച്ച് അവരുടെ ആരോഗ്യം പരിപോഷിപ്പിച്ച് വേണ്ട ശിക്ഷണം നല്‍കി തയാറാക്കിയാല്‍പോലും അതിന്‍െറ ഫലം കാണാന്‍ അടുത്ത പതിനഞ്ചുവര്‍ഷം കാത്തിരിക്കണം.
രണ്ട്, മറ്റെന്തെല്ലാം ഘടകങ്ങളുണ്ടെങ്കിലും പരമ്പരാഗത പൊതുആരോഗ്യരംഗം മെച്ചപ്പെടുത്തിയാലേ സ്പോര്‍ട്സ് മെച്ചപ്പെടുകയുള്ളൂ. അതിനര്‍ഥം ശുദ്ധമായ വായു, ശുദ്ധമായ വെള്ളം, മാലിന്യസംസ്കരണം, നിര്‍മാര്‍ജനം, ആവര്‍ത്തിച്ചുവരുന്ന അണുബാധ/പകര്‍ച്ചവ്യാധി നിയന്ത്രണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സജീവ ശ്രദ്ധയുണ്ടാവണം. ഈ കാര്യങ്ങള്‍ ഒരു വ്യക്തിക്ക് സ്വന്തമായി ചെയ്യാനാകാത്തതും സര്‍ക്കാറിടപെടലിലൂടെ പ്രാവര്‍ത്തികമാക്കാവുന്നതുമാണ്.
തുല്യപ്രാധാന്യമുള്ള മറ്റൊരു ഘടകമാണ് സ്പോര്‍ട്സ് വൈദ്യശാസ്ത്രം വികസിപ്പിക്കുക എന്നത്. അത്ലറ്റുകളുടെ ശാരീരികക്ഷമതയില്‍ ഗവേഷണം നടത്താനും അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടത്തൊനും ഒക്കെ ഇത്തരം ആരോഗ്യകേന്ദ്രങ്ങളുണ്ടെങ്കിലേ സാധിക്കൂ.
ഇത്തരം ചര്‍ച്ച ഈ ലേഖനത്തിന് പരിധിക്ക് പുറത്തായതിനാല്‍ ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. കായികപ്രകടനങ്ങളില്‍ ശരീരത്തിന്‍െറയും ശരീരബാഹ്യമായ ഘടകങ്ങളുടെയും പ്രാധാന്യം വളരെയാണ്.

ഇന്ത്യന്‍ താരവും ഒളിമ്പിക് വിജയിയും തമ്മിലെ വ്യത്യാസം
ഇന്ത്യന്‍ കായികതാരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍ വിജയികളുടെ പ്രകടനവുമായി താരതമ്യം ചെയ്താല്‍ എങ്ങനെയുണ്ടാവും? ഏതാനും മത്സരങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.
സരസ്വതി സാഹയാണ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തിന്‍െറ റെക്കോഡ്; സമയം 22.82 സെക്കന്‍ഡ്. ഇത് 1968ല്‍ സ്വര്‍ണം നേടാന്‍ പറ്റുന്ന സമയമാണ്. ഫ്ളോറന്‍സ് ഗ്രിഫിത് ജോയ്നര്‍ 1988ല്‍ ഈയിനം 21.34 സെക്കന്‍ഡില്‍ ഓടിയത്തെി. ധന്‍ബീര്‍സിങ് 200 മീറ്ററില്‍ ഇന്ത്യയുടെ ഏറ്റവും വേഗതയുള്ള പുരുഷ അത്ലറ്റാണ്; സമയം 20.45 സെക്കന്‍ഡ്. ഇത് 1964ല്‍ സ്വര്‍ണം നേടാന്‍ പറ്റുന്ന സമയമാണ്, കൂടാതെ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ 12 മീറ്റര്‍ പിന്നിലായിരിക്കും ധന്‍ബീര്‍.
മന്‍ജീത്കൗര്‍ 400  മീറ്റര്‍ റെക്കോഡിന്‍െറ ഉടമയാണ്- 51.05 സെക്കന്‍ഡില്‍. വനിതകളുടെ ഈയിനത്തില്‍ 1972ല്‍ തന്നെ ഈ സമയം ഒളിമ്പിക്സില്‍ മറികടന്നിരുന്നു. മുഹമ്മദ് അനീസ് യഹ്യയുടെ ഇന്ത്യന്‍ റെക്കോഡ് 400 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ 45.4 സെക്കന്‍ഡ്. ഇത് പതിനഞ്ച് ഒളിമ്പിക്സിന് മുന്നിലെ സ്വര്‍ണ മെഡല്‍ സമയമാണ്.
എല്ലാ വ്യക്തിഗത മത്സരങ്ങളിലും ഈ രീതിയിലാണ് ഇന്ത്യയുടെ പ്രകടനം. അപ്പോള്‍ ഏതെങ്കിലും ഒരു അത്ലറ്റിന്‍െറ പരിശീലനക്കുറവോ, ഒരു വ്യക്തിയുടെ പോരായ്മയോ മാത്രമായി ചുരുങ്ങുന്നതല്ല കാരണങ്ങള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.